പുറപ്പാട് 4
4
1അതിനു മോശെ: അവർ എന്നെ വിശ്വസിക്കാതെയും എന്റെ വാക്ക് കേൾക്കാതെയും, യഹോവ നിനക്കു പ്രത്യക്ഷനായിട്ടില്ല എന്നു പറയും എന്നുത്തരം പറഞ്ഞു. 2യഹോവ അവനോട്: നിന്റെ കൈയിൽ ഇരിക്കുന്നത് എന്ത് എന്നു ചോദിച്ചു. ഒരു വടി എന്ന് അവൻ പറഞ്ഞു. 3അതു നിലത്തിടുക എന്നു കല്പിച്ചു. അവൻ നിലത്തിട്ടു; അത് ഒരു സർപ്പമായിത്തീർന്നു; മോശെ അതിനെ കണ്ട് ഓടിപ്പോയി. 4യഹോവ മോശെയോട്: നിന്റെ കൈ നീട്ടി അതിനെ വാലിനു പിടിക്ക എന്നു കല്പിച്ചു. അവൻ കൈ നീട്ടി അതിനെ പിടിച്ചു; അത് അവന്റെ കൈയിൽ വടിയായിത്തീർന്നു. 5ഇത് അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിനക്കു പ്രത്യക്ഷനായി എന്ന് അവർ വിശ്വസിക്കേണ്ടതിന് ആകുന്നു. 6യഹോവ പിന്നെയും അവനോട്: നിന്റെ കൈ മാർവിടത്തിൽ ഇടുക എന്നു കല്പിച്ചു. അവൻ കൈ മാർവിടത്തിൽ ഇട്ടു; പുറത്ത് എടുത്തപ്പോൾ കൈ ഹിമംപോലെ വെളുത്തു കുഷ്ഠം ഉള്ളതായി കണ്ടു. 7നിന്റെ കൈ വീണ്ടും മാർവിടത്തിൽ ഇടുക എന്നു കല്പിച്ചു. അവൻ കൈ വീണ്ടും മാർവിടത്തിൽ ഇട്ടു, മാർവിടത്തിൽനിന്നു പുറത്തെടുത്തപ്പോൾ, അതു വീണ്ടും അവന്റെ മറ്റേ മാംസംപോലെ ആയി കണ്ടു. 8എന്നാൽ അവർ വിശ്വസിക്കാതെയും ആദ്യത്തെ അടയാളം അനുസരിക്കാതെയും ഇരുന്നാൽ അവർ പിന്നത്തെ അടയാളം വിശ്വസിക്കും. 9ഈ രണ്ട് അടയാളങ്ങളും അവർ വിശ്വസിക്കാതെയും നിന്റെ വാക്ക് കേൾക്കാതെയും ഇരുന്നാൽ നീ നദിയിലെ വെള്ളം കോരി ഉണങ്ങിയ നിലത്ത് ഒഴിക്കേണം; നദിയിൽനിന്നു കോരിയ വെള്ളം ഉണങ്ങിയ നിലത്തു രക്തമായിത്തീരും. 10മോശെ യഹോവയോട്: കർത്താവേ, മുമ്പേ തന്നെയും നീ അടിയനോടു സംസാരിച്ചശേഷവും ഞാൻ വാക്സാമർഥ്യമുള്ളവനല്ല; ഞാൻ വിക്കനും തടിച്ച നാവുള്ളവനും ആകുന്നു എന്നു പറഞ്ഞു. 11അതിന് യഹോവ അവനോട്: മനുഷ്യനു വായ് കൊടുത്തത് ആർ? അല്ല, ഊമനെയും ചെകിടനെയും കാഴ്ചയുള്ളവനെയും കുരുടനെയും ഉണ്ടാക്കിയത് ആർ? യഹോവയായ ഞാൻ അല്ലയോ? 12ആകയാൽ നീ ചെല്ലുക; ഞാൻ നിന്റെ വായോടുകൂടെ ഇരുന്ന്, നീ സംസാരിക്കേണ്ടതു നിനക്ക് ഉപദേശിച്ചുതരും എന്ന് അരുളിച്ചെയ്തു. 13എന്നാൽ അവൻ: കർത്താവേ, നിനക്കു ബോധിച്ച മറ്റാരെയെങ്കിലും അയയ്ക്കേണമേ എന്നു പറഞ്ഞു. 14അപ്പോൾ യഹോവയുടെ കോപം മോശെയുടെ നേരേ ജ്വലിച്ചു, അവൻ അരുളിച്ചെയ്തത്: ലേവ്യനായ അഹരോൻ നിന്റെ സഹോദരനല്ലയോ? അവനു നല്ലവണ്ണം സംസാരിക്കാമെന്നു ഞാൻ അറിയുന്നു. അവൻ നിന്നെ എതിരേല്പാൻ പുറപ്പെട്ടുവരുന്നു. നിന്നെ കാണുമ്പോൾ അവൻ ഹൃദയത്തിൽ ആനന്ദിക്കും. 15നീ അവനോടു സംസാരിച്ച് അവനു വാക്കു പറഞ്ഞു കൊടുക്കേണം. ഞാൻ നിന്റെ വായോടും അവന്റെ വായോടുംകൂടെ ഇരിക്കും. നിങ്ങൾ ചെയ്യേണ്ടുന്നത് ഉപദേശിച്ചു തരും. 16നിനക്കു പകരം അവൻ ജനത്തോടു സംസാരിക്കും; അവൻ നിനക്കു വായായിരിക്കും, നീ അവനു ദൈവവും ആയിരിക്കും. 17അടയാളങ്ങൾ പ്രവർത്തിക്കേണ്ടതിന് ഈ വടിയും നിന്റെ കൈയിൽ എടുത്തുകൊൾക.
