YouVersion Logo
Search Icon

ഇയ്യോബ് 20

20
1അതിനു നയമാത്യനായ സോഫർ ഉത്തരം പറഞ്ഞതെന്തെന്നാൽ:
2ഉത്തരം പറവാൻ എന്റെ നിരൂപണങ്ങൾ പൊങ്ങിവരുന്നു.
എന്റെ ഉള്ളിലെ തത്രപ്പാട് ഹേതുവായിട്ടുതന്നെ.
3എനിക്കു ലജ്ജാകരമായ ശാസന ഞാൻ കേട്ടു;
എന്നാൽ ആത്മാവ് എന്റെ വിവേകത്തിൽനിന്ന് ഉത്തരം പറയുന്നു.
4മനുഷ്യൻ ഭൂമിയിൽ ഉണ്ടായതുമുതൽ പുരാതനമായ വസ്തുത നീ അറിയുന്നില്ലയോ?
5ദുഷ്ടന്മാരുടെ ജയഘോഷം താല്ക്കാലികമത്രേ;
വഷളന്റെ സന്തോഷം ക്ഷണനേരത്തേക്കേയുള്ളൂ.
6അവന്റെ മഹിമ ആകാശത്തോളം ഉയർന്നാലും
അവന്റെ തല മേഘങ്ങളോളം എത്തിയാലും
7അവൻ സ്വന്തമലംപോലെ എന്നേക്കും നശിക്കും;
അവനെ കണ്ടിട്ടുള്ളവർ അവൻ എവിടെ എന്നു ചോദിക്കും.
8അവൻ സ്വപ്നംപോലെ പറന്നുപോകും. അവനെ പിന്നെ കാണുകയില്ല;
അവൻ രാത്രിദർശനംപോലെ പാറിപ്പോകും.
9അവനെ കണ്ടിട്ടുള്ള കണ്ണ് ഇനി അവനെ കാണുകയില്ല;
അവന്റെ ഇടം ഇനി അവനെ ദർശിക്കയുമില്ല.
10അവന്റെ മക്കൾ ദരിദ്രന്മാരോടു കൃപ യാചിക്കും;
അവന്റെ കൈ തന്നെ അവന്റെ സമ്പത്തു മടക്കിക്കൊടുക്കും.
11അവന്റെ അസ്ഥികളിൽ യൗവനം നിറഞ്ഞിരിക്കുന്നു;
അവ അവനോടുകൂടെ പൊടിയിൽ കിടക്കും.
12ദുഷ്ടത അവന്റെ വായിൽ മധുരിച്ചാലും
അവൻ അതു നാവിൻകീഴെ മറച്ചു വച്ചാലും
13അതിനെ വിടാതെ പിടിച്ചു വായ്ക്കകത്തു സൂക്ഷിച്ചുവച്ചാലും
14അവന്റെ ആഹാരം അവന്റെ കുടലിൽ പരിണമിച്ച്
അവന്റെ ഉള്ളിൽ സർപ്പവിഷമായിത്തീരും.
15അവൻ സമ്പത്തു വിഴുങ്ങിക്കളഞ്ഞു;
അതു വീണ്ടും ഛർദിക്കേണ്ടിവരും;
ദൈവം അത് അവന്റെ വയറ്റിൽനിന്നു പുറത്താക്കിക്കളയും.
16അവൻ സർപ്പവിഷം നുകരും;
അണലിയുടെ നാവ് അവനെ കൊല്ലും.
17തേനും പാൽപ്പാടയും ഒഴുകുന്ന തോടുകളെയും
നദികളെയും അവൻ കണ്ടു രസിക്കയില്ല.
18തന്റെ സമ്പാദ്യം അവൻ അനുഭവിക്കാതെ മടക്കിക്കൊടുക്കും;
താൻ നേടിയ വസ്തുവകയ്ക്ക് ഒത്തവണ്ണം സന്തോഷിക്കയുമില്ല.
19അവൻ ദരിദ്രന്മാരെ പീഡിപ്പിച്ചുപേക്ഷിച്ചു;
താൻ പണിയാത്ത വീട് അപഹരിച്ചു.
20അവന്റെ കൊതിക്കു പതം വരായ്കയാൽ അവൻ തന്റെ മനോഹരധനത്തോടുകൂടെ രക്ഷപെടുകയില്ല.
21അവൻ തിന്നുകളയാതെ ഒന്നും ശേഷിപ്പിക്കയില്ല;
അതുകൊണ്ട് അവന്റെ അഭിവൃദ്ധി നിലനില്ക്കയില്ല.
22അവന്റെ സമൃദ്ധിയുടെ പൂർണതയിൽ അവനു ഞെരുക്കം ഉണ്ടാകും;
അരിഷ്ടന്മാരുടെ കൈയൊക്കെയും അവന്റെമേൽ വരും.
23അവൻ വയറു നിറയ്ക്കുമ്പോൾത്തന്നെ ദൈവം തന്റെ ഉഗ്രകോപം അവന്റെമേൽ അയയ്ക്കും;
അവൻ ഭക്ഷിക്കുമ്പോൾ അത് അവന്റെമേൽ വർഷിപ്പിക്കും.
24അവൻ ഇരുമ്പായുധം ഒഴിഞ്ഞോടും; താമ്രചാപം അവനിൽ അസ്ത്രം തറപ്പിക്കും.
25അവൻ പറിച്ചിട്ട് അത് അവന്റെ ദേഹത്തിൽനിന്നു പുറത്തു വരുന്നു.
മിന്നുന്ന മുന അവന്റെ പിത്തത്തിൽനിന്നു പുറപ്പെടുന്നു;
ഘോരത്വങ്ങൾ അവന്റെമേൽ ഇരിക്കുന്നു.
26അന്ധകാരമൊക്കെയും അവന്റെ നിക്ഷേപമായി സംഗ്രഹിച്ചിരിക്കുന്നു;
ആരും ഊതാത്ത തീക്ക് അവൻ ഇരയാകും;
അവന്റെ കൂടാരത്തിൽ ശേഷിച്ചിരിക്കുന്നതിനെ അതു ദഹിപ്പിക്കും;
27ആകാശം അവന്റെ അകൃത്യത്തെ വെളിപ്പെടുത്തും.
ഭൂമി അവനോട് എതിർത്തു നില്ക്കും.
28അവന്റെ വീട്ടിലെ വരവു പൊയ്പോകും;
അവന്റെ കോപത്തിന്റെ ദിവസത്തിൽ അത് ഒഴുകിപ്പോകും.
29ഇതു ദുഷ്ടനു ദൈവം കൊടുക്കുന്ന ഓഹരിയും
ദൈവം അവനു നിയമിച്ച അവകാശവും ആകുന്നു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Videos for ഇയ്യോബ് 20