YouVersion Logo
Search Icon

യിരെമ്യാവ് 15

15
1യഹോവ എന്നോട് അരുളിച്ചെയ്തത്: മോശെയും ശമൂവേലും എന്റെ മുമ്പാകെ നിന്നാലും എന്റെ മനസ്സ് ഈ ജനത്തിങ്കലേക്കു ചായ്കയില്ല; ഇവരെ എന്റെ മുമ്പിൽനിന്ന് ആട്ടിക്കളക; അവർ പൊയ്ക്കൊള്ളട്ടെ. 2ഞങ്ങൾ എവിടേക്കു പോകേണ്ടൂ എന്ന് അവർ നിന്നോടു ചോദിച്ചാൽ നീ അവരോട്: മരണത്തിനുള്ളവർ മരണത്തിനും വാളിനുള്ളവർ വാളിനും ക്ഷാമത്തിനുള്ളവർ ക്ഷാമത്തിനും പ്രവാസത്തിനുള്ളവർ പ്രവാസത്തിനും പൊയ്ക്കൊള്ളട്ടെ എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറക. 3കൊന്നുകളവാൻ വാളും പറിച്ചുകീറുവാൻ നായ്ക്കളും തിന്നു മുടിപ്പാൻ ആകാശത്തിലെ പക്ഷികളും കാട്ടിലെ മൃഗങ്ങളും ഇങ്ങനെ നാലു വകയെ ഞാൻ അവരുടെ നേരേ നിയമിക്കും എന്നു യഹോവയുടെ അരുളപ്പാട്. 4യെഹൂദാരാജാവായ ഹിസ്കീയാവിന്റെ മകൻ മനശ്ശെ നിമിത്തം, അവൻ യെരൂശലേമിൽ ചെയ്തിട്ടുള്ളതു നിമിത്തംതന്നെ, ഞാൻ അവരെ ഭൂമിയിലുള്ള സകല രാജ്യങ്ങളിലും ഒരു ഭീതിവിഷയമാക്കിത്തീർക്കും. 5യെരൂശലേമേ, ആർക്കു നിന്നോടു കനിവു തോന്നുന്നു? ആർ നിന്നോടു സഹതാപം കാണിക്കും? നിന്റെ ക്ഷേമം ചോദിപ്പാൻ ആർ കയറിവരും? 6നീ എന്നെ ഉപേക്ഷിച്ചു പിൻവാങ്ങിയിരിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു; അതുകൊണ്ടു ഞാൻ നിന്റെ നേരേ കൈ നീട്ടി നിന്നെ നശിപ്പിക്കും; ഞാൻ കരുണകാണിച്ചു മടുത്തിരിക്കുന്നു. 7ദേശത്തിന്റെ പടിവാതിലുകളിൽ ഞാൻ അവരെ വീശുമുറംകൊണ്ടു വീശിക്കളഞ്ഞു; ഞാൻ എന്റെ ജനത്തെ മക്കളില്ലാത്തവരാക്കി നശിപ്പിച്ചു; എങ്കിലും അവർ തങ്ങളുടെ വഴികളെ വിട്ടുതിരിഞ്ഞില്ല. 8അവരുടെ വിധവമാർ കടല്പുറത്തെ മണലിനെക്കാൾ പെരുകിക്കാണുന്നു; യൗവനക്കാരന്റെ അമ്മയുടെ നേരേ ഞാൻ നട്ടുച്ചയ്ക്ക് ഒരു വിനാശകനെ വരുത്തി പെട്ടെന്ന് അവളുടെ മേൽ നടുക്കവും ഭീതിയും വീഴുമാറാക്കിയിരിക്കുന്നു; 9ഏഴു മക്കളെ പ്രസവിച്ചവൾ ക്ഷീണിച്ചു പ്രാണനെ വിട്ടിരിക്കുന്നു; അവളുടെ സൂര്യൻ പകൽ തീരും മുമ്പേ അസ്തമിച്ചുപോയി; അവൾ ലജ്ജിച്ചും നാണിച്ചും പോയിരിക്കുന്നു; അവരിൽ ശേഷിപ്പുള്ളവരെ ഞാൻ അവരുടെ ശത്രുക്കൾക്കു മുമ്പിൽ വാളിന് ഏല്പിക്കും എന്നു യഹോവയുടെ അരുളപ്പാട്. 10എന്റെ അമ്മേ, സർവദേശത്തിനും കലഹക്കാരനും വിവാദക്കാരനും ആയിരിക്കുന്ന എന്നെ നീ പ്രസവിച്ചുവല്ലോ, അയ്യോ കഷ്ടം! ഞാൻ പലിശയ്ക്കു കൊടുത്തിട്ടില്ല; എനിക്ക് ആരും പലിശ തന്നിട്ടുമില്ല; എന്നിട്ടും അവരെല്ലാവരും എന്നെ ശപിക്കുന്നു. 11യഹോവ അരുളിച്ചെയ്തത്: ഞാൻ നിന്നെ നന്മയ്ക്കായി രക്ഷിക്കും നിശ്ചയം; അനർഥകാലത്തും കഷ്ടകാലത്തും ഞാൻ ശത്രുവിനെക്കൊണ്ടു നിന്നോടു യാചിപ്പിക്കും നിശ്ചയം.
