YouVersion Logo
Search Icon

യെശയ്യാവ് 19

19
1മിസ്രയീമിനെക്കുറിച്ചുള്ള പ്രവാചകം: യഹോവ വേഗതയുള്ളൊരു മേഘത്തെ വാഹനമാക്കി മിസ്രയീമിലേക്കു വരുന്നു; അപ്പോൾ മിസ്രയീമിലെ മിഥ്യാമൂർത്തികൾ അവന്റെ സന്നിധിയിങ്കൽ നടുങ്ങുകയും മിസ്രയീമിന്റെ ഹൃദയം അതിന്റെ ഉള്ളിൽ ഉരുകുകയും ചെയ്യും. 2ഞാൻ മിസ്രയീമ്യരെ മിസ്രയീമ്യരോടു കലഹിപ്പിക്കും; അവർ ഓരോരുത്തൻ താന്താന്റെ സഹോദരനോടും ഓരോരുത്തൻ താന്താന്റെ കൂട്ടുകാരനോടും പട്ടണം പട്ടണത്തോടും രാജ്യം രാജ്യത്തോടും യുദ്ധം ചെയ്യും. 3മിസ്രയീമിന്റെ ചൈതന്യം അതിന്റെ ഉള്ളിൽ ഒഴിഞ്ഞുപോകും; ഞാൻ അതിന്റെ ആലോചനയെ നശിപ്പിക്കും; അപ്പോൾ അവർ മിഥ്യാമൂർത്തികളോടും മന്ത്രവാദികളോടും വെളിച്ചപ്പാടന്മാരോടും ലക്ഷണം പറയുന്നവരോടും അരുളപ്പാടു ചോദിക്കും. 4ഞാൻ മിസ്രയീമ്യരെ ഒരു ക്രൂരയജമാനന്റെ കൈയിൽ ഏല്പിക്കും; ഉഗ്രനായ ഒരു രാജാവ് അവരെ ഭരിക്കും എന്നു സൈന്യങ്ങളുടെ യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു. 5സമുദ്രത്തിൽ വെള്ളം ഇല്ലാതെയാകും; നദി വറ്റി ഉണങ്ങിപ്പോകും. 6നദികൾക്കു നാറ്റം പിടിക്കും; മിസ്രയീമിലെ തോടുകൾ വറ്റി ഉണങ്ങും; ഞാങ്ങണയും വേഴവും വാടിപ്പോകും. 7നദിക്കരികെയും നദീതീരത്തും ഉള്ള പുല്പുറങ്ങളും നദീതീരത്തു വിതച്ചതൊക്കെയും ഉണങ്ങി പറന്ന് ഇല്ലാതെപോകും. 8മീൻപിടിക്കുന്നവർ വിലപിക്കും; നദിയിൽ ചൂണ്ടൽ ഇടുന്നവരൊക്കെയും ദുഃഖിക്കും; വെള്ളത്തിൽ വല വീശുന്നവർ വിഷാദിക്കും. 9ചീകി വെടിപ്പാക്കിയ ചണംകൊണ്ടു വേലചെയ്യുന്നവരും വെള്ളത്തുണി നെയ്യുന്നവരും ലജ്ജിച്ചുപോകും. 10രാജ്യത്തിന്റെ തൂണുകളായിരിക്കുന്നവർ തകർന്നുപോകും; കൂലിവേലക്കാർ മനോവ്യസനത്തോടെയിരിക്കും. 11സോവനിലെ പ്രഭുക്കന്മാർ കേവലം ഭോഷന്മാരത്രേ; ഫറവോന്റെ ജ്ഞാനമേറിയ മന്ത്രിമാരുടെ ആലോചന ഭോഷത്തമായിത്തീർന്നിരിക്കുന്നു; ഞാൻ ജ്ഞാനികളുടെ മകൻ, പുരാതനരാജാക്കന്മാരുടെ മകൻ എന്നിപ്രകാരം നിങ്ങൾ ഫറവോനോടു പറയുന്നത് എങ്ങനെ? 12നിന്റെ ജ്ഞാനികൾ എവിടെ? അവർ ഇപ്പോൾ നിനക്കു പറഞ്ഞുതരട്ടെ; സൈന്യങ്ങളുടെ യഹോവ മിസ്രയീമിനെക്കുറിച്ചു നിർണയിച്ചത് അവർ എന്തെന്നു ഗ്രഹിക്കട്ടെ. 13സോവനിലെ പ്രഭുക്കന്മാർ ഭോഷന്മാരായിത്തീർന്നിരിക്കുന്നു; നോഫിലെ പ്രഭുക്കന്മാർ വഞ്ചിക്കപ്പെട്ടിരിക്കുന്നു; മിസ്രയീമിലെ ഗോത്രങ്ങളുടെ മൂലക്കല്ലായിരിക്കുന്നവർ അതിനെ തെറ്റിച്ചുകളഞ്ഞു. 