ഹോശേയ 1
1
1ഉസ്സീയാവ്, യോഥാം, ആഹാസ്, ഹിസ്കീയാവ് എന്നീ യെഹൂദാരാജാക്കന്മാരുടെ കാലത്തും യിസ്രായേൽരാജാവായി യോവാശിന്റെ മകനായ യൊരോബെയാമിന്റെ കാലത്തും ബെയേരിയുടെ മകനായ ഹോശേയയ്ക്ക് ഉണ്ടായ യഹോവയുടെ അരുളപ്പാട്. 2യഹോവ ഹോശേയ മുഖാന്തരം സംസാരിച്ചുതുടങ്ങിയപ്പോൾ, യഹോവ ഹോശേയയോട്: നീ ചെന്നു പരസംഗം ചെയ്യുന്ന ഒരു ഭാര്യയെയും പരസംഗത്തിൽ ജനിച്ച മക്കളെയും എടുക്ക; ദേശം യഹോവയെ വിട്ടുമാറി കഠിന പരസംഗം ചെയ്തിരിക്കുന്നുവല്ലോ എന്നു കല്പിച്ചു. 3അങ്ങനെ അവൻ ചെന്ന് ദിബ്ലയീമിന്റെ മകളായ ഗോമരിനെ പരിഗ്രഹിച്ചു; അവൾ ഗർഭം ധരിച്ച് അവന് ഒരു മകനെ പ്രസവിച്ചു. 4യഹോവ അവനോട്: അവന് യിസ്രെയേൽ (ദൈവം വിതയ്ക്കും) എന്നു പേർ വിളിക്ക; ഇനി കുറെക്കാലം കഴിഞ്ഞിട്ട് ഞാൻ യിസ്രെയേലിന്റെ രക്തപാതകങ്ങളെ യേഹൂഗൃഹത്തോടു സന്ദർശിച്ച് യിസ്രായേൽഗൃഹത്തിന്റെ രാജത്വം ഇല്ലാതെയാക്കും; 5അന്നാളിൽ ഞാൻ യിസ്രെയേൽതാഴ്‌വരയിൽവച്ച് യിസ്രായേലിന്റെ വില്ല് ഒടിച്ചുകളയും എന്ന് അരുളിച്ചെയ്തു. 6അവൾ പിന്നെയും ഗർഭം ധരിച്ച് ഒരു മകളെ പ്രസവിച്ചു. യഹോവ അവനോട്: അവൾക്കു ലോരൂഹമാ (കരുണ ലഭിക്കാത്തവൾ) എന്നു പേർ വിളിക്ക; ഞാൻ ഇനി യിസ്രായേൽഗൃഹത്തോടു ക്ഷമിപ്പാൻ തക്കവണ്ണം അവരോട് ഒട്ടും കരുണ കാണിക്കയില്ല. 7എന്നാൽ യെഹൂദാഗൃഹത്തോടു ഞാൻ കരുണ കാണിച്ചു, അവരെ വില്ലുകൊണ്ടോ വാൾകൊണ്ടോ യുദ്ധംകൊണ്ടോ കുതിരകളെക്കൊണ്ടോ കുതിരച്ചേവകരെക്കൊണ്ടോ രക്ഷിക്കാതെ അവരുടെ ദൈവമായ യഹോവയെക്കൊണ്ട് അവരെ രക്ഷിക്കും എന്ന് അരുളിച്ചെയ്തു. 8അവൾ ലോരൂഹമായെ മുലകുടി മാറ്റിയശേഷം ഗർഭം ധരിച്ച് ഒരു മകനെ പ്രസവിച്ചു. 9അപ്പോൾ യഹോവ: അവന് ലോ-അമ്മീ (എന്റെ ജനമല്ല) എന്നു പേർ വിളിക്ക; നിങ്ങൾ എന്റെ ജനമല്ല, ഞാൻ നിങ്ങൾക്ക് ദൈവമായിരിക്കയുമില്ല എന്ന് അരുളിച്ചെയ്തു. 10എങ്കിലും യിസ്രായേൽമക്കളുടെ സംഖ്യ അളക്കുവാനും എണ്ണുവാനും കഴിയാത്ത കടല്ക്കരയിലെ പൂഴിപോലെ ഇരിക്കും; നിങ്ങൾ എന്റെ ജനമല്ല എന്ന് അവരോട് അരുളിച്ചെയ്തതിനു പകരം നിങ്ങൾ ജീവനുള്ള ദൈവത്തിന്റെ മക്കൾ എന്ന് അവരോടു പറയും. 11യെഹൂദാമക്കളും യിസ്രായേൽമക്കളും ഒന്നിച്ചുകൂടി തങ്ങൾക്ക് ഒരേ തലവനെ നിയമിച്ചു ദേശത്തുനിന്നു പുറപ്പെട്ടുപോകും; യിസ്രെയേലിന്റെ നാൾ വലുതായിരിക്കുമല്ലോ.
Currently Selected:
ഹോശേയ 1: MALOVBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.