YouVersion Logo
Search Icon

ഗലാത്യർ 1

1
1മനുഷ്യരിൽനിന്നല്ല മനുഷ്യനാലുമല്ല യേശുക്രിസ്തുവിനാലും അവനെ മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർപ്പിച്ച പിതാവായ ദൈവത്താലുമത്രേ അപ്പൊസ്തലനായ പൗലൊസും 2കൂടെയുള്ള സകല സഹോദരന്മാരും ഗലാത്യസഭകൾക്ക് എഴുതുന്നത്: 3പിതാവായ ദൈവത്തിങ്കൽനിന്നും നമ്മുടെ ദൈവവും പിതാവുമായവന്റെ ഇഷ്ടപ്രകാരം ഇപ്പോഴത്തെ ദുഷ്ടലോകത്തിൽനിന്നു നമ്മെ വിടുവിക്കേണ്ടതിനു നമ്മുടെ പാപങ്ങൾ നിമിത്തം തന്നെത്താൻ ഏല്പിച്ചുകൊടുത്തവനായി 4നമ്മുടെ കർത്താവായ യേശുക്രിസ്തുവിങ്കൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. 5അവന് എന്നെന്നേക്കും മഹത്ത്വം. ആമേൻ.
6ക്രിസ്തുവിന്റെ കൃപയാൽ നിങ്ങളെ വിളിച്ചവനെ വിട്ടു നിങ്ങൾ ഇത്ര വേഗത്തിൽ വേറൊരു സുവിശേഷത്തിലേക്കു മറിയുന്നതുകൊണ്ടു ഞാൻ ആശ്ചര്യപ്പെടുന്നു. 7അതു വേറൊരു സുവിശേഷം എന്നല്ല, ചിലർ നിങ്ങളെ കലക്കി ക്രിസ്തുവിന്റെ സുവിശേഷം മറിച്ചുകളവാൻ ഇച്ഛിക്കുന്നു എന്നത്രേ. 8എന്നാൽ ഞങ്ങൾ നിങ്ങളോട് അറിയിച്ചതിനു വിപരീതമായി ഞങ്ങൾ ആകട്ടെ സ്വർഗത്തിൽനിന്ന് ഒരു ദൂതനാകട്ടെ നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ. 9ഞങ്ങൾ മുൻപറഞ്ഞതുപോലെ ഞാൻ ഇപ്പോൾ പിന്നെയും പറയുന്നു: നിങ്ങൾ കൈക്കൊണ്ട സുവിശേഷത്തിനു വിപരീതമായി ആരെങ്കിലും നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ. 10ഇപ്പോൾ ഞാൻ മനുഷ്യരെയോ ദൈവത്തെയോ സന്തോഷിപ്പിക്കുന്നത്? അല്ല, ഞാൻ മനുഷ്യരെ പ്രസാദിപ്പിപ്പാൻ നോക്കുന്നുവോ? ഇന്നും ഞാൻ മനുഷ്യരെ പ്രസാദിപ്പിക്കുന്നു എങ്കിൽ ക്രിസ്തുവിന്റെ ദാസനായിരിക്കയില്ല.
11സഹോദരന്മാരേ, ഞാൻ അറിയിച്ച സുവിശേഷം മാനുഷമല്ല എന്നു നിങ്ങളെ ഓർപ്പിക്കുന്നു. 12അതു ഞാൻ മനുഷ്യരോടു പ്രാപിച്ചിട്ടില്ല പഠിച്ചിട്ടുമില്ല, യേശുക്രിസ്തുവിന്റെ വെളിപ്പാടിനാൽ അത്രേ പ്രാപിച്ചത്. 13യെഹൂദമതത്തിലെ എന്റെ മുമ്പിലത്തെ നടപ്പു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. 14ഞാൻ ദൈവത്തിന്റെ സഭയെ അത്യന്തം ഉപദ്രവിച്ചു മുടിക്കയും എന്റെ പിതൃപാരമ്പര്യത്തെക്കുറിച്ച് അത്യന്തം എരിവേറി, എന്റെ സ്വജനത്തിൽ സമപ്രായക്കാരായ പലരെക്കാളും യെഹൂദമതത്തിൽ അധികം മുതിരുകയും ചെയ്തുപോന്നു. 15എങ്കിലും എന്റെ ജനനംമുതൽ എന്നെ വേർതിരിച്ച് തന്റെ കൃപയാൽ വിളിച്ചിരിക്കുന്ന ദൈവം 16തന്റെ പുത്രനെക്കുറിച്ചുള്ള സുവിശേഷം ഞാൻ ജാതികളുടെ ഇടയിൽ അറിയിക്കേണ്ടതിന് അവനെ എന്നിൽ വെളിപ്പെടുത്തുവാൻ പ്രസാദിച്ചപ്പോൾ ഞാൻ മാംസരക്തങ്ങളോട് ആലോചിക്കയോ, 17എനിക്കു മുമ്പേ അപ്പൊസ്തലന്മാരായവരുടെ അടുക്കൽ യെരൂശലേമിലേക്കു പോകയോ ചെയ്യാതെ നേരേ അറബിയിലേക്കു പോകയും ദമസ്കൊസിലേക്കു മടങ്ങിപ്പോരുകയും ചെയ്തു.
18മൂവാണ്ടു കഴിഞ്ഞിട്ടു കേഫാവുമായി മുഖപരിചയമാകേണ്ടതിനു യെരൂശലേമിലേക്കു പോയി പതിനഞ്ചു ദിവസം അവനോടുകൂടെ പാർത്തു. 19എന്നാൽ കർത്താവിന്റെ സഹോദരനായ യാക്കോബിനെ അല്ലാതെ അപ്പൊസ്തലന്മാരിൽ വേറൊരുത്തനെയും കണ്ടില്ല. 20ഞാൻ നിങ്ങൾക്ക് എഴുതുന്നതു ഭോഷ്കല്ല എന്നതിനു ദൈവം സാക്ഷി. 21പിന്നെ ഞാൻ സുറിയ, കിലിക്യ ദിക്കുകളിലേക്കു പോയി. 22യെഹൂദ്യയിലെ ക്രിസ്തുസഭകൾക്കോ ഞാൻ മുഖപരിചയം ഇല്ലാത്തവൻ ആയിരുന്നു; 23മുമ്പേ നമ്മെ ഉപദ്രവിച്ചവൻ താൻ മുമ്പേ മുടിച്ച വിശ്വാസത്തെ ഇപ്പോൾ പ്രസംഗിക്കുന്നു 24എന്നു മാത്രം അവർ കേട്ട് എന്നെച്ചൊല്ലി ദൈവത്തെ മഹത്ത്വപ്പെടുത്തി.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in