പുറപ്പാട് 33
33
1അനന്തരം യഹോവ മോശെയോടു കല്പിച്ചത് എന്തെന്നാൽ: നീയും മിസ്രയീംദേശത്തുനിന്നു നീ കൊണ്ടുവന്ന ജനവും ഇവിടെനിന്നു പുറപ്പെട്ടു, നിന്റെ സന്തതിക്കു കൊടുക്കുമെന്നു ഞാൻ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും സത്യം ചെയ്ത ദേശത്തേക്ക്, 2പാലും തേനും ഒഴുകുന്ന ദേശത്തേക്കുതന്നെ, പോകുവിൻ. ഞാൻ ഒരു ദൂതനെ നിനക്കു മുമ്പായി അയയ്ക്കും; കനാന്യൻ, അമോര്യൻ, ഹിത്യൻ, പെരിസ്യൻ, ഹിവ്യൻ, യെബൂസ്യൻ എന്നിവരെ ഞാൻ ഓടിച്ചുകളയും. 3വഴിയിൽവച്ചു ഞാൻ നിന്നെ നശിപ്പിക്കാതിരിക്കേണ്ടതിനു ഞാൻ നിന്റെ നടുവിൽ നടക്കയില്ല; നീ ദുശ്ശാഠ്യമുള്ള ജനം ആകുന്നു. 4ദോഷകരമായ ഈ വചനം കേട്ടപ്പോൾ ജനം ദുഃഖിച്ചു; ആരും തന്റെ ആഭരണം ധരിച്ചതുമില്ല. 5നിങ്ങൾ ദുശ്ശാഠ്യമുള്ള ജനം ആകുന്നു; ഞാൻ ഒരു നിമിഷനേരം നിന്റെ നടുവിൽ നടന്നാൽ നിന്നെ സംഹരിച്ചുകളയും; അതുകൊണ്ടു ഞാൻ നിന്നോട് എന്തു ചെയ്യേണം എന്ന് അറിയേണ്ടതിനു നീ നിന്റെ ആഭരണം നീക്കിക്കളക എന്നിങ്ങനെ യിസ്രായേൽമക്കളോടു പറക എന്ന് യഹോവ മോശെയോടു കല്പിച്ചിരുന്നു. 6അങ്ങനെ ഹോറേബ്പർവതത്തിങ്കൽ തുടങ്ങി യിസ്രായേൽമക്കൾ ആഭരണം ധരിച്ചില്ല.
7മോശെ കൂടാരം എടുത്ത് പാളയത്തിനു പുറത്ത് പാളയത്തിൽനിന്നു ദൂരത്ത് അടിച്ചു; അതിനു സമാഗമനകൂടാരം എന്നു പേർ ഇട്ടു. യഹോവയെ അന്വേഷിക്കുന്നവനെല്ലാം പുറപ്പെട്ടു പാളയത്തിനു പുറത്തുള്ള സമാഗമനകൂടാരത്തിലേക്കു ചെന്നു. 8മോശെ കൂടാരത്തിലേക്കു പോകുമ്പോൾ ജനമൊക്കെയും എഴുന്നേറ്റ് ഓരോരുത്തൻ താന്താന്റെ കൂടാരവാതിൽക്കൽ നിന്നു, മോശെ കൂടാരത്തിനകത്തു കടക്കുവോളം അവനെ നോക്കിക്കൊണ്ടിരുന്നു. 9മോശെ കൂടാരത്തിൽ കടക്കുമ്പോൾ മേഘസ്തംഭം ഇറങ്ങി കൂടാരവാതിൽക്കൽ നില്ക്കയും യഹോവ മോശെയോടു സംസാരിക്കയും ചെയ്തു. 10ജനം എല്ലാം കൂടാരവാതിൽക്കൽ മേഘസ്തംഭം നില്ക്കുന്നതു കണ്ടു. ജനം എല്ലാം എഴുന്നേറ്റ് ഓരോരുത്തൻ താന്താന്റെ കൂടാരവാതിൽക്കൽവച്ചു നമസ്കരിച്ചു. 11ഒരുത്തൻ തന്റെ സ്നേഹിതനോടു സംസാരിക്കുന്നതുപോലെ യഹോവ മോശെയോട് അഭിമുഖമായി സംസാരിച്ചു. പിന്നെ അവൻ പാളയത്തിലേക്കു മടങ്ങിവന്നു; അവന്റെ ശുശ്രൂഷക്കാരനായ നൂന്റെ പുത്രനായ യോശുവ എന്ന ബാല്യക്കാരനോ കൂടാരത്തെ വിട്ടുപിരിയാതിരുന്നു.
