YouVersion Logo
Search Icon

പുറപ്പാട് 17

17
1അനന്തരം യിസ്രായേൽമക്കളുടെ സംഘം എല്ലാം സീൻമരുഭൂമിയിൽ നിന്നു പുറപ്പെട്ടു, യഹോവയുടെ കല്പനപ്രകാരം ചെയ്ത പ്രയാണങ്ങളിൽ രെഫീദീമിൽ എത്തി പാളയമിറങ്ങി; അവിടെ ജനത്തിനു കുടിപ്പാൻ വെള്ളമില്ലായിരുന്നു. 2അതുകൊണ്ട് ജനം മോശെയോട്: ഞങ്ങൾക്കു കുടിപ്പാൻ വെള്ളം തരിക എന്നു കലഹിച്ചുപറഞ്ഞതിനു മോശെ അവരോട്: നിങ്ങൾ എന്നോട് എന്തിനു കലഹിക്കുന്നു? നിങ്ങൾ യഹോവയെ പരീക്ഷിക്കുന്നത് എന്ത് എന്നു പറഞ്ഞു. 3ജനത്തിന് അവിടെവച്ചു നന്നാ ദാഹിച്ചതുകൊണ്ടു ജനം മോശെയുടെ നേരേ പിറുപിറുത്തു: ഞങ്ങളും മക്കളും ഞങ്ങളുടെ മൃഗങ്ങളും ദാഹംകൊണ്ടു ചാകേണ്ടതിനു നീ ഞങ്ങളെ മിസ്രയീമിൽനിന്നു കൊണ്ടുവന്നത് എന്തിന് എന്നു പറഞ്ഞു. 4മോശെ യഹോവയോടു നിലവിളിച്ചു: ഈ ജനത്തിനു ഞാൻ എന്തു ചെയ്യേണ്ടൂ? അവർ എന്നെ കല്ലെറിവാൻ പോകുന്നുവല്ലോ എന്നു പറഞ്ഞു. 5യഹോവ മോശെയോട്: യിസ്രായേൽ മൂപ്പന്മാരിൽ ചിലരെ കൂട്ടിക്കൊണ്ടു നീ നദിയെ അടിച്ച വടിയും കൈയിൽ എടുത്തു ജനത്തിന്റെ മുമ്പാകെ കടന്നുപോക. 6ഞാൻ ഹോറേബിൽ നിന്റെ മുമ്പാകെ പാറയുടെമേൽ നില്ക്കും; നീ പാറയെ അടിക്കേണം; ഉടനെ ജനത്തിനു കുടിപ്പാൻ വെള്ളം അതിൽനിന്നു പുറപ്പെടും എന്നു കല്പിച്ചു. യിസ്രായേൽ മൂപ്പന്മാർ കാൺകെ മോശെ അങ്ങനെ ചെയ്തു. 7യിസ്രായേൽമക്കളുടെ കലഹം നിമിത്തവും യഹോവ ഞങ്ങളുടെ ഇടയിൽ ഉണ്ടോ ഇല്ലയോ എന്ന് അവർ യഹോവയെ പരീക്ഷിക്ക നിമിത്തവും അവൻ ആ സ്ഥലത്തിനു മസ്സാ (പരീക്ഷ) എന്നും മെരീബാ (കലഹം) എന്നും പേരിട്ടു.
8രെഫീദീമിൽവച്ച് അമാലേക് വന്ന് യിസ്രായേലിനോടു യുദ്ധം ചെയ്തു. 9അപ്പോൾ മോശെ യോശുവയോട്: നീ ആളുകളെ തിരഞ്ഞെടുത്തു പുറപ്പെട്ട് അമാലേക്കിനോടു യുദ്ധം ചെയ്ക; ഞാൻ നാളെ കുന്നിന്മുകളിൽ ദൈവത്തിന്റെ വടി കൈയിൽ പിടിച്ചുംകൊണ്ടു നില്ക്കും എന്നു പറഞ്ഞു. 10മോശെ തന്നോടു പറഞ്ഞതുപോലെ യോശുവ ചെയ്തു, അമാലേക്കിനോടു പൊരുതു; എന്നാൽ മോശെയും അഹരോനും ഹൂരും കുന്നിന്മുകളിൽ കയറി. 11മോശെ കൈ ഉയർത്തിയിരിക്കുമ്പോൾ യിസ്രായേൽ ജയിക്കും; കൈ താഴ്ത്തിയിരിക്കുമ്പോൾ അമാലേക് ജയിക്കും. 12എന്നാൽ മോശെയുടെ കൈക്കു ഭാരം തോന്നിയപ്പോൾ അവർ ഒരു കല്ല് എടുത്തുവച്ചു, അവൻ അതിന്മേൽ ഇരുന്നു; അഹരോനും ഹൂരും ഒരുത്തൻ ഇപ്പുറത്തും ഒരുത്തൻ അപ്പുറത്തും നിന്ന് അവന്റെ കൈ താങ്ങി; അങ്ങനെ അവന്റെ കൈ സൂര്യൻ അസ്തമിക്കുംവരെ ഉറച്ചുനിന്നു. 13യോശുവ അമാലേക്കിനെയും അവന്റെ ജനത്തെയും വാളിന്റെ വായ്ത്തലയാൽ തോല്പിച്ചു. 14യഹോവ മോശെയോട്: നീ ഇത് ഓർമയ്ക്കായിട്ട് ഒരു പുസ്തകത്തിൽ എഴുതി യോശുവയെ കേൾപ്പിക്ക; ഞാൻ അമാലേക്കിന്റെ ഓർമ ആകാശത്തിന്റെ കീഴിൽനിന്ന് അശേഷം മായിച്ചുകളയും എന്നു കല്പിച്ചു. 15പിന്നെ മോശെ ഒരു യാഗപീഠം പണിതു, അതിനു യഹോവ നിസ്സി (യഹോവ എന്റെ കൊടി) എന്നു പേരിട്ടു. 16യഹോവയുടെ സിംഹാസനത്താണ യഹോവയ്ക്ക് അമാലേക്കിനോടു തലമുറതലമുറയായി യുദ്ധം ഉണ്ടെന്ന് അവൻ പറഞ്ഞു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in