യോഹന്നാൻ 9
9
1അവൻ കടന്നുപോകുമ്പോൾ പിറവിയിലെ കുരുടനായൊരു മനുഷ്യനെ കണ്ടു. 2അവന്റെ ശിഷ്യന്മാർ അവനോട്: റബ്ബീ, ഇവൻ കുരുടനായി പിറക്കത്തക്കവണ്ണം ആർ പാപംചെയ്തു? ഇവനോ, ഇവന്റെ അമ്മയപ്പന്മാരോ എന്നു ചോദിച്ചു. 3അതിന് യേശു: അവൻ എങ്കിലും അവന്റെ അമ്മയപ്പന്മാരെങ്കിലും പാപം ചെയ്തിട്ടല്ല, ദൈവപ്രവൃത്തി അവങ്കൽ വെളിവാകേണ്ടതിനത്രേ. 4എന്നെ അയച്ചവന്റെ പ്രവൃത്തി പകൽ ഉള്ളേടത്തോളം നാം ചെയ്യേണ്ടതാകുന്നു; ആർക്കും പ്രവർത്തിച്ചുകൂടാത്ത രാത്രി വരുന്നു. 5ഞാൻ ലോകത്തിൽ ഇരിക്കുമ്പോൾ ലോകത്തിന്റെ വെളിച്ചം ആകുന്നു എന്ന് ഉത്തരം പറഞ്ഞു. 6ഇങ്ങനെ പറഞ്ഞിട്ട് അവൻ നിലത്തു തുപ്പി തുപ്പൽകൊണ്ടു ചേറുണ്ടാക്കി, ചേറ് അവന്റെ കണ്ണിന്മേൽ പൂശി 7നീ ചെന്നു ശിലോഹാംകുളത്തിൽ കഴുകുക എന്ന് അവനോടു പറഞ്ഞു; ശിലോഹാം എന്നതിന് അയയ്ക്കപ്പെട്ടവൻ എന്നർഥം. അവൻ പോയി കഴുകി; കണ്ണു കാണുന്നവനായി മടങ്ങിവന്നു. 8അയൽക്കാരും അവനെ മുമ്പേ ഇരക്കുന്നവനായി കണ്ടവരും: ഇവനല്ലയോ അവിടെ ഇരുന്നു ഭിക്ഷ യാചിച്ചവൻ എന്ന് പറഞ്ഞു. 9അവൻതന്നെ എന്നു ചിലരും അല്ല, അവനെപ്പോലെയുള്ളവൻ എന്ന് മറ്റു ചിലരും പറഞ്ഞു; ഞാൻതന്നെ എന്ന് അവൻ പറഞ്ഞു. 10അവർ അവനോട്: നിന്റെ കണ്ണുതുറന്നത് എങ്ങനെ എന്നു ചോദിച്ചതിന് അവൻ: 11യേശു എന്നുപേരുള്ള മനുഷ്യൻ ചേറുണ്ടാക്കി എന്റെ കണ്ണിന്മേൽ പൂശി: ശിലോഹാംകുളത്തിൽ ചെന്നു കഴുകുക എന്ന് എന്നോടു പറഞ്ഞു; ഞാൻ പോയി കഴുകി, കാഴ്ച പ്രാപിച്ചു എന്ന് ഉത്തരം പറഞ്ഞു. 12അവൻ എവിടെ എന്ന് അവർ അവനോട് ചോദിച്ചതിന്: ഞാൻ അറിയുന്നില്ല എന്ന് അവൻ പറഞ്ഞു.
