YouVersion Logo
Search Icon

യിരെമ്യാവ് 8

8
1ആ കാലത്ത് അവർ യെഹൂദാരാജാക്കന്മാരുടെ അസ്ഥികളെയും പ്രഭുക്കന്മാരുടെ അസ്ഥികളെയും പുരോഹിതന്മാരുടെ അസ്ഥികളെയും പ്രവാചകന്മാരുടെ അസ്ഥികളെയും യെരൂശലേംനിവാസികളുടെ അസ്ഥികളെയും ശവക്കുഴികളിൽ നിന്നെടുത്തു, 2തങ്ങൾ സ്നേഹിച്ചതും സേവിച്ചതും പിൻചെന്ന് അന്വേഷിച്ചതും നമസ്കരിച്ചതുമായ സൂര്യനും ചന്ദ്രനും ആകാശത്തിലെ സർവസൈന്യത്തിനും മുമ്പാകെ അവയെ നിരത്തിവയ്ക്കും; ആരും അവയെ പെറുക്കിക്കൂട്ടുകയോ കുഴിച്ചിടുകയോ ചെയ്കയില്ല; അവ നിലത്തിനു വളമായിത്തീരും എന്നു യഹോവയുടെ അരുളപ്പാട്. 3ഈ ദുഷ്ടവംശങ്ങളിൽ ശേഷിച്ചിരിക്കുന്ന ശേഷിപ്പൊക്കെയും, ഞാൻ അവരെ നീക്കിക്കളഞ്ഞിരിക്കുന്ന സകല സ്ഥലങ്ങളിലും ശേഷിച്ചിരിക്കുന്നവർ തന്നെ, ജീവനെയല്ല മരണത്തെ തിരഞ്ഞെടുക്കും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്. 4നീ അവരോടു പറയേണ്ടത് എന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഒരുത്തൻ വീണാൽ എഴുന്നേല്ക്കയില്ലയോ? ഒരുത്തൻ വഴി തെറ്റിപ്പോയാൽ മടങ്ങിവരികയില്ലയോ? 5യെരൂശലേമിലെ ഈ ജനമോ ഇടവിടാത്ത പിന്മാറ്റമായി പിന്മാറിയിരിക്കുന്നതും വഞ്ചന മുറുകെ പിടിച്ചുകൊണ്ടു മടങ്ങിവരുവാൻ മനസ്സില്ലാതിരിക്കുന്നതും എന്ത്? 6ഞാൻ ശ്രദ്ധവച്ചു കേട്ടു; അവർ നേരു സംസാരിച്ചില്ല; അയ്യോ ഞാൻ എന്തു ചെയ്തുപോയി എന്നു പറഞ്ഞ് ആരും തന്റെ ദുഷ്ടതയെക്കുറിച്ച് അനുതപിച്ചില്ല; കുതിര പടയ്ക്കു പായുന്നതുപോലെ ഓരോരുത്തൻ താന്താന്റെ വഴിക്കു തിരിയുന്നു. 7ആകാശത്തിലെ പെരുഞ്ഞാറ തന്റെ കാലം അറിയുന്നു; കുറുപ്രാവും മീവൽപ്പക്ഷിയും കൊക്കും മടങ്ങിവരവിനുള്ള സമയം അനുസരിക്കുന്നു; എന്റെ ജനമോ യഹോവയുടെ ന്യായം അറിയുന്നില്ല. 8ഞങ്ങൾ ജ്ഞാനികൾ; യഹോവയുടെ ന്യായപ്രമാണം ഞങ്ങളുടെ പക്കൽ ഉണ്ട് എന്നു നിങ്ങൾ പറയുന്നത് എങ്ങനെ? ശാസ്ത്രിമാരുടെ കള്ളയെഴുത്തുകോൽ അതിനെ വ്യാജമാക്കിത്തീർത്തിരിക്കുന്നു. 9ജ്ഞാനികൾ ലജ്ജിച്ചു ഭ്രമിച്ചു പിടിപെട്ടുപോകും; അവർ യഹോവയുടെ വചനം ധിക്കരിച്ചുകളഞ്ഞുവല്ലോ; അവർക്ക് എന്തൊരു ജ്ഞാനമുള്ളൂ? 10അതുകൊണ്ടു ഞാൻ അവരുടെ ഭാര്യമാരെ അന്യന്മാർക്കും അവരുടെ നിലങ്ങളെ അവയെ കൈവശമാക്കുന്നവർക്കും കൊടുക്കും; അവരൊക്കെയും ആബാലവൃദ്ധം ദ്രവ്യാഗ്രഹികൾ ആകുന്നു; പ്രവാചകന്മാരും പുരോഹിതന്മാരും ഒരുപോലെ വ്യാജം പ്രവർത്തിക്കുന്നു. 