YouVersion Logo
Search Icon

യെശയ്യാവ് 36

36
1ഹിസ്കീയാരാജാവിന്റെ പതിന്നാലാം ആണ്ടിൽ, അശ്ശൂർരാജാവായ സൻഹേരീബ് യെഹൂദായിലെ ഉറപ്പുള്ള എല്ലാ പട്ടണങ്ങളുടെയും നേരേ പുറപ്പെട്ടുവന്ന് അവയെ പിടിച്ചു. 2അന്ന് അശ്ശൂർരാജാവ് രബ്-ശാക്കേയെ ലാഖീശിൽനിന്നു യെരൂശലേമിലേക്കു ഹിസ്കീയാരാജാവിന്റെ അടുക്കൽ ഒരു വലിയ സൈന്യത്തോടുകൂടെ അയച്ചു; അവൻ അലക്കുകാരന്റെ വയലിലെ പെരുവഴിക്കലുള്ള മേലത്തെ കളത്തിന്റെ കല്പാത്തിക്കരികെ നിന്നു. 3അപ്പോൾ ഹില്ക്കീയാവിന്റെ മകൻ എല്യാക്കീം എന്ന രാജധാനിവിചാരകനും രായസക്കാരൻ ശെബ്നയും ആസാഫിന്റെ മകൻ യോവാഹ് എന്ന മന്ത്രിയും അവന്റെ അടുക്കൽ പുറത്തു ചെന്നു. 4രബ്-ശാക്കേ അവരോടു പറഞ്ഞതെന്തെന്നാൽ: നിങ്ങൾ ഹിസ്കീയാവോടു പറയേണ്ടത്: അശ്ശൂർരാജാവായ മഹാരാജാവ് ഇപ്രകാരം കല്പിക്കുന്നു: നീ ആശ്രയിച്ചിരിക്കുന്ന ഈ ആശ്രയം എന്ത്? 5യുദ്ധത്തിനു വേണ്ടുന്ന ആലോചനയും ബലവും ഉണ്ട് എന്നുള്ള വെറും വാക്ക് അത്രേ എന്നു ഞാൻ പറയുന്നു; ആരെ ആശ്രയിച്ചിട്ടാകുന്നു നീ എന്നോടു മത്സരിച്ചിരിക്കുന്നത്? 6ചതഞ്ഞ ഓടക്കോലായ മിസ്രയീമിലല്ലോ നീ ആശ്രയിച്ചിരിക്കുന്നത്; അത് ഒരുത്തൻ ഊന്നിയാൽ, അവന്റെ ഉള്ളംകൈയിൽ തറച്ചുകൊള്ളും; മിസ്രയീംരാജാവായ ഫറവോൻ തന്നിൽ ആശ്രയിക്കുന്ന ഏവർക്കും അങ്ങനെ തന്നെയാകുന്നു. 7അല്ല നീ എന്നോട്: ഞങ്ങളുടെ ദൈവമായ യഹോവയിൽ ഞങ്ങൾ ആശ്രയിക്കുന്നു എന്നു പറയുന്നുവെങ്കിൽ അവന്റെ പൂജാഗിരികളും യാഗപീഠങ്ങളും ഹിസ്കീയാവ് നീക്കിക്കളഞ്ഞിട്ടല്ലോ യെഹൂദായോടും യെരൂശലേമ്യരോടും: നിങ്ങൾ ഈ യാഗപീഠത്തിന്റെ മുമ്പിൽ നമസ്കരിപ്പിൻ എന്നു കല്പിച്ചത്? 8ആകട്ടെ; എന്റെ യജമാനനായ അശ്ശൂർരാജാവുമായി വാതു കെട്ടുക: തക്ക കുതിരച്ചേവകരെ കയറ്റുവാൻ നിനക്കു കഴിയുമെങ്കിൽ ഞാൻ രണ്ടായിരം കുതിരയെ നിനക്കു തരാം. 9നീ പിന്നെ എങ്ങനെ എന്റെ യജമാനന്റെ എളിയ ദാസന്മാരിൽ ഒരു പടനായകനെയെങ്കിലും മടക്കും? രഥങ്ങൾക്കായിട്ടും കുതിരച്ചേവകർക്കായിട്ടും നീ മിസ്രയീമിൽ ആശ്രയിക്കുന്നുവല്ലോ. 10ഞാൻ ഇപ്പോൾ ഈ ദേശം നശിപ്പിപ്പാൻ യഹോവയെ കൂടാതെയോ അതിന്റെ നേരേ പുറപ്പെട്ടുവന്നിരിക്കുന്നത്? യഹോവ എന്നോട്: ഈ ദേശത്തിന്റെ നേരേ പുറപ്പെട്ടുചെന്ന് അതിനെ നശിപ്പിക്ക എന്നു കല്പിച്ചിരിക്കുന്നു. 11അപ്പോൾ എല്യാക്കീമും ശെബ്നയും യോവാഹും രബ്-ശാക്കേയോട്: അടിയങ്ങളോട് അരാംഭാഷയിൽ സംസാരിക്കേണമേ; അതു ഞങ്ങൾക്ക് അറിയാം; മതിലിന്മേലുള്ള ജനം കേൾക്കേ ഞങ്ങളോടു യെഹൂദാഭാഷയിൽ സംസാരിക്കരുതേ എന്നു പറഞ്ഞു. 