യിരെമ്യാവ് 32
32
1യെഹൂദാരാജാവായ സിദെക്കീയാവിന്റെ പത്താം ആണ്ടിൽ, നെബൂഖദ്നേസരിന്റെ പതിനെട്ടാം ആണ്ടിൽതന്നെ, യഹോവയിങ്കൽനിന്നു യിരെമ്യാവിനുണ്ടായ അരുളപ്പാട്. 2അന്നു ബാബേൽരാജാവിന്റെ സൈന്യം യെരൂശലേമിനെ നിരോധിച്ചിരുന്നു; യിരെമ്യാപ്രവാചകനോ യെഹൂദാരാജാവിന്റെ അരമനയുടെ കാവല്പുരമുറ്റത്ത് അടയ്ക്കപ്പെട്ടിരുന്നു. 3ഞാൻ ഈ നഗരത്തെ ബാബേൽരാജാവിന്റെ കൈയിൽ ഏല്പിക്കും; അവൻ അതിനെ പിടിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നും 4യെഹൂദാരാജാവായ സിദെക്കീയാവ് കല്ദയരുടെ കൈയിൽനിന്ന് ഒഴിഞ്ഞുപോകാതെ, ബാബേൽരാജാവിന്റെ കൈയിൽ ഏല്പിക്കപ്പെടും; അവൻ ഇവനുമായി വായോടുവായ് സംസാരിക്കയും കണ്ണോടുകണ്ണ് കാണുകയും ചെയ്യും; 5അവൻ സിദെക്കീയാവെ ബാബേലിലേക്കു കൊണ്ടുപോകും; ഞാൻ അവനെ സന്ദർശിക്കുംവരെ അവൻ അവിടെ ഇരിക്കും; നിങ്ങൾ കല്ദയരോടു യുദ്ധം ചെയ്താലും നിങ്ങൾക്കു സാധ്യം ഉണ്ടാകയില്ല എന്നു യഹോവയുടെ അരുളപ്പാട് എന്നും നീ പ്രവചിപ്പാൻ എന്ത് എന്നു പറഞ്ഞു യെഹൂദാരാജാവായ സിദെക്കീയാവ് അവനെ അവിടെ അടച്ചിരുന്നു. 6യിരെമ്യാവു പറഞ്ഞത്: യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ: 7നിന്റെ ഇളയപ്പനായ ശല്ലൂമിന്റെ മകൻ ഹനമെയേൽ നിന്റെ അടുക്കൽ വന്നു: അനാഥോത്തിലെ എന്റെ നിലം മേടിച്ചുകൊൾക; അതു മേടിപ്പാൻ തക്കവണ്ണം വീണ്ടെടുപ്പിന്റെ അവകാശം നിനക്കുള്ളതല്ലോ എന്നു പറയും. 8യഹോവ അരുളിച്ചെയ്തതുപോലെ എന്റെ ഇളയപ്പന്റെ മകൻ ഹനമെയേൽ കാവല്പുരമുറ്റത്ത് എന്റെ അടുക്കൽ വന്നു: ബെന്യാമീൻ ദേശത്ത് അനാഥോത്തിലെ എന്റെ നിലം മേടിക്കേണമേ; അവകാശം നിനക്കുള്ളതല്ലോ, വീണ്ടെടുപ്പും നിനക്കുള്ളത്; നീ അതു മേടിച്ചു കൊള്ളേണം എന്ന് എന്നോടു പറഞ്ഞു; അതു യഹോവയുടെ അരുളപ്പാട് എന്നു ഞാൻ ഗ്രഹിച്ചു. 9അങ്ങനെ ഞാൻ ഇളയപ്പന്റെ മകൻ ഹനമെയേലിനോട് അനാഥോത്തിലെ നിലം മേടിച്ചു, വില പതിനേഴു ശേക്കെൽ വെള്ളി തൂക്കിക്കൊടുത്തു. 10ആധാരം എഴുതി മുദ്രയിട്ടു സാക്ഷികളെക്കൊണ്ട് ഒപ്പിടുവിച്ചശേഷം ഞാൻ പണം അവനു തുലാസിൽ തൂക്കിക്കൊടുത്തു. 11ഇങ്ങനെ ന്യായവും പതിവും അനുസരിച്ചു മുദ്രയിട്ടിരുന്നതും തുറന്നിരുന്നതുമായ ആധാരങ്ങൾ ഞാൻ വാങ്ങി, 12ഇളയപ്പന്റെ മകനായ ഹനമെയേലും ആധാരത്തിൽ ഒപ്പിട്ടിരുന്ന സാക്ഷികളും കാവല്പുരമുറ്റത്ത് ഇരുന്നിരുന്ന യെഹൂദന്മാരൊക്കെയും കാൺകെ ആധാരം മഹസേയാവിന്റെ മകനായ നേര്യാവിന്റെ മകൻ ബാരൂക്കിന്റെ പക്കൽ കൊടുത്തു. 