ഉൽപത്തി 31
31
1എന്നാൽ ഞങ്ങളുടെ അപ്പനുള്ളതൊക്കെയും യാക്കോബ് എടുത്തുകളഞ്ഞു ഞങ്ങളുടെ അപ്പന്റെ വകകൊണ്ട് അവൻ ഈ ധനമൊക്കെയും സമ്പാദിച്ചു എന്നു ലാബാന്റെ പുത്രന്മാർ പറഞ്ഞ വാക്കുകളെ അവൻ കേട്ടു. 2യാക്കോബ് ലാബാന്റെ മുഖത്തു നോക്കിയാറെ അതു തന്റെ നേരേ മുമ്പേ ഇരുന്നതു പോലെയല്ല എന്നു കണ്ടു. 3അപ്പോൾ യഹോവ യാക്കോബിനോട്: നിന്റെ പിതാക്കന്മാരുടെ ദേശത്തേക്കും നിന്റെ ചാർച്ചക്കാരുടെ അടുക്കലേക്കും മടങ്ങിപ്പോക; ഞാൻ നിന്നോടുകൂടെ ഇരിക്കും എന്ന് അരുളിച്ചെയ്തു. 4യാക്കോബ് ആളയച്ചു റാഹേലിനെയും ലേയായെയും വയലിൽ തന്റെ ആട്ടിൻകൂട്ടത്തിന്റെ അടുക്കൽ വിളിപ്പിച്ചു. 5അവരോടു പറഞ്ഞത്: നിങ്ങളുടെ അപ്പന്റെ മുഖം എന്റെ നേരേ മുമ്പേപ്പോലെ അല്ല എന്നു ഞാൻ കാണുന്നു; എങ്കിലും എന്റെ അപ്പന്റെ ദൈവം എന്നോടുകൂടെ ഉണ്ടായിരുന്നു. 6നിങ്ങളുടെ അപ്പനെ ഞാൻ എന്റെ സർവബലത്തോടുംകൂടെ സേവിച്ചു എന്നു നിങ്ങൾക്കുതന്നെ അറിയാമല്ലോ. 7നിങ്ങളുടെ അപ്പനോ എന്നെ ചതിച്ച് എന്റെ പ്രതിഫലം പത്തു പ്രാവശ്യം മാറ്റി; എങ്കിലും എന്നോടു ദോഷം ചെയ്‍വാൻ ദൈവം അവനെ സമ്മതിച്ചില്ല. 8പുള്ളിയുള്ളവ നിന്റെ പ്രതിഫലം ആയിരിക്കട്ടെ എന്ന് അവൻ പറഞ്ഞു എങ്കിൽ കൂട്ടമൊക്കെയും പുള്ളിയുള്ള കുട്ടികളെ പെറ്റു; വരയുള്ളവ നിന്റെ പ്രതിഫലം ആയിരിക്കട്ടെ എന്ന് അവൻ പറഞ്ഞു എങ്കിൽ കൂട്ടമൊക്കെയും വരയുള്ള കുട്ടികളെ പെറ്റു. 9ഇങ്ങനെ ദൈവം നിങ്ങളുടെ അപ്പന്റെ ആട്ടിൻകൂട്ടത്തെ എടുത്ത് എനിക്കു തന്നിരിക്കുന്നു. 10ആടുകൾ ചനയേൽക്കുന്ന കാലത്തു ഞാൻ സ്വപ്നത്തിൽ ആടുകളിന്മേൽ കയറുന്ന മുട്ടാടുകൾ വരയും പുള്ളിയും മറുവും ഉള്ളവ എന്നു കണ്ടു. 