യെശയ്യാവ് 40
40
1എന്റെ ജനത്തെ ആശ്വസിപ്പിപ്പിൻ, ആശ്വസിപ്പിപ്പിൻ എന്നു നിങ്ങളുടെ ദൈവം അരുളിച്ചെയ്യുന്നു. 2യെരൂശലേമിനോട് ആദരവോടെ സംസാരിച്ചു; അവളുടെ യുദ്ധസേവ കഴിഞ്ഞും അവളുടെ അകൃത്യം മോചിക്കപ്പെട്ടും അവൾ തന്റെ സകല പാപങ്ങൾക്കും പകരം യഹോവയുടെ കൈയിൽനിന്ന് ഇരട്ടിയായി പ്രാപിച്ചുമിരിക്കുന്നു എന്ന് അവളോടു വിളിച്ചുപറവിൻ. 3കേട്ടോ ഒരുത്തൻ വിളിച്ചുപറയുന്നത്: മരുഭൂമിയിൽ യഹോവയ്ക്കു വഴി ഒരുക്കുവിൻ; നിർജനപ്രദേശത്തു നമ്മുടെ ദൈവത്തിന് ഒരു പെരുവഴി നിരപ്പാക്കുവിൻ. 4എല്ലാ താഴ്വരയും നികന്നും എല്ലാ മലയും കുന്നും താണും വരേണം; വളഞ്ഞതു ചൊവ്വായും ദുർഘടങ്ങൾ സമമായും തീരേണം. 5യഹോവയുടെ മഹത്ത്വം വെളിപ്പെടും, സകല ജഡവും ഒരുപോലെ അതിനെ കാണും; യഹോവയുടെ വായല്ലോ അരുളിച്ചെയ്തിരിക്കുന്നത്. 6കേട്ടോ, വിളിച്ചുപറക എന്ന് ഒരുത്തൻ പറയുന്നു; എന്തു വിളിച്ചുപറയേണ്ടൂ എന്നു ഞാൻ ചോദിച്ചു; സകല ജഡവും പുല്ലുപോലെയും അതിന്റെ ഭംഗിയെല്ലാം വയലിലെ പൂ പോലെയും ആകുന്നു. 7യഹോവയുടെ ശ്വാസം അതിന്മേൽ ഊതുകയാൽ പുല്ലുണങ്ങുന്നു. പൂ വാടുന്നു; അതേ ജനം പുല്ലു തന്നെ. 8പുല്ലുണങ്ങുന്നു, പൂ വാടുന്നു; നമ്മുടെ ദൈവത്തിന്റെ വചനമോ എന്നേക്കും നിലനില്ക്കും. 9സുവാർത്താദൂതിയായ സീയോനേ, നീ ഉയർന്ന പർവതത്തിലേക്കു കയറിച്ചെല്ലുക; സുവാർത്താദൂതിയായ യെരൂശലേമേ, നിന്റെ ശബ്ദം ശക്തിയോടെ ഉയർത്തുക; ഭയപ്പെടാതെ ഉയർത്തുക; യെഹൂദാ നഗരങ്ങളോട്: ഇതാ, നിങ്ങളുടെ ദൈവം എന്നു പറക. 10ഇതാ, യഹോവയായ കർത്താവു ബലശാലിയായി വരുന്നു; അവന്റെ ഭുജം അവനുവേണ്ടി ഭരണം ചെയ്യുന്നു; ഇതാ, കൂലി അവന്റെ പക്കലും പ്രതിഫലം അവന്റെ കൈയിലും ഉണ്ട്. 11ഒരു ഇടയനെപ്പോലെ അവൻ തന്റെ ആട്ടിൻകൂട്ടത്തെ മേയിക്കയും കുഞ്ഞാടുകളെ ഭുജത്തിൽ എടുത്തു മാർവിടത്തിൽ ചേർത്തു വഹിക്കയും തള്ളകളെ പതുക്കെ നടത്തുകയും ചെയ്യും.
