YouVersion Logo
Search Icon

യിരെമ്യാവ് 18

18
1യഹോവയിങ്കൽനിന്നു യിരെമ്യാവിനുണ്ടായ അരുളപ്പാട് എന്തെന്നാൽ: 2നീ എഴുന്നേറ്റു കുശവന്റെ വീട്ടിലേക്കു ചെല്ലുക; അവിടെവച്ചു ഞാൻ നിന്നെ എന്റെ വചനങ്ങളെ കേൾപ്പിക്കും. 3അങ്ങനെ ഞാൻ കുശവന്റെ വീട്ടിൽ ചെന്നപ്പോൾ അവൻ ചക്രത്തിന്മേൽ വേല ചെയ്തുകൊണ്ടിരുന്നു. 4കുശവൻ കളിമണ്ണുകൊണ്ടുണ്ടാക്കിയ പാത്രം അവന്റെ കൈയിൽ ചീത്തയായിപ്പോയി; എന്നാൽ കുശവൻ അതിനെ തനിക്കു തോന്നിയതുപോലെ മറ്റൊരു പാത്രമാക്കിത്തീർത്തു. 5അപ്പോൾ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ: 6യിസ്രായേൽഗൃഹമേ, ഈ കുശവൻ ചെയ്തതുപോലെ എനിക്കു നിങ്ങളോടു ചെയ്‍വാൻ കഴികയില്ലയോ എന്നു യഹോവയുടെ അരുളപ്പാട്; യിസ്രായേൽഗൃഹമേ, കളിമണ്ണു കുശവന്റെ കൈയിൽ ഇരിക്കുന്നതുപോലെ നിങ്ങൾ എന്റെ കൈയിൽ ഇരിക്കുന്നു. 7ഞാൻ ഒരു ജാതിയെക്കുറിച്ചോ ഒരു രാജ്യത്തെക്കുറിച്ചോ അതിനെ പറിച്ച് ഇടിച്ച് നശിപ്പിച്ചുകളയും എന്ന് അരുളിച്ചെയ്തിട്ടു 8ഞാൻ അങ്ങനെ അരുളിച്ചെയ്ത ജാതി തന്റെ ദുഷ്ടത വിട്ടു തിരിയുന്നുവെങ്കിൽ അതിനോടു ചെയ്‍വാൻ നിരൂപിച്ച ദോഷത്തെക്കുറിച്ചു ഞാൻ അനുതപിക്കും. 9ഒരു ജാതിയെക്കുറിച്ചോ രാജ്യത്തെക്കുറിച്ചോ ഞാൻ അതിനെ പണികയും നടുകയും ചെയ്യും എന്ന് അരുളിച്ചെയ്തിട്ട് 10അത് എന്റെ വാക്കു കേട്ടനുസരിക്കാതെ എനിക്ക് അനിഷ്ടമായുള്ളതു ചെയ്യുന്നുവെങ്കിൽ അവർക്കു വരുത്തും എന്ന് അരുളിച്ചെയ്ത നന്മയെക്കുറിച്ചു ഞാൻ അനുതപിക്കും. 11ആകയാൽ നീ ചെന്നു യെഹൂദാപുരുഷന്മാരോടും യെരൂശലേംനിവാസികളോടും പറയേണ്ടത്: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിങ്ങൾക്ക് ഒരനർഥം നിർമ്മിച്ചു, നിങ്ങൾക്കു വിരോധമായി ഒരു നിരൂപണം നിരൂപിക്കുന്നു; നിങ്ങൾ ഓരോരുത്തനും താന്താന്റെ ദുർമാർഗം വിട്ടുതിരിഞ്ഞു നിങ്ങളുടെ നടപ്പും പ്രവൃത്തികളും നന്നാക്കുവിൻ. 12അതിന് അവർ: ഇതു വെറുതേ; ഞങ്ങൾ ഞങ്ങളുടെ സ്വന്തനിരൂപണങ്ങൾ അനുസരിച്ചു നടക്കും; ഞങ്ങളിൽ ഓരോരുത്തനും താന്താന്റെ ദുഷ്ടഹൃദയത്തിലെ ശാഠ്യം പ്രവർത്തിക്കും എന്നു പറഞ്ഞു. 13അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ജാതികളുടെ ഇടയിൽ ചെന്ന് അന്വേഷിപ്പിൻ; ഇങ്ങനെയുള്ളത് ആരെങ്കിലും കേട്ടിട്ടുണ്ടോ? യിസ്രായേൽകന്യക അതിഭയങ്കരമായുള്ളതു ചെയ്തിരിക്കുന്നു. 