ഇയ്യോബ് 19
19
1അതിന് ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാൽ:
2നിങ്ങൾ എത്രത്തോളം എന്റെ മനസ്സു വ്യസനിപ്പിക്കയും
മൊഴികളാൽ എന്നെ തകർക്കുകയും ചെയ്യും?
3ഇപ്പോൾ പത്തു പ്രാവശ്യം നിങ്ങൾ എന്നെ നിന്ദിച്ചിരിക്കുന്നു;
എന്നോടു കാഠിന്യം കാണിപ്പാൻ നിങ്ങൾക്കു ലജ്ജയില്ല.
4ഞാൻ തെറ്റിപ്പോയതു വാസ്തവം എന്നു വരികിൽ
എന്റെ തെറ്റ് എനിക്കുതന്നെ അറിയാം.
5നിങ്ങൾ സാക്ഷാൽ എനിക്കു വിരോധമായി വലിപ്പം ഭാവിച്ച്
എന്റെ അപമാനത്തെക്കുറിച്ച് എന്നെ ആക്ഷേപിക്കുന്നു എങ്കിൽ
6ദൈവം എന്നെ മറിച്ചുകളഞ്ഞ് തന്റെ വലയിൽ എന്നെ കുടുക്കിയിരിക്കുന്നു എന്നറിവിൻ.
7അയ്യോ, ബലാൽക്കാരം എന്നു ഞാൻ നിലവിളിക്കുന്നു; കേൾപ്പോരില്ല;
രക്ഷയ്ക്കായി ഞാൻ മുറയിടുന്നു; ന്യായം കിട്ടുന്നതുമില്ല.
8എനിക്കു കടന്നുകൂടാതവണ്ണം അവൻ എന്റെ വഴി കെട്ടിയടച്ചു,
എന്റെ പാതകൾ ഇരുട്ടാക്കിയിരിക്കുന്നു.
9എന്റെ തേജസ്സ് അവൻ എന്റെമേൽനിന്ന് ഊരിയെടുത്തു;
എന്റെ തലയിലെ കിരീടം നീക്കിക്കളഞ്ഞു.
10അവൻ എന്നെ ചുറ്റും ക്ഷയിപ്പിച്ചു; എന്റെ കഥകഴിഞ്ഞു;
ഒരു വൃക്ഷത്തെപ്പോലെ എന്റെ പ്രത്യാശയെ പറിച്ചുകളഞ്ഞിരിക്കുന്നു.
11അവൻ തന്റെ കോപം എന്റെമേൽ ജ്വലിപ്പിച്ച്
എന്നെ തനിക്കു ശത്രുവായി എണ്ണുന്നു.
12അവന്റെ പടക്കൂട്ടങ്ങൾ ഒന്നിച്ചുവരുന്നു;
അവർ എന്റെ നേരേ തങ്ങളുടെ വഴി നിരത്തുന്നു;
എന്റെ കൂടാരത്തിൽ ചുറ്റും പാളയമിറങ്ങുന്നു.
13അവർ എന്റെ സഹോദരന്മാരെ എന്നോട് അകറ്റിക്കളഞ്ഞു;
എന്റെ പരിചയക്കാർ എനിക്ക് അന്യരായിത്തീർന്നു.
14എന്റെ ബന്ധുജനം ഒഴിഞ്ഞുമാറി;
എന്റെ ഉറ്റസ്നേഹിതന്മാർ എന്നെ മറന്നുകളഞ്ഞു.
15എന്റെ വീട്ടിൽ പാർക്കുന്നവരും എന്റെ ദാസികളും എന്നെ അന്യനായെണ്ണുന്നു;
ഞാൻ അവർക്ക് പരദേശിയായിത്തോന്നുന്നു.
16ഞാൻ എന്റെ ദാസനെ വിളിച്ചു; അവൻ വിളി കേൾക്കുന്നില്ല.
എന്റെ വായ്കൊണ്ട് ഞാൻ അവനോടു യാചിക്കേണ്ടിവരുന്നു.
17എന്റെ ശ്വാസം എന്റെ ഭാര്യക്ക് അസഹ്യവും എന്റെ യാചന എന്റെ ഉടപ്പിറന്നവർക്ക് അറപ്പും ആയിരിക്കുന്നു.
18പിള്ളരും എന്നെ നിരസിക്കുന്നു;
ഞാൻ എഴുന്നേറ്റാൽ അവർ എന്നെ കളിയാക്കുന്നു.
19എന്റെ പ്രാണസ്നേഹിതന്മാരൊക്കെയും എന്നെ വെറുക്കുന്നു;
എനിക്കു പ്രിയരായവർ വിരോധികളായിത്തീർന്നു.
20എന്റെ അസ്ഥി ത്വക്കിനോടും മാംസത്തോടും പറ്റിയിരിക്കുന്നു;
പല്ലിന്റെ മോണയോടെ ഞാൻ ശേഷിച്ചിരിക്കുന്നു.
21സ്നേഹിതന്മാരേ, എന്നോടു കൃപ തോന്നേണമേ, കൃപ തോന്നേണമേ;
ദൈവത്തിന്റെ കൈ എന്നെ തൊട്ടിരിക്കുന്നു.
22ദൈവം എന്നപോലെ നിങ്ങളും എന്നെ ഉപദ്രവിക്കുന്നതെന്ത്?
എന്റെ മാംസം തിന്നു തൃപ്തിവരാത്തത് എന്ത്?
23അയ്യോ എന്റെ വാക്കുകൾ ഒന്ന് എഴുതിയെങ്കിൽ,
ഒരു പുസ്തകത്തിൽ കുറിച്ചുവച്ചെങ്കിൽ കൊള്ളായിരുന്നു.
24അവയെ ഇരുമ്പാണിയും ഈയവുംകൊണ്ട് പാറയിൽ സദാകാലത്തേക്ക് കൊത്തി വച്ചെങ്കിൽ കൊള്ളായിരുന്നു.
25എന്നെ വീണ്ടടുക്കുന്നവൻ ജീവിച്ചിരിക്കുന്നു എന്നും
അവൻ ഒടുവിൽ പൊടിമേൽ നില്ക്കുമെന്നും ഞാൻ അറിയുന്നു.
26എന്റെ ത്വക്ക് ഇങ്ങനെ നശിച്ചശേഷം ഞാൻ ദേഹസഹിതനായി ദൈവത്തെ കാണും.
27ഞാൻതന്നെ അവനെ കാണും;
അന്യനല്ല, എന്റെ സ്വന്തകണ്ണ് അവനെ കാണും;
എന്റെ അന്തരംഗം എന്റെ ഉള്ളിൽ ക്ഷയിച്ചിരിക്കുന്നു.
28നാം എങ്ങനെ അവനെ ഉപദ്രവിക്കുമെന്നും
കാര്യത്തിന്റെ മൂലം എന്നിൽ കാണുന്നു
എന്നും നിങ്ങൾ പറയുന്നുവെങ്കിൽ
29വാളിനെ പേടിപ്പിൻ; ക്രോധം വാളിന്റെ ശിക്ഷയ്ക്കു ഹേതു;
ഒരു ന്യായവിധി ഉണ്ടെന്നറിഞ്ഞു കൊൾവിൻ.
Currently Selected:
ഇയ്യോബ് 19: MALOVBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.