13അവർ കേൾക്കെ ഞാൻ ബാരൂക്കിനോടു കല്പിച്ചതെന്തെന്നാൽ: 14യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മുദ്രയിട്ടിരിക്കുന്നതും തുറന്നിരിക്കുന്നതുമായ ഈ ആധാരങ്ങളെ മേടിച്ച് അവ ഏറിയകാലം നില്പാൻ തക്കവണ്ണം ഒരു മൺപാത്രത്തിൽ വയ്ക്കുക. 15ഇനിയും ഈ ദേശത്തു വീടുകളും നിലങ്ങളും മുന്തിരിത്തോട്ടങ്ങളും ക്രയവിക്രയം ചെയ്യും എന്നു യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
16അങ്ങനെ ആധാരം നേര്യാവിന്റെ മകനായ ബാരൂക്കിന്റെ പക്കൽ ഏല്പിച്ചശേഷം, ഞാൻ യഹോവയോടു പ്രാർഥിച്ചത് എന്തെന്നാൽ: 17അയ്യോ, യഹോവയായ കർത്താവേ, നിന്റെ മഹാശക്തികൊണ്ടും നീട്ടിയ ഭുജംകൊണ്ടും നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി; നിനക്ക് അസാധ്യമായത് ഒന്നുമില്ല. 18നീ ആയിരം തലമുറയോളം ദയകാണിക്കയും പിതാക്കന്മാരുടെ അകൃത്യത്തിന് അവരുടെ ശേഷം അവരുടെ മക്കളുടെ മാർവിടത്തിൽ പകരം കൊടുക്കയും ചെയ്യുന്നു; മഹത്ത്വവും വല്ലഭത്വവുമുള്ള ദൈവമേ, സൈന്യങ്ങളുടെ യഹോവ എന്നല്ലോ നിന്റെ നാമം. 19നീ ആലോചനയിൽ വലിയവനും പ്രവൃത്തിയിൽ ശക്തിമാനും ആകുന്നു; ഓരോരുത്തന് അവനവന്റെ നടപ്പിനും പ്രവൃത്തികളുടെ ഫലത്തിനും തക്കവണ്ണം കൊടുക്കേണ്ടതിനു നീ മനുഷ്യരുടെ എല്ലാ വഴികളിന്മേലും ദൃഷ്‍ടി വയ്ക്കുന്നു. 20നീ മിസ്രയീംദേശത്തും ഇന്നുവരെയും യിസ്രായേലിലും മറ്റു മനുഷ്യരുടെ ഇടയിലും അടയാളങ്ങളും അദ്ഭുതങ്ങളും പ്രവർത്തിച്ച് ഇന്നുള്ളതുപോലെ നിനക്ക് ഒരു നാമം സമ്പാദിക്കയും 21നിന്റെ ജനമായ യിസ്രായേലിനെ അടയാളങ്ങൾകൊണ്ടും അദ്ഭുതങ്ങൾകൊണ്ടും ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും മഹാഭീതികൊണ്ടും മിസ്രയീംദേശത്തുനിന്നു കൊണ്ടുവരികയും 22അവരുടെ പിതാക്കന്മാർക്കു കൊടുപ്പാൻ നീ അവരോടു സത്യം ചെയ്തതായി പാലും തേനും ഒഴുകുന്ന ഈ ദേശത്തെ അവർക്കു കൊടുക്കയും ചെയ്തു. 23അവർ അതിൽ കടന്ന് അതിനെ കൈവശമാക്കി; എങ്കിലും അവർ നിന്റെ വാക്ക് അനുസരിക്കയോ നിന്റെ ന്യായപ്രമാണംപോലെ നടക്കയോ ചെയ്തില്ല; ചെയ്‍വാൻ നീ അവരോടു കല്പിച്ചതൊന്നും അവർ ചെയ്തില്ല; അതുകൊണ്ട് ഈ അനർഥമൊക്കെയും നീ അവർക്കു വരുത്തിയിരിക്കുന്നു. 