യിരെമ്യാവ് 37
37
1യെഹോയാക്കീമിന്റെ മകനായ കൊന്യാവിനു പകരം യോശീയാവിന്റെ മകനായ സിദെക്കീയാവ് രാജാവായി; അവനെ ബാബേൽരാജാവായ നെബൂഖദ്നേസർ യെഹൂദാദേശത്തു രാജാവാക്കിയിരുന്നു. 2എന്നാൽ അവനാകട്ടെ അവന്റെ ഭൃത്യന്മാരാകട്ടെ ദേശത്തിലെ ജനമാകട്ടെ യിരെമ്യാപ്രവാചകൻ മുഖാന്തരം യഹോവ അരുളിച്ചെയ്ത വചനങ്ങളെ കേട്ടനുസരിച്ചില്ല.
3സിദെക്കീയാരാജാവ് ശെലെമ്യാവിന്റെ മകനായ യഹൂഖലിനെയും മയസെയാവിന്റെ മകനായ സെഫന്യാപുരോഹിതനെയും യിരെമ്യാപ്രവാചകന്റെ അടുക്കൽ അയച്ചു: നീ നമ്മുടെ ദൈവമായ യഹോവയോടു ഞങ്ങൾക്കുവേണ്ടി പക്ഷവാദം കഴിക്കേണം എന്നു പറയിച്ചു. 4യിരെമ്യാവിനോ ജനത്തിന്റെ ഇടയിൽ വരത്തുപോക്കുണ്ടായിരുന്നു; അവനെ തടവിലാക്കിയിരുന്നില്ല. 5ഫറവോന്റെ സൈന്യം മിസ്രയീമിൽനിന്നു പുറപ്പെട്ടു എന്ന വർത്തമാനം യെരൂശലേമിനെ നിരോധിച്ചുപാർത്ത കല്ദയർ കേട്ടപ്പോൾ അവർ യെരൂശലേമിനെ വിട്ടുപോയി. 6അന്നു യിരെമ്യാപ്രവാചകനു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ: 7യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അരുളപ്പാട് ചോദിപ്പാൻ നിങ്ങളെ എന്റെ അടുക്കൽ അയച്ച യെഹൂദാരാജാവിനോടു നിങ്ങൾ പറയേണ്ടത്: നിങ്ങൾക്കു സഹായത്തിനായി പുറപ്പെട്ടിരിക്കുന്ന ഫറവോന്റെ സൈന്യം തങ്ങളുടെ ദേശമായ മിസ്രയീമിലേക്കു മടങ്ങിപ്പോകും. 8കല്ദയരോ മടങ്ങിവന്ന് ഈ നഗരത്തോടു യുദ്ധം ചെയ്ത് അതിനെ പിടിച്ചു തീ വച്ചു ചുട്ടുകളയും. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 9കല്ദയർ നിശ്ചയമായിട്ടു നമ്മെ വിട്ടുപോകും എന്നു പറഞ്ഞു നിങ്ങളെത്തന്നെ വഞ്ചിക്കരുത്; അവർ വിട്ടുപോകയില്ല. 10നിങ്ങളോടു യുദ്ധം ചെയ്യുന്ന കല്ദയരുടെ സർവസൈന്യത്തെയും നിങ്ങൾ തോല്പിച്ചിട്ട്, മുറിവേറ്റ ചിലർ മാത്രം ശേഷിച്ചിരുന്നാലും അവർ ഓരോരുത്തൻ താന്താന്റെ കൂടാരത്തിൽനിന്ന് എഴുന്നേറ്റുവന്ന് ഈ നഗരത്തെ തീവച്ചു ചുട്ടുകളയും.
