YouVersion Logo
Search Icon

യെശയ്യാവ് 21

21
1സമുദ്രതീരത്തെ മരുഭൂമിയെക്കുറിച്ചുള്ള പ്രവാചകം: തെക്കു ചുഴലിക്കാറ്റ് അടിക്കുന്നതുപോലെ, അതു മരുഭൂമിയിൽനിന്നു ഭയങ്കരദേശത്തുനിന്നു തന്നെ, വരുന്നു! 2കഠിനമായൊരു ദർശനം എനിക്കു വെളിപ്പെട്ടിരിക്കുന്നു; ദ്രോഹി ദ്രോഹം ചെയ്യുന്നു; കവർച്ചക്കാരൻ കവർച്ച ചെയ്യുന്നു. ഏലാമേ, കയറിച്ചെല്ലുക; മേദ്യയേ, നിരോധിച്ചുകൊൾക; അതിന്റെ ഞരക്കമൊക്കെയും ഞാൻ നിർത്തിക്കളയും. 3അതുകൊണ്ട് എന്റെ അരയിൽ വേദന നിറഞ്ഞിരിക്കുന്നു; നോവു കിട്ടിയ സ്ത്രീയുടെ നോവുപോലെയുള്ള വേദന എന്നെ പിടിച്ചിരിക്കുന്നു; എനിക്കു ചെവി കേട്ടു കൂടാതവണ്ണം ഞാൻ അതിവേദനപ്പെട്ടിരിക്കുന്നു; കണ്ണു കാണാതവണ്ണം ഞാൻ പരിഭ്രമിച്ചിരിക്കുന്നു. 4എന്റെ ഹൃദയം പതറുന്നു; ഭീതി എന്നെ ഭ്രമിപ്പിച്ചിരിക്കുന്നു; ഞാൻ കാംക്ഷിച്ച സന്ധ്യാസമയം അവൻ എനിക്കു വിറയലാക്കിത്തീർത്തു. 5മേശ ഒരുക്കുവിൻ; പരവതാനി വിരിപ്പിൻ; ഭക്ഷിച്ചു പാനം ചെയ്‍വിൻ; പ്രഭുക്കന്മാരേ, എഴുന്നേല്പിൻ; പരിചയ്ക്ക് എണ്ണ പൂശുവിൻ. 6കർത്താവ് എന്നോട്: നീ ചെന്ന് ഒരു കാവല്ക്കാരനെ നിർത്തിക്കൊൾക; അവൻ കാണുന്നത് അറിയിക്കട്ടെ. 7ഈരണ്ടീരണ്ടായി വരുന്ന കുതിരപ്പടയെയും കഴുതപ്പടയെയും ഒട്ടകപ്പടയെയും കാണുമ്പോൾ അവൻ ബഹുശ്രദ്ധയോടെ ശ്രദ്ധിക്കട്ടെ എന്നു കല്പിച്ചു. 8അവൻ ഒരു സിംഹംപോലെ അലറി: കർത്താവേ, ഞാൻ പകൽ ഇടവിടാതെ കാവൽ നില്ക്കുന്നു; രാത്രി മുഴുവനും ഞാൻ കാവൽ കാത്തുകൊണ്ടിരുന്നു. 9ഇതാ, ഒരു കൂട്ടം കുതിരച്ചേവകർ; ഈരണ്ടീരണ്ടായി കുതിരപ്പട വരുന്നു എന്നു പറഞ്ഞു. വീണു, ബാബേൽ വീണു! അതിലെ ദേവന്മാരുടെ വിഗ്രഹങ്ങളൊക്കെയും നിലത്തു വീണു തകർന്നു കിടക്കുന്നു എന്നും അവൻ പറഞ്ഞു. 10എന്റെ മെതിയേ, എന്റെ കളത്തിലെ ധാന്യമേ, യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്തു ഞാൻ കേട്ടിട്ടുള്ളതു നിങ്ങളോട് അറിയിച്ചിരിക്കുന്നു. 11ദൂമയെക്കുറിച്ചുള്ള പ്രവാചകം: കാവൽക്കാരാ, രാത്രി എന്തായി? കാവൽക്കാരാ, രാത്രി എന്തായി? എന്ന് ഒരുത്തൻ സേയീരിൽനിന്ന് എന്നോടു വിളിച്ചുചോദിക്കുന്നു. 12അതിനു കാവൽക്കാരൻ: പ്രഭാതവും രാത്രിയും വന്നിരിക്കുന്നു; നിങ്ങൾക്കു ചോദിക്കേണമെങ്കിൽ ചോദിച്ചുകൊൾവിൻ; പോയി വരുവിൻ എന്നു പറഞ്ഞു.
13അറബിദേശത്തെക്കുറിച്ചുള്ള പ്രവാചകം: ദേദാന്യരുടെ സാർഥഗണങ്ങളായുള്ളോരേ, നിങ്ങൾ അറബിയിലെ കാട്ടിൽ രാപാർപ്പിൻ. 14തേമാദേശനിവാസികളേ, നിങ്ങൾ ദാഹിച്ചിരിക്കുന്നവനു വെള്ളം കൊണ്ടുചെല്ലുവിൻ; ഓടിപ്പോകുന്നവരെ അപ്പവുമായി ചെന്ന് എതിരേല്പിൻ. 15അവർ വാളിനെ ഒഴിഞ്ഞ് ഓടിപ്പോകുന്നവരാകുന്നു; ഊരിയ വാളിനെയും കുലച്ച വില്ലിനെയും യുദ്ധത്തിന്റെ കൊടുമയെയും ഒഴിഞ്ഞ് ഓടുന്നവർ തന്നെ. 16കർത്താവ് ഇപ്രകാരം എന്നോട് അരുളിച്ചെയ്തു: കൂലിക്കാരന്റെ ആണ്ടുപോലെയുള്ള ഒരു ആണ്ടിനകം കേദാരിന്റെ മഹത്ത്വമൊക്കെയും ക്ഷയിച്ചുപോകും; 17കേദാര്യരിൽ വീരന്മാരായ വില്ലാളികളുടെ കൂട്ടത്തിൽ ശേഷിക്കുന്നവർ ചുരുക്കമായിരിക്കും; യിസ്രായേലിന്റെ ദൈവമായ യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നത്.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in