13കുരുടനായിരുന്നവനെ അവർ പരീശന്മാരുടെ അടുക്കൽ കൊണ്ടുപോയി. 14യേശു ചേറുണ്ടാക്കി അവന്റെ കണ്ണുതുറന്നത് ശബ്ബത്തുനാളിൽ ആയിരുന്നു. 15അവൻ കാഴ്ച പ്രാപിച്ചത് എങ്ങനെ എന്ന് പരീശന്മാരും അവനോടു ചോദിച്ചു. അവൻ അവരോട്: അവൻ എന്റെ കണ്ണിന്മേൽ ചേറു തേച്ചു ഞാൻ കഴുകി; കാഴ്ച പ്രാപിച്ചിരിക്കുന്നു എന്നു പറഞ്ഞു. 16പരീശന്മാരിൽ ചിലർ: ഈ മനുഷ്യൻ ശബ്ബത്ത് പ്രമാണിക്കായ്കകൊണ്ടു ദൈവത്തിന്റെ അടുക്കൽനിന്നു വന്നവനല്ല എന്നു പറഞ്ഞു. മറ്റു ചിലർ: പാപിയായൊരു മനുഷ്യന് ഇങ്ങനെയുള്ള അടയാളങ്ങൾ ചെയ്‍വാൻ എങ്ങനെ കഴിയും എന്നു പറഞ്ഞു; അങ്ങനെ അവരുടെ ഇടയിൽ ഒരു ഭിന്നത ഉണ്ടായി. 17അവർ പിന്നെയും കുരുടനോട്: നിന്റെ കണ്ണു തുറന്നതുകൊണ്ടു നീ അവനെക്കുറിച്ച് എന്തു പറയുന്നു എന്നു ചോദിച്ചതിന്: അവൻ ഒരു പ്രവാചകൻ എന്ന് അവൻ പറഞ്ഞു. 18കാഴ്ച പ്രാപിച്ചവന്റെ അമ്മയപ്പന്മാരെ വിളിച്ചു ചോദിക്കുവോളം അവൻ കുരുടനായിരുന്നു എന്നും കാഴ്ച പ്രാപിച്ചു എന്നും യെഹൂദന്മാർ വിശ്വസിച്ചില്ല. 19കുരുടനായി ജനിച്ചു എന്ന് നിങ്ങൾ പറയുന്ന നിങ്ങളുടെ മകൻ ഇവൻ തന്നെയോ? എന്നാൽ അവന് ഇപ്പോൾ കണ്ണു കാണുന്നത് എങ്ങനെ എന്ന് അവർ അവരോടു ചോദിച്ചു. 20അവന്റെ അമ്മയപ്പന്മാർ: ഇവൻ ഞങ്ങളുടെ മകൻ എന്നും, കുരുടനായി ജനിച്ചവൻ എന്നും ഞങ്ങൾ അറിയുന്നു. 21എന്നാൽ കണ്ണു കാണുന്നത് എങ്ങനെ എന്ന് അറിയുന്നില്ല; അവന്റെ കണ്ണ് ആർ തുറന്നു എന്നും അറിയുന്നില്ല; അവനോട് ചോദിപ്പിൻ; അവന് പ്രായം ഉണ്ടല്ലോ; അവൻതന്നെ പറയും എന്ന് ഉത്തരം പറഞ്ഞു. 22യെഹൂദന്മാരെ ഭയപ്പെടുകകൊണ്ടത്രേ അവന്റെ അമ്മയപ്പന്മാർ ഇങ്ങനെ പറഞ്ഞത്; അവനെ ക്രിസ്തു എന്ന് ഏറ്റുപറയുന്നവൻ പള്ളിഭ്രഷ്ടനാകേണം എന്ന് യെഹൂദന്മാർ തമ്മിൽ പറഞ്ഞൊത്തിരുന്നു. 23അതുകൊണ്ടത്രേ അവന്റെ അമ്മയപ്പന്മാർ: അവന് പ്രായം ഉണ്ടല്ലോ; അവനോടു ചോദിപ്പിൻ എന്നു പറഞ്ഞത്. 24കുരുടനായിരുന്ന മനുഷ്യനെ അവർ രണ്ടാമതും വിളിച്ചു: ദൈവത്തിനു മഹത്ത്വം കൊടുക്ക; ആ മനുഷ്യൻ പാപി എന്ന് ഞങ്ങൾ അറിയുന്നു എന്നു പറഞ്ഞു. 25അതിന് അവൻ: അവൻ പാപിയോ അല്ലയോ എന്നു ഞാൻ അറിയുന്നില്ല; ഒന്ന് അറിയുന്നു; ഞാൻ കുരുടനായിരുന്നു; ഇപ്പോൾ കണ്ണു കാണുന്നു എന്ന് ഉത്തരം പറഞ്ഞു. 