യിരെമ്യാവ് 11
11
1യഹോവയിങ്കൽനിന്നു യിരെമ്യാവിനുണ്ടായ അരുളപ്പാട്: 2ഈ നിയമത്തിന്റെ വചനങ്ങളെ നിങ്ങൾ കേട്ടു യെഹൂദാപുരുഷന്മാരോടും യെരൂശലേംനിവാസികളോടും പ്രസ്താവിപ്പിൻ. 3നീ അവരോടു പറയേണ്ടത് എന്തെന്നാൽ: യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു. ഈ നിയമത്തിൻ വചനങ്ങളെ കേട്ടനുസരിക്കാത്ത മനുഷ്യൻ ശപിക്കപ്പെട്ടവൻ. 4അവയെ ഞാൻ നിങ്ങളുടെ പിതാക്കന്മാരോട് അവരെ ഇരുമ്പുചൂളയായ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നാളിൽ കല്പിച്ചു: നിങ്ങൾ എന്റെ വാക്കു കേട്ടനുസരിച്ചു ഞാൻ നിങ്ങളോടു കല്പിച്ചതുപോലെയൊക്കെയും ചെയ്‍വിൻ; എന്നാൽ നിങ്ങൾ എനിക്കു ജനവും ഞാൻ നിങ്ങൾക്കു ദൈവവും ആയിരിക്കും എന്നരുളിച്ചെയ്തു. 5ഇന്നുള്ളതുപോലെ ഞാൻ നിങ്ങളുടെ പിതാക്കന്മാർക്കു പാലും തേനും ഒഴുകുന്ന ദേശം കൊടുക്കും എന്നിങ്ങനെ ഞാൻ അവരോടു ചെയ്ത സത്യം നിവർത്തിക്കേണ്ടതിനു തന്നെ. അതിനു ഞാൻ: ആമേൻ, യഹോവേ, എന്ന് ഉത്തരം പറഞ്ഞു. 6അപ്പോൾ യഹോവ എന്നോട് അരുളിച്ചെയ്തത്: നീ യെഹൂദാപട്ടണങ്ങളിലും യെരൂശലേമിന്റെ വീഥികളിലും ഈ വചനങ്ങളെയൊക്കെയും വിളിച്ചു പറക: ഈ നിയമത്തിന്റെ വചനങ്ങളെ കേട്ടു ചെയ്തുകൊൾവിൻ. 7ഞാൻ നിങ്ങളുടെ പിതാക്കന്മാരെ മിസ്രയീമിൽനിന്നു കൊണ്ടുവന്ന നാളിലും ഇന്നുവരെയും ഞാൻ അതികാലത്തും ഇടവിടാതെയും അവരോട്: എന്റെ വാക്കു കേൾപ്പിൻ എന്നു പറഞ്ഞു സാക്ഷീകരിച്ചിരിക്കുന്നു. 8അവരോ അനുസരിക്കയും ചെവി ചായിക്കയും ചെയ്യാതെ ഓരോരുത്തൻ താന്താന്റെ ദുഷ്ടഹൃദയത്തിന്റെ ശാഠ്യപ്രകാരം നടന്നു; ആകയാൽ ഞാൻ അവരോടു ചെയ്‍വാൻ കല്പിച്ചതും അവർ ചെയ്യാതെയിരുന്നതുമായ ഈ നിയമത്തിന്റെ വചനങ്ങളെപ്പോലെയൊക്കെയും ഞാൻ അവരുടെമേൽ വരുത്തിയിരിക്കുന്നു. 9യഹോവ പിന്നെയും എന്നോട് അരുളിച്ചെയ്തത്: യെഹൂദാപുരുഷന്മാരുടെ ഇടയിലും യെരൂശലേംനിവാസികളുടെ ഇടയിലും ഒരു കൂട്ടുകെട്ടു കണ്ടിരിക്കുന്നു. 10അവർ എന്റെ വചനങ്ങളെ കേട്ടനുസരിക്കാത്ത പൂർവപിതാക്കന്മാരുടെ അകൃത്യങ്ങളിലേക്കു തിരിഞ്ഞു, അന്യദേവന്മാരെ സേവിപ്പാൻ അവരോടു ചേർന്നിരിക്കുന്നു; ഞാൻ അവരുടെ പിതാക്കന്മാരോടു ചെയ്ത നിയമം യിസ്രായേൽഗൃഹവും യെഹൂദാഗൃഹവും ലംഘിച്ചിരിക്കുന്നു. 11അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഒഴിഞ്ഞുപോകുവാൻ കഴിയാത്ത ഒരനർഥം ഞാൻ അവർക്കു വരുത്തും; അവർ എന്നോടു നിലവിളിച്ചാലും ഞാൻ കേൾക്കയില്ല. 12അപ്പോൾ യെഹൂദാപട്ടണങ്ങളും യെരൂശലേംനിവാസികളും ചെന്നു, തങ്ങൾ ധൂപം കാട്ടിവന്ന ദേവന്മാരോടു നിലവിളിക്കും; എങ്കിലും അവർ അവരെ അനർഥകാലത്തു രക്ഷിക്കയില്ല. 13യെഹൂദായേ, നിന്റെ പട്ടണങ്ങളുടെ എണ്ണത്തോളം നിനക്കു ദേവന്മാരുണ്ട്; യെരൂശലേമിലെ വീഥികളുടെ എണ്ണത്തോളം നിങ്ങൾ ആ ലജ്ജാവിഗ്രഹത്തിനു ബലിപീഠങ്ങളെ, ബാലിനു ധൂപം കാട്ടുവാനുള്ള പീഠങ്ങളെ തന്നെ തീർത്തിരിക്കുന്നു. 