11സമാധാനം ഇല്ലാതിരിക്കെ സമാധാനം സമാധാനം എന്നു പറഞ്ഞ് അവർ എന്റെ ജനത്തിന്റെ പുത്രിയുടെ മുറിവിനു ലഘുവായി ചികിത്സിക്കുന്നു. 12മ്ലേച്ഛത പ്രവർത്തിച്ചതുകൊണ്ട് അവർ ലജ്ജിക്കേണ്ടിവരും; അവർ ഒരിക്കലും ലജ്ജിച്ചിട്ടില്ല നാണം അറിഞ്ഞിട്ടുമില്ല; അതുകൊണ്ടു വീഴുന്നവരുടെ ഇടയിൽ അവർ വീണുപോകും; അവരുടെ ദർശനകാലത്ത് അവർ ഇടറി വീഴും എന്നു യഹോവ അരുളിച്ചെയ്യുന്നു. 13ഞാൻ അവരെ സംഹരിച്ചുകളയും എന്നു യഹോവയുടെ അരുളപ്പാട്; മുന്തിരിവള്ളിയിൽ മുന്തിരിപ്പഴം ഉണ്ടാകയില്ല; അത്തിവൃക്ഷത്തിൽ അത്തിപ്പഴം ഉണ്ടാകയില്ല; ഇലയും വാടിപ്പോകും; അവരെ ആക്രമിക്കുന്നവരെ ഞാൻ നിയമിച്ചിരിക്കുന്നു. 14നാം അനങ്ങാതിരിക്കുന്നതെന്ത്? കൂടിവരുവിൻ; നാം ഉറപ്പുള്ള പട്ടണങ്ങളിൽ ചെന്ന് അവിടെ നശിച്ചുപോക; നാം യഹോവയോടു പാപം ചെയ്കകൊണ്ട് നമ്മുടെ ദൈവമായ യഹോവ നമ്മെ നഞ്ചുവെള്ളം കുടിപ്പിച്ചു നശിപ്പിച്ചിരിക്കുന്നു. 15നാം സമാധാനത്തിനായി കാത്തിരുന്നു; എന്നാൽ ഒരു ഗുണവും വന്നില്ല; രോഗശമനത്തിനായി കാത്തിരുന്നു; എന്നാൽ ഇതാ, ഭീതി! 16അവന്റെ കുതിരകളുടെ ചിറാലിപ്പ് ദാനിൽനിന്നു കേൾക്കുന്നു; അവന്റെ ആൺകുതിരകളുടെ മദഗർജനംകൊണ്ടു ദേശമൊക്കെയും വിറയ്ക്കുന്നു; അവ വന്നു ദേശത്തെയും അതിലുള്ള സകലത്തെയും നഗരത്തെയും അതിൽ വസിക്കുന്നവരെയും വിഴുങ്ങിക്കളയും. 17ഞാൻ സർപ്പങ്ങളെയും മന്ത്രം ഫലിക്കാത്ത അണലികളെയും നിങ്ങളുടെ ഇടയിൽ അയയ്ക്കും; അവ നിങ്ങളെ കടിക്കും എന്നു യഹോവയുടെ അരുളപ്പാട്. 18അയ്യോ, എന്റെ സങ്കടത്തിൽ എനിക്ക് ആശ്വാസം വന്നെങ്കിൽ കൊള്ളായിരുന്നു; എന്റെ മനസ്സ് വല്ലാതെ ഇരിക്കുന്നു. 19കേട്ടോ, ദൂരദേശത്തുനിന്ന് എന്റെ ജനത്തിന്റെ പുത്രി: സീയോനിൽ യഹോവ വസിക്കുന്നില്ലയോ? അവളുടെ രാജാവ് അവിടെ ഇല്ലയോ എന്നു നിലവിളിക്കുന്നു. അവർ തങ്ങളുടെ വിഗ്രഹങ്ങൾകൊണ്ടും അന്യദേശങ്ങളിലെ മിഥ്യാമൂർത്തികൾകൊണ്ടും എന്നെ കോപിപ്പിച്ചതെന്തിന്? 20കൊയ്ത്തു കഴിഞ്ഞു, ഫലശേഖരവും കഴിഞ്ഞു; നാം രക്ഷിക്കപ്പെട്ടതുമില്ല. 21എന്റെ ജനത്തിൻപുത്രിയുടെ മുറിവു നിമിത്തം ഞാനും മുറിപ്പെട്ടു ദുഃഖിച്ചുനടക്കുന്നു; സ്തംഭനം എന്നെ പിടിച്ചിരിക്കുന്നു. 22ഗിലെയാദിൽ സുഗന്ധതൈലം ഇല്ലയോ? അവിടെ വൈദ്യൻ ഇല്ലയോ? എന്റെ ജനത്തിൻപുത്രിക്കു രോഗശമനം വരാതെ ഇരിക്കുന്നതെന്ത്?

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Video for യിരെമ്യാവ് 8