YouVersion Logo
Search Icon

യിരെമ്യാവ് 4

4
1യിസ്രായേലേ, നീ മനംതിരിയുമെങ്കിൽ എന്റെ അടുക്കലേക്കു മടങ്ങിവന്നുകൊൾക എന്നു യഹോവയുടെ അരുളപ്പാട്; നിന്റെ മ്ലേച്ഛവിഗ്രഹങ്ങളെ എന്റെ മുമ്പിൽനിന്നു നീക്കിക്കളയുമെങ്കിൽ നീ അലഞ്ഞു നടക്കേണ്ടിവരികയില്ല. 2യഹോവയാണ എന്നു നീ പരമാർഥമായും ന്യായമായും നീതിയായും സത്യം ചെയ്കയും ജാതികൾ അവനിൽ തങ്ങളെത്തന്നെ അനുഗ്രഹിച്ച് അവനിൽ പുകഴുകയും ചെയ്യും. 3യെഹൂദാപുരുഷന്മാരോടും, യെരൂശലേമ്യരോടും യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ മുള്ളുകളുടെ ഇടയിൽ വിതയ്ക്കാതെ തരിശ്ശുനിലം ഉഴുവിൻ. 4യെഹൂദാപുരുഷന്മാരും യെരൂശലേംനിവാസികളും ആയുള്ളോരേ, നിങ്ങളുടെ ദുഷ്പ്രവൃത്തികൾ നിമിത്തം എന്റെ കോപം തീപോലെ ജ്വലിച്ച് ആർക്കും കെടുത്തുകൂടാതവണ്ണം കത്താതിരിക്കേണ്ടതിനു നിങ്ങളെത്തന്നെ യഹോവയ്ക്കായി പരിച്ഛേദന ചെയ്തു നിങ്ങളുടെ ഹൃദയത്തിന്റെ അഗ്രചർമം നീക്കിക്കളവിൻ. 5യെഹൂദായിൽ അറിയിച്ചു യെരൂശലേമിൽ പ്രസിദ്ധമാക്കി ദേശത്തു കാഹളം ഊതുവാൻ പറവിൻ; കൂടിവരുവിൻ; നമുക്ക് ഉറപ്പുള്ള പട്ടണങ്ങളിലേക്കു പോകാം എന്ന് ഉറക്കെ വിളിച്ചുപറവിൻ. 6സീയോനു കൊടി ഉയർത്തുവിൻ; നില്ക്കാതെ ഓടിപ്പോകുവിൻ; ഞാൻ വടക്കുനിന്ന് അനർഥവും വലിയ നാശവും വരുത്തും. 7സിംഹം പള്ളക്കാട്ടിൽനിന്ന് ഇളകിയിരിക്കുന്നു; ജാതികളുടെ സംഹാരകൻ ഇതാ, നിന്റെ ദേശത്തെ ശൂന്യമാക്കുവാൻ തന്റെ സ്ഥലം വിട്ടു പുറപ്പെട്ടിരിക്കുന്നു; അവൻ നിന്റെ പട്ടണങ്ങളെ നിവാസികൾ ഇല്ലാതവണ്ണം നശിപ്പിക്കും. 8ഇതു നിമിത്തം രട്ടുടുപ്പിൻ; വിലപിച്ചു മുറയിടുവിൻ; യഹോവയുടെ ഉഗ്രകോപം നമ്മെ വിട്ടുമാറീട്ടില്ലല്ലോ. 