YouVersion Logo
Search Icon

യിരെമ്യാവ് 40

40
1അകമ്പടിനായകനായ നെബൂസർ- അദാൻ യിരെമ്യാവെ രാമായിൽനിന്നു വിട്ടയച്ചശേഷം അവനു യഹോവയിങ്കൽനിന്നുണ്ടായ അരുളപ്പാട്. ബാബേലിലേക്കു പിടിച്ചുകൊണ്ടുപോയവരായ യെരൂശലേമിലെയും യെഹൂദായിലെയും സകല ബദ്ധന്മാരുടെയും കൂട്ടത്തിൽ അവനെയും ചങ്ങലകൊണ്ടു ബന്ധിച്ചിരുന്നു. 2എന്നാൽ അകമ്പടിനായകൻ യിരെമ്യാവെ വരുത്തി അവനോടു പറഞ്ഞത്: നിന്റെ ദൈവമായ യഹോവ ഈ സ്ഥലത്തെക്കുറിച്ച് ഈ അനർഥം അരുളിച്ചെയ്തു. 3അരുളിച്ചെയ്തതുപോലെ യഹോവ വരുത്തി നിവർത്തിച്ചുമിരിക്കുന്നു; നിങ്ങൾ യഹോവയോടു പാപം ചെയ്ത് അവന്റെ വാക്കു കേൾക്കാതിരുന്നതുകൊണ്ട് ഈ കാര്യം നിങ്ങൾക്കു സംഭവിച്ചിരിക്കുന്നു. 4ഇപ്പോൾ ഇതാ, നിന്റെ കൈമേലുള്ള ചങ്ങല ഞാൻ ഇന്ന് അഴിച്ചു നിന്നെ വിട്ടയയ്ക്കുന്നു; എന്നോടുകൂടെ ബാബേലിൽ പോരുവാൻ നിനക്ക് ഇഷ്ടമുണ്ടെങ്കിൽ പോരിക; ഞാൻ നിന്നെ നോക്കും. എന്നോടുകൂടെ ബാബേലിൽ പോരുവാൻ അനിഷ്ടം തോന്നിയാലോ പോരേണ്ടാ; ഇതാ, ദേശമൊക്കെയും നിന്റെ മുമ്പാകെ ഇരിക്കുന്നു; നിനക്ക് ഇഷ്ടവും യോഗ്യവുമായി തോന്നുന്ന ഇടത്തേക്കു പൊയ്ക്കൊൾക. 5അവൻ വിട്ടുപോകും മുമ്പേ അവൻ പിന്നെയും: ബാബേൽരാജാവ് യെഹൂദാപട്ടണങ്ങൾക്ക് അധിപതിയാക്കിയിരിക്കുന്ന ശാഫാന്റെ മകനായ അഹീക്കാമിന്റെ മകൻ ഗെദല്യാവിന്റെ അടുക്കൽ നീ ചെന്ന് അവനോടുകൂടെ ജനത്തിന്റെ മധ്യേ പാർക്ക; അല്ലെങ്കിൽ നിനക്ക് ഇഷ്ടമുള്ള ഇടത്തേക്കു പൊയ്ക്കൊൾക എന്നു പറഞ്ഞ് അകമ്പടിനായകൻ വഴിച്ചിലവും സമ്മാനവും കൊടുത്ത് അവനെ യാത്ര അയച്ചു. 6അങ്ങനെ യിരെമ്യാവ് മിസ്പായിൽ അഹീക്കാമിന്റെ മകനായ ഗെദല്യാവിന്റെ അടുക്കൽ ചെന്ന്, അവനോടുകൂടെ ദേശത്തു ശേഷിച്ചിരുന്ന ജനത്തിന്റെ ഇടയിൽ പാർത്തു.
