ഗലാത്യർ 4
4
1അവകാശി സർവത്തിനും യജമാനൻ എങ്കിലും ശിശുവായിരിക്കുന്നേടത്തോളം ദാസനെക്കാൾ ഒട്ടും വിശേഷതയുള്ളവനല്ല, 2പിതാവു നിശ്ചയിച്ച അവധിയോളം രക്ഷകന്മാർക്കും ഗൃഹവിചാരകന്മാർക്കും കീഴ്പെട്ടവനത്രേ എന്നു ഞാൻ പറയുന്നു. 3അതുപോലെ നാമും ശിശുക്കൾ ആയിരുന്നപ്പോൾ ലോകത്തിന്റെ ആദിപാഠങ്ങളിൻകീഴ് അടിമപ്പെട്ടിരുന്നു. 4എന്നാൽ കാലസമ്പൂർണത വന്നപ്പോൾ ദൈവം തന്റെ പുത്രനെ സ്ത്രീയിൽനിന്നു ജനിച്ചവനായി ന്യായപ്രമാണത്തിൻകീഴ് ജനിച്ചവനായി നിയോഗിച്ചയച്ചത് 5അവൻ ന്യായപ്രമാണത്തിൻ കീഴുള്ളവരെ വിലയ്ക്കു വാങ്ങിയിട്ടു നാം പുത്രത്വം പ്രാപിക്കേണ്ടതിനു തന്നെ. 6നിങ്ങൾ മക്കൾ ആകകൊണ്ട് അബ്ബാ പിതാവേ എന്നു വിളിക്കുന്ന സ്വപുത്രന്റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയങ്ങളിൽ അയച്ചു. 7അങ്ങനെ നീ ഇനി ദാസനല്ല പുത്രനത്രേ; പുത്രനെങ്കിലോ ദൈവഹിതത്താൽ അവകാശിയും ആകുന്നു.
8എന്നാൽ അന്നു നിങ്ങൾ ദൈവത്തെ അറിയാതെ സ്വഭാവത്താൽ ദൈവങ്ങളല്ലാത്തവർക്ക് അടിമപ്പെട്ടിരുന്നു. 9ഇപ്പോഴോ ദൈവത്തെ അറിഞ്ഞും വിശേഷാൽ ദൈവം നിങ്ങളെ അറിഞ്ഞുമിരിക്കെ നിങ്ങൾ പിന്നെയും ബലഹീനവും ദരിദ്രവുമായ ആദിപാഠങ്ങളിലേക്കു തിരിഞ്ഞ് അവയ്ക്കു പുതുതായി അടിമപ്പെടുവാൻ ഇച്ഛിക്കുന്നത് എങ്ങനെ? 10നിങ്ങൾ ദിവസങ്ങളും മാസങ്ങളും കാലങ്ങളും ആണ്ടുകളും പ്രമാണിക്കുന്നു. 11ഞാൻ നിങ്ങൾക്കുവേണ്ടി അധ്വാനിച്ചതു വെറുതെയായി എന്നു ഞാൻ ഭയപ്പെടുന്നു.
12സഹോദരന്മാരേ, ഞാൻ നിങ്ങളെപ്പോലെ ആകയാൽ നിങ്ങളും എന്നെപ്പോലെ ആകുവാൻ ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു. നിങ്ങൾ എന്നോട് ഒരു അന്യായവും ചെയ്തിട്ടില്ല. 13ഞാൻ ശരീരത്തിലെ ബലഹീനതനിമിത്തം ഒന്നാമതു നിങ്ങളോടു സുവിശേഷം അറിയിപ്പാൻ സംഗതി വന്നു എന്നു നിങ്ങൾ അറിയുന്നുവല്ലോ. 14എന്റെ ശരീരസംബന്ധമായി നിങ്ങൾക്കുണ്ടായ പരീക്ഷനിമിത്തം നിങ്ങൾ നിന്ദയോ വെറുപ്പോ കാണിക്കാതെ ദൈവദൂതനെപ്പോലെ, ക്രിസ്തുയേശുവിനെപ്പോലെ എന്നെ കൈക്കൊള്ളുകയത്രേ ചെയ്തത്. 15നിങ്ങളുടെ ഭാഗ്യപ്രശംസ എവിടെ? കഴിയും എങ്കിൽ നിങ്ങളുടെ കണ്ണു ചൂന്നെടുത്ത് എനിക്കു തരുമായിരുന്നു എന്നതിനു ഞാൻ സാക്ഷി. 16അങ്ങനെയിരിക്കെ നിങ്ങളോടു സത്യം പറകകൊണ്ടു ഞാൻ നിങ്ങൾക്കു ശത്രുവായിപ്പോയോ? 