11ദൈവത്തിന്റെ ദൂതൻ സ്വപ്നത്തിൽ എന്നോട്: യാക്കോബേ എന്നു വിളിച്ചു; ഞാൻ ഇതാ, എന്നു ഞാൻ പറഞ്ഞു. 12അപ്പോൾ അവൻ: നീ തല പൊക്കി നോക്കുക; ആടുകളുടെമേൽ കയറുന്ന മുട്ടാടുകളൊക്കെയും വരയും പുള്ളിയും മറുവുമുള്ളവയല്ലോ; ലാബാൻ നിന്നോടു ചെയ്യുന്നതൊക്കെയും ഞാൻ കണ്ടിരിക്കുന്നു. 13നീ തൂണിനെ അഭിഷേകം ചെയ്കയും എന്നോടു നേർച്ച നേരുകയും ചെയ്ത സ്ഥലമായ ബേഥേലിന്റെ ദൈവം ആകുന്നു ഞാൻ; ആകയാൽ നീ എഴുന്നേറ്റ്, ഈ ദേശം വിട്ടു നിന്റെ ജന്മദേശത്തേക്കു മടങ്ങിപ്പോക എന്നു കല്പിച്ചിരിക്കുന്നു. 14റാഹേലും ലേയായും അവനോട് ഉത്തരം പറഞ്ഞത്: അപ്പന്റെ വീട്ടിൽ ഞങ്ങൾക്ക് ഇനി ഓഹരിയും അവകാശവും ഉണ്ടോ? 15അവൻ ഞങ്ങളെ അന്യരായിട്ടല്ലയോ വിചാരിക്കുന്നത്? ഞങ്ങളെ വിറ്റു വിലയും എല്ലാം തിന്നുകളഞ്ഞുവല്ലോ. 16ദൈവം ഞങ്ങളുടെ അപ്പന്റെ പക്കൽനിന്ന് എടുത്തുകളഞ്ഞ സമ്പത്തൊക്കെയും ഞങ്ങൾക്കും ഞങ്ങളുടെ മക്കൾക്കും ഉള്ളതല്ലോ; ആകയാൽ ദൈവം നിന്നോടു കല്പിച്ചതൊക്കെയും ചെയ്തുകൊൾക. 17അങ്ങനെ യാക്കോബ് എഴുന്നേറ്റ് തന്റെ ഭാര്യമാരെയും പുത്രന്മാരെയും ഒട്ടകപ്പുറത്തു കയറ്റി. 18തന്റെ കന്നുകാലികളെയൊക്കെയും താൻ സമ്പാദിച്ച സമ്പത്തൊക്കെയും താൻ പദ്ദൻ-അരാമിൽ സമ്പാദിച്ച മൃഗസമ്പത്തൊക്കെയും ചേർത്തുകൊണ്ട് കനാൻ ദേശത്തു തന്റെ അപ്പനായ യിസ്ഹാക്കിന്റെ അടുക്കൽ പോകുവാൻ പുറപ്പെട്ടു. 19ലാബാൻ തന്റെ ആടുകളെ രോമം കത്രിപ്പാൻ പോയിരുന്നു; റാഹേൽ തന്റെ അപ്പനുള്ള ഗൃഹവിഗ്രഹങ്ങളെ മോഷ്‍ടിച്ചു. 20താൻ ഓടിപ്പോകുന്നതു യാക്കോബ് അരാമ്യനായ ലാബാനോട് അറിയിക്കായ്കയാൽ അവനെ തോല്പിച്ചായിരുന്നു പോയത്. 21ഇങ്ങനെ അവൻ തനിക്കുള്ള സകലവുമായി ഓടിപ്പോയി; അവൻ പുറപ്പെട്ടു നദി കടന്നു. ഗിലെയാദുപർവതത്തിനു നേരേ തിരിഞ്ഞു.
