YouVersion Logo
Search Icon

ഇയ്യോബ് 3

3
1അനന്തരം ഇയ്യോബ് വായ് തുറന്നു തന്റെ ജന്മദിവസത്തെ ശപിച്ചു.
2ഇയ്യോബ് പറഞ്ഞതെന്തെന്നാൽ:
3ഞാൻ ജനിച്ച ദിവസവും ഒരു ആൺ
ഉല്പാദിച്ചു എന്നു പറഞ്ഞ രാത്രിയും നശിച്ചുപോകട്ടെ.
4ആ നാൾ ഇരുണ്ടുപോകട്ടെ;
മേലിൽനിന്നു ദൈവം അതിനെ കടാക്ഷിക്കരുതേ;
പ്രകാശം അതിന്മേൽ ശോഭിക്കയുമരുതേ.
5ഇരുളും അന്ധതമസ്സും അതിനെ സ്വാധീനമാക്കട്ടെ;
ഒരു മേഘം അതിന്മേൽ അമരട്ടെ;
പകലിനെ ഇരുട്ടുന്നതൊക്കെയും അതിനെ പേടിപ്പിക്കട്ടെ.
6ആ രാത്രിയെ കൂരിരുൾ പിടിക്കട്ടെ;
അത് ആണ്ടിന്റെ നാളുകളുടെ കൂട്ടത്തിൽ സന്തോഷിക്കരുത്;
മാസങ്ങളുടെ എണ്ണത്തിൽ വരികയും അരുത്.
7അതേ, ആ രാത്രി മച്ചിയായിരിക്കട്ടെ;
ഉല്ലാസഘോഷം അതിലുണ്ടാകരുത്.
8മഹാസർപ്പത്തെ ഇളക്കുവാൻ സമർഥരായി
ദിവസത്തെ ശപിക്കുന്നവർ അതിനെ ശപിക്കട്ടെ.
9അതിന്റെ സന്ധ്യാനക്ഷത്രങ്ങൾ ഇരുണ്ടുപോകട്ടെ.
അതു വെളിച്ചത്തിനു കാത്തിരുന്നു കിട്ടാതെ പോകട്ടെ;
അത് ഉഷസ്സിന്റെ കണ്ണിമ ഒരിക്കലും കാണരുത്.
10അത് എനിക്കു ഗർഭദ്വാരം അടച്ചില്ലല്ലോ;
എന്റെ കണ്ണിനു കഷ്ടം മറച്ചില്ലല്ലോ.
11ഞാൻ ഗർഭപാത്രത്തിൽവച്ചു മരിക്കാഞ്ഞതെന്ത്?
ഉദരത്തിൽനിന്നു പുറപ്പെട്ടപ്പോൾത്തന്നെ
പ്രാണൻ പോകാതിരുന്നതെന്ത്?
12മുഴങ്കാൽ എന്നെ ഏറ്റുകൊണ്ടത് എന്തിന്?
എനിക്കു കുടിപ്പാൻ മുല ഉണ്ടായിരുന്നതെന്തിന്?
13ഞാൻ ഇപ്പോൾ കിടന്നു വിശ്രമിക്കുമായിരുന്നു;
ഞാൻ ഉറങ്ങി വിശ്രാന്തി പ്രാപിക്കുമായിരുന്നു.
14തങ്ങൾക്ക് ഏകാന്തനിവാസങ്ങൾ പണിത
ഭൂരാജാക്കന്മാരോടും മന്ത്രിമാരോടും
15അഥവാ, കനകസമ്പന്നരായി സ്വഭവനങ്ങൾ
വെള്ളികൊണ്ടു നിറച്ചുവച്ച പ്രഭുക്കന്മാരോടുംകൂടെ തന്നെ.
16അല്ലെങ്കിൽ, ഗർഭം അലസിപ്പോയിട്ടു
കുഴിച്ചിട്ടുകളഞ്ഞ പിണ്ഡംപോലെയും വെളിച്ചം കണ്ടിട്ടില്ലാത്ത
പിള്ളകളെപ്പോലെയും ഞാൻ ഇല്ലാതെ പോകുമായിരുന്നു.
17അവിടെ ദുർജനം ഉപദ്രവിക്കാതെയിരിക്കുന്നു;
അവിടെ ക്ഷീണിച്ചുപോയവർ വിശ്രമിക്കുന്നു.
18അവിടെ ബദ്ധന്മാർ ഒരുപോലെ സുഖമായിരിക്കുന്നു;
പീഡകന്റെ ശബ്ദം അവർ കേൾക്കാതിരിക്കുന്നു.
19ചെറിയവനും വലിയവനും അവിടെ ഒരുപോലെ;
ദാസനു യജമാനന്റെ കീഴിൽനിന്നു വിടുതൽ കിട്ടിയിരിക്കുന്നു.
20അരിഷ്ടനു പ്രകാശവും ദുഃഖിതന്മാർക്കു
ജീവനും കൊടുക്കുന്നതെന്തിന്?
21അവർ മരണത്തിനായി കാത്തിരിക്കുന്നു, അതു വരുന്നില്ലതാനും;
നിധിക്കായി ചെയ്യുന്നതിലുമധികം അവർ അതിനായി കുഴിക്കുന്നു.
22അവർ ശവക്കുഴി കണ്ടാൽ സന്തോഷിച്ചു ഘോഷിച്ചുല്ലസിക്കും.
23വഴി മറഞ്ഞിരിക്കുന്ന പുരുഷനും ദൈവം
നിരോധിച്ചിരിക്കുന്നവനും ജീവനെ കൊടുക്കുന്നതെന്തിന്?
24ഭക്ഷണത്തിനു മുമ്പേ എനിക്കു നെടുവീർപ്പുവരുന്നു;
എന്റെ ഞരക്കം വെള്ളംപോലെ ഒഴുകുന്നു.
25ഞാൻ പേടിച്ചതു തന്നേ എനിക്കു നേരിട്ടു;
ഞാൻ ഭയപ്പെട്ടിരുന്നത് എനിക്കു ഭവിച്ചു.
26ഞാൻ സ്വസ്ഥനായില്ല, വിശ്രമിച്ചില്ല, ആശ്വസിച്ചതുമില്ല;
പിന്നെയും അതിവേദന എടുക്കുന്നു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Videos for ഇയ്യോബ് 3