YouVersion Logo
Search Icon

പുറപ്പാട് 38

38
1അവൻ ഖദിരമരംകൊണ്ടു ഹോമയാഗപീഠം ഉണ്ടാക്കി; അത് അഞ്ചു മുഴം നീളവും അഞ്ചു മുഴം വീതിയും ഇങ്ങനെ സമചതുരവും മൂന്നു മുഴം ഉയരവുമുള്ളതായിരുന്നു. 2അതിന്റെ നാലു കോണിലും നാലു കൊമ്പുണ്ടാക്കി; കൊമ്പുകൾ അതിൽനിന്നുതന്നെ ആയിരുന്നു. താമ്രംകൊണ്ട് അതു പൊതിഞ്ഞു. 3ചട്ടി, ചട്ടുകം, കലശം, മുൾക്കൊളുത്ത്, തീക്കലശം ഇങ്ങനെ പീഠത്തിന്റെ ഉപകരണങ്ങളൊക്കെയും ഉണ്ടാക്കി; അതിന്റെ ഉപകരണങ്ങളൊക്കെയും താമ്രംകൊണ്ട് ഉണ്ടാക്കി. 4അവൻ യാഗപീഠത്തിനു വലപ്പണിയായ ഒരു താമ്രജാലം ഉണ്ടാക്കി; അതു താഴെ അതിന്റെ ചുറ്റുപടിക്കു കീഴെ അതിന്റെ പാതിയോളം എത്തി. 5താമ്രജാലത്തിന്റെ നാല് അറ്റത്തിനും തണ്ടു ചെലുത്തുവാൻ നാലു വളയം വാർത്തു. 6ഖദിരമരംകൊണ്ടു തണ്ടുകളും ഉണ്ടാക്കി താമ്രംകൊണ്ടു പൊതിഞ്ഞു. 7യാഗപീഠം ചുമക്കേണ്ടതിന് അതിന്റെ പാർശ്വങ്ങളിലുള്ള വളയങ്ങളിൽ ആ തണ്ടുകൾ ചെലുത്തി; യാഗപീഠം പലകകൊണ്ടു പൊള്ളയായി ഉണ്ടാക്കി.
8സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ സേവ ചെയ്തുവന്ന സ്ത്രീകളുടെ ദർപ്പണങ്ങൾകൊണ്ട് അവൻ താമ്രത്തൊട്ടിയും അതിന്റെ താമ്രക്കാലും ഉണ്ടാക്കി.
9അവൻ പ്രാകാരവും ഉണ്ടാക്കി; തെക്കു വശത്തെ പ്രാകാരത്തിനു പിരിച്ച പഞ്ഞിനൂൽകൊണ്ടുള്ള നൂറു മുഴം മറശ്ശീല ഉണ്ടായിരുന്നു. 10അതിന് ഇരുപതു തൂണും തൂണുകൾക്ക് ഇരുപതു താമ്രച്ചുവടും ഉണ്ടായിരുന്നു. തൂണുകളുടെ കൊളുത്തും മേൽചുറ്റുപടിയും വെള്ളി ആയിരുന്നു. 11വടക്കുവശത്തു നൂറു മുഴം മറശ്ശീലയും അതിന് ഇരുപതു തൂണും തൂണുകൾക്ക് ഇരുപതു താമ്രച്ചുവടും ഉണ്ടായിരുന്നു; തൂണുകളുടെ കൊളുത്തും മേൽചുറ്റുപടിയും വെള്ളി ആയിരുന്നു.
12പടിഞ്ഞാറുവശത്ത് അമ്പതു മുഴം മറശ്ശീലയും അതിനു പത്തു തൂണും തൂണുകൾക്കു പത്തു ചുവടും ഉണ്ടായിരുന്നു; തൂണുകളുടെ കൊളുത്തും മേൽചുറ്റുപടിയും വെള്ളി ആയിരുന്നു. 13കിഴക്കുവശത്തു മറശ്ശീല അമ്പതു മുഴം ആയിരുന്നു. 14വാതിലിന്റെ ഒരു വശത്തു മറശ്ശീല പതിനഞ്ചു മുഴവും അതിനു മൂന്നു തൂണും അവയ്ക്കു മൂന്നു ചുവടും ഉണ്ടായിരുന്നു. 15മറ്റേവശത്തും അങ്ങനെതന്നെ; ഇങ്ങനെ പ്രാകാരവാതിലിന്റെ ഇപ്പുറത്തും അപ്പുറത്തും പതിനഞ്ചു മുഴം വീതം മറശ്ശീലയും അതിനു മുമ്മൂന്നു തൂണും മുമ്മൂന്നു ചുവടും ഉണ്ടായിരുന്നു. 16ചുറ്റും പ്രാകാരത്തിന്റെ മറശ്ശീലയൊക്കെയും പിരിച്ച പഞ്ഞിനൂൽകൊണ്ട് ആയിരുന്നു. 17തൂണുകൾക്കുള്ള ചുവടു താമ്രംകൊണ്ടും തൂണുകളുടെ കൊളുത്തും മേൽചുറ്റുപടിയും വെള്ളികൊണ്ടും കുമിഴുകൾ വെള്ളി പൊതിഞ്ഞവയും പ്രാകാരത്തിന്റെ തൂണുകളൊക്കെയും വെള്ളികൊണ്ടു മേൽചുറ്റുപടിയുള്ളവയും ആയിരുന്നു. 18എന്നാൽ പ്രാകാരവാതിലിന്റെ മറശ്ശീല നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ട് ചിത്രത്തയ്യൽപ്പണി ആയിരുന്നു; അതിന്റെ നീളം ഇരുപതു മുഴവും അതിന്റെ ഉയരമായ വീതി പ്രാകാരത്തിന്റെ മറശ്ശീലയ്ക്കു സമമായി അഞ്ചു മുഴവും ആയിരുന്നു. 19അതിന്റെ തൂണു നാലും അവയുടെ ചുവടു നാലും താമ്രമായിരുന്നു; കൊളുത്തും കുമിഴുകൾ പൊതിഞ്ഞിരുന്ന തകിടും മേൽചുറ്റുപടിയും വെള്ളി ആയിരുന്നു. 20തിരുനിവാസത്തിനും പ്രാകാരത്തിനും നാലു പുറവുമുള്ള കുറ്റികളൊക്കെയും താമ്രം ആയിരുന്നു.