22യാക്കോബ് ഓടിപ്പോയി എന്നു ലാബാനു മൂന്നാം ദിവസം അറിവു കിട്ടി. 23ഉടനെ അവൻ തന്റെ സഹോദരന്മാരെ കൂട്ടിക്കൊണ്ട് ഏഴു ദിവസത്തെ വഴി അവനെ പിൻതുടർന്നു ഗിലെയാദുപർവതത്തിൽ അവനോടൊപ്പം എത്തി. 24എന്നാൽ ദൈവം രാത്രി സ്വപ്നത്തിൽ അരാമ്യനായ ലാബാന്റെ അടുക്കൽ വന്ന് അവനോട്: നീ യാക്കോബിനോട് ഗുണമെങ്കിലും ദോഷമെങ്കിലും പറയാതിരിപ്പാൻ സൂക്ഷിച്ചുകൊൾക എന്നു കല്പിച്ചു. 25ലാബാൻ യാക്കോബിനോടൊപ്പം എത്തി; യാക്കോബ് പർവതത്തിൽ കൂടാരം അടിച്ചിരുന്നു; ലാബാനും തന്റെ സഹോദരന്മാരുമായി ഗിലെയാദുപർവതത്തിൽ കൂടാരം അടിച്ചു. 26ലാബാൻ യാക്കോബിനോടു പറഞ്ഞത്: നീ എന്നെ ഒളിച്ചു പൊയ്ക്കളകയും എന്റെ പുത്രിമാരെ വാളാൽ പിടിച്ചവരെപ്പോലെ കൊണ്ടുപോകയും ചെയ്തത് എന്ത്? 27നീ എന്നെ തോല്പിച്ചു രഹസ്യമായിട്ട് ഓടിപ്പോകയും ഞാൻ സന്തോഷത്തോടും സംഗീതത്തോടും മുരജത്തോടും വീണയോടും കൂടെ നിന്നെ അയപ്പാൻ തക്കവണ്ണം എന്നെ അറിയിക്കാതിരിക്കയും 28എന്റെ പുത്രന്മാരെയും പുത്രിമാരെയും ചുംബിപ്പാൻ എനിക്ക് ഇടതരാതിരിക്കയും ചെയ്തത് എന്ത്? ഭോഷത്തമാകുന്നു നീ ചെയ്തത്. 29നിങ്ങളോട് ദോഷം ചെയ്‍വാൻ എന്റെ പക്കൽ ശക്തിയുണ്ട്; എങ്കിലും നീ യാക്കോബിനോടു ഗുണമെങ്കിലും ദോഷമെങ്കിലും ചെയ്യാതിരിപ്പാൻ സൂക്ഷിച്ചുകൊൾക എന്നു നിങ്ങളുടെ പിതാവിന്റെ ദൈവം കഴിഞ്ഞ രാത്രി എന്നോട് കല്പിച്ചിരിക്കുന്നു. 30ആകട്ടെ, നിന്റെ പിതൃഭവനത്തിനായുള്ള അതിവാഞ്ഛയാൽ നീ പുറപ്പെട്ടു പോന്നു; എന്നാൽ എന്റെ ദേവന്മാരെ മോഷ്‍ടിച്ചത് എന്തിന്? 31യാക്കോബ് ലാബാനോട്: പക്ഷേ നിന്റെ പുത്രിമാരെ നീ എന്റെ പക്കൽനിന്ന് അപഹരിക്കും എന്നു ഞാൻ ഭയപ്പെട്ടു. 32എന്നാൽ നീ ആരുടെ പക്കൽ എങ്കിലും നിന്റെ ദേവന്മാരെ കണ്ടാൽ അവൻ ജീവനോടിരിക്കരുത്; എന്റെ പക്കൽ നിന്റെ വക വല്ലതും ഉണ്ടോ എന്നു നീ നമ്മുടെ സഹോദരന്മാർ കാൺകെ നോക്കി എടുക്ക എന്നുത്തരം പറഞ്ഞു. റാഹേൽ അവയെ മോഷ്‍ടിച്ചതു യാക്കോബ് അറിഞ്ഞില്ല. 33അങ്ങനെ ലാബാൻ യാക്കോബിന്റെ കൂടാരത്തിലും ലേയായുടെ കൂടാരത്തിലും രണ്ടു ദാസിമാരുടെ കൂടാരത്തിലും ചെന്നു നോക്കി, ഒന്നും കണ്ടില്ലതാനും; അവൻ ലേയായുടെ കൂടാരത്തിൽനിന്ന് ഇറങ്ങി റാഹേലിന്റെ കൂടാരത്തിൽ ചെന്നു. 