യെശയ്യാവ് 29
29
1അയ്യോ, അരീയേലേ, അരീയേലേ! ദാവീദ് പാളയമിറങ്ങിയിരുന്ന നഗരമേ! ആണ്ടോട് ആണ്ടു കൂട്ടുവിൻ; ഉത്സവങ്ങൾ മുറയ്ക്കു വന്നുകൊണ്ടിരിക്കട്ടെ. 2എന്നാൽ ഞാൻ അരീയേലിനെ ഞെരുക്കും; ദുഃഖവും വിലാപവും ഉണ്ടാകും; അത് എനിക്ക് അരീയേലായി തന്നെ ഇരിക്കും. 3ഞാൻ നിനക്കു വിരോധമായി ചുറ്റും പാളയമിറങ്ങി വാടകോരി നിന്നെ നിരോധിക്കയും നിന്റെ നേരേ കൊത്തളം ഉണ്ടാക്കുകയും ചെയ്യും. 4അപ്പോൾ നീ താണു, നിലത്തുനിന്നു സംസാരിക്കും; നിന്റെ വാക്ക് പൊടിയിൽനിന്നു പതുക്കെ വരും; വെളിച്ചപ്പാടിൻറേതുപോലെ നിന്റെ ഒച്ചനിലത്തുനിന്നു വരും; നിന്റെ വാക്ക് പൊടിയിൽനിന്നു ചിലയ്ക്കും. 5നിന്റെ ശത്രുക്കളുടെ സംഘം നേരിയ പൊടിപോലെയും നിഷ്കണ്ടകന്മാരുടെ കൂട്ടം, പാറിപ്പോകുന്ന പതിർപോലെയും ഇരിക്കും; അത് ഒരു ക്ഷണമാത്രകൊണ്ടു പെട്ടെന്നു സംഭവിക്കും. 6ഇടിമുഴക്കത്തോടും ഭൂകമ്പത്തോടും മഹാനാദത്തോടുംകൂടെ ചുഴലിക്കാറ്റും കൊടുങ്കാറ്റും ദഹിപ്പിക്കുന്ന അഗ്നിജ്വാലയുമായി അതു സൈന്യങ്ങളുടെ യഹോവയാൽ സന്ദർശിക്കപ്പെടും. 7അരീയേലിന്റെ നേരേ യുദ്ധം ചെയ്യുന്ന സകല ജാതികളുടെയും കൂട്ടം അതിനും അതിന്റെ കോട്ടയ്ക്കും നേരേ യുദ്ധംചെയ്ത് അതിനെ വിഷമിപ്പിക്കുന്ന ഏവരും തന്നെ, ഒരു സ്വപ്നംപോലെ, ഒരു രാത്രി ദർശനംപോലെ ആകും. 8വിശന്നിരിക്കുന്നവൻ താൻ ഭക്ഷിക്കുന്നു എന്നു സ്വപ്നം കണ്ടിട്ട് ഉണരുമ്പോൾ വിശന്നിരിക്കുന്നതു പോലെയും ദാഹിച്ചിരിക്കുന്നവൻ താൻ പാനംചെയ്യുന്നു എന്നു സ്വപ്നം കണ്ടിട്ട് ഉണരുമ്പോൾ ക്ഷീണിച്ചും ദാഹിച്ചും ഇരിക്കുന്നതുപോലെയും സീയോൻപർവതത്തോടു യുദ്ധം ചെയ്യുന്ന സകല ജാതികളുടെയും കൂട്ടം ഇരിക്കും. 9വിസ്മയിച്ചു സ്തംഭിച്ചുപോകുവിൻ; അന്ധതപിടിച്ചു കുരുടരായിത്തീരുവിൻ; അവർ മത്തരായിരിക്കുന്നു; വീഞ്ഞു കൊണ്ടല്ലതാനും; അവർ ചാഞ്ചാടി നടക്കുന്നു; മദ്യപാനം കൊണ്ടല്ലതാനും. 10യഹോവ ഗാഢനിദ്ര നിങ്ങളുടെമേൽ പകർന്നു നിങ്ങളുടെ കണ്ണുകളെ അടച്ചിരിക്കുന്നു; അവൻ പ്രവാചകന്മാർക്കും നിങ്ങളുടെ ദർശകന്മാരായ തലവന്മാർക്കും മൂടുപടം ഇട്ടിരിക്കുന്നു. 11അങ്ങനെ നിങ്ങൾക്കു സകല ദർശനവും മുദ്രയിട്ടിരിക്കുന്ന ഒരു പുസ്തകത്തിലെ വചനങ്ങൾപോലെ ആയിത്തീർന്നിരിക്കുന്നു; അതിനെ അക്ഷരവിദ്യയുള്ള ഒരുത്തന്റെ കൈയിൽ കൊടുത്ത്: ഇതൊന്നു വായിക്കേണം എന്നു പറഞ്ഞാൽ അവൻ: എനിക്കു വയ്യാ; അതിനു മുദ്രയിട്ടിരിക്കുന്നുവല്ലോ എന്നു പറയും. 12അല്ല, ആ പുസ്തകം അക്ഷരവിദ്യയില്ലാത്തവന്റെ കൈയിൽ കൊടുത്ത്: ഇതൊന്നു വായിക്കേണം എന്നു പറഞ്ഞാൽ അവൻ: എനിക്ക് അക്ഷരവിദ്യയില്ല എന്നു പറയും. 