YouVersion Logo
Search Icon

എബ്രായർ 2

2
1അതുകൊണ്ട് നാം വല്ലപ്പോഴും ഒഴുകിപ്പോകാതിരിക്കേണ്ടതിനു കേട്ടത് അധികം ശ്രദ്ധയോടെ കരുതിക്കൊൾവാൻ ആവശ്യമാകുന്നു. 2ദൂതന്മാർ മുഖാന്തരം അരുളിച്ചെയ്ത വചനം സ്ഥിരമായിരിക്കയും ഓരോരോ ലംഘനത്തിനും അനുസരണക്കേടിനും ന്യായമായ പ്രതിഫലം ലഭിക്കയും ചെയ്തു എങ്കിൽ 3കർത്താവ് താൻ പറഞ്ഞുതുടങ്ങിയതും ദൈവം അടയാളങ്ങളാലും അദ്ഭുതങ്ങളാലും വിവിധ വീര്യപ്രവൃത്തികളാലും തന്റെ ഇഷ്ടപ്രകാരം പരിശുദ്ധാത്മാവിനെ നല്കിക്കൊണ്ടും സാക്ഷി നിന്നതും 4കേട്ടവർ നമുക്ക് ഉറപ്പിച്ചു തന്നതുമായ ഇത്ര വലിയ രക്ഷ നാം ഗണ്യമാക്കാതെ പോയാൽ എങ്ങനെ തെറ്റി ഒഴിയും?
5നാം പ്രസ്താവിക്കുന്ന ഭാവിലോകത്തെ അവൻ ദൂതന്മാർക്കല്ലല്ലോ കീഴ്പെടുത്തിയത്. 6എന്നാൽ “മനുഷ്യനെ നീ ഓർക്കേണ്ടതിന് അവൻ എന്ത്? മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന് അവൻ എന്തുമാത്രം? 7നീ അവനെ ദൂതന്മാരെക്കാൾ അല്പം മാത്രം താഴ്ത്തി; തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു; നിന്റെ കൈകളുടെ പ്രവൃത്തികൾക്കു നീ അവനെ അധിപതി ആക്കി, 8സകലവും അവന്റെ കാൽക്കീഴാക്കിയിരിക്കുന്നു” എന്ന് ഒരുവൻ ഒരേടത്തു സാക്ഷ്യം പറയുന്നു. സകലവും അവനു കീഴാക്കിയതിൽ ഒന്നിനെയും കീഴ്പെടുത്താതെ വിട്ടിട്ടില്ല; എന്നാൽ ഇപ്പോൾ സകലവും അവനു കീഴ്പെട്ടതായി കാണുന്നില്ല. 9എങ്കിലും ദൈവകൃപയാൽ എല്ലാവർക്കുംവേണ്ടി മരണം ആസ്വദിപ്പാൻ ദൂതന്മാരിലും അല്പം ഒരു താഴ്ച വന്നവനായ യേശു മരണം അനുഭവിച്ചതുകൊണ്ട് അവനെ മഹത്ത്വവും ബഹുമാനവും അണിഞ്ഞവനായി നാം കാണുന്നു. 10സകലത്തിനും ലാക്കും സകലത്തിനും കാരണഭൂതനുമായവൻ അനേകം പുത്രന്മാരെ തേജസ്സിലേക്കു നടത്തുമ്പോൾ അവരുടെ രക്ഷാനായകനെ കഷ്ടാനുഭവങ്ങളാൽ തികഞ്ഞവനാക്കുന്നത് യുക്തം ആയിരുന്നു. 11വിശുദ്ധീകരിക്കുന്നവനും വിശുദ്ധീകരിക്കപ്പെടുന്നവർക്കും എല്ലാം ഒരുവനല്ലോ പിതാവ്; അതു ഹേതുവായി അവൻ അവരെ സഹോദരന്മാർ എന്ന് വിളിപ്പാൻ ലജ്ജിക്കാതെ: 12“ഞാൻ നിന്റെ നാമത്തെ എന്റെ സഹോദരന്മാരോടു കീർത്തിക്കും; സഭാമധ്യേ ഞാൻ നിന്നെ സ്തുതിക്കും” എന്നും 13“ഞാൻ അവനിൽ ആശ്രയിക്കും” എന്നും “ഇതാ, ഞാനും ദൈവം എനിക്കു തന്ന മക്കളും” എന്നും പറയുന്നു. 14മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ട് അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ 15തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെയൊക്കെയും വിടുവിച്ചു. 16ദൂതന്മാരെ സംരക്ഷണ ചെയ്‍വാനല്ല അബ്രാഹാമിന്റെ സന്തതിയെ സംരക്ഷണ ചെയ്‍വാനത്രേ അവൻ വന്നത്. 17അതുകൊണ്ടു ജനത്തിന്റെ പാപങ്ങൾക്കു പ്രായശ്ചിത്തം വരുത്തുവാൻ അവൻ കരുണയുള്ളവനും ദൈവകാര്യത്തിൽ വിശ്വസ്തമഹാപുരോഹിതനും ആകേണ്ടതിനു സകലത്തിലും തന്റെ സഹോദരന്മാരോടു സദൃശനായിത്തീരുവാൻ ആവശ്യമായിരുന്നു. 18താൻ തന്നെ പരീക്ഷിതനായി കഷ്ടമനുഭവിച്ചിരിക്കയാൽ പരീക്ഷിക്കപ്പെടുന്നവർക്ക് സഹായിപ്പാൻ കഴിവുള്ളവൻ ആകുന്നു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in