21മോശെയുടെ കല്പന അനുസരിച്ചു പുരോഹിതനായ അഹരോന്റെ മകൻ ഈഥാമാർ മുഖാന്തരം ലേവ്യരുടെ ശുശ്രൂഷയാൽ കണക്കു കൂട്ടിയതുപോലെ സാക്ഷ്യകൂടാരമെന്ന തിരുനിവാസത്തിനുണ്ടായ ചെലവ് എന്തെന്നാൽ: 22യെഹൂദാഗോത്രത്തിൽ ഹൂരിന്റെ മകനായ ഊരിയുടെ മകൻ ബെസലേൽ മോശെയോട് യഹോവ കല്പിച്ചതൊക്കെയും ഉണ്ടാക്കി. 23അവനോടുകൂടെ ദാൻഗോത്രത്തിൽ അഹീസാമാക്കിന്റെ മകനായി കൊത്തുപണിക്കാരനും കൗശലപ്പണിക്കാരനും നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ എന്നിവകൊണ്ട് ചിത്രത്തയ്യൽപ്പണി ചെയ്യുന്നവനുമായ ഒഹൊലീയാബും ഉണ്ടായിരുന്നു.
24വിശുദ്ധമന്ദിരത്തിന്റെ സകല പ്രവൃത്തിയുടെയും പണിക്ക് വഴിപാടായി വന്ന് ഉപയോഗിച്ച പൊന്ന് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം ആകെ ഇരുപത്തൊമ്പതു താലന്തും എഴുനൂറ്റിമുപ്പതു ശേക്കെലും ആയിരുന്നു. 25സഭയിൽ ചാർത്തപ്പെട്ടവരുടെ വെള്ളി വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറു താലന്തും ആയിരത്തി എഴുനൂറ്റി എഴുപത്തഞ്ചു ശേക്കെലും ആയിരുന്നു. 26ഇരുപതു വയസ്സുമുതൽ മേലോട്ടു പ്രായമുള്ളവരായി ചാർത്തപ്പെട്ടവരുടെ എണ്ണത്തിൽ ഉൾപ്പെട്ട ആറുലക്ഷത്തി മൂവായിരത്തഞ്ഞൂറ്റമ്പതു പേരിൽ ഓരോരുത്തന് ഓരോ ബെക്കാ വീതമായിരുന്നു; അതു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം അര ശേക്കെൽ ആകുന്നു. 27വിശുദ്ധമന്ദിരത്തിന്റെ ചുവടുകളും മറശ്ശീലയുടെ ചുവടുകളും വാർക്കുന്നതിന് ഒരു ചുവടിന് ഒരു താലന്തു വീതം നൂറു ചുവടിനു നൂറു താലന്തു വെള്ളി ചെലവായി. 28ശേഷിപ്പുള്ള ആയിരത്തിഎഴുനൂറ്റി എഴുപത്തഞ്ചു ശേക്കെൽകൊണ്ട് അവൻ തൂണുകൾക്കു കൊളുത്ത് ഉണ്ടാക്കുകയും കുമിഴ് പൊതികയും മേൽചുറ്റുപടി ഉണ്ടാക്കുകയും ചെയ്തു. 29വഴിപാടു വന്ന താമ്രം എഴുപതു താലന്തും രണ്ടായിരത്തിനാനൂറു ശേക്കെലും ആയിരുന്നു. 30അതുകൊണ്ട് അവൻ സമാഗമനകൂടാരത്തിന്റെ വാതിലിനുള്ള ചുവടുകളും താമ്രയാഗപീഠവും അതിന്റെ താമ്രജാലവും യാഗപീഠത്തിന്റെ ഉപകരണങ്ങളൊക്കെയും 31ചുറ്റും പ്രാകാരത്തിന്റെ ചുവടുകളും പ്രാകാരവാതിലിനുള്ള ചുവടുകളും തിരുനിവാസത്തിന്റെ എല്ലാ കുറ്റികളും ചുറ്റും പ്രാകാരത്തിന്റെ കുറ്റികളും ഉണ്ടാക്കി.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in