YouVersion Logo
Search Icon

ന്യായാധിപന്മാർ 8

8
1എന്നാൽ എഫ്രയീമ്യർ: നീ മിദ്യാന്യരോടു യുദ്ധം ചെയ്‍വാൻ പോയപ്പോൾ ഞങ്ങളെ വിളിക്കാഞ്ഞതെന്ത്? ഇങ്ങനെ ഞങ്ങളോടു ചെയ്‍വാൻ എന്തു സംഗതി എന്നു പറഞ്ഞ് അവനോട് ഉഗ്രമായി വാദിച്ചു. 2അതിന് അവൻ: നിങ്ങളോട് ഒത്തുനോക്കിയാൽ ഞാൻ ഈ ചെയ്തത് എന്തുള്ളൂ? അബീയേസെരിന്റെ മുന്തിരിയെടുപ്പിനെക്കാൾ എഫ്രയീമിന്റെ കാലാപെറുക്കയല്ലയോ നല്ലത്? 3നിങ്ങളുടെ കൈയിലല്ലോ ദൈവം മിദ്യാന്യപ്രഭുക്കളായ ഓരേബിനെയും സേബിനെയും ഏല്പിച്ചത്; നിങ്ങളോട് ഒത്തുനോക്കിയാൽ എന്നെക്കൊണ്ടു സാധിച്ചത് എന്തുള്ളൂ എന്ന് അവരോടു പറഞ്ഞു. ഇതു പറഞ്ഞപ്പോൾ അവർക്ക് അവനോടുള്ള കോപം ശമിച്ചു. 4അനന്തരം ഗിദെയോൻ യോർദ്ദാങ്കൽ എത്തി; അവനും കൂടെയുള്ള മുന്നൂറു പേരും ക്ഷീണിച്ചിരുന്നിട്ടും അവരെ പിന്തുടരുവാൻ അക്കരെ കടന്നു. 5അവൻ സുക്കോത്തിലെ നിവാസികളോട്: എന്റെ കൂടെയുള്ള പടജ്ജനത്തിന് അപ്പം കൊടുക്കേണമേ; അവർ ക്ഷീണിച്ചിരിക്കുന്നു; ഞാൻ മിദ്യാന്യരാജാക്കന്മാരായ സേബഹിനെയും സൽമുന്നയെയും പിന്തുടരുകയാകുന്നു എന്നു പറഞ്ഞു. 6നിന്റെ സൈന്യത്തിനു ഞങ്ങൾ അപ്പം കൊടുക്കേണ്ടതിനു സേബഹിന്റെയും സൽമുന്നയുടെയും കൈകൾ നിന്റെ കക്ഷത്തിൽ ആകുന്നുവോ എന്നു സുക്കോത്തിലെ പ്രഭുക്കന്മാർ ചോദിച്ചു. 7അതിനു ഗിദെയോൻ: ആകട്ടെ; യഹോവ സേബഹിനെയും സൽമുന്നയെയും എന്റെ കൈയിൽ ഏല്പിച്ചശേഷം ഞാൻ നിങ്ങളുടെ മാംസം കാട്ടിലെ മുള്ളുകൊണ്ടും പറക്കാരകൊണ്ടും തല്ലിക്കീറും എന്നു പറഞ്ഞു. 8അവിടെനിന്ന് അവൻ പെനൂവേലിലേക്കു ചെന്ന് അവരോടും അങ്ങനെ ചോദിച്ചു; സുക്കോത്ത്നിവാസികൾ ഉത്തരം പറഞ്ഞതുപോലെതന്നെ പെനൂവേൽനിവാസികളും പറഞ്ഞു. 9അവൻ പെനൂവേൽ നിവാസികളോട്: ഞാൻ സമാധാനത്തോടെ മടങ്ങിവരുമ്പോൾ ഈ ഗോപുരം ഇടിച്ചുകളയും എന്നു പറഞ്ഞു.
