യോശുവ 1
1
1യഹോവയുടെ ദാസനായ മോശെയുടെ മരണശേഷം യഹോവ നൂന്റെ മകനായി മോശെയുടെ ശുശ്രൂഷകനായ യോശുവയോട് അരുളിച്ചെയ്തത്: 2എന്റെ ദാസനായ മോശെ മരിച്ചു; ആകയാൽ നീയും ഈ ജനമൊക്കെയും പുറപ്പെട്ടു യോർദ്ദാനക്കരെ ഞാൻ യിസ്രായേൽമക്കൾക്കു കൊടുക്കുന്ന ദേശത്തേക്കു കടന്നുപോകുവിൻ. 3നിങ്ങളുടെ ഉള്ളങ്കാൽ ചവിട്ടുന്ന സ്ഥലമൊക്കെയും ഞാൻ മോശെയോടു കല്പിച്ചതുപോലെ നിങ്ങൾക്കു തന്നിരിക്കുന്നു. 4മരുഭൂമിയും ഈ ലെബാനോനും തുടങ്ങി ഫ്രാത്ത് എന്ന മഹാനദിവരെയും ഹിത്യരുടെ ദേശമൊക്കെയും പടിഞ്ഞാറു മഹാസമുദ്രംവരെയും നിങ്ങളുടെ അതിരായിരിക്കും. 5നിന്റെ ജീവകാലത്ത് ഒരിക്കലും ഒരു മനുഷ്യനും നിന്റെ നേരേ നില്ക്കയില്ല; ഞാൻ മോശെയോടുകൂടെ ഇരുന്നതുപോലെ നിന്നോടുകൂടെയും ഇരിക്കും; ഞാൻ നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയും ഇല്ല. 6ഉറപ്പും ധൈര്യവും ഉള്ളവനായിരിക്ക; ഞാൻ അവർക്കു കൊടുക്കുമെന്ന് അവരുടെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശം നീ ഈ ജനത്തിന് അവകാശമായി വിഭാഗിക്കും. 7എന്റെ ദാസനായ മോശെ നിന്നോടു കല്പിച്ചിട്ടുള്ള ന്യായപ്രമാണമൊക്കെയും അനുസരിച്ച് നടക്കേണ്ടതിന് നല്ല ഉറപ്പും ധൈര്യവും ഉള്ളവനായി മാത്രം ഇരിക്ക; ചെല്ലുന്നേടത്തൊക്കെയും നീ ശുഭമായിരിക്കേണ്ടതിന് അതുവിട്ട് ഇടത്തോട്ടോ വലത്തോട്ടോ മാറരുത്. 8ഈ ന്യായപ്രമാണപുസ്തകത്തിലുള്ളത് നിന്റെ വായിൽനിന്നു നീങ്ങിപ്പോകരുത്; അതിൽ എഴുതിയിരിക്കുന്നതുപോലെ ഒക്കെയും പ്രമാണിച്ചു നടക്കേണ്ടതിന് നീ രാവും പകലും അതു ധ്യാനിച്ചുകൊണ്ടിരിക്കേണം; എന്നാൽ നിന്റെ പ്രവൃത്തി സാധിക്കും; നീ കൃതാർഥനായും ഇരിക്കും. 9നിന്റെ ദൈവമായ യഹോവ നീ പോകുന്നേടത്തൊക്കെയും നിന്നോടുകൂടെ ഉള്ളതുകൊണ്ട് ഉറപ്പും ധൈര്യവുമുള്ളവനായിരിക്ക; ഭയപ്പെടരുത്, ഭ്രമിക്കയും അരുത് എന്ന് ഞാൻ നിന്നോടു കല്പിച്ചുവല്ലോ.
10എന്നാറെ യോശുവ ജനത്തിന്റെ പ്രമാണികളോടു കല്പിച്ചത്: 11പാളയത്തിൽക്കൂടി കടന്ന് ജനത്തോട്: നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് അവകാശമായി തരുന്ന ദേശം കൈവശമാക്കുവാൻ ചെല്ലേണ്ടതിന് നിങ്ങൾ മൂന്നു ദിവസം കഴിഞ്ഞിട്ട് യോർദ്ദാനക്കരെ കടക്കേണ്ടതാകയാൽ ഭക്ഷണസാധനം ഒരുക്കിക്കൊൾവിൻ എന്നു കല്പിപ്പിൻ.
12പിന്നെ യോശുവ രൂബേന്യരോടും ഗാദ്യരോടും മനശ്ശെയുടെ പാതിഗോത്രത്തോടും പറഞ്ഞത് എന്തെന്നാൽ: 13യഹോവയുടെ ദാസനായ മോശെ നിങ്ങളോടു കല്പിച്ച വചനം ഓർത്തുകൊൾവിൻ; നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു സ്വസ്ഥത നല്കി ഈ ദേശവും തന്നിരിക്കുന്നു. 14നിങ്ങളുടെ ഭാര്യമാരും കുഞ്ഞുകുട്ടികളും നിങ്ങളുടെ കന്നുകാലികളും യോർദ്ദാനിക്കരെ മോശെ നിങ്ങൾക്കു തന്നിട്ടുള്ള ദേശത്തിരിക്കട്ടെ; എന്നാൽ നിങ്ങളിൽ യുദ്ധപ്രാപ്തന്മാരായവരൊക്കെയും സന്നദ്ധരായി നിങ്ങളുടെ സഹോദരന്മാർക്കു മുമ്പായി കടന്നുചെന്ന് 15യഹോവ നിങ്ങൾക്ക് എന്നപോലെ നിങ്ങളുടെ സഹോദരന്മാർക്കും സ്വസ്ഥത നല്കുകയും നിങ്ങളുടെ ദൈവമായ യഹോവ അവർക്കു കൊടുക്കുന്ന ദേശം അവർ കൈവശമാക്കുകയും ചെയ്യുവോളം അവരെ സഹായിക്കേണം; അതിന്റെശേഷം നിങ്ങൾ യഹോവയുടെ ദാസനായ മോശെ കിഴക്ക് യോർദ്ദാനിക്കരെ നിങ്ങൾക്കു തന്നിട്ടുള്ള അവകാശദേശത്തേക്ക് മടങ്ങിവന്ന് അതിനെ അനുഭവിച്ചു കൊള്ളേണം. 16അവർ യോശുവയോട് : നീ ഞങ്ങളോടു കല്പിക്കുന്നതൊക്കെയും ഞങ്ങൾ ചെയ്യും; ഞങ്ങളെ അയയ്ക്കുന്നേടത്തൊക്കെയും ഞങ്ങൾ പോകും. 17ഞങ്ങൾ മോശെയെ സകലത്തിലും അനുസരിച്ചതുപോലെ നിന്നെയും അനുസരിക്കും; നിന്റെ ദൈവമായ യഹോവ മോശെയോടുകൂടെ ഇരുന്നതുപോലെ നിന്നോടുകൂടെയും ഇരുന്നാൽ മതി. 18ആരെങ്കിലും നിന്റെ കല്പന നിഷേധിക്കുകയും നീ കല്പിക്കുന്ന യാതൊന്നിലും നിന്റെ വാക്ക് അനുസരിക്കാതിരിക്കയും ചെയ്താൽ അവൻ മരിക്കേണം; ഉറപ്പും ധൈര്യവുമുള്ളവനായി മാത്രം ഇരുന്നാലും എന്ന് ഉത്തരം പറഞ്ഞു.
Currently Selected:
യോശുവ 1: MALOVBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.