13ഈ ജനം അടുത്തുവന്നു വായ്കൊണ്ടും അധരംകൊണ്ടും എന്നെ ബഹുമാനിക്കുന്നു; എങ്കിലും തങ്ങളുടെ ഹൃദയത്തെ അവർ എങ്കൽനിന്നു ദൂരത്ത് അകറ്റിവച്ചിരിക്കുന്നു; എന്നോടുള്ള അവരുടെ ഭക്തി, മനഃപാഠമാക്കിയ മാനുഷകല്പനയത്രേ. 14ഇതു കാരണത്താൽ ഞാൻ ഈ ജനത്തിന്റെ ഇടയിൽ ഇനിയും ഒരു അദ്ഭുതപ്രവൃത്തി, അദ്ഭുതവും ആശ്ചര്യവും ആയൊരു പ്രവൃത്തി തന്നെ, ചെയ്യും; അവരുടെ ജ്ഞാനികളുടെ ജ്ഞാനം നശിക്കും; അവരുടെ ബുദ്ധിമാന്മാരുടെ ബുദ്ധിയും മറഞ്ഞുപോകും എന്നു കർത്താവ് അരുളിച്ചെയ്തു. 15തങ്ങളുടെ ആലോചനയെ യഹോവയ്ക്ക് അഗാധമായി മറച്ചുവയ്ക്കുവാൻ നോക്കുകയും തങ്ങളുടെ പ്രവൃത്തികളെ അന്ധകാരത്തിൽ ചെയ്കയും: ഞങ്ങളെ ആർ കാണുന്നു? ഞങ്ങളെ ആർ അറിയുന്നു എന്നു പറകയും ചെയ്യുന്നവർക്ക് അയ്യോ കഷ്ടം! 16അയ്യോ, ഇതെന്തൊരു മറിവ്! കുശവനും കളിമണ്ണും ഒരുപോലെ എന്നു വിചാരിക്കാമോ? ഉണ്ടായത് ഉണ്ടാക്കിയവനെക്കുറിച്ച്: അവൻ എന്നെ ഉണ്ടാക്കിയിട്ടില്ല എന്നും, ഉരുവായത് ഉരുവാക്കിയവനെക്കുറിച്ച്: അവനു ബുദ്ധിയില്ല എന്നും പറയുമോ? 17ഇനി അല്പകാലംകൊണ്ടു ലെബാനോൻ ഒരു ഉദ്യാനമായിത്തീരുകയും ഉദ്യാനം വനമായി എണ്ണപ്പെടുകയും ചെയ്കയില്ലയോ? 18അന്നാളിൽ ചെകിടന്മാർ പുസ്തകത്തിലെ വചനങ്ങളെ കേൾക്കുകയും കുരുടന്മാരുടെ കണ്ണുകൾ ഇരുളും അന്ധകാരവും നീങ്ങി കാണുകയും 19സൗമ്യതയുള്ളവർക്കു യഹോവയിൽ സന്തോഷം വർധിക്കയും മനുഷ്യരിൽ സാധുക്കളായവർ യിസ്രായേലിന്റെ പരിശുദ്ധനിൽ ആനന്ദിക്കയും ചെയ്യും. 20നിഷ്കണ്ടകൻ നാസ്തിയായും പരിഹാസി ഇല്ലാതെയായും ഇരിക്കുന്നുവല്ലോ. 21മനുഷ്യരെ വ്യവഹാരത്തിൽ കുറ്റക്കാരാക്കുകയും പട്ടണവാതിൽക്കൽ ന്യായം വിസ്തരിക്കുന്നവനു കെണി വയ്ക്കയും നീതിമാനെ നിസ്സാരകാര്യം കൊണ്ടു ബഹിഷ്കരിക്കയും ചെയ്യുന്നവരായി നീതികേടിനു ജാഗ്രതയുള്ള ഏവരും ഛേദിക്കപ്പെട്ടുമിരിക്കുന്നു. 22ആകയാൽ അബ്രാഹാമിനെ വീണ്ടെടുത്ത യഹോവ യാക്കോബ്ഗൃഹത്തെക്കുറിച്ച് ഇപ്രകാരം അരുളിച്ചെയ്യുന്നു: യാക്കോബ് ഇനി ലജ്ജിച്ചുപോകയില്ല; അവന്റെ മുഖം ഇനി വിളറിപ്പോകയുമില്ല. 23എന്നാൽ അവൻ, അവന്റെ മക്കൾ തന്നെ, തങ്ങളുടെ മധ്യേ എന്റെ കൈകളുടെ പ്രവൃത്തി കാണുമ്പോൾ അവർ എന്റെ നാമത്തെ വിശുദ്ധീകരിക്കും; അതേ അവർ യാക്കോബിന്റെ പരിശുദ്ധനെ വിശുദ്ധീകരിക്കയും യിസ്രായേലിന്റെ ദൈവത്തെ ഭയപ്പെടുകയും ചെയ്യും. 24മനോവിഭ്രമമുള്ളവർ ജ്ഞാനം ഗ്രഹിക്കയും പിറുപിറുക്കുന്നവർ ഉപദേശം പഠിക്കയും ചെയ്യും.
Currently Selected:
യെശയ്യാവ് 29: MALOVBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.