10എന്നാൽ സേബഹും സൽമുന്നയും അവരോടുകൂടെ കിഴക്കുദേശക്കാരുടെ സൈന്യത്തിൽ ശേഷിച്ചിരുന്ന ഏകദേശം പതിനയ്യായിരം പേരായ അവരുടെ സൈന്യവും കർക്കോരിൽ ആയിരുന്നു; വാളൂരിപ്പിടിച്ചവരായ ലക്ഷത്തിരുപതിനായിരം പേർ വീണുപോയിരുന്നു. 11ഗിദെയോൻ നോബഹിനും യൊഗ്ബെഹയ്ക്കും കിഴക്കുള്ള കൂടാരവാസികളുടെ വഴിയായി ചെന്നു നിർഭയമായിരുന്ന ആ സൈന്യത്തെ തോല്പിച്ചു. 12സേബഹും സൽമുന്നയും ഓടിപ്പോയി; അവൻ അവരെ പിന്തുടർന്നു, സേബഹ്, സൽമുന്ന എന്ന രണ്ടു മിദ്യാന്യരാജാക്കന്മാരെയും പിടിച്ചു, സൈന്യത്തെയൊക്കെയും പേടിപ്പിച്ചു ചിതറിച്ചുകളഞ്ഞു. 13അനന്തരം യോവാശിന്റെ മകനായ ഗിദെയോൻ യുദ്ധം കഴിഞ്ഞിട്ട് ഹേരെസ് കയറ്റത്തിൽനിന്നു മടങ്ങി വരുമ്പോൾ 14സുക്കോത്ത് നിവാസികളിൽ ഒരു ബാല്യക്കാരനെ പിടിച്ച് അവനോട് അന്വേഷിച്ചു; അവൻ സുക്കോത്തിലെ പ്രഭുക്കന്മാരും മൂപ്പന്മാരുമായ എഴുപത്തേഴ് ആളുടെ പേർ അവന് എഴുതിക്കൊടുത്തു. 15അവൻ സുക്കോത്ത് നിവാസികളുടെ അടുക്കൽ ചെന്നു: ക്ഷീണിച്ചിരിക്കുന്ന നിന്റെ ആളുകൾക്കു ഞങ്ങൾ അപ്പം കൊടുക്കേണ്ടതിനു സേബഹിന്റെയും സൽമുന്നയുടെയും കൈകൾ നിന്റെ കക്ഷത്തിൽ ആകുന്നുവോ എന്നു നിങ്ങൾ എന്നെ ധിക്കരിച്ചു പറഞ്ഞ സേബഹും സൽമുന്നയും ഇതാ എന്നു പറഞ്ഞു. 16അവൻ പട്ടണത്തിലെ മൂപ്പന്മാരെ പിടിച്ചു കാട്ടിലെ മുള്ളും പറക്കാരയുംകൊണ്ട് സുക്കോത്ത് നിവാസികളെ ബുദ്ധി പഠിപ്പിച്ചു. 17അവൻ പെനൂവേലിലെ ഗോപുരം ഇടിച്ച് പട്ടണക്കാരെ കൊന്നുകളഞ്ഞു. 18പിന്നെ അവൻ സേബഹിനോടും സൽമുന്നയോടും: നിങ്ങൾ താബോരിൽവച്ചു കൊന്ന പുരുഷന്മാർ എങ്ങനെയുള്ളവർ ആയിരുന്നു എന്നു ചോദിച്ചു. അവർ നിന്നെപ്പോലെ ഓരോരുത്തൻ രാജകുമാരനു തുല്യൻ ആയിരുന്നു എന്ന് അവർ ഉത്തരം പറഞ്ഞു. 19അതിന് അവൻ: അവർ എന്റെ സഹോദരന്മാർ, എന്റെ അമ്മയുടെ മക്കൾതന്നെ ആയിരുന്നു; അവരെ നിങ്ങൾ ജീവനോടെ വച്ചിരുന്നു എങ്കിൽ, യഹോവയാണ, ഞാൻ നിങ്ങളെ കൊല്ലുകയില്ലായിരുന്നു എന്നു പറഞ്ഞു. 20പിന്നെ അവൻ തന്റെ ആദ്യജാതനായ യേഥെരിനോട്: എഴുന്നേറ്റ് അവരെ കൊല്ലുക എന്നു പറഞ്ഞു; എന്നാൽ അവൻ ചെറുപ്പക്കാരനാകകൊണ്ടു പേടിച്ചു വാൾ ഊരാതെ നിന്നു. 21അപ്പോൾ സേബഹും സൽമുന്നയും: നീ തന്നെ എഴുന്നേറ്റു ഞങ്ങളെ വെട്ടുക; ആളെപ്പോലെയല്ലോ അവന്റെ ബലം എന്നു പറഞ്ഞു. അങ്ങനെ ഗിദെയോൻ എഴുന്നേറ്റ് സേബഹിനെയും സൽമുന്നയെയും കൊന്നു; അവരുടെ ഒട്ടകങ്ങളുടെ കഴുത്തിലെ ചന്ദ്രക്കലകൾ എടുത്തു.
