YouVersion Logo
Search Icon

യിരെമ്യാവ് 46

46
1ജാതികളെക്കുറിച്ച് യിരെമ്യാപ്രവാചകനുണ്ടായ യഹോവയുടെ അരുളപ്പാട്. മിസ്രയീമിനെക്കുറിച്ചുള്ളത്: 2ഫ്രാത്ത്നദീതീരത്തു കർക്കെമീശിൽ ഉണ്ടായിരുന്നതും ബാബേൽരാജാവായ നെബൂഖദ്നേസർ യോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്റെ നാലാംആണ്ടിൽ തോല്പിച്ചുകളഞ്ഞതുമായ ഫറവോൻ നെഖോ എന്ന മിസ്രയീംരാജാവിന്റെ സൈന്യത്തെക്കുറിച്ചുള്ളതു തന്നെ. 3പരിചയും പലകയും ഒരുക്കി യുദ്ധത്തിനടുത്തുകൊൾവിൻ! 4കുതിരച്ചേവകരേ, കുതിരകൾക്കു കോപ്പിട്ടു കയറുവിൻ! തലക്കോരികയുമായി അണിനിരപ്പിൻ; കുന്തങ്ങളെ മിനുക്കി കവചങ്ങളെ ധരിപ്പിൻ. 5അവർ ഭ്രമിച്ചു പിന്മാറിക്കാണുന്നതെന്ത്? അവരുടെ വീരന്മാർ വെട്ടേറ്റു തിരിഞ്ഞുനോക്കാതെ മണ്ടുന്നു! സർവത്രഭീതി എന്നു യഹോവയുടെ അരുളപ്പാട്. വേഗവാൻ ഓടിപ്പോകയില്ല; 6വീരൻ ചാടിപ്പോകയുമില്ല; വടക്കു ഫ്രാത്ത്നദീതീരത്ത് അവർ ഇടറിവീഴും. 7നീലനദിപോലെ പൊങ്ങുകയും നദികളിലെ വെള്ളംപോലെ അലയ്ക്കയും ചെയ്യുന്നോരിവനാർ? 8മിസ്രയീം നീലനദിപോലെ പൊങ്ങുകയും അതിന്റെ വെള്ളം നദികൾ പോലെ അലയ്ക്കയും ഞാൻ പെരുകി ദേശത്തെ മൂടി നഗരത്തെയും അതിലെ നിവാസികളെയും നശിപ്പിക്കും എന്നു പറകയും ചെയ്യുന്നു. 9കുതിരകളേ, കുതിച്ചുചാടുവിൻ; രഥങ്ങളേ, മുറുകി ഓടുവിൻ! വീരന്മാർ പുറപ്പെടട്ടെ; പരിച പിടിച്ചിരിക്കുന്ന കൂശ്യരും പൂത്യരും വില്ലടുത്തു കുലയ്ക്കുന്ന ലൂദ്യരും കൂടെ. 10ആ ദിവസം സൈന്യങ്ങളുടെ യഹോവയായ കർത്താവ് തന്റെ വൈരികളോടു പ്രതികാരം ചെയ്യുന്ന പ്രതികാരദിവസം ആകുന്നു; വാൾ വേണ്ടുവോളം തിന്നുകയും അവരുടെ രക്തം കുടിച്ചു മദിക്കയും ചെയ്യും; വടക്കു ഫ്രാത്ത്നദീതീരത്തു സൈന്യങ്ങളുടെ യഹോവയായ കർത്താവിന് ഒരു ഹനനയാഗമുണ്ടല്ലോ. 11മിസ്രയീംപുത്രിയായ കന്യകേ! ഗിലെയാദിൽ ചെന്ന് തൈലം വാങ്ങുക; നീ വളരെ ഔഷധം പ്രയോഗിക്കുന്നതു വെറുതെ! നിനക്കു രോഗശാന്തി ഉണ്ടാകയില്ല. 12ജാതികൾ നിന്റെ ലജ്ജയെക്കുറിച്ചു കേട്ടിരിക്കുന്നു; നിന്റെ നിലവിളി ദേശത്ത് നിറഞ്ഞിരിക്കുന്നു; വീരൻ വീരനോടു മുട്ടി രണ്ടു പേരും ഒരുമിച്ചു വീണിരിക്കുന്നു!