26അവർ അവനോട്: അവൻ നിനക്ക് എന്തു ചെയ്തു? നിന്റെ കണ്ണ് എങ്ങനെ തുറന്നു എന്നു ചോദിച്ചു. 27അതിന് അവൻ: ഞാൻ നിങ്ങളോടു പറഞ്ഞുവല്ലോ; നിങ്ങൾ ശ്രദ്ധിച്ചില്ല; വീണ്ടും കേൾപ്പാൻ ഇച്ഛിക്കുന്നത് എന്ത്? നിങ്ങൾക്കും അവന്റെ ശിഷ്യന്മാർ ആകുവാൻ മനസ്സുണ്ടോ എന്ന് ഉത്തരം പറഞ്ഞു. 28അപ്പോൾ അവർ അവനെ ശകാരിച്ചു; നീ അവന്റെ ശിഷ്യൻ; ഞങ്ങൾ മോശെയുടെ ശിഷ്യന്മാർ. 29മോശെയോടു ദൈവം സംസാരിച്ചു എന്ന് ഞങ്ങൾ അറിയുന്നു; ഇവനോ എവിടെനിന്ന് എന്ന് അറിയുന്നില്ല എന്നു പറഞ്ഞു. 30ആ മനുഷ്യൻ അവരോട്: എന്റെ കണ്ണുതുറന്നിട്ടും അവൻ എവിടെനിന്ന് എന്ന് നിങ്ങൾ അറിയാത്തത് ആശ്ചര്യം. 31പാപികളുടെ പ്രാർഥന ദൈവം കേൾക്കുന്നില്ല എന്നും ദൈവഭക്തനായിരുന്ന് അവന്റെ ഇഷ്ടം ചെയ്യുന്നവന്റെ പ്രാർഥന കേൾക്കുന്നു എന്നും നാം അറിയുന്നു. 32കുരുടനായി പിറന്നവന്റെ കണ്ണ് ആരെങ്കിലും തുറന്നപ്രകാരം ലോകം ഉണ്ടായതുമുതൽ കേട്ടിട്ടില്ല. 33ദൈവത്തിന്റെ അടുക്കൽനിന്നു വന്നവൻ അല്ലെങ്കിൽ അവന് ഒന്നും ചെയ്‍വാൻ കഴികയില്ല എന്ന് ഉത്തരം പറഞ്ഞു. 34അവർ അവനോട്: നീ മുഴുവനും പാപത്തിൽ പിറന്നവൻ; നീ ഞങ്ങളെ ഉപദേശിക്കുന്നുവോ എന്നു പറഞ്ഞ് അവനെ പുറത്താക്കിക്കളഞ്ഞു.
35അവനെ പുറത്താക്കി എന്ന് യേശു കേട്ടു; അവനെ കണ്ടപ്പോൾ: നീ ദൈവപുത്രനിൽ വിശ്വസിക്കുന്നുവോ എന്നു ചോദിച്ചു. 36അതിന് അവൻ: യജമാനനേ, അവൻ ആർ ആകുന്നു? ഞാൻ അവനിൽ വിശ്വസിക്കാം എന്ന് ഉത്തരം പറഞ്ഞു. 37യേശു അവനോട്: നീ അവനെ കണ്ടിട്ടുണ്ട്; നിന്നോടു സംസാരിക്കുന്നവൻ അവൻതന്നെ എന്നു പറഞ്ഞു. 38ഉടനെ അവൻ: കർത്താവേ, ഞാൻ വിശ്വസിക്കുന്നു എന്നു പറഞ്ഞ് അവനെ നമസ്കരിച്ചു. 39കാണാത്തവർ കാൺമാനും കാണുന്നവർ കുരുടർ ആകുവാനും ഇങ്ങനെ ന്യായവിധിക്കായി ഞാൻ ഇഹലോകത്തിൽ വന്നു എന്നു യേശു പറഞ്ഞു. 40അവനോടുകൂടെയുള്ള ചില പരീശന്മാർ ഇതു കേട്ടിട്ട് ഞങ്ങളും കുരുടരോ എന്നു ചോദിച്ചു. 41യേശു അവരോട്: നിങ്ങൾ കുരുടർ ആയിരുന്നു എങ്കിൽ നിങ്ങൾക്കു പാപം ഇല്ലായിരുന്നു; എന്നാൽ: ഞങ്ങൾ കാണുന്നു എന്ന് നിങ്ങൾ പറയുന്നതുകൊണ്ട് നിങ്ങളുടെ പാപം നില്ക്കുന്നു എന്നു പറഞ്ഞു.
Currently Selected:
യോഹന്നാൻ 9: MALOVBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.