9അന്നാളിൽ രാജാവിന്റെ ധൈര്യവും പ്രഭുക്കന്മാരുടെ ധൈര്യവും ക്ഷയിക്കും; പുരോഹിതന്മാർ ഭ്രമിച്ചും പ്രവാചകന്മാർ സ്തംഭിച്ചും പോകും എന്നു യഹോവയുടെ അരുളപ്പാട്. 10അതിനു ഞാൻ: അയ്യോ, യഹോവയായ കർത്താവേ, പ്രാണനിൽ വാൾ കടന്നിരിക്കെ നിങ്ങൾക്കു സമാധാനം എന്നു പറഞ്ഞു നീ ഈ ജനത്തെയും യെരൂശലേമിനെയും ഏറ്റവും വഞ്ചിച്ചുവല്ലോ എന്നു പറഞ്ഞു. 11ആ കാലത്ത് ഈ ജനത്തോടും യെരൂശലേമിനോടും പറവാനുള്ളതെന്തെന്നാൽ: മരുഭൂമിയിലെ മൊട്ടക്കുന്നുകളിൽനിന്ന് ഒരു ഉഷ്ണക്കാറ്റു പേറ്റുവാനല്ല, കൊഴിപ്പാനുമല്ല എന്റെ ജനത്തിന്റെ പുത്രിക്കു നേരേ ഊതും. 12ഇതിലും കൊടുതായൊരു കാറ്റ് എന്റെ കല്പനയാൽ വരും; ഞാൻ ഇപ്പോൾതന്നെ അവരോടു ന്യായവാദം കഴിക്കും. 13ഇതാ, അവൻ മേഘങ്ങളെപ്പോലെ കയറിവരുന്നു; അവന്റെ രഥങ്ങൾ ചുഴലിക്കാറ്റുപോലെ ആകുന്നു; അവന്റെ കുതിരകൾ കഴുക്കളെക്കാളും വേഗതയുള്ളവ; അയ്യോ കഷ്ടം; നാം നശിച്ചല്ലോ. 14യെരൂശലേമേ, നീ രക്ഷിക്കപ്പെടേണ്ടതിനു നിന്റെ ഹൃദയത്തിന്റെ ദുഷ്ടത കഴുകിക്കളക; നിന്റെ ദുഷ്ടവിചാരങ്ങൾ എത്രത്തോളം നിന്റെ ഉള്ളിൽ ഇരിക്കും. 15ദാനിൽനിന്ന് ഉറക്കെ ഘോഷിക്കുന്നു; എഫ്രയീംമലയിൽനിന്ന് അനർഥത്തെ പ്രസിദ്ധമാക്കുന്നു. 16ജാതികളോടു പ്രസ്താവിപ്പിൻ; ഇതാ, കോട്ട വളയുന്നവർ ദൂരദേശത്തുനിന്നു വന്നു യെഹൂദാപട്ടണങ്ങൾക്കു നേരേ ആർപ്പുവിളിക്കുന്നു എന്നു യെരൂശലേമിനോട് അറിയിപ്പിൻ. 17അവൾ എന്നോടു മത്സരിച്ചിരിക്കകൊണ്ട് അവർ വയലിലെ കാവല്ക്കാരെപ്പോലെ അവളുടെ നേരേ വന്നു ചുറ്റും വളഞ്ഞിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാട്. 18നിന്റെ നടപ്പും പ്രവൃത്തികളും ഹേതുവായിട്ടത്രേ ഇവ നിനക്കു വന്നത്; ഇത്ര കയ്പായിരിപ്പാനും നിന്റെ ഹൃദയത്തിനു തട്ടുവാനും കാരണം നിന്റെ ദുഷ്ടത തന്നെ.