14യഹോവ അതിന്റെ നടുവിൽ മനോവിഭ്രമം പകർന്നു; ലഹരി പിടിച്ചവൻ തന്റെ ഛർദിയിൽ ചാഞ്ചാടിനടക്കുന്നതുപോലെ അവർ മിസ്രയീമിനെ അതിന്റെ സകല പ്രവൃത്തിയിലും തെറ്റിനടക്കുമാറാക്കിയിരിക്കുന്നു. 15തലയോ വാലോ പനമ്പട്ടയോ പോട്ടപ്പുല്ലോ നിർവഹിക്കേണ്ടുന്ന ഒരു പ്രവൃത്തിയും മിസ്രയീമിന് ഉണ്ടായിരിക്കയില്ല. 16അന്നാളിൽ മിസ്രയീമ്യർ സ്ത്രീകൾക്കു തുല്യരായിരിക്കും; സൈന്യങ്ങളുടെ യഹോവ അവരുടെ നേരേ കൈ ഓങ്ങുന്നതു നിമിത്തം അവർ പേടിച്ചു വിറയ്ക്കും. 17യെഹൂദാദേശം മിസ്രയീമിനു ഭയങ്കരമായിരിക്കും; അതിന്റെ പേർ പറഞ്ഞുകേൾക്കുന്നവരൊക്കെയും സൈന്യങ്ങളുടെ യഹോവ അതിനു വിരോധമായി നിർണയിച്ച നിർണയംനിമിത്തം ഭയപ്പെടും. 18അന്നാളിൽ മിസ്രയീംദേശത്തുള്ള അഞ്ചു പട്ടണങ്ങൾ കനാൻഭാഷ സംസാരിച്ചു സൈന്യങ്ങളുടെ യഹോവയോടു സത്യം ചെയ്യും; ഒന്നിനു സൂര്യനഗരം (ഈർ ഹഹേരെസ്) എന്നു പേർ വിളിക്കപ്പെടും. 19അന്നാളിൽ മിസ്രയീംദേശത്തിന്റെ നടുവിൽ യഹോവയ്ക്ക് ഒരു യാഗപീഠവും അതിന്റെ അതിർത്തിയിൽ യഹോവയ്ക്ക് ഒരു തൂണും ഉണ്ടായിരിക്കും. 20അതു മിസ്രയീംദേശത്തു സൈന്യങ്ങളുടെ യഹോവയ്ക്ക് ഒരു അടയാളവും ഒരു സാക്ഷ്യവും ആയിരിക്കും; പീഡകന്മാർ നിമിത്തം അവർ യഹോവയോടു നിലവിളിക്കും; അവൻ അവർക്ക് ഒരു രക്ഷകനെ അയയ്ക്കും; അവൻ പൊരുതി അവരെ വിടുവിക്കും. 21അങ്ങനെ യഹോവ മിസ്രയീമിനു തന്നെ വെളിപ്പെടുത്തുകയും മിസ്രയീമ്യർ അന്നു യഹോവയെ അറിഞ്ഞു യാഗവും വഴിപാടും കഴിക്കയും യഹോവയ്ക്ക് ഒരു നേർച്ച നേർന്ന് അതിനെ നിവർത്തിക്കയും ചെയ്യും. 22യഹോവ മിസ്രയീമിനെ അടിക്കും; അടിച്ചിട്ട് അവൻ വീണ്ടും അവരെ സൗഖ്യമാക്കും; അവർ യഹോവയിങ്കലേക്കു തിരികയും അവൻ അവരുടെ പ്രാർഥന കേട്ട് അവരെ സൗഖ്യമാക്കുകയും ചെയ്യും. 23അന്നാളിൽ മിസ്രയീമിൽനിന്ന് അശ്ശൂരിലേക്ക് ഒരു പെരുവഴി ഉണ്ടാകും; അശ്ശൂര്യർ മിസ്രയീമിലേക്കും മിസ്രയീമ്യർ അശ്ശൂരിലേക്കും ചെല്ലും; മിസ്രയീമ്യർ അശ്ശൂര്യരോടുകൂടെ ആരാധന കഴിക്കും. 24അന്നാളിൽ യിസ്രായേൽ ഭൂമിയുടെ മധ്യേ ഒരു അനുഗ്രഹമായി മിസ്രയീമിനോടും അശ്ശൂരിനോടുംകൂടെ മൂന്നാമതായിരിക്കും. 25സൈന്യങ്ങളുടെ യഹോവ അവരെ അനുഗ്രഹിച്ചു; എന്റെ ജനമായ മിസ്രയീമും എന്റെ കൈകളുടെ പ്രവൃത്തിയായ അശ്ശൂരും എന്റെ അവകാശമായ യിസ്രായേലും അനുഗ്രഹിക്കപ്പെടുമാറാകട്ടെ എന്ന് അരുളിച്ചെയ്യും.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Videos for യെശയ്യാവ് 19