പുറപ്പാട് 27:1-8
പുറപ്പാട് 27:1-8 MALOVBSI
അഞ്ചു മുഴം നീളവും അഞ്ചു മുഴംവീതിയുമായി ഖദിരമരംകൊണ്ടു യാഗപീഠം ഉണ്ടാക്കേണം; യാഗപീഠം സമചതുരവും മൂന്നു മുഴം ഉയരവും ആയിരിക്കേണം. അതിന്റെ നാലു കോണിലും കൊമ്പ് ഉണ്ടാക്കേണം; കൊമ്പ് അതിൽനിന്നുതന്നെ ആയിരിക്കേണം; അതു താമ്രംകൊണ്ടു പൊതിയേണം. അതിലെ വെണ്ണീർ എടുക്കേണ്ടതിനു ചട്ടികളും അതിന്റെ ചട്ടുകങ്ങളും കിണ്ണങ്ങളും മുൾകൊളുത്തുകളും തീക്കലശങ്ങളും ഉണ്ടാക്കേണം; അതിന്റെ ഉപകരണങ്ങളൊക്കെയും താമ്രംകൊണ്ട് ഉണ്ടാക്കേണം. അതിനു താമ്രംകൊണ്ട് വലപ്പണിയായി ഒരു ജാലവും ഉണ്ടാക്കേണം; ജാലത്തിന്മേൽ നാലു കോണിലും നാലു താമ്രവളയം ഉണ്ടാക്കേണം. ജാലം യാഗപീഠത്തിന്റെ പകുതിയോളം എത്തുംവണ്ണം താഴെ യാഗപീഠത്തിന്റെ ചുറ്റുപടിക്ക് കീഴായി വയ്ക്കേണം. യാഗപീഠത്തിനു ഖദിരമരം കൊണ്ടു തണ്ടുകൾ ഉണ്ടാക്കി താമ്രംകൊണ്ടു പൊതിയേണം. തണ്ടുകൾ വളയങ്ങളിൽ ഇടേണം; യാഗപീഠം ചുമക്കുമ്പോൾ തണ്ടുകൾ അതിന്റെ രണ്ടു ഭാഗത്തും ഉണ്ടായിരിക്കേണം. പലകകൊണ്ടു പൊള്ളയായി അത് ഉണ്ടാക്കേണം; പർവതത്തിൽവച്ചു കാണിച്ചുതന്ന പ്രകാരംതന്നെ അത് ഉണ്ടാക്കേണം.