19അയ്യോ എന്റെ ഉദരം, എന്റെ ഉദരം! എനിക്കു നോവു കിട്ടിയിരിക്കുന്നു; അയ്യോ എന്റെ ഹൃദയഭിത്തികൾ! എന്റെ നെഞ്ചിടിക്കുന്നു; എനിക്കു മിണ്ടാതെ ഇരുന്നുകൂടാ; എന്റെ ഉള്ളം കാഹളനാദവും യുദ്ധത്തിന്റെ ആർപ്പുവിളിയും കേട്ടിരിക്കുന്നു. 20നാശത്തിന്മേൽ നാശം വിളിച്ചുപറയുന്നു; ദേശമൊക്കെയും ശൂന്യമായി. പെട്ടെന്ന് എന്റെ കൂടാരങ്ങളും ഒരു ക്ഷണത്തിൽ എന്റെ തിരശ്ശീലകളും കവർച്ചയായിപ്പോയി. 21എത്രത്തോളം ഞാൻ കൊടി കണ്ടു കാഹളധ്വനി കേൾക്കേണ്ടിവരും? 22എന്റെ ജനം ഭോഷന്മാർ; അവർ എന്നെ അറിയുന്നില്ല; അവർ ബുദ്ധികെട്ട മക്കൾ; അവർക്ക് ഒട്ടും ബോധമില്ല; ദോഷം ചെയ്‍വാൻ അവർ സമർഥന്മാർ; നന്മ ചെയ്‍വാനോ അവർക്ക് അറിഞ്ഞുകൂടാ. 23ഞാൻ ഭൂമിയെ നോക്കി അതിനെ പാഴും ശൂന്യവുമായി കണ്ടു; ഞാൻ ആകാശത്തെ നോക്കി; 24അതിനു പ്രകാശം ഇല്ലാതെയിരുന്നു. ഞാൻ പർവതങ്ങളെ നോക്കി; അവ വിറയ്ക്കുന്നതു കണ്ടു; കുന്നുകൾ എല്ലാം ആടിക്കൊണ്ടിരുന്നു. 25ഞാൻ നോക്കി, ഒരു മനുഷ്യനെയും കണ്ടില്ല; ആകാശത്തിലെ പക്ഷികളൊക്കെയും പറന്നുപോയിരുന്നു. 26ഞാൻ നോക്കി ഉദ്യാനം മരുഭൂമിയായിത്തീർന്നിരിക്കുന്നതു കണ്ടു; അതിലെ പട്ടണങ്ങളൊക്കെയും യഹോവയാൽ അവന്റെ ഉഗ്രകോപം ഹേതുവായി ഇടിഞ്ഞുപോയിരിക്കുന്നു. 27യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ദേശമൊക്കെയും ശൂന്യമാകും; എങ്കിലും ഞാൻ മുഴുവനായി മുടിച്ചുകളകയില്ല. 28ഇതു നിമിത്തം ഭൂമി വിലപിക്കും; മീതെ ആകാശം കറുത്തുപോകും; ഞാൻ നിർണയിച്ച് അരുളിച്ചെയ്തിരിക്കുന്നു; ഞാൻ അനുതപിക്കയില്ല, പിന്മാറുകയുമില്ല. 29കുതിരച്ചേവകരുടെയും വില്ലാളികളുടെയും ആരവം ഹേതുവായി സകല നഗരവാസികളും ഓടിപ്പോകുന്നു; അവർ പള്ളക്കാടുകളിൽ ചെന്ന് പാറകളിന്മേൽ കയറുന്നു; സകല നഗരവും ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു; ആരും അവിടെ പാർക്കുന്നതുമില്ല. 30ഇങ്ങനെ ശൂന്യമായിപ്പോകുമ്പോൾ നീ എന്തു ചെയ്യും? നീ രക്താംബരം ധരിച്ചാലും പൊന്നാഭരണം അണിഞ്ഞാലും നിന്റെ കണ്ണിൽ മഷി എഴുതിയാലും വ്യർഥമായി നിനക്കു സൗന്ദര്യം വരുത്തുന്നു; നിന്റെ ജാരന്മാർ നിന്നെ നിരസിച്ചു നിനക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നു. 31ഈറ്റുനോവു കിട്ടിയവളുടെ ഒച്ച പോലെയും കടിഞ്ഞൂൽകുട്ടിയെ പ്രസവിക്കുന്നവളുടെ ഞരക്കംപോലെയും ഒരു ശബ്ദം ഞാൻ കേട്ടു; നെടുവീർപ്പിട്ടും കൈമലർത്തിയും കൊണ്ട്: അയ്യോ കഷ്ടം! എന്റെ പ്രാണൻ കൊലപാതകന്മാരുടെ മുമ്പിൽ ക്ഷയിച്ചുപോകുന്നു എന്നു പറയുന്ന സീയോൻപുത്രിയുടെ ശബ്ദം തന്നെ.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Video for യിരെമ്യാവ് 4