13ബാബേൽരാജാവായ നെബൂഖദ്നേസർ വന്നു മിസ്രയീംദേശത്തെ ജയിക്കുന്നതിനെക്കുറിച്ചു യിരെമ്യാപ്രവാചകനോടു യഹോവ കല്പിച്ച അരുളപ്പാട്: 14മിസ്രയീമിൽ പ്രസ്താവിച്ചു മിഗ്ദോലിൽ പ്രസിദ്ധമാക്കി, നോഫിലും തഹ്പനേസിലും കേൾപ്പിപ്പിൻ; അണിനിരന്ന് ഒരുങ്ങി നില്ക്ക എന്നു പറവിൻ! വാൾ നിന്റെ ചുറ്റും തിന്നുകളയുന്നുവല്ലോ. 15നിന്റെ ബലവാന്മാർ വീണുകിടക്കുന്നതെന്ത്? യഹോവ അവരെ തള്ളിയിട്ടതുകൊണ്ട് അവർക്കു നില്പാൻ കഴിഞ്ഞില്ല. 16അവൻ പലരെയും ഇടറി വീഴുമാറാക്കി; ഒരുത്തൻ മറ്റൊരുത്തന്റെ മീതെ വീണു; എഴുന്നേല്പിൻ; നശിപ്പിക്കുന്ന വാളിന് ഒഴിഞ്ഞു നാം സ്വജനത്തിന്റെ അടുക്കലേക്കും ജന്മദേശത്തേക്കും മടങ്ങിപ്പോക എന്ന് അവർ പറയും. 17മിസ്രയീംരാജാവായ ഫറവോന്: വിനാശം എന്നും സമയം തെറ്റി വരുന്നവൻ എന്നും പേർ പറവിൻ! 18എന്നാണ, പർവതങ്ങളിൽവച്ചു താബോർപോലെയും കടലിനരികെയുള്ള കർമ്മേൽപോലെയും നിശ്ചയമായിട്ട് അവൻ വരുമെന്നു സൈന്യങ്ങളുടെ യഹോവ എന്നു നാമമുള്ള രാജാവിന്റെ അരുളപ്പാട്. 19മിസ്രയീമിൽ പാർക്കുന്ന പുത്രീ, പ്രവാസത്തിനു പോകുവാൻ കോപ്പു കൂട്ടുക; നോഫ് നിവാസികളില്ലാതെ ശൂന്യമായി വെന്തുപോകും. 20മിസ്രയീം ഏറ്റവും അഴകുള്ള പശുക്കിടാവാകുന്നു; എന്നാൽ വടക്കുനിന്ന് ഈച്ച അതിന്മേൽ വരുന്നു. 21അതിന്റെ കൂലിച്ചേവകർ അതിന്റെ മധ്യേ തടിച്ച കാളക്കിടാക്കളെപ്പോലെ യാകുന്നു; അവരും പിൻതിരിഞ്ഞ് ഒരുപോലെ ഓടിപ്പോയി; അവരുടെ അപായദിവസവും സന്ദർശനകാലവും വന്നിരിക്കയാൽ അവർക്കു നില്പാൻ കഴിഞ്ഞില്ല. 22അതിന്റെ ശബ്ദം പാമ്പ് ഓടുന്ന ശബ്ദംപോലെ; അവർ സൈന്യത്തോടുകൂടെ നടന്നു, മരം മുറിക്കുന്നവരെപ്പോലെ കോടാലികളുമായി അതിന്റെ നേരേ വരും. 23അതിന്റെ കാടു തിങ്ങിയതായിരുന്നാലും അവർ അതിനെ വെട്ടിക്കളയും എന്നു യഹോവയുടെ അരുളപ്പാട്; അവർ വെട്ടുക്കിളികളെക്കാൾ അധികം; അവർക്കു സംഖ്യയുമില്ല. 24മിസ്രയീംപുത്രി ലജ്ജിച്ചുപോകും; അവൾ വടക്കേ ജാതിയുടെ കൈയിൽ ഏല്പിക്കപ്പെടും. 25ഞാൻ നോവിലെ അമ്മോനെയും ഫറവോനെയും മിസ്രയീമിനെയും അതിന്റെ ദേവന്മാരെയും രാജാക്കന്മാരെയും സന്ദർശിക്കും; ഫറവോനെയും അവനിൽ ആശ്രയിക്കുന്നവരെയും സന്ദർശിക്കും എന്നു യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. 26ഞാൻ അവരെ, അവർക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നവരുടെ കൈയിലും ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ കൈയിലും അവന്റെ ഭൃത്യന്മാരുടെ കൈയിലും ഏല്പിക്കും; അതിന്റെശേഷം അതിനു പുരാതനകാലത്തെന്നപോലെ നിവാസികൾ ഉണ്ടാകും എന്നു യഹോവയുടെ അരുളപ്പാട്. 27എന്നാൽ എന്റെ ദാസനായ യാക്കോബേ, നീ ഭയപ്പെടേണ്ടാ; യിസ്രായേലേ, നീ ഭ്രമിക്കേണ്ടാ; ഞാൻ നിന്നെ ദൂരത്തുനിന്നും നിന്റെ സന്തതിയെ അവരുടെ പ്രവാസദേശത്തുനിന്നും രക്ഷിക്കും; യാക്കോബ് മടങ്ങിവന്നു സ്വസ്ഥമായും സ്വൈരമായും ഇരിക്കും; ആരും അവനെ ഭയപ്പെടുത്തുകയുമില്ല. 28എന്റെ ദാസനായ യാക്കോബേ നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടു കൂടെ ഉണ്ടെന്നു യഹോവയുടെ അരുളപ്പാട്. നിന്നെ ഞാൻ ചിതറിച്ചുകളഞ്ഞ സകല ജാതികളെയും ഞാൻ മുടിച്ചുകളയും; എങ്കിലും നിന്നെ ഞാൻ മുടിച്ചുകളകയില്ല; ഞാൻ നിന്നെ ന്യായമായി ശിക്ഷിക്കും; നിന്നെ ശിക്ഷിക്കാതെ വിടുകയില്ലതാനും.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Video for യിരെമ്യാവ് 46