17അവർ നിങ്ങളെക്കുറിച്ച് എരിവ് കാണിക്കുന്നതു ഗുണത്തിനായിട്ടല്ല; നിങ്ങളും അവരെക്കുറിച്ച് എരിവു കാണിക്കേണ്ടതിന് അവർ നിങ്ങളെ പുറത്തിട്ട് അടച്ചുകളവാൻ ഇച്ഛിക്കയത്രേ ചെയ്യുന്നത്. 18ഞാൻ നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ മാത്രമല്ല എല്ലായ്പോഴും നല്ല കാര്യത്തിൽ എരിവു കാണിക്കുന്നത് നന്ന്. 19ക്രിസ്തു നിങ്ങളിൽ ഉരുവാകുവോളം ഞാൻ പിന്നെയും പ്രസവവേദനപ്പെടുന്നവരായ 20എന്റെ കുഞ്ഞുങ്ങളേ, ഇന്നു നിങ്ങളുടെ അടുക്കൽ ഇരുന്ന് എന്റെ ശബ്ദം മാറ്റുവാൻ കഴിഞ്ഞിരുന്നു എങ്കിൽ കൊള്ളായിരുന്നു; ഞാൻ നിങ്ങളെക്കുറിച്ചു വിഷമിക്കുന്നു.
21ന്യായപ്രമാണത്തിൻ കീഴിരിപ്പാൻ ഇച്ഛിക്കുന്നവരേ, നിങ്ങൾ ന്യായപ്രമാണം കേൾക്കുന്നില്ലയോ? 22എന്നോടു പറവിൻ. അബ്രാഹാമിനു രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു; ഒരുവൻ ദാസി പ്രസവിച്ചവൻ, ഒരുവൻ സ്വതന്ത്ര പ്രസവിച്ചവൻ എന്ന് എഴുതിയിരിക്കുന്നുവല്ലോ. 23ദാസിയുടെ മകൻ ജഡപ്രകാരവും സ്വതന്ത്രയുടെ മകനോ വാഗ്ദത്തത്താലും ജനിച്ചിരുന്നു. ഇതു സാദൃശ്യമാകുന്നു. 24ഈ സ്ത്രീകൾ രണ്ടു നിയമങ്ങൾ അത്രേ; ഒന്നു സീനായിമലയിൽനിന്ന് ഉണ്ടായി അടിമകളെ പ്രസവിക്കുന്നു; അതു ഹാഗാർ. 25ഹാഗാർ എന്നത് അറബിദേശത്തു സീനായിമലയെ കുറിക്കുന്നു. അത് ഇപ്പോഴത്തെ യെരൂശലേമിനോട് ഒക്കുന്നു; അതു തന്റെ മക്കളോടുകൂടെ അടിമയിലല്ലോ ഇരിക്കുന്നത്. 26മീതെയുള്ള യെരൂശലേമോ സ്വതന്ത്രയാകുന്നു; അവൾതന്നെ നമ്മുടെ അമ്മ.
27“പ്രസവിക്കാത്ത മച്ചിയേ, ആനന്ദിക്ക; നോവുകിട്ടാത്തവളേ, പൊട്ടി ആർക്കുക; ഏകാകിനിയുടെ മക്കൾ ഭർത്താവുള്ളവളുടെ മക്കളെക്കാൾ അധികം”
എന്ന് എഴുതിയിരിക്കുന്നുവല്ലോ. 28നാമോ സഹോദരന്മാരേ, യിസ്ഹാക്കിനെപ്പോലെ വാഗ്ദത്തത്താൽ ജനിച്ച മക്കൾ ആകുന്നു. 29എന്നാൽ അന്നു ജഡപ്രകാരം ജനിച്ചവൻ ആത്മപ്രകാരം ജനിച്ചവനെ ഉപദ്രവിച്ചതുപോലെ ഇന്നും കാണുന്നു. 30തിരുവെഴുത്തോ എന്തു പറയുന്നു ദാസിയെയും മകനെയും പുറത്താക്കിക്കളക; ദാസിയുടെ മകൻ സ്വതന്ത്രയുടെ മകനോടുകൂടെ അവകാശി ആകയില്ല. 31അങ്ങനെ സഹോദരന്മാരേ, നാം ദാസിയുടെ മക്കളല്ല സ്വതന്ത്രയുടെ മക്കളത്രേ.
Currently Selected:
ഗലാത്യർ 4: MALOVBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.