YouVersion Logo
Search Icon

യിരെമ്യാവ് 6

6
1ബെന്യാമീൻമക്കളേ, യെരൂശലേമിന്റെ നടുവിൽനിന്ന് ഓടിപ്പോകുവിൻ; തെക്കോവയിൽ കാഹളം ഊതുവിൻ; ബേത്ത്-ഹക്കേരെമിൽ ഒരു തീക്കുറി ഉയർത്തുവിൻ; വടക്കുനിന്ന് അനർഥവും മഹാനാശവും കാണായ്‍വരുന്നു. 2സുന്ദരിയും സുഖഭോഗിനിയുമായ സീയോൻപുത്രിയെ ഞാൻ മുടിച്ചുകളയും. 3അവളുടെ അടുക്കൽ ഇടയന്മാർ ആട്ടിൻകൂട്ടങ്ങളോടുകൂടെ വരും; അവർ അവൾക്കെതിരെ ചുറ്റിലും കൂടാരം അടിക്കും; അവർ ഓരോരുത്തൻ താന്താന്റെ ഭാഗത്തു മേയിക്കും. 4അതിന്റെ നേരേ പടയൊരുക്കുവിൻ! എഴുന്നേല്പിൻ ഉച്ചയ്ക്കു തന്നെ നമുക്കു കയറിച്ചെല്ലാം! അയ്യോ കഷ്ടം! നേരം വൈകി നിഴൽ നീണ്ടുപോയി. 5എഴുന്നേല്പിൻ! രാത്രിയിൽ നാം കയറിച്ചെന്ന് അതിലെ അരമനകളെ നശിപ്പിക്കുക! 6സൈന്യങ്ങളുടെ യഹോവ ഇപ്രകാരം കല്പിക്കുന്നു: വൃക്ഷം മുറിപ്പിൻ! യെരൂശലേമിനു നേരേ വാട കോരുവിൻ! സന്ദർശിക്കപ്പെടുവാനുള്ള നഗരം ഇതു തന്നെ; അതിന്റെ അകം മുഴുവനും പീഡനം നിറഞ്ഞിരിക്കുന്നു. 7കിണറ്റിൽ പച്ചവെള്ളം നിറഞ്ഞിരിക്കുന്നതുപോലെ അതിൽ എപ്പോഴും പുതിയ ദുഷ്ടത സംഭവിക്കുന്നു; സാഹസവും കവർച്ചയുമേ അവിടെ കേൾപ്പാനുള്ളൂ; എന്റെ മുമ്പിൽ എപ്പോഴും ദീനവും മുറിവും മാത്രമേയുള്ളൂ. 8യെരൂശലേമേ, എന്റെ ഉള്ളം നിന്നെ വിട്ടുപിരിയാതെയും ഞാൻ നിന്നെ ശൂന്യവും നിർജനപ്രദേശവും ആക്കാതെയും ഇരിക്കേണ്ടതിന് ഉപദേശം കൈക്കൊൾക. 9സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേലിന്റെ ശേഷിപ്പിനെ മുന്തിരിപ്പഴംപോലെ അരിച്ചു പറിക്കും; മുന്തിരിപ്പഴം പറിക്കുന്നവനെപ്പോലെ നിന്റെ കൈ വീണ്ടും വള്ളികളിലേക്കു നീട്ടുക. 10അവർ കേൾപ്പാൻ തക്കവണ്ണം ഞാൻ ആരോടു സംസാരിച്ചു സാക്ഷീകരിക്കേണ്ടൂ? അവരുടെ ചെവിക്കു പരിച്ഛേദന ഇല്ലായ്കയാൽ ശ്രദ്ധിപ്പാൻ അവർക്കു കഴികയില്ല; യഹോവയുടെ വചനം അവർക്കു നിന്ദയായിരിക്കുന്നു; അവർക്ക് അതിൽ ഇഷ്ടമില്ല. 11ആകയാൽ ഞാൻ യഹോവയുടെ ക്രോധംകൊണ്ടു നിറഞ്ഞിരിക്കുന്നു; അത് അടക്കിവച്ചു ഞാൻ തളർന്നുപോയി; ഞാൻ അതു വീഥികളിലെ കുട്ടികളിന്മേലും യൗവനക്കാരുടെ സംഘത്തിന്മേലും ഒരുപോലെ ഒഴിച്ചു കളയും; ഭർത്താവും ഭാര്യയും വൃദ്ധനും വയോധികനുംകൂടെ പിടിപെടും. 12അവരുടെ വീടുകളും നിലങ്ങളും ഭാര്യമാരും എല്ലാം അന്യന്മാർക്ക് ആയിപ്പോകും; ഞാൻ എന്റെ കൈ ദേശത്തിലെ നിവാസികളുടെ നേരേ നീട്ടും എന്നു യഹോവയുടെ അരുളപ്പാട്. 13അവരൊക്കെയും ആബാലവൃദ്ധം ദ്രവ്യാഗ്രഹികൾ ആകുന്നു; പ്രവാചകന്മാരും പുരോഹിതന്മാരും ഒരുപോലെ വ്യാജം പ്രവർത്തിക്കുന്നു. 14സമാധാനം ഇല്ലാതിരിക്കെ, സമാധാനം സമാധാനം എന്ന് അവർ പറഞ്ഞ് എന്റെ ജനത്തിന്റെ മുറിവിനു ലഘുവായി ചികിത്സിക്കുന്നു. 15മ്ലേച്ഛത പ്രവർത്തിച്ചതുകൊണ്ട് അവർ ലജ്ജിക്കേണ്ടിവരും; അവർ ലജ്ജിക്കയോ നാണം അറികയോ ചെയ്തിട്ടില്ല; അതുകൊണ്ടു വീഴുന്നവരുടെ ഇടയിൽ അവർ വീണുപോകും; ഞാൻ അവരെ സന്ദർശിക്കുന്ന കാലത്ത് അവർ ഇടറിവീഴും എന്നു യഹോവയുടെ അരുളപ്പാട്. 16യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ വഴികളിൽ ചെന്നു നല്ല വഴി ഏതെന്നു പഴയ പാതകളെ നോക്കി ചോദിച്ച് അതിൽ നടപ്പിൻ; എന്നാൽ നിങ്ങളുടെ മനസ്സിനു വിശ്രാമം ലഭിക്കും; അവരോ: ഞങ്ങൾ അതിൽ നടക്കയില്ല എന്നു പറഞ്ഞു. 17ഞാൻ നിങ്ങൾക്കു കാവൽക്കാരെ ആക്കി: കാഹളനാദം ശ്രദ്ധിപ്പിൻ എന്നു കല്പിച്ചു; എന്നാൽ അവർ: ഞങ്ങൾ ശ്രദ്ധിക്കയില്ല എന്നു പറഞ്ഞു. 18അതുകൊണ്ടു ജാതികളേ, കേൾപ്പിൻ; സഭയേ, അവരുടെ ഇടയിൽ നടക്കുന്നത് അറിഞ്ഞുകൊൾക. 19ഭൂമിയേ, കേൾക്ക; ഈ ജനം എന്റെ വചനങ്ങളെ ശ്രദ്ധിക്കാതെ എന്റെ ന്യായപ്രമാണത്തെ നിരസിച്ചുകളഞ്ഞതുകൊണ്ട്, ഞാൻ അവരുടെ വിചാരങ്ങളുടെ ഫലമായി അനർഥം അവരുടെമേൽ വരുത്തും. 20ശേബയിൽനിന്ന് കുന്തുരുക്കവും ദൂരദേശത്തുനിന്നു വയമ്പും എനിക്കു കൊണ്ടുവരുന്നത് എന്തിന്? നിങ്ങളുടെ ഹോമയാഗങ്ങളിൽ എനിക്കു പ്രസാദമില്ല; നിങ്ങളുടെ ഹനനയാഗങ്ങളിൽ എനിക്ക് ഇഷ്ടവുമില്ല. 21ആകയാൽ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഈ ജനത്തിന്റെ മുമ്പിൽ ഇടർച്ചകളെ വയ്ക്കും; പിതാക്കന്മാരും പുത്രന്മാരും ഒരുപോലെ അതിന്മേൽ തട്ടിവീഴും; അയൽക്കാരനും കൂട്ടുകാരനും നശിച്ചു പോകും. 22യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, വടക്കുദേശത്തുനിന്ന് ഒരു ജാതി വരുന്നു; ഭൂമിയുടെ അറ്റങ്ങളിൽനിന്ന് ഒരു മഹാജാതി ഉണർന്നു വരും. 23അവർ വില്ലും കുന്തവും എടുത്തിരിക്കുന്നു; അവർ ക്രൂരന്മാർ; കരുണയില്ലാത്തവർ തന്നെ; അവരുടെ ആരവം കടൽപോലെ ഇരയ്ക്കുന്നു; സീയോൻപുത്രീ, അവർ നിന്റെ നേരേ യുദ്ധസന്നദ്ധരായി ഓരോരുത്തരും കുതിരപ്പുറത്തു കയറി അണിനിരന്നു നില്ക്കുന്നു. 24അതിന്റെ വർത്തമാനം കേട്ടിട്ടു ഞങ്ങളുടെ ധൈര്യം ക്ഷയിച്ചു; നോവു കിട്ടിയ സ്ത്രീയെപ്പോലെ മഹാവ്യസനവും അതിവേദനയും ഞങ്ങളെ പിടിച്ചിരിക്കുന്നു. 25നിങ്ങൾ വയലിലേക്കു ചെല്ലരുത്; വഴിയിൽ നടക്കയുമരുത്; അവിടെ ശത്രുവിന്റെ വാളും ചുറ്റും ഭയവും ഉണ്ട്. 26എന്റെ ജനത്തിന്റെ പുത്രീ, രട്ടുടുത്തു വെണ്ണീറിൽ ഉരുളുക; ഏകജാതനെക്കുറിച്ച് എന്നപോലെയുള്ള ദുഃഖവും കഠിനമായുള്ള വിലാപവും കഴിച്ചുകൊൾക; സംഹാരകൻ പെട്ടെന്നു നമ്മുടെ നേരേ വരും. 27നീ എന്റെ ജനത്തിന്റെ നടപ്പു പരീക്ഷിച്ചറിയേണ്ടതിനു ഞാൻ നിന്നെ അവരുടെ ഇടയിൽ ഒരു പരീക്ഷകനും മാറ്റുനോക്കുന്നവനും ആക്കി വച്ചിരിക്കുന്നു. 28അവരെല്ലാവരും മഹാമത്സരികൾ, നുണപറഞ്ഞു നടക്കുന്നവർ; ചെമ്പും ഇരുമ്പും അത്രേ; അവരെല്ലാവരും വഷളത്തം പ്രവർത്തിക്കുന്നു. 29തുരുത്തി ഊതുന്നു; തീയിൽനിന്നു വരുന്നത് ഈയമത്രേ; ഊതിക്കഴിക്കുന്ന പണി വെറുതേ; ദുഷ്ടന്മാർ നീങ്ങിപ്പോകുന്നില്ലല്ലോ. 30യഹോവ അവരെ ത്യജിച്ചുകളഞ്ഞതുകൊണ്ട് അവർക്ക് കറക്കൻവെള്ളി എന്നു പേരാകും.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Video for യിരെമ്യാവ് 6