YouVersion Logo
Search Icon

ഹോശേയ 8

8
1അവർ എന്റെ നിയമത്തെ ലംഘിച്ച് എന്റെ ന്യായപ്രമാണത്തിനു വിരോധമായി അതിക്രമം ചെയ്തതുകൊണ്ടു കാഹളം വായിൽ വയ്ക്കുക; കഴുകനെപ്പോലെ യഹോവയുടെ ആലയത്തിന്മേൽ ചാടിവീഴുക. 2അവർ എന്നോട്: ദൈവമേ, യിസ്രായേലാകുന്ന ഞങ്ങൾ നിന്നെ അറിയുന്നു എന്നു നിലവിളിക്കുന്നു. 3യിസ്രായേൽ നന്മയായതിനെ ഉപേക്ഷിച്ചുകളഞ്ഞിരിക്കുന്നു; ശത്രു അവനെ പിന്തുടരട്ടെ. 4അവർ രാജാക്കന്മാരെ വാഴിച്ചു, ഞാൻ മുഖാന്തരം അല്ലതാനും; ഞാൻ അറിയാതെ പ്രഭുക്കന്മാരെ അവർ നിയമിച്ചിരിക്കുന്നു; അവർ ഛേദിക്കപ്പെടേണ്ടതിനു വെള്ളികൊണ്ടും പൊന്നുകൊണ്ടും തങ്ങൾക്കു വിഗ്രഹങ്ങളെ ഉണ്ടാക്കി. 5ശമര്യയേ, നിന്റെ പശുക്കിടാവിനെ അവൻ വെറുക്കുന്നു; എന്റെ കോപം അവരുടെ നേരേ ജ്വലിക്കുന്നു; അവർക്കു കുറ്റമില്ലായ്മ എത്രത്തോളം അസാധ്യമായിരിക്കും? 6ഇതു യിസ്രായേലിന്റെ പണി തന്നെ; ഒരു കൗശലപ്പണിക്കാരൻ അതിനെ ഉണ്ടാക്കി, അതു ദൈവമല്ല; ശമര്യയുടെ പശുക്കിടാവ് നുറുങ്ങിപ്പോകും. 7അവർ കാറ്റു വിതച്ചു, ചുഴലിക്കാറ്റു കൊയ്യും; അതിനു തണ്ടില്ല, ഞാറു മാവിനെ നല്കുകയുമില്ല; നല്കിയാലും അന്യജാതികൾ അതിനെ വിഴുങ്ങിക്കളയും. 8യിസ്രായേലിനെ വിഴുങ്ങിപ്പോയി; അവർ ഇപ്പോൾ ജാതികളുടെ ഇടയിൽ ഇഷ്ടമില്ലാത്ത ഒരു പാത്രംപോലെയിരിക്കുന്നു. 9അവൻ തനിച്ചു നടക്കുന്ന കാട്ടുകഴുതപോലെ അശ്ശൂരിലേക്ക് പോയി; എഫ്രയീം ജാരന്മാരെ കൂലിക്കു വാങ്ങിയിരിക്കുന്നു. 10അവർ ജാതികളുടെ ഇടയിൽനിന്ന് ജാരന്മാരെ കൂലിക്കു വാങ്ങിയാലും ഞാൻ ഇപ്പോൾ അവരെ കൂട്ടും; അവർ പ്രഭുക്കന്മാരുടെ രാജാവിന്റെ ചുമടിൻകീഴിൽ വേഗത്തിൽ വേദനപ്പെടും. 11എഫ്രയീം പാപപരിഹാരത്തിനായി അനേകം യാഗപീഠങ്ങളെ ഉണ്ടാക്കിയതുകൊണ്ട്, യാഗപീഠങ്ങൾ അവന് പാപഹേതുവായിത്തീർന്നിരിക്കുന്നു. 12ഞാൻ എന്റെ ന്യായപ്രമാണം അവനു പതിനായിരം കല്പനയായി എഴുതിക്കൊടുത്താലും അവ അപൂർവകാര്യമായി എണ്ണപ്പെടുന്നു. 13അവർ എന്റെ അർപ്പണയാഗങ്ങളെ അറുത്തു മാംസം തിന്നുന്നു; എന്നാൽ യഹോവ അവയിൽ പ്രസാദിക്കുന്നില്ല; ഇപ്പോൾ അവൻ അവരുടെ അകൃത്യം ഓർത്ത് അവരുടെ പാപം സന്ദർശിക്കും; അവർ മിസ്രയീമിലേക്കു മടങ്ങിപ്പോകേണ്ടിവരും. 14യിസ്രായേൽ തന്നെ ഉണ്ടാക്കിയവനെ മറന്ന് മന്ദിരങ്ങളെ പണിതിരിക്കുന്നു; യെഹൂദാ ഉറപ്പുള്ള പട്ടണങ്ങളെ വർധിപ്പിച്ചിരിക്കുന്നു; എന്നാൽ ഞാൻ അവന്റെ പട്ടണങ്ങളിൽ തീ അയയ്ക്കും; അത് അവയിലെ അരമനകളെ ദഹിപ്പിച്ചുകളയും.

Currently Selected:

ഹോശേയ 8: MALOVBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in