YouVersion Logo
Search Icon

എബ്രായർ 11:1-19

എബ്രായർ 11:1-19 MALOVBSI

വിശ്വാസം എന്നതോ, ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു. അതിനാലല്ലോ പൂർവന്മാർക്ക് സാക്ഷ്യം ലഭിച്ചത്. ഈ കാണുന്ന ലോകത്തിനു ദൃശ്യമായതല്ല കാരണം എന്നു വരുമാറ് ലോകം ദൈവത്തിന്റെ വചനത്താൽ നിർമ്മിക്കപ്പെട്ടു എന്ന് നാം വിശ്വാസത്താൽ അറിയുന്നു. വിശ്വാസത്താൽ ഹാബെൽ ദൈവത്തിനു കയീൻറേതിലും ഉത്തമമായ യാഗം കഴിച്ചു; അതിനാൽ അവനു നീതിമാൻ എന്ന സാക്ഷ്യം ലഭിച്ചു; ദൈവം അവന്റെ വഴിപാടിനു സാക്ഷ്യം കല്പിച്ചു. മരിച്ചശേഷവും അവൻ വിശ്വാസത്താൽ സംസാരിച്ചുകൊണ്ടിരിക്കുന്നു. വിശ്വാസത്താൽ ഹാനോക് മരണം കാണാതെ എടുക്കപ്പെട്ടു; ദൈവം അവനെ എടുത്തുകൊണ്ടതിനാൽ കാണാതെയായി. അവൻ ദൈവത്തെ പ്രസാദിപ്പിച്ചു എന്ന് അവൻ എടുക്കപ്പെട്ടതിനു മുമ്പേ സാക്ഷ്യം പ്രാപിച്ചു. എന്നാൽ വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിയുന്നതല്ല; ദൈവത്തിന്റെ അടുക്കൽ വരുന്നവൻ ദൈവം ഉണ്ട് എന്നും തന്നെ അന്വേഷിക്കുന്നവർക്ക് പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ. വിശ്വാസത്താൽ നോഹ അതുവരെ കാണാത്തവയെക്കുറിച്ച് അരുളപ്പാടുണ്ടായിട്ടു ഭയഭക്തി പൂണ്ടു തന്റെ കുടുംബത്തിന്റെ രക്ഷയ്ക്കായിട്ട് ഒരു പെട്ടകം തീർത്തു; അതിനാൽ അവൻ ലോകത്തെ കുറ്റം വിധിച്ച് വിശ്വാസത്താലുള്ള നീതിക്ക് അവകാശിയായിത്തീർന്നു. വിശ്വാസത്താൽ അബ്രാഹാം തനിക്ക് അവകാശമായി കിട്ടുവാനിരുന്ന ദേശത്തേക്കു യാത്രയാകുവാൻ വിളിക്കപ്പെട്ടാറെ അനുസരിച്ച് എവിടേക്കു പോകുന്നു എന്നറിയാതെ പുറപ്പെട്ടു. വിശ്വാസത്താൽ അവൻ വാഗ്ദത്തദേശത്ത് ഒരു അന്യദേശത്ത് എന്നപോലെ ചെന്ന് വാഗ്ദത്തത്തിനു കൂട്ടവകാശികളായ യിസ്ഹാക്കിനോടും യാക്കോബിനോടുംകൂടെ കൂടാരങ്ങളിൽ പാർത്തുകൊണ്ട് ദൈവം ശില്പിയായി നിർമ്മിച്ചതും അടിസ്ഥാനങ്ങളുള്ളതുമായ നഗരത്തിനായി കാത്തിരുന്നു. വിശ്വാസത്താൽ സാറായും വാഗ്ദത്തം ചെയ്തവനെ വിശ്വസ്തൻ എന്ന് എണ്ണുകയാൽ പ്രായം കഴിഞ്ഞിട്ടും പുത്രോല്പാദനത്തിനു ശക്തി പ്രാപിച്ചു. അതുകൊണ്ട് ഒരുവന്, മൃതപ്രായനായവനുതന്നെ, പെരുപ്പത്തിൽ ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടല്പുറത്തെ എണ്ണിക്കൂടാത്ത മണൽപോലെയും സന്തതി ജനിച്ചു. ഇവർ എല്ലാവരും വാഗ്ദത്തനിവൃത്തി പ്രാപിക്കാതെ ദൂരത്തുനിന്ന് അത് കണ്ട് അഭിവന്ദിച്ചും ഭൂമിയിൽ തങ്ങൾ അന്യരും പരദേശികളും എന്ന് ഏറ്റുപറഞ്ഞുംകൊണ്ടു വിശ്വാസത്തിൽ മരിച്ചു. ഇങ്ങനെ പറയുന്നവർ ഒരു പിതൃദേശം അന്വേഷിക്കുന്നു എന്ന് കാണിക്കുന്നു. അവർ വിട്ടുപോന്നതിനെ ഓർത്തു എങ്കിൽ മടങ്ങിപ്പോകുവാൻ ഇട ഉണ്ടായിരുന്നുവല്ലോ. അവരോ അധികം നല്ലതിനെ, സ്വർഗീയമായതിനെത്തന്നെ, കാംക്ഷിച്ചിരുന്നു; ആകയാൽ ദൈവം അവരുടെ ദൈവം എന്ന് വിളിക്കപ്പെടുവാൻ ലജ്ജിക്കുന്നില്ല; അവൻ അവർക്കായി ഒരു നഗരം ഒരുക്കിയിരിക്കുന്നുവല്ലോ. വിശ്വാസത്താൽ അബ്രാഹാം താൻ പരീക്ഷിക്കപ്പെട്ടപ്പോൾ യിസ്ഹാക്കിനെ യാഗം അർപ്പിച്ചു. യിസ്ഹാക്കിൽനിന്നു ജനിക്കുന്നവർ നിന്റെ സന്തതി എന്ന് വിളിക്കപ്പെടും എന്ന് അരുളപ്പാട് ലഭിച്ചു വാഗ്ദത്തങ്ങളെ കൈക്കൊണ്ടവൻ തന്റെ ഏകജാതനെ അർപ്പിച്ചു; മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർപ്പിപ്പാൻ ദൈവം ശക്തൻ എന്ന് എണ്ണുകയും അവരുടെ ഇടയിൽനിന്ന് എഴുന്നേറ്റവനെപ്പോലെ അവനെ തിരികെ പ്രാപിക്കയും ചെയ്തു.