7ബാബേൽരാജാവ് അഹീക്കാമിന്റെ മകനായ ഗെദല്യാവെ ദേശാധിപതിയാക്കിയെന്നും ബാബേലിലേക്കു പിടിച്ചു കൊണ്ടുപോകാത്ത ദേശത്തിലെ എളിയവരായ പുരുഷന്മാരെയും സ്ത്രീകളെയും പൈതങ്ങളെയും അവനെ ഏല്പിച്ചു എന്നും നാട്ടിൻപുറത്തുണ്ടായിരുന്ന എല്ലാ പടത്തലവന്മാരും അവരുടെ ആളുകളും കേട്ടപ്പോൾ, 8അവർ മിസ്പായിൽ ഗെദല്യാവിന്റെ അടുക്കൽ വന്നു: നെഥന്യാവിന്റെ മകനായ യിശ്മായേൽ, കാരേഹിന്റെ പുത്രന്മാരായ യോഹാനാനും യോനാഥാനും തൻഹൂമെത്തിന്റെ പുത്രനായ സെരായാവും നെട്ടോഫാഥ്യനായ എഫായിയുടെ പുത്രന്മാർ, മയഖാഥ്യന്റെ മകനായ യെസന്യാവ് എന്നിവരും അവരുടെ ആളുകളും തന്നെ. 9ശാഫാന്റെ മകനായ അഹീക്കാമിന്റെ മകൻ ഗെദല്യാവ് അവരോടും അവരുടെ ആളുകളോടും സത്യം ചെയ്തു പറഞ്ഞതെന്തെന്നാൽ: നിങ്ങൾ കല്ദയരെ സേവിപ്പാൻ ഭയപ്പെടരുത്; ദേശത്തു പാർത്തു ബാബേൽരാജാവിനെ സേവിപ്പിൻ; എന്നാൽ നിങ്ങൾക്കു നന്നായിരിക്കും. 10ഞാൻ നമ്മുടെ അടുക്കൽ വരുന്ന കല്ദയർക്ക് ഉത്തരവാദിയായി മിസ്പായിൽ വസിക്കും; നിങ്ങളോ വീഞ്ഞും പഴവും എണ്ണയും ശേഖരിച്ച്, പാത്രങ്ങളിൽ സൂക്ഷിച്ച്, നിങ്ങൾ കൈവശമാക്കിയ പട്ടണങ്ങളിൽ പാർത്തുകൊൾവിൻ. 11അങ്ങനെ തന്നെ മോവാബിലും അമ്മോന്യരുടെ ഇടയിലും എദോമിലും മറ്റു ദേശങ്ങളിലും ഉണ്ടായിരുന്ന എല്ലാ യെഹൂദന്മാരും ബാബേൽരാജാവ് യെഹൂദായിൽ ഒരു ശേഷിപ്പിനെ വച്ചിട്ടുണ്ടെന്നും ശാഫാന്റെ മകനായ അഹീക്കാമിന്റെ മകൻ ഗെദല്യാവെ അവർക്ക് അധിപതിയാക്കിയിട്ടുണ്ടെന്നും കേട്ടപ്പോൾ 12സകല യെഹൂദന്മാരും അവർ ചിതറിപ്പോയിരുന്ന സകല സ്ഥലങ്ങളിൽനിന്നും മടങ്ങി യെഹൂദാദേശത്തു ഗെദല്യാവിന്റെ അടുക്കൽ മിസ്പായിൽ വന്നു വീഞ്ഞും പഴവും അനവധിയായി ശേഖരിച്ചു. 13എന്നാൽ കാരേഹിന്റെ മകനായ യോഹാനാനും നാട്ടിൻപുറത്തു പാർത്തിരുന്ന എല്ലാ പടത്തലവന്മാരും മിസ്പായിൽ ഗെദല്യാവിന്റെ അടുക്കൽവന്ന് അവനോടു: 14നിന്നെ കൊന്നുകളയേണ്ടതിന് അമ്മോന്യരുടെ രാജാവായ ബാലീസ് നെഥന്യാവിന്റെ മകനായ യിശ്മായേലിനെ അയച്ചിരിക്കുന്നു എന്നു നീ അറിയുന്നുവോ എന്നു ചോദിച്ചു; അഹീക്കാമിന്റെ മകനായ ഗെദല്യാവോ അവരുടെ വാക്കു വിശ്വസിച്ചില്ല. 15പിന്നെ കാരേഹിന്റെ മകനായ യോഹാനാൻ മിസ്പായിൽവച്ചു ഗെദല്യാവോടു രഹസ്യമായി സംസാരിച്ചു: ഞാൻ ചെന്ന് ആരും അറിയാതെ നെഥന്യാവിന്റെ മകനായ യിശ്മായേലിനെ കൊന്നുകളയട്ടെ; നിന്റെ അടുക്കൽ കൂടിയിരിക്കുന്ന എല്ലാ യെഹൂദന്മാരും ചിതറിപ്പോകുവാനും യെഹൂദായിൽ ശേഷിച്ചവർ നശിച്ചുപോകുവാനും തക്കവണ്ണം അവൻ നിന്നെ കൊല്ലുന്നത് എന്തിന് എന്നു പറഞ്ഞു. 16എന്നാൽ അഹീക്കാമിന്റെ മകൻ ഗെദല്യാവ് കാരേഹിന്റെ മകൻ യോഹാനാനോട്: നീ ഈ കാര്യം ചെയ്യരുത്; നീ യിശ്മായേലിനെക്കുറിച്ചു ഭോഷ്കു പറയുന്നു എന്നു പറഞ്ഞു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Video for യിരെമ്യാവ് 40