പുറപ്പാട് 23
23
1വ്യാജവർത്തമാനം പരത്തരുത്; കള്ളസ്സാക്ഷിയായിരിപ്പാൻ ദുഷ്ടനോടുകൂടെ ചേരരുത്. 2ബഹുജനത്തെ അനുസരിച്ചു ദോഷം ചെയ്യരുത്; ന്യായം മറിച്ചുകളവാൻ ബഹുജനപക്ഷം ചേർന്നു വ്യവഹാരത്തിൽ സാക്ഷ്യം പറയരുത്. 3ദരിദ്രന്റെ വ്യവഹാരത്തിൽ അവനോടു പക്ഷം കാണിക്കരുത്.
4നിന്റെ ശത്രുവിന്റെ കാളയോ കഴുതയോ വഴി തെറ്റിയതായി കണ്ടാൽ അതിനെ അവന്റെ അടുക്കൽ തിരികെ കൊണ്ടുപോകേണം. 5നിന്നെ ദ്വേഷിക്കുന്നവന്റെ കഴുത ചുമടിൻകീഴെ കിടക്കുന്നതു കണ്ടാൽ അവനെ വിചാരിച്ച് അതിനെ അഴിച്ചുവിടുവാൻ മടിച്ചാലും അഴിച്ചുവിടുവാൻ അവനു സഹായം ചെയ്യേണം.
6നിങ്ങളുടെ ഇടയിലുള്ള ദരിദ്രന്റെ വ്യവഹാരത്തിൽ അവന്റെ ന്യായം മറിച്ചുകളയരുത്. 7കള്ളക്കാര്യം വിട്ട് അകന്നിരിക്ക; കുറ്റമില്ലാത്തവനെയും നീതിമാനെയും കൊല്ലരുത്; ഞാൻ ദുഷ്ടനെ നീതീകരിക്കയില്ലല്ലോ. 8സമ്മാനം കാഴ്ചയുള്ളവരെ കുരുടാക്കുകയും നീതിമാന്മാരുടെ വാക്കുകളെ മറിച്ചുകളകയും ചെയ്യുന്നതുകൊണ്ടു നീ സമ്മാനം വാങ്ങരുത്. 9പരദേശിയെ ഉപദ്രവിക്കരുത്: നിങ്ങൾ മിസ്രയീംദേശത്തു പരദേശികളായിരുന്നതുകൊണ്ട് പരദേശിയുടെ അനുഭവം അറിയുന്നുവല്ലോ.
10ആറു സംവത്സരം നിന്റെ നിലം വിതച്ചു വിളവ് എടുത്തുകൊൾക. 11ഏഴാം സംവത്സരത്തിലോ അത് ഉഴവുചെയ്യാതെ വെറുതേ ഇട്ടേക്ക; നിന്റെ ജനത്തിലെ ദരിദ്രന്മാർ അഹോവൃത്തി കഴിക്കട്ടെ; അവർ ശേഷിപ്പിക്കുന്നതു കാട്ടുമൃഗങ്ങൾ തിന്നട്ടെ. നിന്റെ മുന്തിരിത്തോട്ടവും ഒലിവുവൃക്ഷവും സംബന്ധിച്ചും അങ്ങനെതന്നെ ചെയ്ക. 12ആറു ദിവസം വേല ചെയ്ക; ഏഴാം ദിവസം നിന്റെ കാളയും കഴുതയും വിശ്രമിപ്പാനും നിന്റെ ദാസിയുടെ പുത്രനും പരദേശിയും ആശ്വസിപ്പാനുംവേണ്ടി നീ സ്വസ്ഥമായിരിക്കേണം. 13ഞാൻ നിങ്ങളോടു കല്പിച്ച എല്ലാറ്റിലും സൂക്ഷ്മതയോടിരിപ്പിൻ; അന്യദൈവങ്ങളുടെ നാമം കീർത്തിക്കരുത്; അതു നിന്റെ വായിൽനിന്ന് കേൾക്കയുമരുത്.
14സംവത്സരത്തിൽ മൂന്നു പ്രാവശ്യം എനിക്ക് ഉത്സവം ആചരിക്കേണം. 15പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം ആചരിക്കേണം; ഞാൻ നിന്നോടു കല്പിച്ചതുപോലെ ആബീബ് മാസത്തിൽ നിശ്ചയിച്ച സമയത്ത് ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നുക; അന്നല്ലോ നീ മിസ്രയീമിൽനിന്നു പുറപ്പെട്ടുപോന്നത്. എന്നാൽ വെറുംകൈയോടെ നിങ്ങൾ എന്റെ മുമ്പാകെ വരരുത്. 16വയലിൽ വിതച്ച വിതയുടെ ആദ്യഫലമെടുക്കുന്ന കൊയ്ത്തുപെരുന്നാളും ആണ്ടറുതിയിൽ വയലിൽനിന്നു നിന്റെ വേലയുടെ ഫലം കൂട്ടിത്തീരുമ്പോൾ കായ്കനിപ്പെരുന്നാളും ആചരിക്കേണം. 17സംവത്സരത്തിൽ മൂന്നു പ്രാവശ്യം നിന്റെ ആണുങ്ങൾ എല്ലാം കർത്താവായ യഹോവയുടെ മുമ്പാകെ വരേണം.