34എന്നാൽ റാഹേൽ വിഗ്രഹങ്ങളെ എടുത്ത് ഒട്ടകക്കോപ്പിനകത്ത് ഇട്ട് അതിന്മേൽ ഇരിക്കയായിരുന്നു. ലാബാൻ കൂടാരത്തിലൊക്കെയും തിരഞ്ഞുനോക്കി, കണ്ടില്ലതാനും. 35അവൾ അപ്പനോട്: യജമാനൻ കോപിക്കരുതേ; നിന്റെ മുമ്പാകെ എഴുന്നേല്പാൻ എനിക്കു കഴിവില്ല; സ്ത്രീകൾക്കുള്ള മുറ എനിക്കു വന്നിരിക്കുന്നു എന്നു പറഞ്ഞു. അങ്ങനെ അവൻ ശോധന കഴിച്ചു; ഗൃഹവിഗ്രഹങ്ങളെ കണ്ടില്ലതാനും. 36അപ്പോൾ യാക്കോബിനു കോപം ജ്വലിച്ചു, അവൻ ലാബാനോടു വാദിച്ചു. യാക്കോബ് ലാബാനോടു പറഞ്ഞത് എന്തെന്നാൽ: എന്റെ കുറ്റം എന്ത്? നീ ഇത്ര ഉഗ്രതയോടെ എന്റെ പിന്നാലെ ഓടി വരേണ്ടതിന് എന്റെ തെറ്റ് എന്ത്? 37നീ എന്റെ സാമാനമൊക്കെയും ശോധന കഴിച്ചുവല്ലോ; നിന്റെ വീട്ടിലെ സാമാനം വല്ലതും കണ്ടുവോ? എന്റെ സഹോദരന്മാർക്കും നിന്റെ സഹോദരന്മാർക്കും മുമ്പാകെ ഇവിടെ വയ്ക്കുക; അവർ നമുക്കിരുവർക്കും മധ്യേ വിധിക്കട്ടെ. 38ഈ ഇരുപതു സംവത്സരം ഞാൻ നിന്റെ അടുക്കൽ പാർത്തു; നിന്റെ ചെമ്മരിയാടുകൾക്കും കോലാടുകൾക്കും ചനനാശം വന്നിട്ടില്ല; നിന്റെ കൂട്ടത്തിലെ ആട്ടുകൊറ്റന്മാരെ ഞാൻ തിന്നുകളഞ്ഞിട്ടുമില്ല. 39ദുഷ്ടമൃഗം കടിച്ചുകീറിയതിനെ നിന്റെ അടുക്കൽ കൊണ്ടുവരാതെ ഞാൻ അതിന് ഉത്തരവാദിയായിരുന്നു; പകൽ കളവുപോയതിനെയും രാത്രി കളവുപോയതിനെയും നീ എന്നോടു ചോദിച്ചു. 40ഇങ്ങനെയായിരുന്നു എന്റെ വസ്തുത; പകൽ വെയിൽകൊണ്ടും രാത്രി ശീതംകൊണ്ടും ഞാൻ ക്ഷയിച്ചു; എന്റെ കണ്ണിന് ഉറക്കമില്ലാതെയായി. 41ഈ ഇരുപതു സംവത്സരം ഞാൻ നിന്റെ വീട്ടിൽ പാർത്തു; പതിന്നാലു സംവത്സരം നിന്റെ രണ്ടു പുത്രിമാർക്കായിട്ടും ആറു സംവത്സരം നിന്റെ ആട്ടിൻകൂട്ടത്തിനായിട്ടും നിന്നെ സേവിച്ചു; പത്തു പ്രാവശ്യം നീ എന്റെ പ്രതിഫലം മാറ്റി. 42എന്റെ പിതാവിന്റെ ദൈവമായി അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ഭയവുമായവൻ എനിക്ക് ഇല്ലാതിരുന്നു എങ്കിൽ നീയിപ്പോൾ എന്നെ വെറുതെ അയച്ചുകളയുമായിരുന്നു. ദൈവം എന്റെ കഷ്ടതയും എന്റെ കൈകളുടെ പ്രയത്നവും കണ്ടു കഴിഞ്ഞ രാത്രി ന്യായം വിധിച്ചു. 43ലാബാൻ യാക്കോബിനോട്: പുത്രിമാർ എന്റെ പുത്രിമാർ, മക്കൾ എന്റെ മക്കൾ, ആട്ടിൻകൂട്ടം എന്റെ ആട്ടിൻകൂട്ടം; നീ കാണുന്നതൊക്കെയും എനിക്കുള്ളതുതന്നെ; ഈ എന്റെ പുത്രിമാരോടോ അവർ പ്രസവിച്ച മക്കളോടോ ഞാൻ ഇന്ന് എന്തു ചെയ്യും? 