18പിന്നെ മോശെ തന്റെ അമ്മായപ്പനായ യിത്രോവിന്റെ അടുക്കൽ ചെന്ന് അവനോട്: ഞാൻ പുറപ്പെട്ട്, മിസ്രയീമിലെ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്ന്, അവർ ജീവനോടിരിക്കുന്നുവോ എന്നു നോക്കട്ടെ എന്നു പറഞ്ഞു. യിത്രോ മോശെയോട്: സമാധാനത്തോടെ പോക എന്നു പറഞ്ഞു. 19യഹോവ മിദ്യാനിൽവച്ചു മോശെയോട്: മിസ്രയീമിലേക്കു മടങ്ങിപ്പോക; നിനക്കു ജീവഹാനി വരുത്തുവാൻ നോക്കിയവർ എല്ലാവരും മരിച്ചുപോയി എന്ന് അരുളിച്ചെയ്തു. 20അങ്ങനെ മോശെ തന്റെ ഭാര്യയെയും പുത്രന്മാരെയും കൂട്ടി കഴുതപ്പുറത്തു കയറ്റി മിസ്രയീംദേശത്തേക്കു മടങ്ങി; ദൈവത്തിന്റെ വടിയും മോശെ കൈയിൽ എടുത്തു. 21യഹോവ മോശെയോട് അരുളിച്ചെയ്തത്: നീ മിസ്രയീമിൽ ചെന്നെത്തുമ്പോൾ ഞാൻ നിന്നെ ഭരമേല്പിച്ചിട്ടുള്ള അദ്ഭുതങ്ങളൊക്കെയും ഫറവോന്റെ മുമ്പാകെ ചെയ്വാൻ ഓർത്തുകൊൾക; എന്നാൽ അവൻ ജനത്തെ വിട്ടയയ്ക്കാതിരിപ്പാൻ ഞാൻ അവന്റെ ഹൃദയം കഠിനമാക്കും. 22നീ ഫറവോനോട്: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ എന്റെ പുത്രൻ, എന്റെ ആദ്യജാതൻ തന്നെ. 23എനിക്കു ശുശ്രൂഷ ചെയ്വാൻ എന്റെ പുത്രനെ വിട്ടയക്കേണമെന്നു ഞാൻ നിന്നോടു കല്പിക്കുന്നു; അവനെ വിട്ടയപ്പാൻ സമ്മതിക്കുന്നില്ലെങ്കിൽ ഞാൻ നിന്റെ പുത്രനെ, നിന്റെ ആദ്യജാതനെതന്നെ കൊന്നുകളയും എന്നു പറക. 24എന്നാൽ വഴിയിൽ സത്രത്തിൽവച്ചു യഹോവ അവനെ എതിരിട്ടു കൊല്ലുവാൻ ഭാവിച്ചു. 25അപ്പോൾ സിപ്പോറാ ഒരു കല്ക്കത്തി എടുത്തു തന്റെ മകന്റെ അഗ്രചർമം ഛേദിച്ച് അവന്റെ കാല്ക്കൽ ഇട്ടു: നീ എനിക്കു രക്തമണവാളൻ എന്നു പറഞ്ഞു. 26ഇങ്ങനെ അവൻ അവനെ വിട്ടൊഴിഞ്ഞു; ആ സമയത്താകുന്നു അവൾ പരിച്ഛേദന നിമിത്തം രക്തമണവാളൻ എന്നു പറഞ്ഞത്.
27എന്നാൽ യഹോവ അഹരോനോട്: നീ മരുഭൂമിയിൽ മോശെയെ എതിരേല്പാൻ ചെല്ലുക എന്നു കല്പിച്ചു; അവൻ ചെന്നു ദൈവത്തിന്റെ പർവതത്തിങ്കൽവച്ച് അവനെ എതിരേറ്റു ചുംബിച്ചു. 28യഹോവ തന്നെ ഏല്പിച്ചയച്ച വചനങ്ങളൊക്കെയും തന്നോടു കല്പിച്ച അടയാളങ്ങളൊക്കെയും മോശെ അഹരോനെ അറിയിച്ചു. 29പിന്നെ മോശെയും അഹരോനും പോയി, യിസ്രായേൽമക്കളുടെ മൂപ്പന്മാരെയൊക്കെയും കൂട്ടിവരുത്തി. 30യഹോവ മോശെയോടു കല്പിച്ച വചനങ്ങളെല്ലാം അഹരോൻ പറഞ്ഞു കേൾപ്പിച്ചു, ജനം കാൺകെ ആ അടയാളങ്ങളും പ്രവർത്തിച്ചു. 31അപ്പോൾ ജനം വിശ്വസിച്ചു; യഹോവ യിസ്രായേൽമക്കളെ സന്ദർശിച്ചു എന്നും തങ്ങളുടെ കഷ്ടത കടാക്ഷിച്ചു എന്നും കേട്ടിട്ട്, അവർ കുമ്പിട്ടു നമസ്കരിച്ചു.
Currently Selected:
പുറപ്പാട് 4: MALOVBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.