12മോശെ യഹോവയോടു പറഞ്ഞത് എന്തെന്നാൽ: ഈ ജനത്തെ കൂട്ടിക്കൊണ്ടു പോക എന്നു നീ എന്നോടു കല്പിച്ചുവല്ലോ; എങ്കിലും ആരെ എന്നോടുകൂടെ അയയ്ക്കുമെന്ന് അറിയിച്ചുതന്നില്ല; എന്നാൽ: ഞാൻ നിന്നെ അടുത്ത് അറിഞ്ഞിരിക്കുന്നു; എനിക്കു നിന്നോടു കൃപ തോന്നിയിരിക്കുന്നു എന്നു നീ അരുളിച്ചെയ്തിട്ടുണ്ടല്ലോ. 13ആകയാൽ എന്നോടു കൃപയുണ്ടെങ്കിൽ നിന്റെ വഴി എന്നെ അറിയിക്കേണമേ; നിനക്ക് എന്നോടു കൃപയുണ്ടാകുവാൻ തക്കവണ്ണം ഞാൻ നിന്നെ അറിയുമാറാകട്ടെ; ഈ ജാതി നിന്റെ ജനം എന്ന് ഓർക്കേണമേ. 14അതിന് അവൻ: എന്റെ സാന്നിധ്യം നിന്നോടുകൂടെ പോരും; ഞാൻ നിനക്കു സ്വസ്ഥത നല്കും എന്ന് അരുളിച്ചെയ്തു. 15അവൻ അവനോട്: തിരുസാന്നിധ്യം എന്നോടുകൂടെ പോരുന്നില്ല എങ്കിൽ ഞങ്ങളെ ഇവിടെനിന്നു പുറപ്പെടുവിക്കരുതേ. 16എന്നോടും നിന്റെ ജനത്തോടും കൃപ ഉണ്ടെന്നുള്ളത് ഏതിനാൽ അറിയും? നീ ഞങ്ങളോടുകൂടെ പോരുന്നതിനാലല്ലയോ? അങ്ങനെ ഞാനും നിന്റെ ജനവും ഭൂതലത്തിലുള്ള സകല ജാതികളിലുംവച്ച് വിശേഷതയുള്ളവരായിരിക്കും എന്നു പറഞ്ഞു.
17യഹോവ മോശെയോട്: നീ പറഞ്ഞ ഈ വാക്കുപോലെ ഞാൻ ചെയ്യും; എനിക്കു നിന്നോടു കൃപ തോന്നിയിരിക്കുന്നു; ഞാൻ നിന്നെ അടുത്ത് അറിഞ്ഞുമിരിക്കുന്നു എന്ന് അരുളിച്ചെയ്തു. 18അപ്പോൾ അവൻ: നിന്റെ തേജസ്സ് എനിക്കു കാണിച്ചു തരേണമേ എന്നപേക്ഷിച്ചു. 19അതിന് അവൻ: ഞാൻ എന്റെ മഹിമയൊക്കെയും നിന്റെ മുമ്പാകെ കടക്കുമാറാക്കി യഹോവയുടെ നാമത്തെ നിന്റെ മുമ്പാകെ ഘോഷിക്കും; കൃപ ചെയ്‍വാൻ എനിക്കു മനസ്സുള്ളവനോടു ഞാൻ കൃപ ചെയ്യും; കരുണ കാണിപ്പാൻ എനിക്കു മനസ്സുള്ളവന് ഞാൻ കരുണ കാണിക്കും എന്നരുളിച്ചെയ്തു. 20നിനക്ക് എന്റെ മുഖം കാൺമാൻ കഴികയില്ല; ഒരു മനുഷ്യനും എന്നെ കണ്ടു ജീവനോടെ ഇരിക്കയില്ല എന്നും അവൻ കല്പിച്ചു. 21ഇതാ, എന്റെ അടുക്കൽ ഒരു സ്ഥലമുണ്ട്; അവിടെ ആ പാറമേൽ നീ നില്ക്കേണം. 22എന്റെ തേജസ്സ് കടന്നുപോകുമ്പോൾ ഞാൻ നിന്നെ പാറയുടെ ഒരു പിളർപ്പിൽ ആക്കി ഞാൻ കടന്നുപോകുവോളം എന്റെ കൈകൊണ്ടു നിന്നെ മറയ്ക്കും. 23പിന്നെ എന്റെ കൈ നീക്കും; നീ എന്റെ പിൻഭാഗം കാണും; എന്റെ മുഖമോ കാണാവതല്ല എന്നും യഹോവ അരുളിച്ചെയ്തു.
Currently Selected:
പുറപ്പാട് 33: MALOVBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.