14ആകയാൽ നീ ഈ ജനത്തിനുവേണ്ടി പ്രാർഥിക്കരുത്; അവർക്കുവേണ്ടി യാചനയോ പക്ഷവാദമോ കഴിക്കയുമരുത്; അവർ അനർഥം നിമിത്തം എന്നോടു നിലവിളിക്കുമ്പോൾ ഞാൻ കേൾക്കയില്ല. 15എന്റെ പ്രിയയ്ക്കു എന്റെ ആലയത്തിൽ എന്തു കാര്യം? അവൾ പലരോടും കൂടെ ദുഷ്കർമം ചെയ്തുവല്ലോ; വിശുദ്ധമാംസം നിന്നെ വിട്ടുപോയിരിക്കുന്നു; ദോഷം ചെയ്യുമ്പോൾ നീ ഉല്ലസിക്കുന്നു. 16മനോഹര ഫലങ്ങളാൽ ശോഭിതമായ പച്ച ഒലിവുവൃക്ഷം എന്നു യഹോവ നിനക്കു പേർവിളിച്ചിരുന്നു; എന്നാൽ മഹാകോലാഹലത്തോടെ അവൻ അതിനു തീ വച്ചുകളഞ്ഞു; അതിന്റെ കൊമ്പുകളും ഒടിഞ്ഞു കിടക്കുന്നു. 17യിസ്രായേൽഗൃഹവും യെഹൂദാഗൃഹവും ബാലിനു ധൂപം കാട്ടി എന്നെ കോപിപ്പിച്ചതിൽ ദോഷം പ്രവർത്തിച്ചിരിക്കയാൽ നിന്നെ നട്ടിരിക്കുന്ന സൈന്യങ്ങളുടെ യഹോവ നിനക്ക് അനർഥം വിധിച്ചിരിക്കുന്നു. 18യഹോവ എനിക്കു വെളിപ്പെടുത്തിയതിനാൽ ഞാൻ അത് അറിഞ്ഞു; അന്നു നീ അവരുടെ പ്രവൃത്തികളെ എനിക്കു കാണിച്ചുതന്നു. 19ഞാനോ അറുപ്പാൻ കൊണ്ടുപോകുന്ന മെരുക്കമുള്ള കുഞ്ഞാടുപോലെ ആയിരുന്നു; അവന്റെ പേർ ആരും ഓർക്കാതെ ഇരിക്കേണ്ടതിനു നാം വൃക്ഷത്തെ ഫലത്തോടുകൂടെ നശിപ്പിച്ചു ജീവനുള്ളവരുടെ ദേശത്തുനിന്നു ഛേദിച്ചുകളക എന്നിങ്ങനെ അവർ എന്റെ നേരേ ഉപായം നിരൂപിച്ചതു ഞാൻ അറിഞ്ഞതുമില്ല. 20നീതിയോടെ ന്യായം വിധിക്കയും അന്തരംഗവും ഹൃദയവും ശോധനകഴിക്കയും ചെയ്യുന്ന സൈന്യങ്ങളുടെ യഹോവേ, നീ അവരോടു ചെയ്യുന്ന പ്രതികാരം ഞാൻ കാണുമാറാകട്ടെ; ഞാൻ എന്റെ വ്യവഹാരം നിന്നെ ബോധിപ്പിച്ചിരിക്കുന്നുവല്ലോ. 21അതുകൊണ്ട്: നീ ഞങ്ങളുടെ കൈയാൽ മരിക്കാതെയിരിക്കേണ്ടതിനു യഹോവയുടെ നാമത്തിൽ പ്രവചിക്കരുത് എന്നു പറഞ്ഞു നിനക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്ന അനാഥോത്തുകാരെക്കുറിച്ചു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 22ഞാൻ അവരെ സന്ദർശിക്കും; യൗവനക്കാർ വാൾകൊണ്ടു മരിക്കും ; അവരുടെ പുത്രന്മാരും പുത്രിമാരും ക്ഷാമംകൊണ്ടു മരിക്കും. 23ഞാൻ അനാഥോത്തുകാരെ സന്ദർശിക്കുന്ന കാലത്ത് അവർക്ക് അനർഥം വരുത്തുന്നതുകൊണ്ട് അവരിൽ ഒരു ശേഷിപ്പും ഉണ്ടാകയില്ല എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
Currently Selected:
യിരെമ്യാവ് 11: MALOVBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.