24ഇതാ, വാടകൾ! നഗരത്തെ പിടിക്കേണ്ടതിന് അടുത്തിരിക്കുന്നു! വാളും ക്ഷാമവും മഹാമാരിയും ഹേതുവായി ഈ നഗരം അതിനു നേരേ യുദ്ധം ചെയ്യുന്ന കല്ദയരുടെ കൈയിൽ ഏല്പിക്കപ്പെട്ടിരിക്കുന്നു; നീ അരുളിച്ചെയ്തതു സംഭവിച്ചിരിക്കുന്നു; 25നീ അതു കാണുന്നുവല്ലോ. യഹോവയായ കർത്താവേ, നഗരം കല്ദയരുടെ കൈയിൽ ഏല്പിക്കപ്പെട്ടിരിക്കെ, നിലം വിലയ്ക്കു മേടിച്ച് അതിനു സാക്ഷികളെ വയ്ക്കുവാൻ നീ എന്നോടു കല്പിച്ചുവല്ലോ? 26അപ്പോൾ യഹോവയുടെ അരുളപ്പാട് യിരെമ്യാവിനുണ്ടായതെന്തെന്നാൽ: 27ഞാൻ സകല ജഡത്തിന്റെയും ദൈവമായ യഹോവയാകുന്നു; എനിക്കു കഴിയാത്ത വല്ല കാര്യവും ഉണ്ടോ? 28അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഈ നഗരത്തെ കല്ദയരുടെ കൈയിലും ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ കൈയിലും ഏല്പിക്കും; അവൻ അതിനെ പിടിക്കും. 29ഈ നഗരത്തിന്റെ നേരേ യുദ്ധം ചെയ്യുന്ന കല്ദയർ കടന്നു നഗരത്തിനു തീ വച്ച് അതിനെ, എന്നെ കോപിപ്പിക്കേണ്ടതിനു മേല്പുരകളിൽവച്ചു ബാലിനു ധൂപംകാട്ടി അന്യദേവന്മാർക്കു പാനീയബലി പകർന്നിരിക്കുന്ന വീടുകളോടുകൂടെ ചുട്ടുകളയും. 30യിസ്രായേൽമക്കളും യെഹൂദാമക്കളും ബാല്യംമുതൽ എനിക്ക് അനിഷ്ടമായുള്ളതു മാത്രം ചെയ്തു വന്നു; യിസ്രായേൽമക്കൾ തങ്ങളുടെ കൈകളുടെ പ്രവൃത്തികൾകൊണ്ട് എന്നെ കോപിപ്പിച്ചതേയുള്ളൂ എന്നു യഹോവയുടെ അരുളപ്പാട്. 31അവർ ഈ നഗരത്തെ പണിത നാൾമുതൽ ഇന്നുവരെയും ഞാൻ അതിനെ എന്റെ മുമ്പിൽനിന്നു നീക്കിക്കളയത്തക്കവണ്ണം അത് എനിക്കു കോപവും ക്രോധവും വരുത്തിയിരിക്കുന്നു. 32എന്നെ കോപിപ്പിക്കേണ്ടതിന് യിസ്രായേൽമക്കളും യെഹൂദാമക്കളും അവരുടെ രാജാക്കന്മാരും പ്രഭുക്കന്മാരും പുരോഹിതന്മാരും പ്രവാചകന്മാരും യെഹൂദാപുരുഷന്മാരും യെരൂശലേംനിവാസികളും ചെയ്ത സകല ദോഷവും നിമിത്തം തന്നെ. 33അവർ മുഖമല്ല, പുറമത്രേ എങ്കലേക്കു തിരിച്ചിരിക്കുന്നത്; ഞാൻ ഇടവിടാതെ അവരെ ഉപദേശിച്ചു പഠിപ്പിച്ചിട്ടും ഉപദേശം കൈക്കൊൾവാൻ അവർ മനസ്സുവച്ചില്ല. 34എന്റെ നാമം വിളിച്ചിരിക്കുന്ന ആലയത്തെ അശുദ്ധമാക്കുവാൻ തക്കവണ്ണം അവർ അതിൽ മ്ലേച്ഛവിഗ്രഹങ്ങളെ പ്രതിഷ്ഠിച്ചു. 