12താമ്രവും ഇരുമ്പും വടക്കൻ ഇരുമ്പും ഒടിഞ്ഞുപോകുമോ? 13നിന്റെ ദേശത്തൊക്കെയും നിന്റെ സകല പാപങ്ങളും നിമിത്തം നിന്റെ സമ്പത്തും നിക്ഷേപങ്ങളും ഞാൻ വില വാങ്ങാതെ കവർച്ചയ്ക്ക് ഏല്പിച്ചുകൊടുക്കും. 14നീ അറിയാത്ത ദേശത്തു ഞാൻ നിന്നെ ശത്രുക്കളെ സേവിക്കുമാറാക്കും; എന്റെ കോപത്തിൽ ഒരു തീ ജ്വലിച്ചിരിക്കുന്നു; അതു നിങ്ങളുടെമേൽ കത്തും. 15യഹോവേ, നീ അറിയുന്നു; എന്നെ ഓർത്തു സന്ദർശിക്കേണമേ; എന്നെ ഉപദ്രവിക്കുന്നവരോടു പ്രതികാരം ചെയ്യേണമേ; നിന്റെ ദീർഘക്ഷമയിൽ എന്നെ എടുത്തുകളയരുതേ; നിന്റെ നിമിത്തം ഞാൻ നിന്ദ സഹിക്കുന്നു എന്ന് ഓർക്കേണമേ. 16ഞാൻ നിന്റെ വചനങ്ങളെ കണ്ടെത്തി ഭക്ഷിച്ചിരിക്കുന്നു; നിന്റെ വചനങ്ങൾ എനിക്കു സന്തോഷവും എന്റെ ഹൃദയത്തിന് ആനന്ദവും ആയി; സൈന്യങ്ങളുടെ ദൈവമായ യഹോവേ, നിന്റെ നാമം എനിക്കു വിളിക്കപ്പെട്ടിരിക്കുന്നുവല്ലോ. 17കളിക്കാരുടെ കൂട്ടത്തിൽ ഞാൻ ഇരുന്നുല്ലസിച്ചിട്ടില്ല; നീ എന്നെ നീരസംകൊണ്ടു നിറച്ചിരിക്കയാൽ നിന്റെ കൈനിമിത്തം ഞാൻ തനിച്ചിരുന്നു. 18എന്റെ വേദന നിരന്തരവും, എന്റെ മുറിവു പൊറുക്കാതവണ്ണം വിഷമവും ആയിരിക്കുന്നതെന്ത്? നീ എനിക്കു ചതിക്കുന്ന തോടും വറ്റിപ്പോകുന്ന വെള്ളവുംപോലെ ആയിരിക്കുമോ? 19അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ മടങ്ങിവന്നാൽ ഞാൻ നിന്നെ എന്റെ മുമ്പാകെ നില്പാൻ തക്കവണ്ണം വീണ്ടും കൈക്കൊള്ളും; നീ അധമമായത് ഒഴിച്ച് ഉത്തമമായതു പ്രസ്താവിച്ചാൽ നീ എന്റെ വായ്പോലെ ആകും; അവർ നിന്റെ പക്ഷം തിരിയും നീ അവരുടെ പക്ഷം തിരികയില്ല. 20ഞാൻ നിന്നെ ഈ ജനത്തിന് ഉറപ്പുള്ള താമ്രഭിത്തിയാക്കി വയ്ക്കും; അവർ നിന്നോടു യുദ്ധം ചെയ്യും, ജയിക്കയില്ല; നിന്നെ രക്ഷിപ്പാനും വിടുവിപ്പാനും ഞാൻ നിന്നോടുകൂടെ ഉണ്ട് എന്ന് യഹോവയുടെ അരുളപ്പാട്. 21ഞാൻ നിന്നെ ദുഷ്ടന്മാരുടെ കൈയിൽനിന്ന് വിടുവിക്കയും നിഷ്കണ്ടകന്മാരുടെ കൈയിൽനിന്നു വീണ്ടുകൊള്ളുകയും ചെയ്യും.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in