14ലെബാനോനിലെ ഹിമം വയലിലെ പാറയെ വിട്ടുപോകുമോ? അന്യദേശത്തുനിന്ന് ഒഴുകിവരുന്ന തണുത്ത വെള്ളം വറ്റിപ്പോകുമോ? 15എന്റെ ജനമോ എന്നെ മറന്നു മിഥ്യാമൂർത്തികൾക്കു ധൂപം കാട്ടുന്നു; അവരുടെ വഴികളിൽ, പുരാതന പാതകളിൽത്തന്നെ, അവർ അവരെ ഇടറിവീഴുമാറാക്കി; അവർ നിരപ്പില്ലാത്ത വഴികളിലും പാതകളിലും നടക്കുന്നു; 16അവർ അവരുടെ ദേശത്തെ ശൂന്യവും നിത്യപരിഹാസവും ആക്കുന്നു; അതിൽക്കൂടി കടന്നു പോകുന്ന ഏവനും സ്തംഭിച്ചു തലകുലുക്കും. 17കിഴക്കൻകാറ്റുകൊണ്ടെന്നപോലെ ഞാൻ അവരെ ശത്രുക്കളുടെ മുമ്പിൽ ചിതറിച്ചുകളയും; അവരുടെ അനർഥദിവസത്തിൽ ഞാൻ അവർക്ക് എന്റെ മുഖമല്ല, പുറമത്രേ കാണിക്കും. 18എന്നാൽ അവർ: വരുവിൻ, നമുക്കു യിരെമ്യാവിന്റെ നേരേ ഉപായങ്ങളെ ചിന്തിക്കാം; പുരോഹിതന്റെ പക്കൽ ഉപദേശവും ജ്ഞാനിയുടെ പക്കൽ ആലോചനയും പ്രവാചകന്റെ പക്കൽ അരുളപ്പാടും ഇല്ലാതെപോകയില്ല; വരുവിൻ നാം അവനെ നാവുകൊണ്ടു കൊന്നുകളക; അവന്റെ വാക്ക് ഒന്നും നാം ശ്രദ്ധിക്കരുത് എന്നു പറഞ്ഞു. 19യഹോവേ, എനിക്കു ചെവി തന്നു എന്റെ പ്രതിയോഗികളുടെ വാക്ക് കേൾക്കേണമേ. 20നന്മയ്ക്കു പകരം തിന്മ ചെയ്യാമോ? അവർ എന്റെ പ്രാണഹാനിക്കായിട്ട് ഒരു കുഴി കുഴിച്ചിരിക്കുന്നു; നിന്റെ കോപം അവരെ വിട്ടുമാറേണ്ടതിനു ഞാൻ അവർക്കുവേണ്ടി നന്മ സംസാരിപ്പാൻ തിരുമുമ്പിൽ നിന്നത് ഓർക്കേണമേ. 21അവരുടെ മക്കളെ ക്ഷാമത്തിന് ഏല്പിച്ചു, വാളിന് ഇരയാക്കേണമേ; അവരുടെ ഭാര്യമാർ മക്കളില്ലാത്തവരും വിധവമാരും ആയിത്തീരട്ടെ; അവരുടെ പുരുഷന്മാർ മരണത്തിന് ഇരയാകട്ടെ; അവരുടെ യൗവനക്കാർ യുദ്ധത്തിൽ വാളിനാൽ പട്ടുപോകട്ടെ. 22നീ പെട്ടെന്ന് ഒരു പടക്കൂട്ടത്തെ അവരുടെമേൽ വരുത്തിയിട്ട് അവരുടെ വീടുകളിൽനിന്നു നിലവിളി കേൾക്കുമാറാകട്ടെ; അവർ എന്നെ പിടിപ്പാൻ ഒരു കുഴി കുഴിച്ചു, എന്റെ കാലിനു കെണി മറച്ചു വച്ചിരിക്കുന്നുവല്ലോ. 23യഹോവേ, എന്റെ മരണത്തിനായുള്ള അവരുടെ ആലോചനയൊക്കെയും നീ അറിയുന്നു; അവരുടെ അകൃത്യം ക്ഷമിക്കരുതേ; അവരുടെ പാപം നിന്റെ മുമ്പിൽ നിന്നു മായിച്ചുകളയരുതേ; അവർ തിരുമുമ്പിൽ ഇടറിവീഴട്ടെ; നിന്റെ കോപത്തിന്റെ കാലത്തുതന്നെ അവരോടു പ്രവർത്തിക്കേണമേ.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Video for യിരെമ്യാവ് 18