44ആകയാൽ വരിക, ഞാനും നീയും തമ്മിൽ ഒരു ഉടമ്പടി ചെയ്ക; അത് എനിക്കും നിനക്കും മധ്യേ സാക്ഷിയായിരിക്കട്ടെ എന്ന് ഉത്തരം പറഞ്ഞു. 45അപ്പോൾ യാക്കോബ് ഒരു കല്ല് എടുത്തു തൂണായി നിർത്തി. 46കല്ല് കൂട്ടുവിൻ എന്നു യാക്കോബ് തന്റെ സഹോദരന്മാരോടു പറഞ്ഞു; അവർ കല്ല് എടുത്ത് ഒരു കൂമ്പാരമുണ്ടാക്കി; കൂമ്പാരത്തിന്മേൽ വച്ച് അവർ ഭക്ഷണം കഴിച്ചു. 47ലാബാൻ അതിന് യെഗർ-സാഹദൂഥാ (സാക്ഷ്യത്തിന്റെ കൂമ്പാരം) എന്നു പേരിട്ടു; യാക്കോബ് അതിനു ഗലേദ് (സാക്ഷ്യത്തിന്റെ കൂമ്പാരം) എന്നു പേരിട്ടു. 48ഈ കൂമ്പാരം ഇന്ന് എനിക്കും നിനക്കും മധ്യേ സാക്ഷി എന്ന് ലാബാൻ പറഞ്ഞു. അതുകൊണ്ട് അതിനു ഗലേദ് എന്നും മിസ്പാ (കാവൽമാടം) എന്നും പേരായി. 49നാം തമ്മിൽ അകന്നിരിക്കുമ്പോൾ യഹോവ എനിക്കും നിനക്കും നടുവേ കാവലായിരിക്കട്ടെ. 50നീ എന്റെ പുത്രിമാരെ ഉപദ്രവിക്കയോ എന്റെ പുത്രിമാരെയല്ലാതെ വേറെ സ്ത്രീകളെ പരിഗ്രഹിക്കയോ ചെയ്യുമെങ്കിൽ നമ്മോടു കൂടെ ആരും ഇല്ല; നോക്കുക, ദൈവംതന്നെ എനിക്കും നിനക്കും മധ്യേ സാക്ഷി എന്ന് അവൻ പറഞ്ഞു. 51ലാബാൻ പിന്നെയും യാക്കോബിനോട്: ഇതാ, ഈ കൂമ്പാരം; ഇതാ, എനിക്കും നിനക്കും മധ്യേ നിർത്തിയ തൂൺ. 52ദോഷത്തിനായി ഞാൻ ഈ കൂമ്പാരം കടന്നു നിന്റെ അടുക്കൽ വരാതെയും നീ ഈ കൂമ്പാരവും ഈ തൂണും കടന്ന് എന്റെ അടുക്കൽ വരാതെയും ഇരിക്കേണ്ടതിന് ഈ കൂമ്പാരവും സാക്ഷി, ഈ തൂണും സാക്ഷി. 53അബ്രാഹാമിന്റെ ദൈവവും നാഹോരിന്റെ ദൈവവും അവരുടെ പിതാവിന്റെ ദൈവവുമായവൻ നമുക്കു മധ്യേ വിധിക്കട്ടെ എന്നു പറഞ്ഞു. യാക്കോബ് തന്റെ പിതാവായ യിസ്ഹാക്കിന്റെ ഭയമായവനെച്ചൊല്ലി സത്യം ചെയ്തു. 54പിന്നെ യാക്കോബ് പർവതത്തിൽ യാഗം അർപ്പിച്ചു ഭക്ഷണം കഴിപ്പാൻ തന്റെ സഹോദരന്മാരെ വിളിച്ചു; അവർ ഭക്ഷണം കഴിച്ചു പർവതത്തിൽ രാപാർത്തു. 55ലാബാൻ അതികാലത്ത് എഴുന്നേറ്റ് തന്റെ പുത്രന്മാരെയും പുത്രിമാരെയും ചുംബിക്കയും അനുഗ്രഹിക്കയും ചെയ്തശേഷം അവിടെനിന്നു പുറപ്പെട്ടു സ്വദേശത്തേക്കു മടങ്ങിപ്പോയി.
Currently Selected:
ഉൽപത്തി 31: MALOVBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.