യിരെമ്യാവ് 30
30
1യഹോവയിങ്കൽനിന്ന് യിരെമ്യാവിനുണ്ടായ അരുളപ്പാട് എന്തെന്നാൽ: 2യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്നോട് അരുളിച്ചെയ്തിരിക്കുന്ന സകല വചനങ്ങളെയും ഒരു പുസ്തകത്തിൽ എഴുതിവയ്ക്കുക. 3ഞാൻ യിസ്രായേലും യെഹൂദായുമായ എന്റെ ജനത്തിന്റെ പ്രവാസം മാറ്റുവാനുള്ള കാലം വരും എന്നു യഹോവയുടെ അരുളപ്പാട്: ഞാൻ അവരുടെ പിതാക്കന്മാർക്ക് കൊടുത്ത ദേശത്തേക്ക് അവരെ മടക്കിവരുത്തും; അവർ അതിനെ കൈവശമാക്കും എന്ന് യഹോവയുടെ അരുളപ്പാട്. 4യഹോവ യിസ്രായേലിനെയും യെഹൂദായെയും കുറിച്ച് അരുളിച്ചെയ്ത വചനങ്ങളാവിത്: 5യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നാം നടുക്കത്തിന്റെ മുഴക്കം കേട്ടിരിക്കുന്നു; സമാധാനമല്ല, ഭയമത്രേ ഉള്ളത്. 6പുരുഷൻ പ്രസവിക്കുമാറുണ്ടോ എന്നു ചോദിച്ചുനോക്കുവിൻ! ഏതു പുരുഷനും നോവു കിട്ടിയ സ്ത്രീയെപ്പോലെ കൈ നടുവിനു കൊടുത്തിരിക്കുന്നതും ഏതു മുഖവും വിളറി ഇരിക്കുന്നതും ഞാൻ കാണുന്നത് എന്ത്? 7ആ നാൾപോലെ വേറേ ഇല്ലാതവണ്ണം അതു വലുതായിരിക്കുന്നു കഷ്ടം! അതു യാക്കോബിനു കഷ്ടകാലം തന്നെ; എങ്കിലും അവൻ അതിൽനിന്നു രക്ഷിക്കപ്പെടും. 8അന്നു ഞാൻ അവന്റെ നുകം നിന്റെ കഴുത്തിൽനിന്ന് ഒടിച്ചു ബന്ധനങ്ങളെ അറുത്തുകളയും; അന്യന്മാർ ഇനി അവനെക്കൊണ്ടു സേവ ചെയ്യിക്കയുമില്ല എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്. 9അവർ തങ്ങളുടെ ദൈവമായ യഹോവയെയും ഞാൻ അവർക്ക് എഴുന്നേല്പിപ്പാനുള്ള രാജാവായ ദാവീദിനെയും സേവിക്കും. 10ആകയാൽ എന്റെ ദാസനായ യാക്കോബേ, നീ ഭയപ്പെടേണ്ടാ; യിസ്രായേലേ, നീ ഭ്രമിക്കേണ്ടാ എന്നു യഹോവയുടെ അരുളപ്പാട്; ഞാൻ നിന്നെ ദൂരത്തുനിന്നും നിന്റെ സന്തതിയെ പ്രവാസദേശത്തുനിന്നും രക്ഷിക്കും; യാക്കോബ് മടങ്ങിവന്നു സ്വസ്ഥമായും സ്വൈരമായും ഇരിക്കും; ആരും അവനെ ഭയപ്പെടുത്തുകയില്ല. 11നിന്നെ രക്ഷിപ്പാൻ ഞാൻ നിന്നോടുകൂടെയുണ്ട് എന്നു യഹോവയുടെ അരുളപ്പാട്; നിന്നെ ഞാൻ ചിതറിച്ചുകളഞ്ഞ സകല ജാതികളെയും ഞാൻ മുടിച്ചുകളയും; എങ്കിലും, നിന്നെ ഞാൻ മുടിച്ചുകളകയില്ല; ഞാൻ നിന്നെ ന്യായത്തോടെ ശിക്ഷിക്കും; ശിക്ഷിക്കാതെ വിടുകയില്ലതാനും. 12യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ പരിക്കു മാറാത്തതും നിന്റെ മുറിവു വിഷമമുള്ളതുമാകുന്നു. 