യെശയ്യാവ് 53
53
1ഞങ്ങൾ കേൾപ്പിച്ചത് ആർ വിശ്വസിച്ചിരിക്കുന്നു? യഹോവയുടെ ഭുജം ആർക്കു വെളിപ്പെട്ടിരിക്കുന്നു? 2അവൻ ഇളയ തൈപോലെയും വരണ്ട നിലത്തുനിന്നു വേർ മുളയ്ക്കുന്നതുപോലെയും അവന്റെ മുമ്പാകെ വളരും; അവനു രൂപഗുണം ഇല്ല, കോമളത്വം ഇല്ല; കണ്ടാൽ ആഗ്രഹിക്കത്തക്ക സൗന്ദര്യവും ഇല്ല. 3അവൻ മനുഷ്യരാൽ നിന്ദിക്കപ്പെട്ടും, ത്യജിക്കപ്പെട്ടും വ്യസനപാത്രമായും രോഗം ശീലിച്ചവനായും ഇരുന്നു; അവനെ കാണുന്നവർ മുഖം മറച്ചുകളയത്തക്കവണ്ണം അവൻ നിന്ദിതനായിരുന്നു; നാം അവനെ ആദരിച്ചതുമില്ല. 4സാക്ഷാൽ നമ്മുടെ രോഗങ്ങളെ അവൻ വഹിച്ചു; നമ്മുടെ വേദനകളെ അവൻ ചുമന്നു; നാമോ, ദൈവം അവനെ ശിക്ഷിച്ചും അടിച്ചും ദണ്ഡിപ്പിച്ചുമിരിക്കുന്നു എന്നു വിചാരിച്ചു. 5എന്നാൽ അവൻ നമ്മുടെ അതിക്രമങ്ങൾ നിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങൾ നിമിത്തം തകർന്നും ഇരിക്കുന്നു; നമ്മുടെ സമാധാനത്തിനായുള്ള ശിക്ഷ അവന്റെമേൽ ആയി അവന്റെ അടിപ്പിണരുകളാൽ നമുക്കു സൗഖ്യം വന്നുമിരിക്കുന്നു. 6നാം എല്ലാവരും ആടുകളെപ്പോലെ തെറ്റിപ്പോയിരുന്നു; നാം ഓരോരുത്തനും താന്താന്റെ വഴിക്കു തിരിഞ്ഞിരുന്നു; എന്നാൽ യഹോവ നമ്മുടെ എല്ലാവരുടെയും അകൃത്യം അവന്റെമേൽ ചുമത്തി. 7തന്നെത്താൻ താഴ്ത്തി വായ് തുറക്കാതെയിരുന്നിട്ടും അവൻ പീഡിപ്പിക്കപ്പെട്ടു; കൊല്ലുവാൻ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുമ്പാകെ മിണ്ടാതെയിരിക്കുന്ന ആടിനെപ്പോലെയും അവൻ വായ് തുറക്കാതിരുന്നു. 8അവൻ പീഡനത്താലും ശിക്ഷാവിധിയാലും എടുക്കപ്പെട്ടു; ജീവനുള്ളവരുടെ ദേശത്തുനിന്ന് അവൻ ഛേദിക്കപ്പെട്ടു എന്നും എന്റെ ജനത്തിന്റെ അതിക്രമം നിമിത്തം അവനു ദണ്ഡനം വന്നു എന്നും അവന്റെ തലമുറയിൽ ആർ വിചാരിച്ചു? 9അവൻ സാഹസം ഒന്നും ചെയ്യാതെയും അവന്റെ വായിൽ വഞ്ചന ഒന്നും ഇല്ലാതെയും ഇരുന്നിട്ടും അവർ അവനു ദുഷ്ടന്മാരോടുകൂടെ ശവക്കുഴി കൊടുത്തു; അവന്റെ മരണത്തിൽ അവൻ സമ്പന്നന്മാരോടുകൂടെ ആയിരുന്നു. 10എന്നാൽ അവനെ തകർത്തുകളവാൻ യഹോവയ്ക്ക് ഇഷ്ടം തോന്നി; അവൻ അവനു കഷ്ടം വരുത്തി; അവന്റെ പ്രാണൻ ഒരു അകൃത്യയാഗമായി തീർന്നിട്ട് അവൻ സന്തതിയെ കാണുകയും ദീർഘായുസ്സു പ്രാപിക്കയും യഹോവയുടെ ഇഷ്ടം അവന്റെ കൈയാൽ സാധിക്കയും ചെയ്യും. 11അവൻ തന്റെ പ്രയത്നഫലം കണ്ടു തൃപ്തനാകും; നീതിമാനായ എന്റെ ദാസൻ തന്റെ പരിജ്ഞാനംകൊണ്ടു പലരെയും നീതീകരിക്കും; അവരുടെ അകൃത്യങ്ങളെ അവൻ വഹിക്കും. 12അതുകൊണ്ടു ഞാൻ അവനു മഹാന്മാരോടുകൂടെ ഓഹരി കൊടുക്കും; ബലവാന്മാരോടുകൂടെ അവൻ കൊള്ള പങ്കിടും; അവൻ തന്റെ പ്രാണനെ മരണത്തിന് ഒഴുക്കിക്കളകയും അനേകരുടെ പാപം വഹിച്ചും അതിക്രമക്കാർക്കുവേണ്ടി ഇടനിന്നുംകൊണ്ട് അതിക്രമക്കാരോടുകൂടെ എണ്ണപ്പെടുകയും ചെയ്കയാൽ തന്നെ.
Currently Selected:
യെശയ്യാവ് 53: MALOVBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.