YouVersion Logo
Search Icon

യെശയ്യാവ് 15

15
1മോവാബിനെക്കുറിച്ചുള്ള പ്രവാചകം: ഒരു രാത്രിയിൽ മോവാബിലെ ആർ പട്ടണം നശിച്ചു ശൂന്യമായിപ്പോയിരിക്കുന്നു; ഒരു രാത്രിയിൽ മോവാബിലെ കീർ പട്ടണം നശിച്ചു ശൂന്യമായിപ്പോയിരിക്കുന്നു. 2ബയീത്തും ദീബോനും കരയേണ്ടതിനു പൂജാഗിരികളിൽ കയറിപ്പോയിരിക്കുന്നു; നെബോവിലും മേദെബയിലും മോവാബ് നിലവിളിക്കുന്നു; അവരുടെ തലയൊക്കെയും മൊട്ടയടിച്ചും താടിയൊക്കെയും കത്രിച്ചും ഇരിക്കുന്നു. 3അവരുടെ വീഥികളിൽ അവർ രട്ടുടുത്തു നടക്കുന്നു; അവരുടെ പുരമുകളിലും വിശാലസ്ഥലങ്ങളിലും എല്ലാവരും മുറയിട്ടു കരയുന്നു. 4ഹെശ്ബോനും എലെയാലെയും നിലവിളിക്കുന്നു; അവരുടെ ഒച്ച യഹസ്‍വരെ കേൾക്കുന്നു; അതുകൊണ്ട് മോവാബിന്റെ ആയുധപാണികൾ അലറുന്നു; അവന്റെ പ്രാണൻ അവന്റെ ഉള്ളിൽ നടുങ്ങുന്നു. 5എന്റെ ഹൃദയം മോവാബിനെക്കുറിച്ചു നിലവിളിക്കുന്നു; അതിലെ കുലീനന്മാർ സോവാരിലേക്കും എഗ്ലത്ത്ശെളീശീയയിലേക്കും ഓടിപ്പോകുന്നു; ലൂഹീത്തിലേക്കുള്ള കയറ്റത്തിൽക്കൂടി അവർ കരഞ്ഞുംകൊണ്ടു കയറിച്ചെല്ലുന്നു; ഹോരോനയീമിലേക്കുള്ള വഴിയിൽ അവർ നാശത്തിന്റെ നിലവിളി കൂട്ടുന്നു. 6നിമ്രീമിലെ ജലാശയങ്ങൾ വരണ്ടിരിക്കുന്നു; അതുകൊണ്ടു പുല്ലുണങ്ങി; ഇളമ്പുല്ലു വാടി, പച്ചയായതൊക്കെയും ഇല്ലാതെയായിരിക്കുന്നു. 7ആകയാൽ അവർ സ്വരൂപിച്ച സമ്പത്തും സംഗ്രഹിച്ചുവച്ചതും അലരിത്തോട്ടിനക്കരയ്ക്ക് എടുത്തുകൊണ്ടുപോകുന്നു. 8നിലവിളി മോവാബിന്റെ അതിർത്തികളെ ചുറ്റിയിരിക്കുന്നു; അലർച്ച എഗ്ലയീംവരെയും കൂക്കൽ ബേർ-ഏലീംവരെയും എത്തിയിരിക്കുന്നു. 9ദീമോനിലെ ജലാശയങ്ങൾ രക്തംകൊണ്ടു നിറഞ്ഞിരിക്കുന്നു; ഞാൻ ദീമോന്റെമേൽ ഇതിലധികം വരുത്തും; മോവാബിൽനിന്നു ചാടിപ്പോയവരുടെമേലും ദേശത്തിൽ ശേഷിച്ചവരുടെമേലും ഞാൻ ഒരു സിംഹത്തെ വരുത്തും.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Videos for യെശയ്യാവ് 15