യിരെമ്യാവ് 20
20
1എന്നാൽ യിരെമ്യാവ് ഈ കാര്യങ്ങളെ പ്രവചിക്കുന്നത് ഇമ്മേരിന്റെ മകനും യഹോവയുടെ ആലയത്തിനു പ്രധാനവിചാരകനുമായ 2പശ്ഹൂർപുരോഹിതൻ കേട്ടിട്ടു യിരെമ്യാപ്രവാചകനെ അടിച്ചു, യഹോവയുടെ ആലയത്തിനരികെയുള്ള മേലത്തെ ബെന്യാമീൻഗോപുരത്തിങ്കലെ ആമത്തിൽ ഇട്ടു. 3പിറ്റന്നാൾ പശ്ഹൂർ യിരെമ്യാവെ ആമത്തിൽനിന്നു വിട്ടപ്പോൾ യിരെമ്യാവ് അവനോടു പറഞ്ഞത്: യഹോവ നിനക്കു പശ്ഹൂർ എന്നല്ല, മാഗോർമിസ്സാബീബ് (സർവത്രഭീതി) എന്നത്രേ പേർ വിളിച്ചിരിക്കുന്നത്. 4യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്നെ നിനക്കു തന്നെയും നിന്റെ സകല സ്നേഹിതന്മാർക്കും ഭീതിയാക്കിത്തീർക്കും; അവർ ശത്രുക്കളുടെ വാൾകൊണ്ടു വീഴും; നിന്റെ കണ്ണ് അതു കാണും; എല്ലാ യെഹൂദായെയും ഞാൻ ബാബേൽരാജാവിന്റെ കൈയിൽ ഏല്പിക്കും; അവൻ അവരെ പിടിച്ചു ബാബേലിലേക്കു കൊണ്ടുപോയി വാൾകൊണ്ടു കൊന്നുകളയും. 5ഈ നഗരത്തിലെ സകല നിക്ഷേപങ്ങളും അതിലെ സകല സമ്പാദ്യങ്ങളും സകല വിശിഷ്ടവസ്തുക്കളും യെഹൂദാരാജാക്കന്മാരുടെ സകല ഭണ്ഡാരങ്ങളും ഞാൻ ശത്രുക്കളുടെ കൈയിൽ ഏല്പിക്കും; അവർ അവയെ കൊള്ളയിട്ടു ബാബേലിലേക്കു കൊണ്ടുപോകും. 6എന്നാൽ പശ്ഹൂരേ, നീയും നിന്റെ വീട്ടിൽ പാർക്കുന്ന എല്ലാവരും പ്രവാസത്തിലേക്കു പോകേണ്ടിവരും; നീയും നിന്റെ വ്യാജപ്രവചനം കേട്ട നിന്റെ സകല സ്നേഹിതന്മാരും ബാബേലിലേക്കു ചെന്ന് അവിടെവച്ചു മരിക്കയും അവിടെ അടക്കപ്പെടുകയും ചെയ്യും. 7യഹോവേ, നീ എന്നെ സമ്മതിപ്പിക്കയും ഞാൻ സമ്മതിച്ചുപോകയും ചെയ്തു; നീ ബലം പ്രയോഗിച്ചു ജയിച്ചിരിക്കുന്നു; ഞാൻ ഇടവിടാതെ പരിഹാസവിഷയമായിരിക്കുന്നു; എല്ലാവരും എന്നെ പരിഹസിക്കുന്നു. 8സംസാരിക്കുമ്പോഴൊക്കെയും ഞാൻ നിലവിളിച്ചു സാഹസത്തെയും ബലാൽക്കാരത്തെയും കുറിച്ച് ആവലാതി പറയേണ്ടിവരുന്നു; അങ്ങനെ യഹോവയുടെ വചനം എനിക്ക് ഇടവിടാതെ നിന്ദയ്ക്കും പരിഹാസത്തിനും ഹേതുവായിരിക്കുന്നു. 