12തന്റെ ഉള്ളംകൈകൊണ്ടു വെള്ളം അളക്കുകയും ചാണുകൊണ്ട് ആകാശത്തിന്റെ പരിമാണമെടുക്കയും ഭൂമിയുടെ പൊടി നാഴിയിൽ കൊള്ളിക്കയും പർവതങ്ങൾ വെള്ളിക്കോൽകൊണ്ടും കുന്നുകൾ തുലാസിലും തൂക്കുകയും ചെയ്തവൻ ആർ? 13യഹോവയുടെ മനസ്സ് ആരാഞ്ഞറികയോ അവനു മന്ത്രിയായി അവനെ ഗ്രഹിപ്പിക്കയോ ചെയ്തവനാർ? 14അവനെ ഉപദേശിച്ചു ന്യായത്തിന്റെ പാതയെ പഠിപ്പിക്കയും അവനെ പരിജ്ഞാനം പഠിപ്പിച്ചു വിവേകത്തിന്റെ മാർഗം കാണിക്കയും ചെയ്തുകൊടുക്കേണ്ടതിന് അവൻ ആരോടാകുന്നു ആലോചന കഴിച്ചത്? 15ഇതാ ജാതികൾ തുലാക്കൊട്ടയിലെ ഒരു തുള്ളിപോലെയും, തുലാസിലെ ഒരു പൊടിപോലെയും അവനു തോന്നുന്നു; ഇതാ, അവൻ ദ്വീപുകളെ ഒരു മണൽത്തരിയെപ്പോലെ എടുത്തു പൊക്കുന്നു. 16ലെബാനോൻ വിറകിനു പോരാ; അതിലെ മൃഗങ്ങൾ ഹോമയാഗത്തിനു മതിയാകുന്നില്ല. 17സകല ജാതികളും അവന് ഏതുമില്ലാത്തതുപോലെ ഇരിക്കുന്നു; അവനു വെറുമയും ശൂന്യവുമായി തോന്നുന്നു. 18ആകയാൽ നിങ്ങൾ ദൈവത്തെ ആരോട് ഉപമിക്കും? ഏതു പ്രതിമയെ നിങ്ങൾ അവനോടു സദൃശമാക്കും? മൂശാരി വിഗ്രഹം വാർക്കുന്നു; 19തട്ടാൻ പൊന്നുകൊണ്ടു പൊതികയും അതിനു വെള്ളിച്ചങ്ങല തീർക്കുകയും ചെയ്യുന്നു. 20ഇങ്ങനെയുള്ള പ്രതിഷ്ഠയ്ക്കു വകയില്ലാത്തവൻ ദ്രവിച്ചുപോകാത്ത ഒരു മരക്കണ്ടം തിരഞ്ഞെടുക്കയും ഇളകാത്ത വിഗ്രഹം കൊത്തിയുണ്ടാക്കി നിർത്തുവാൻ ഒരു ശില്പിയെ അന്വേഷിക്കയും ചെയ്യുന്നു. 21നിങ്ങൾക്ക് അറിഞ്ഞുകൂടയോ? നിങ്ങൾ കേട്ടിട്ടില്ലയോ? ആദിമുതൽ നിങ്ങളോട് അറിയിച്ചിട്ടില്ലയോ? ഭൂമിയുടെ അടിസ്ഥാനങ്ങളാൽ നിങ്ങൾ ഗ്രഹിച്ചിട്ടില്ലയോ? 22അവൻ ഭൂമണ്ഡലത്തിന്മീതെ അധിവസിക്കുന്നു; അതിലെ നിവാസികൾ വെട്ടുക്കിളികളെപ്പോലെ ഇരിക്കുന്നു; അവൻ ആകാശത്തെ ഒരു തിരശ്ശീലപോലെ നിവിർക്കുകയും പാർപ്പാനുള്ള ഒരു കൂടാരത്തെപ്പോലെ വിരിക്കയും 23പ്രഭുക്കന്മാരെ ഇല്ലാതെയാക്കുകയും ഭൂമിയിലെ ന്യായാധിപന്മാരെ ശൂന്യമാക്കുകയും ചെയ്യുന്നു. 24അവരെ നട്ട ഉടനെ, അവരെ വിതച്ച ഉടനെ, അവർ നിലത്തു വേരൂന്നിത്തുടങ്ങിയ ഉടനെ, അവൻ അവരുടെമേൽ ഊതി അവർ വാടിപ്പോകയും ചുഴലിക്കാറ്റുകൊണ്ടു താളടിപോലെ പാറിപ്പോകയും ചെയ്യുന്നു. 25ആകയാൽ നിങ്ങൾ എന്നെ ആരോടു സദൃശമാക്കും? ഞാൻ ആരോടു തുല്യനാകും എന്നു പരിശുദ്ധനായവൻ അരുളിച്ചെയ്യുന്നു. 26നിങ്ങൾ കണ്ണ് മേലോട്ട് ഉയർത്തി നോക്കുവിൻ; ഇവയെ സൃഷ്ടിച്ചതാർ? അവൻ അവയുടെ സൈന്യത്തെ സംഖ്യാക്രമത്തിൽ പുറപ്പെടുവിക്കയും അവയെ എല്ലാം പേർ ചൊല്ലി വിളിക്കയും ചെയ്യുന്നു; അവന്റെ വീര്യമാഹാത്മ്യം നിമിത്തവും അവന്റെ ശക്തിയുടെ ആധിക്യംനിമിത്തവും അവയിൽ ഒന്നും കുറഞ്ഞുകാണുകയില്ല. 27എന്നാൽ എന്റെ വഴി യഹോവയ്ക്കു മറഞ്ഞിരിക്കുന്നു; എന്റെ ന്യായം എന്റെ ദൈവം കാണാതെ കടന്നുപോയിരിക്കുന്നു എന്ന്, യാക്കോബേ, നീ പറകയും യിസ്രായേലേ, നീ സംസാരിക്കയും ചെയ്യുന്നതെന്ത്? 28നിനക്കറിഞ്ഞുകൂടയോ? നീ കേട്ടിട്ടില്ലയോ? യഹോവ നിത്യദൈവം; ഭൂമിയുടെ അറുതികളെ സൃഷ്ടിച്ചവൻ തന്നെ; അവൻ ക്ഷീണിക്കുന്നില്ല, തളർന്നുപോകുന്നതുമില്ല; അവന്റെ ബുദ്ധി അപ്രമേയമത്രേ. 29അവൻ ക്ഷീണിച്ചിരിക്കുന്നവനു ശക്തി നല്കുന്നു; ബലമില്ലാത്തവനു ബലം വർധിപ്പിക്കുന്നു. 30ബാല്യക്കാർ ക്ഷീണിച്ചു തളർന്നുപോകും; യൗവനക്കാരും ഇടറിവീഴും. 31എങ്കിലും യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും; അവർ കഴുകന്മാരെപ്പോലെ ചിറക് അടിച്ചു കയറും; അവർ തളർന്നുപോകാതെ ഓടുകയും ക്ഷീണിച്ചുപോകാതെ നടക്കുകയും ചെയ്യും.
Currently Selected:
യെശയ്യാവ് 40: MALOVBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.