11ഫറവോന്റെ സൈന്യം നിമിത്തം കല്ദയരുടെ സൈന്യം യെരൂശലേമിനെ വിട്ടുപോയപ്പോൾ 12യിരെമ്യാവ് ബെന്യാമീൻദേശത്തുചെന്ന് സ്വജനത്തിന്റെ ഇടയിൽ തന്റെ ഓഹരി വാങ്ങുവാൻ യെരൂശലേമിൽനിന്നു പുറപ്പെട്ടു. 13അവൻ ബെന്യാമീൻവാതിൽക്കൽ എത്തിയപ്പോൾ, അവിടത്തെ കാവല്ക്കാരുടെ അധിപതിയായി ഹനന്യാവിന്റെ മകനായ ശെലെമ്യാവിന്റെ മകൻ യിരീയാവ് എന്നു പേരുള്ളവൻ യിരെമ്യാപ്രവാചകനെ പിടിച്ചു: നീ കല്ദയരുടെ പക്ഷം ചേരുവാൻ പോകുന്നു എന്നു പറഞ്ഞു. 14അതിനു യിരെമ്യാവ്: അതു നേരല്ല, ഞാൻ കല്ദയരുടെ പക്ഷം ചേരുവാനല്ല പോകുന്നത് എന്നു പറഞ്ഞു; യിരീയാവ് അതു കൂട്ടാക്കാതെ യിരെമ്യാവെ പിടിച്ചു പ്രഭുക്കന്മാരുടെ അടുക്കൽ കൊണ്ടുചെന്നു. 15പ്രഭുക്കന്മാർ യിരെമ്യാവോടു കോപിച്ച് അവനെ അടിച്ചു രായസക്കാരനായ യോനാഥാന്റെ വീട്ടിൽ തടവിൽ വച്ചു; അതിനെ അവർ കാരാഗൃഹമാക്കിയിരുന്നു. 16അങ്ങനെ യിരെമ്യാവ് കുണ്ടറയിലെ നിലവറകളിൽ ആയി അവിടെ ഏറെനാൾ പാർക്കേണ്ടിവന്നു. 17അനന്തരം സിദെക്കീയാരാജാവ് ആളയച്ച് അവനെ വരുത്തി: യഹോവയിങ്കൽനിന്നു വല്ല അരുളപ്പാടും ഉണ്ടോ എന്നു രാജാവ് അരമനയിൽവച്ച് അവനോടു രഹസ്യമായി ചോദിച്ചു; അതിനു യിരെമ്യാവ്: ഉണ്ട്; നീ ബാബേൽരാജാവിന്റെ കൈയിൽ ഏല്പിക്കപ്പെടും എന്നു പറഞ്ഞു. 18പിന്നെ യിരെമ്യാവ് സിദെക്കീയാരാജാവിനോടു പറഞ്ഞത്: നിങ്ങൾ എന്നെ കാരാഗൃഹത്തിൽ ആക്കുവാൻ തക്കവണ്ണം ഞാൻ നിന്നോടോ നിന്റെ ഭൃത്യന്മാരോടോ ഈ ജനത്തോടോ എന്തു കുറ്റം ചെയ്തു? 19ബാബേൽരാജാവ് നിങ്ങളുടെ നേരേയും ഈ ദേശത്തിന്റെ നേരേയും വരികയില്ല എന്നു നിങ്ങളോടു പ്രവചിച്ച നിങ്ങളുടെ പ്രവാചകന്മാർ ഇപ്പോൾ എവിടെ? 20ആകയാൽ യജമാനനായ രാജാവേ, കേൾക്കേണമേ! എന്റെ അപേക്ഷ തിരുമനസ്സുകൊണ്ടു കൈക്കൊള്ളേണമേ! ഞാൻ രായസക്കാരനായ യോനാഥാന്റെ വീട്ടിൽ കിടന്നു മരിക്കാതെയിരിക്കേണ്ടതിന് എന്നെ വീണ്ടും അവിടെ അയയ്ക്കരുതേ. 21അപ്പോൾ സിദെക്കീയാരാജാവ്: യിരെമ്യാവെ കാവല്പുരമുറ്റത്ത് ഏല്പിപ്പാനും നഗരത്തിൽ ആഹാരം തീരെ ഇല്ലാതാകുംവരെ അപ്പക്കാരുടെ തെരുവിൽനിന്ന് ദിവസംപ്രതി ഒരു അപ്പം അവനു കൊടുപ്പാനും കല്പിച്ചു. അങ്ങനെ യിരെമ്യാവ് കാവല്പുരമുറ്റത്തു പാർത്തു.
Currently Selected:
യിരെമ്യാവ് 37: MALOVBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.