9ഞാൻ ഇനി അവനെ ഓർക്കുകയില്ല, അവന്റെ നാമത്തിൽ സംസാരിക്കയുമില്ല എന്നു പറഞ്ഞാലോ അത് എന്റെ അസ്ഥികളിൽ അടയ്ക്കപ്പെട്ടിട്ട് എന്റെ ഹൃദയത്തിൽ തീ കത്തുംപോലെ ഇരിക്കുന്നു; ഞാൻ സഹിച്ചു തളർന്ന് എനിക്കു വയ്യാതെയായി. 10സർവത്രഭീതി; ഞാൻ പലരുടെയും ഏഷണി കേട്ടിരിക്കുന്നു; കുറ്റം ബോധിപ്പിപ്പിൻ; ഞങ്ങളും അവനെക്കുറിച്ചു കുറ്റം ബോധിപ്പിക്കാം; നാം അവനെ തോല്പിച്ച് അവനോടു പക വീട്ടുവാൻ തക്കവണ്ണം പക്ഷേ അവനെ വശത്താക്കാം എന്ന് എന്റെ വീഴ്ചയ്ക്കു കാത്തിരിക്കുന്നവരായ എന്റെ ചങ്ങാതിമാരൊക്കെയും പറയുന്നു. 11എന്നാൽ യഹോവ ഒരു മഹാവീരനെപ്പോലെ എന്നോടുകൂടെയുണ്ട്; ആകയാൽ എന്നെ ഉപദ്രവിക്കുന്നവർ ഇടറിവീഴും; അവർ ജയിക്കയില്ല; അവർ ബുദ്ധിയോടെ പ്രവർത്തിക്കായ്കയാൽ ഏറ്റവും ലജ്ജിച്ചുപോകും; ഒരിക്കലും മറന്നുപോകാത്ത നിത്യലജ്ജയോടെ തന്നെ. 12നീതിമാനെ ശോധനചെയ്ത്, അന്തരംഗങ്ങളെയും ഹൃദയത്തെയും കാണുന്നവനായ സൈന്യങ്ങളുടെ യഹോവേ, നീ അവരോടു ചെയ്യുന്ന പ്രതികാരം ഞാൻ കാണുമാറാകട്ടെ; എന്റെ വ്യവഹാരം ഞാൻ നിന്നോടു ബോധിപ്പിച്ചിരിക്കുന്നുവല്ലോ. 13യഹോവയ്ക്കു പാട്ടുപാടുവിൻ! യഹോവയെ സ്തുതിപ്പിൻ! അവൻ ദരിദ്രന്റെ പ്രാണനെ ദുഷ്ടന്മാരുടെ കൈയിൽനിന്നു വിടുവിച്ചിരിക്കുന്നു. 14ഞാൻ ജനിച്ച ദിവസം ശപിക്കപ്പെട്ടിരിക്കട്ടെ; എന്റെ അമ്മ എന്നെ പ്രസവിച്ച ദിവസം അനുഗ്രഹിക്കപ്പെടാതിരിക്കട്ടെ. 15നിനക്ക് ഒരു മകൻ ജനിച്ചിരിക്കുന്നു എന്ന് എന്റെ അപ്പനോട് അറിയിച്ച് അവനെ ഏറ്റവും സന്തോഷിപ്പിച്ച മനുഷ്യൻ ശപിക്കപ്പെട്ടവൻ. 16എന്റെ അമ്മ എന്റെ ശവക്കുഴിയും അവളുടെ ഗർഭപാത്രം എല്ലായ്പോഴും നിറഞ്ഞതും ആയിരിക്കേണ്ടതിന് 17ആ മനുഷ്യൻ എന്നെ ഉദരത്തിൽവച്ചു കൊന്നുകളയായ്കകൊണ്ട് അവൻ, യഹോവ അനുതപിക്കാതെ ഉന്മൂലനാശം വരുത്തിയ പട്ടണങ്ങളെപ്പോലെ ആയിത്തീരട്ടെ; രാവിലെ അവൻ നിലവിളിയും ഉച്ചസമയത്തു പോർവിളിയും കേൾക്കുമാറാകട്ടെ. 18കഷ്ടവും സങ്കടവും അനുഭവിച്ചു ജീവകാലം ലജ്ജയിൽ കഴിച്ചുകൂട്ടേണ്ടതിനു ഞാൻ ഉദരത്തിൽനിന്നു പുറത്തുവന്നത് എന്തിന്?
Currently Selected:
യിരെമ്യാവ് 20: MALOVBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.