12അതിനു രബ്-ശാക്കേ: നിന്റെ യജമാനനോടും നിന്നോടും ഈ വാക്ക് പറവാനോ എന്റെ യജമാനൻ എന്നെ അയച്ചിരിക്കുന്നത്? നിങ്ങളോടുകൂടി സ്വന്തമലം തിന്നുകയും സ്വന്തമൂത്രം കുടിക്കയും ചെയ്‍വാൻ മതിലിന്മേൽ ഇരിക്കുന്ന പുരുഷന്മാരുടെ അടുക്കൽ അല്ലയോ എന്നു പറഞ്ഞു. 13അങ്ങനെ രബ്-ശാക്കേ നിന്നുകൊണ്ടു യെഹൂദാഭാഷയിൽ ഉറക്കെ വിളിച്ചുപറഞ്ഞതെന്തെന്നാൽ: മഹാരാജാവായ അശ്ശൂർരാജാവിന്റെ വാക്ക് കേൾപ്പിൻ. 14രാജാവ് ഇപ്രകാരം കല്പിക്കുന്നു: ഹിസ്കീയാവ് നിങ്ങളെ ചതിക്കരുത്; അവനു നിങ്ങളെ വിടുവിപ്പാൻ കഴികയില്ല. 15യഹോവ നമ്മെ നിശ്ചയമായി വിടുവിക്കും; ഈ നഗരം അശ്ശൂർരാജാവിന്റെ കൈയിൽ ഏല്പിക്കയില്ല എന്നു പറഞ്ഞു ഹിസ്കീയാവ് നിങ്ങളെ യഹോവയിൽ ആശ്രയിക്കുമാറാക്കുകയും അരുത്. 16ഹിസ്കീയാവിനു നിങ്ങൾ ചെവികൊടുക്കരുത്; അശ്ശൂർരാജാവ് ഇപ്രകാരം കല്പിക്കുന്നു: നിങ്ങൾ എന്നോടു സന്ധിചെയ്ത് എന്റെ അടുക്കൽ പുറത്തുവരുവിൻ; നിങ്ങൾ ഓരോരുത്തൻ താന്താന്റെ മുന്തിരിവള്ളിയുടെയും അത്തിവൃക്ഷത്തിന്റെയും ഫലം തിന്നുകയും താന്താന്റെ കിണറ്റിലെ വെള്ളം കുടിക്കയും ചെയ്തുകൊൾവിൻ. 17പിന്നെ ഞാൻ വന്നു, നിങ്ങളുടെ ദേശത്തിനു തുല്യമായി ധാന്യവും വീഞ്ഞും അപ്പവും മുന്തിരിത്തോട്ടങ്ങളും ഉള്ള ഒരു ദേശത്തേക്കു നിങ്ങളെ കൂട്ടിക്കൊണ്ടുപോകും. 18യഹോവ നമ്മെ വിടുവിക്കുമെന്നു പറഞ്ഞു ഹിസ്കീയാവ് നിങ്ങളെ ചതിക്കരുത്; ജാതികളുടെ ദേവന്മാരിൽ ആരെങ്കിലും തന്റെ ദേശത്തെ അശ്ശൂർരാജാവിന്റെ കൈയിൽനിന്നു വിടുവിച്ചിട്ടുണ്ടോ? 19ഹമാത്തിലെയും അർപ്പാദിലെയും ദേവന്മാർ എവിടെ? സെഫർവ്വയീമിലെ ദേവന്മാരും എവിടെ? അവർ ശമര്യയെ എന്റെ കൈയിൽനിന്നു വിടുവിച്ചിട്ടുണ്ടോ? 20യഹോവ യെരൂശലേമിനെ എന്റെ കൈയിൽനിന്നു വിടുവിപ്പാൻ ആ ദേശങ്ങളിലെ സകല ദേവന്മാരിലും വച്ച് ഒരുത്തൻ തന്റെ ദേശത്തെ എന്റെ കൈയിൽനിന്നു വിടുവിച്ചുവോ? 21എന്നാൽ ജനം മിണ്ടാതിരുന്ന് അവനോട് ഒന്നും ഉത്തരം പറഞ്ഞില്ല; അവനോട് ഉത്തരം പറയരുതെന്നു രാജകല്പന ഉണ്ടായിരുന്നു. 22ഹില്ക്കീയാവിന്റെ മകൻ എല്യാക്കീം എന്ന രാജധാനിവിചാരകനും രായസക്കാരൻ ശെബ്നയും ആസാഫിന്റെ മകൻ യോവാഹ് എന്ന മന്ത്രിയും വസ്ത്രം കീറി ഹിസ്കീയാവിന്റെ അടുക്കൽ വന്നു രബ്-ശാക്കേയുടെ വാക്ക് അവനോട് അറിയിച്ചു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Videos for യെശയ്യാവ് 36