22അനന്തരം യിസ്രായേല്യർ ഗിദെയോനോട്: നീ ഞങ്ങളെ മിദ്യാന്റെ കൈയിൽനിന്നു രക്ഷിച്ചിരിക്കകൊണ്ട് ഞങ്ങൾക്കു രാജാവായിരിക്കേണം; അങ്ങനെതന്നെ നിന്റെ മകനും മകന്റെ മകനും എന്നു പറഞ്ഞു. 23ഗിദെയോൻ അവരോട്: ഞാൻ നിങ്ങൾക്കു രാജാവാകയില്ല; എന്റെ മകനും ആകയില്ല; യഹോവയത്രേ നിങ്ങളുടെ രാജാവ് എന്നു പറഞ്ഞു. 24പിന്നെ ഗിദെയോൻ അവരോട്: ഞാൻ നിങ്ങളോട് ഒന്ന് അപേക്ഷിക്കുന്നു; നിങ്ങൾ ഓരോരുത്തൻ കൊള്ളയിൽ കിട്ടിയ കടുക്കൻ എനിക്കു തരേണം എന്നു പറഞ്ഞു. അവർ യിശ്മായേല്യർ ആയിരുന്നതുകൊണ്ട് അവർക്ക് പൊൻകടുക്കൻ ഉണ്ടായിരുന്നു. 25ഞങ്ങൾ സന്തോഷത്തോടെ തരാം എന്ന് അവർ പറഞ്ഞു, ഒരു വസ്ത്രം വിരിച്ച് ഓരോരുത്തനു കൊള്ളയിൽ കിട്ടിയ കടുക്കൻ അതിൽ ഇട്ടു. 26അവൻ ചോദിച്ചു വാങ്ങിയ പൊൻകടുക്കന്റെ തൂക്കം ആയിരത്തെഴുനൂറു ശേക്കെൽ ആയിരുന്നു; ഇതല്ലാതെ ചന്ദ്രക്കലകളും കുണ്ഡലങ്ങളും മിദ്യാന്യരാജാക്കന്മാർ ധരിച്ചിരുന്ന രക്താംബരങ്ങളും അവരുടെ ഒട്ടകങ്ങളുടെ കഴുത്തിലെ മാലകളും ഉണ്ടായിരുന്നു. 27ഗിദെയോൻ അതുകൊണ്ട് ഒരു ഏഫോദ് ഉണ്ടാക്കി തന്റെ പട്ടണമായ ഒഫ്രയിൽ പ്രതിഷ്ഠിച്ചു; യിസ്രായേലെല്ലാം അവിടേക്കു പരസംഗമായി അതിന്റെ അടുക്കൽ ചെന്നു; അതു ഗിദെയോനും അവന്റെ കുടുംബത്തിനും ഒരു കെണിയായിത്തീർന്നു. 28എന്നാൽ മിദ്യാൻ തല പൊക്കാതവണ്ണം യിസ്രായേൽമക്കൾക്കു കീഴടങ്ങിപ്പോയി. ഗിദെയോന്റെ കാലത്തു ദേശത്തിന് നാല്പതു സംവത്സരം സ്വസ്ഥതയുണ്ടായി.
29യോവാശിന്റെ മകനായ യെരുബ്ബാൽ തന്റെ വീട്ടിൽ ചെന്നു സുഖമായി പാർത്തു. 30ഗിദെയോന് വളരെ ഭാര്യമാരുണ്ടായിരുന്നതുകൊണ്ട് സ്വന്തമക്കളായിട്ടു തന്നെ എഴുപതു പുത്രന്മാർ ഉണ്ടായിരുന്നു. 31ശെഖേമിലുള്ള അവന്റെ വെപ്പാട്ടിയും അവന് ഒരു മകനെ പ്രസവിച്ചു. അവന് അബീമേലെക് എന്ന് അവൻ പേരിട്ടു. 32യോവാശിന്റെ മകനായ ഗിദെയോൻ നല്ല വാർധക്യത്തിൽ മരിച്ചു; അവനെ അബീയേസ്രിയർക്കുള്ള ഒഫ്രയിൽ അവന്റെ അപ്പനായ യോവാശിന്റെ കല്ലറയിൽ അടക്കം ചെയ്തു. 33ഗിദെയോൻ മരിച്ചശേഷം യിസ്രായേൽമക്കൾ വീണ്ടും പരസംഗമായി ബാൽവിഗ്രഹങ്ങളുടെ അടുക്കൽ ചെന്ന് ബാൽബെരീത്തിനെ തങ്ങൾക്കു ദേവനായി പ്രതിഷ്ഠിച്ചു. 34യിസ്രായേൽമക്കൾ ചുറ്റുമുള്ള സകല ശത്രുക്കളുടെയും കൈയിൽനിന്നു തങ്ങളെ രക്ഷിച്ച തങ്ങളുടെ ദൈവമായ യഹോവയെ ഓർത്തില്ല. 35ഗിദെയോൻ എന്ന യെരുബ്ബാൽ യിസ്രായേലിനു ചെയ്ത എല്ലാ നന്മയ്ക്കും തക്കവണ്ണം അവന്റെ കുടുംബത്തോടു ദയ ചെയ്തതുമില്ല.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Video for ന്യായാധിപന്മാർ 8