35മോലേക്കിനു തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും ദഹിപ്പിക്കേണ്ടതിന് അവർ ബെൻ-ഹിന്നോം താഴ്വരയിൽ ബാലിന്റെ പൂജാഗിരികളെ പണിതു; ഈ മ്ലേച്ഛതകളെ പ്രവർത്തിച്ചു യെഹൂദായെക്കൊണ്ടു പാപം ചെയ്യിപ്പാൻ ഞാൻ അവരോടു കല്പിച്ചിട്ടില്ല; എന്റെ മനസ്സിൽ അതു തോന്നിയിട്ടുമില്ല. 36ഇപ്പോൾ വാൾ, ക്ഷാമം, മഹാമാരി എന്നിവയാൽ ബാബേൽരാജാവിന്റെ കൈയിൽ ഏല്പിക്കപ്പെടുന്നു എന്നു നിങ്ങൾ പറയുന്ന ഈ നഗരത്തെക്കുറിച്ചു യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; 37എന്റെ കോപത്തിലും ക്രോധത്തിലും മഹാരോഷത്തിലും ഞാൻ അവരെ നീക്കിക്കളഞ്ഞ സകല ദേശങ്ങളിൽനിന്നും ഞാൻ അവരെ ശേഖരിക്കും; ഞാൻ അവരെ ഈ സ്ഥലത്തേക്കു മടക്കിവരുത്തി അതിൽ നിർഭയമായി വസിക്കുമാറാക്കും. 38അവർ എനിക്കു ജനമായും ഞാൻ അവർക്കു ദൈവമായും ഇരിക്കും. 39അവർക്കും അവരുടെശേഷം അവരുടെ മക്കൾക്കും ഗുണംവരത്തക്കവണ്ണം അവർ എന്നെ എന്നേക്കും ഭയപ്പെടേണ്ടതിനു ഞാൻ അവർക്ക് ഏകമനസ്സും ഏകമാർഗവും കൊടുക്കും. 40ഞാൻ അവരെ വിട്ടുപിരിയാതെ അവർക്കു നന്മ ചെയ്തുകൊണ്ടിരിക്കും എന്നിങ്ങനെ ഞാൻ അവരോട് ഒരു ശാശ്വതനിയമം ചെയ്യും; അവർ എന്നെ വിട്ടുമാറാതെയിരിപ്പാൻ എങ്കലുള്ള ഭക്തി ഞാൻ അവരുടെ ഹൃദയത്തിൽ ആക്കും. 41ഞാൻ അവരിൽ സന്തോഷിച്ച് അവർക്കു ഗുണം ചെയ്യും. ഞാൻ പൂർണഹൃദയത്തോടും പൂർണമനസ്സോടുംകൂടെ അവരെ ഈ ദേശത്തു നടും. 42യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഈ ജനത്തിന് ഈവലിയ അനർഥമൊക്കെയും വരുത്തിയതുപോലെ തന്നെ ഞാൻ അവർക്കു വാഗ്ദത്തം ചെയ്തിരിക്കുന്ന എല്ലാ നന്മയും അവർക്കു വരുത്തും. 43മനുഷ്യനും മൃഗവും ഇല്ലാതെ ശൂന്യമായിരിക്കുന്നു, കല്ദയരുടെ കൈയിൽ ഏല്പിക്കപ്പെട്ടിരിക്കുന്നു എന്നു നിങ്ങൾ പറയുന്ന ഈ ദേശത്ത് അവർ നിലങ്ങളെ വിലയ്ക്കു മേടിക്കും. 44ഞാൻ അവരുടെ പ്രവാസികളെ മടക്കിവരുത്തുന്നതുകൊണ്ടു ബെന്യാമീൻദേശത്തും യെരൂശലേമിനു ചുറ്റുമുള്ള പ്രദേശങ്ങളിലും യെഹൂദാപട്ടണങ്ങളിലും മലനാട്ടിലെ പട്ടണങ്ങളിലും താഴ്വീതിയിലെ പട്ടണങ്ങളിലും തെക്കേ പട്ടണങ്ങളിലും ആളുകൾ നിലങ്ങളെ വിലയ്ക്കു മേടിച്ച് ആധാരങ്ങൾ എഴുതി മുദ്രയിട്ടു സാക്ഷികളെയും വയ്ക്കും എന്നു യഹോവയുടെ അരുളപ്പാട്.
Currently Selected:
യിരെമ്യാവ് 32: MALOVBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.