യോവേൽ 2:12-17
യോവേൽ 2:12-17 MALOVBSI
എന്നാൽ ഇപ്പോഴെങ്കിലും നിങ്ങൾ പൂർണഹൃദയത്തോടും ഉപവാസത്തോടും കരച്ചലോടും വിലാപത്തോടുംകൂടെ എങ്കലേക്കു തിരിവിൻ എന്നു യഹോവയുടെ അരുളപ്പാട്. വസ്ത്രങ്ങളെയല്ല ഹൃദയങ്ങളെതന്നെ കീറി നിങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കലേക്കു തിരിവിൻ; അവൻ കൃപയും കരുണയും ദീർഘക്ഷമയും മഹാദയയുമുള്ളവനല്ലോ; അവൻ അനർഥത്തെക്കുറിച്ച് അനുതപിക്കും. നിങ്ങളുടെ ദൈവമായ യഹോവ വീണ്ടും അനുതപിച്ച് തനിക്കു ഭോജനയാഗവും പാനീയയാഗവുമായുള്ളൊരു അനുഗ്രഹം വച്ചേക്കയില്ലയോ? ആർക്കറിയാം? സീയോനിൽ കാഹളം ഊതുവിൻ; ഒരു ഉപവാസം നിയമിപ്പിൻ; സഭായോഗം വിളിപ്പിൻ! ജനത്തെ കൂട്ടിവരുത്തുവിൻ; സഭയെ വിശുദ്ധീകരിപ്പിൻ; മൂപ്പന്മാരെ കൂട്ടിവരുത്തുവിൻ; പൈതങ്ങളെയും മുലകുടിക്കുന്നവരെയും ഒരുമിച്ചുകൂട്ടുവിൻ; മണവാളൻ മണവറയും മണവാട്ടി ഉള്ളറയും വിട്ടു പുറത്തുവരട്ടെ. യഹോവയുടെ ശുശ്രൂഷകന്മാരായ പുരോഹിതന്മാർ പൂമുഖത്തിന്റെയും യാഗപീഠത്തിന്റെയും മധ്യേ കരഞ്ഞുംകൊണ്ട്: യഹോവേ, നിന്റെ ജനത്തോടു ക്ഷമിക്കേണമേ; ജാതികൾ അവരുടെമേൽ വാഴുവാൻ തക്കവണ്ണം നിന്റെ അവകാശത്തെ നിന്ദയ്ക്ക് ഏല്പിക്കരുതേ; അവരുടെ ദൈവം എവിടെയെന്നു ജാതികളുടെ ഇടയിൽ പറയുന്നതെന്തിന്? എന്നിങ്ങനെ പറയട്ടെ.