18എന്റെ യാഗരക്തം പുളിപ്പുള്ള അപ്പത്തോടുകൂടെ അർപ്പിക്കരുത്; എന്റെ യാഗമേദസ്സ് ഉഷഃകാലംവരെ ഇരിക്കയുമരുത്. 19നിന്റെ ഭൂമിയുടെ ആദ്യവിളവുകളിലെ പ്രഥമഫലം നിന്റെ ദൈവമായ യഹോവയുടെ ആലയത്തിൽ കൊണ്ടുവരേണം. ആട്ടിൻകുട്ടിയെ തള്ളയുടെ പാലിൽ പാകം ചെയ്യരുത്.
20ഇതാ, വഴിയിൽ നിന്നെ കാക്കേണ്ടതിനും ഞാൻ നിയമിച്ചിരിക്കുന്ന സ്ഥലത്തേക്കു നിന്നെ കൊണ്ടുപോകേണ്ടതിനും ഞാൻ ഒരു ദൂതനെ നിന്റെ മുമ്പിൽ അയയ്ക്കുന്നു. 21നീ അവനെ ശ്രദ്ധിച്ച് അവന്റെ വാക്ക് കേൾക്കേണം; അവനോടു വികടിക്കരുത്; അവൻ നിങ്ങളുടെ അതിക്രമങ്ങളെ ക്ഷമിക്കയില്ല; എന്റെ നാമം അവനിൽ ഉണ്ട്. 22എന്നാൽ നീ അവന്റെ വാക്ക് ശ്രദ്ധയോടെ കേട്ട് ഞാൻ കല്പിക്കുന്നതൊക്കെയും ചെയ്താൽ നിന്നെ പകയ്ക്കുന്നവരെ ഞാൻ പകയ്ക്കും; നിന്നെ ഞെരുക്കുന്നവരെ ഞാൻ ഞെരുക്കും. 23എന്റെ ദൂതൻ നിനക്കു മുമ്പായി നടന്നു നിന്നെ അമോര്യർ, ഹിത്യർ, പെരിസ്യർ, കനാന്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ ദേശത്തേക്കു കൊണ്ടുപോകും; അവരെ ഞാൻ നിർമ്മൂലമാക്കും. 24അവരുടെ ദേവന്മാരെ നമസ്കരിക്കരുത്; അവയെ സേവിക്കരുത്; അവരുടെ പ്രവൃത്തികൾപോലെ പ്രവർത്തിക്കരുത്; അവരെ അശേഷം നശിപ്പിച്ച് അവരുടെ വിഗ്രഹങ്ങളെ തകർത്തുകളയേണം. 25നിങ്ങളുടെ ദൈവമായ യഹോവയെത്തന്നെ സേവിപ്പിൻ; എന്നാൽ അവൻ നിന്റെ അപ്പത്തെയും വെള്ളത്തെയും അനുഗ്രഹിക്കും; ഞാൻ രോഗങ്ങളെ നിന്റെ നടുവിൽനിന്ന് അകറ്റിക്കളയും. 26ഗർഭം അലസുന്നവളും മച്ചിയും നിന്റെ ദേശത്ത് ഉണ്ടാകയില്ല; നിന്റെ ആയുഷ്കാലം ഞാൻ പൂർത്തിയാക്കും. 27എന്റെ ഭീതിയെ ഞാൻ നിന്റെ മുമ്പിൽ അയച്ചു നീ ചെല്ലുന്നേടത്തുള്ള ജാതികളെയൊക്കെയും അമ്പരപ്പിക്കയും നിന്റെ സകല ശത്രുക്കളെയും നിന്റെ മുമ്പിൽനിന്ന് ഓടിക്കയും ചെയ്യും. 28നിന്റെ മുമ്പിൽനിന്നു ഹിവ്യനെയും കനാന്യനെയും ഹിത്യനെയും ഓടിച്ചുകളവാൻ ഞാൻ നിനക്കു മുമ്പായി കടുന്നലിനെ അയയ്ക്കും. 29ദേശം ശൂന്യമാകാതെയും കാട്ടുമൃഗം നിനക്കു ബാധയായി പെരുകാതെയും ഇരിപ്പാൻ ഞാൻ അവരെ ഒരു സംവത്സരത്തിനകത്തു നിന്റെ മുമ്പിൽനിന്ന് ഓടിച്ചുകളകയില്ല. 30നീ സന്താനസമ്പന്നമായി ദേശം അടക്കുന്നതുവരെ ഞാൻ അവരെ കുറേശ്ശ കുറേശ്ശ നിന്റെ മുമ്പിൽനിന്ന് ഓടിച്ചുകളയും. 31ഞാൻ നിന്റെ ദേശം ചെങ്കടൽതുടങ്ങി ഫെലിസ്ത്യരുടെ കടൽവരെയും മരുഭൂമിതുടങ്ങി നദിവരെയും ആക്കും; ദേശത്തിലെ നിവാസികളെ നിങ്ങളുടെ കൈയിൽ ഏല്പിക്കും; നീ അവരെ നിന്റെ മുമ്പിൽനിന്ന് ഓടിച്ചുകളയേണം. 32അവരോട് എങ്കിലും അവരുടെ ദേവന്മാരോട് എങ്കിലും നീ ഉടമ്പടി ചെയ്യരുത്. 33നീ എന്നോടു പാപം ചെയ്വാൻ അവർ ഹേതുവായിത്തീരാതിരിക്കേണ്ടതിന് അവർ നിന്റെ ദേശത്തു വസിക്കരുത്. നീ അവരുടെ ദേവന്മാരെ സേവിച്ചാൽ അതു നിനക്കു കെണിയായിത്തീരും.
Currently Selected:
പുറപ്പാട് 23: MALOVBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.