യെഹെസ്കേൽ 10
10
1അനന്തരം ഞാൻ നോക്കിയപ്പോൾ കെരൂബുകളുടെ തലയ്ക്കുമീതെ ഉണ്ടായിരുന്ന വിതാനത്തിൽ നീലക്കല്ലുപോലെ സിംഹാസനത്തിന്റെ സാദൃശ്യത്തിൽ ഒരു രൂപം അവയുടെമേൽ കാണായ്‍വന്നു. 2അവൻ ശണവസ്ത്രം ധരിച്ച പുരുഷനോടു സംസാരിച്ചു: നീ കെരൂബിന്റെ കീഴെ തിരിഞ്ഞുകൊണ്ടിരിക്കുന്ന ചക്രങ്ങളുടെ നടുവിൽ ചെന്ന്, കെരൂബുകളുടെ ഇടയിൽനിന്ന് നിന്റെ കൈ നിറയെ തീക്കനൽ എടുത്ത് നഗരത്തിന്മേൽ വിതറുക എന്നു കല്പിച്ചു; അങ്ങനെ ഞാൻ കാൺകെ അവൻ ചെന്നു, 3ആ പുരുഷൻ അകത്തു ചെല്ലുമ്പോൾ കെരൂബുകൾ ആലയത്തിന്റെ വലത്തുഭാഗത്തു നിന്നു. മേഘവും അകത്തെ പ്രാകാരത്തിൽ നിറഞ്ഞിരുന്നു. 4എന്നാൽ യഹോവയുടെ മഹത്ത്വം കെരൂബിന്മേൽനിന്നു പൊങ്ങി ആലയത്തിന്റെ ഉമ്മരപ്പടിക്കു മീതെ നിന്നു; ആലയം മേഘംകൊണ്ടു നിറഞ്ഞിരുന്നു; പ്രാകാരവും യഹോവയുടെ മഹത്ത്വത്തിന്റെ ശോഭകൊണ്ടു നിറഞ്ഞിരുന്നു. 5കെരൂബുകളുടെ ചിറകുകളുടെ ഇരച്ചിൽ പുറത്തെ പ്രാകാരംവരെ സർവശക്തനായ ദൈവം സംസാരിക്കുന്ന നാദംപോലെ കേൾപ്പാനുണ്ടായിരുന്നു. 6എന്നാൽ അവൻ ശണവസ്ത്രം ധരിച്ച പുരുഷനോട്: നീ കെരൂബുകളുടെ ഇടയിൽനിന്ന്, തിരിഞ്ഞുകൊണ്ടിരിക്കുന്ന ചക്രങ്ങളുടെ നടുവിൽനിന്നു തന്നെ, തീ എടുക്ക എന്നു കല്പിച്ചപ്പോൾ അവൻ ചെന്ന് ചക്രങ്ങളുടെ അരികെ നിന്നു. 7ഒരു കെരൂബ് കെരൂബുകളുടെ ഇടയിൽനിന്ന് തന്റെ കൈ കെരൂബുകളുടെ നടുവിലുള്ള തീയിലേക്കു നീട്ടി കുറെ എടുത്ത് ശണവസ്ത്രം ധരിച്ചവന്റെ കൈയിൽ കൊടുത്തു; 8അവൻ അതു വാങ്ങി പുറപ്പെട്ടു പോയി. കെരൂബുകളിൽ ചിറകുകൾക്കു കീഴെ മനുഷ്യന്റെ കൈപോലെ ഒന്നു കാണായ്‍വന്നു. 9ഞാൻ കെരൂബുകളുടെ അരികെ നാലു ചക്രം കണ്ടു; ഓരോ കെരൂബിനരികെ ഓരോ ചക്രം ഉണ്ടായിരുന്നു; ചക്രങ്ങളുടെ കാഴ്ച പുഷ്പരാഗംപോലെ ആയിരുന്നു. 10അവയുടെ കാഴ്ചയോ നാലിനും ഒരു ഭാഷ ആയിരുന്നു; ചക്രത്തിൽക്കൂടി മറ്റൊരു ചക്രം ഉള്ളതുപോലെ തന്നെ. 