13നിന്റെ വ്യവഹാരം നടത്തുവാൻ ആരുമില്ല; നിന്റെ മുറിവിന് ഇടുവാൻ മരുന്നും കുഴമ്പും ഇല്ല. 14നിന്റെ സ്നേഹിതന്മാരൊക്കെയും നിന്നെ മറന്നിരിക്കുന്നു; നിന്റെ അകൃത്യത്തിന്റെ ആധിക്യം നിമിത്തവും നിന്റെ പാപത്തിന്റെ പെരുപ്പം നിമിത്തവും ഞാൻ നിന്നെ ശത്രു അടിക്കുന്നതു പോലെയും ക്രൂരൻ ശിക്ഷിക്കുന്നതുപോലെയും അടിച്ചിരിക്കകൊണ്ട് അവർ നിന്നെ നോക്കുന്നില്ല. 15നിന്റെ പരുക്കിനെയും മാറാത്ത വേദനയെയും കുറിച്ചു നിലവിളിക്കുന്നത് എന്തിന്? നിന്റെ അകൃത്യത്തിന്റെ ആധിക്യം നിമിത്തവും നിന്റെ പാപത്തിന്റെ പെരുപ്പം നിമിത്തവും അല്ലോ ഞാൻ ഇതു നിന്നോടു ചെയ്തിരിക്കുന്നത്. 16അതുകൊണ്ട് നിന്നെ തിന്നുകളയുന്നവരെല്ലാവരും തിന്നുകളയപ്പെടും; നിന്റെ സകല വൈരികളും ഒട്ടൊഴിയാതെ പ്രവാസത്തിലേക്കു പോകും; നിന്നെ കൊള്ളയിടുന്നവർ കൊള്ളയായിത്തീരും; നിന്നെ കവർച്ച ചെയ്യുന്നവരെയൊക്കെയും ഞാൻ കവർച്ചയ്ക്ക് ഏല്പിക്കും. 17അവർ നിന്നെ ഭ്രഷ്ടയെന്നും ആരും തിരിഞ്ഞുനോക്കാത്ത സീയോൻ എന്നും വിളിക്കകൊണ്ട്, ഞാൻ നിന്റെ മുറിവുകളെ പൊറുപ്പിച്ചു നിനക്ക് ആരോഗ്യം വരുത്തും എന്നു യഹോവയുടെ അരുളപ്പാട്. 18യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ യാക്കോബിൻകൂടാരങ്ങളുടെ പ്രവാസം മാറ്റി അവന്റെ നിവാസങ്ങളോടു കരുണ കാണിക്കും; നഗരം അതിന്റെ കല്ക്കുന്നിന്മേൽ പണിയപ്പെടും; അരമനയും യഥാസ്ഥാനപ്പെടും. 19അവയിൽനിന്നു സ്തോത്രവും സന്തോഷിക്കുന്നവരുടെ ഘോഷവും പുറപ്പെടും; ഞാൻ അവരെ വർധിപ്പിക്കും; അവർ കുറഞ്ഞു പോകയില്ല; ഞാൻ അവരെ മഹത്ത്വീകരിക്കും; അവർ എളിമപ്പെടുകയുമില്ല. 20അവരുടെ മക്കളും പണ്ടത്തെപ്പോലെ ആകും; അവരുടെ സഭ എന്റെ മുമ്പാകെ നിലനില്ക്കും; അവരെ ഉപദ്രവിക്കുന്ന എല്ലാവരെയും ഞാൻ സന്ദർശിക്കും. 21അവരുടെ പ്രഭു അവരിൽനിന്നു തന്നെ ഉണ്ടാകും; അവരുടെ അധിപതി അവരുടെ നടുവിൽനിന്ന് ഉദ്ഭവിക്കും; ഞാൻ അവനെ അടുപ്പിക്കും, അവൻ എന്നോട് അടുക്കും; അല്ലാതെ എന്നോട് അടുപ്പാൻ ധൈര്യപ്പെടുന്നവൻ ആർ? എന്നു യഹോവയുടെ അരുളപ്പാട്. 22അങ്ങനെ നിങ്ങൾ എനിക്കു ജനമായും ഞാൻ നിങ്ങൾക്കു ദൈവമായും ഇരിക്കും. 23യഹോവയുടെ ക്രോധം എന്ന ചുഴലിക്കാറ്റ്, കടുപ്പമായി അടിക്കുന്ന ചുഴലിക്കാറ്റു തന്നെ, പുറപ്പെടുന്നു; അതു ദുഷ്ടന്മാരുടെ തലമേൽ ചുഴന്നടിക്കും. 24യഹോവയുടെ ഉഗ്രകോപം അവന്റെ മനസ്സിലെ നിർണയങ്ങളെ നടത്തി നിവർത്തിക്കുവോളം മടങ്ങുകയില്ല; ഭാവികാലത്തു നിങ്ങൾ അതു ഗ്രഹിക്കും.
Currently Selected:
യിരെമ്യാവ് 30: MALOVBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.