11അവയ്ക്കു നാലു ഭാഗത്തേക്കും പോകാം; തിരിവാൻ ആവശ്യമില്ലാതെ തലനോക്കുന്ന ഇടത്തേക്ക് അതിന്റെ പിന്നാലെ അവ പോകും; പോകുമ്പോൾ തിരിയുകയുമില്ല. 12അവയുടെ ദേഹത്തിൽ എങ്ങും മുതുകിലും കൈയിലും ചിറകിലും ചക്രത്തിലും, നാലിനും ഉള്ള ചക്രത്തിൽ തന്നെ, ചുറ്റും അടുത്തടുത്ത് കണ്ണ് ഉണ്ടായിരുന്നു. 13ചക്രങ്ങൾക്കോ, ഞാൻ കേൾക്കെ ചുഴലികൾ എന്നു പേർ വിളിച്ചു. 14ഓരോന്നിനും നന്നാലു മുഖം ഉണ്ടായിരുന്നു; ഒന്നാമത്തെ മുഖം കെരൂബ്മുഖവും രണ്ടാമത്തേതു മാനുഷമുഖവും മൂന്നാമത്തേതു സിംഹമുഖവും നാലാമത്തേതു കഴുകുമുഖവും ആയിരുന്നു. 15കെരൂബുകൾ മേലോട്ടു പൊങ്ങി; ഇതു ഞാൻ കെബാർനദീതീരത്തുവച്ചു കണ്ട ജീവിതന്നെ. 16കെരൂബുകൾ പോകുമ്പോൾ ചക്രങ്ങളും ചേർന്നുതന്നെ പോകും; ഭൂമിയിൽനിന്നു പൊങ്ങുവാൻ കെരൂബുകൾ ചിറകു വിടർത്തുമ്പോൾ ചക്രങ്ങൾ അവയുടെ പാർശ്വം വിട്ടുമാറുകയില്ല. 17ജീവിയുടെ ആത്മാവ് ചക്രങ്ങളിൽ ആയിരുന്നതുകൊണ്ട് അവ നില്ക്കുമ്പോൾ ഇവയും നില്ക്കും; അവ പൊങ്ങുമ്പോൾ ഇവയും പൊങ്ങും. 18പിന്നെ യഹോവയുടെ മഹത്ത്വം ആലയത്തിന്റെ ഉമ്മരപ്പടി വിട്ടു പുറപ്പെട്ടു കെരൂബുകളിൻമീതെ വന്നുനിന്നു. 19അപ്പോൾ കെരൂബുകൾ ചിറകു വിടർത്തി, ഞാൻ കാൺകെ ഭൂമിയിൽനിന്നു മേലോട്ടു പൊങ്ങി; അവ പൊങ്ങിയപ്പോൾ ചക്രങ്ങളും ചേർന്നുതന്നെ ഉണ്ടായിരുന്നു; എല്ലാംകൂടെ യഹോവയുടെ ആലയത്തിന്റെ കിഴക്കേ പടിവാതിൽക്കൽ ചെന്നു നിന്നു; യിസ്രായേലിന്റെ ദൈവത്തിന്റെ മഹത്ത്വവും മേലെ, അവയ്ക്കു മീതെ നിന്നു. 20ഇതു ഞാൻ കെബാർനദീതീരത്തുവച്ചു യിസ്രായേലിന്റെ ദൈവത്തിന്റെ കീഴെ കണ്ട ജീവി തന്നെ; അവ കെരൂബുകൾ എന്നു ഞാൻ ഗ്രഹിച്ചു. 21ഓരോന്നിനും നന്നാലു മുഖവും നന്നാലു ചിറകും ഉണ്ടായിരുന്നു; ചിറകിൻ കീഴെ മാനുഷകൈപോലെ ഒന്നുണ്ടായിരുന്നു. 22അവയുടെ മുഖരൂപം വിചാരിച്ചാൽ ഞാൻ കെബാർനദീതീരത്തുവച്ചു കണ്ട മുഖങ്ങൾതന്നെ ആയിരുന്നു; അവയുടെ ഭാഷയും അവ ഒക്കെയും തന്നെ. അവ ഓരോന്നും നേരേ മുമ്പോട്ടുതന്നെ പോകും.
Currently Selected:
യെഹെസ്കേൽ 10: MALOVBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.