എസ്ഥേർ 4
4
1സംഭവിച്ചതൊക്കെയും അറിഞ്ഞപ്പോൾ മൊർദ്ദെഖായി വസ്ത്രം കീറി രട്ടുടുത്തു വെണ്ണീർ വാരി ഇട്ടുംകൊണ്ടു പട്ടണത്തിന്റെ നടുവിൽ ചെന്നു കയ്പോടെ അത്യുച്ചത്തിൽ നിലവിളിച്ചു. 2അവൻ രാജാവിന്റെ പടിവാതിലോളവും വന്നു; എന്നാൽ രട്ടുടുത്തുംകൊണ്ട് ആർക്കും രാജാവിന്റെ പടിവാതിലിനകത്തു കടന്നുകൂടായിരുന്നു. 3രാജാവിന്റെ കല്പനയും തീർപ്പും ചെന്ന ഓരോ സംസ്ഥാനത്തും യെഹൂദന്മാരുടെ ഇടയിൽ മഹാദുഃഖവും ഉപവാസവും കരച്ചലും വിലാപവും ഉണ്ടായി; പലരും രട്ടുടുത്ത് വെണ്ണീറിൽ കിടന്നു. 4എസ്ഥേറിന്റെ ബാല്യക്കാരത്തികളും ഷണ്ഡന്മാരും വന്ന് അതു രാജ്ഞിയെ അറിയിച്ചപ്പോൾ അവൾ അത്യന്തം വ്യസനിച്ചു മൊർദ്ദെഖായിയുടെ രട്ടു നീക്കി അവനെ ഉടുപ്പിക്കേണ്ടതിന് അവനു വസ്ത്രം കൊടുത്തയച്ചു; എന്നാൽ അവൻ വാങ്ങിയില്ല. 5അപ്പോൾ എസ്ഥേർ തന്റെ ശുശ്രൂഷയ്ക്ക് രാജാവ് ആക്കിയിരുന്ന ഷണ്ഡന്മാരിൽ ഒരുത്തനായ ഹഥാക്കിനെ വിളിച്ചു, അത് എന്തെന്നും അതിന്റെ കാരണം എന്തെന്നും അറിയേണ്ടതിന് മൊർദ്ദെഖായിയുടെ അടുക്കൽ പോയിവരുവാൻ അവനു കല്പന കൊടുത്തു. 6അങ്ങനെ ഹഥാക്ക് രാജാവിന്റെ പടിവാതിലിനു മുമ്പിൽ പട്ടണത്തിന്റെ വിശാലസ്ഥലത്തു മൊർദ്ദെഖായിയുടെ അടുക്കൽ ചെന്നു. 7മൊർദ്ദെഖായി തനിക്കു സംഭവിച്ചതൊക്കെയും യെഹൂദന്മാരെ നശിപ്പിക്കത്തക്കവണ്ണം ഹാമാൻ രാജഭണ്ഡാരത്തിലേക്കു കൊടുക്കാമെന്നു വാഗ്ദാനംചെയ്ത ദ്രവ്യസംഖ്യയും അവനോട് അറിയിച്ചു. 8അവരെ നശിപ്പിക്കേണ്ടതിനു ശൂശനിൽ പരസ്യമാക്കിയിരുന്ന തീർപ്പിന്റെ പകർപ്പ് അവൻ അവന്റെ കൈയിൽ കൊടുത്ത് ഇത് എസ്ഥേറിനെ കാണിച്ചു വിവരം അറിയിപ്പാനും അവൾ രാജസന്നിധിയിൽ ചെന്ന് തന്റെ ജനത്തിനുവേണ്ടി അപേക്ഷയും യാചനയും കഴിക്കേണ്ടതിന് അവളോട് ആജ്ഞാപിപ്പാനും പറഞ്ഞു. 9അങ്ങനെ ഹഥാക്ക് ചെന്ന് മൊർദ്ദെഖായിയുടെ വാക്ക് എസ്ഥേറിനെ അറിയിച്ചു. 10എസ്ഥേർ മൊർദ്ദെഖായിയോട് ചെന്നു പറവാൻ ഹഥാക്കിനു കല്പനകൊടുത്തത് എന്തെന്നാൽ: 11യാതൊരു പുരുഷനോ സ്ത്രീയോ വിളിക്കപ്പെടാതെ രാജാവിന്റെ അടുക്കൽ അകത്തെ പ്രാകാരത്തിൽ ചെന്നുവെങ്കിൽ ജീവനോടിരിക്കത്തക്കവണ്ണം രാജാവ് പൊൻചെങ്കോൽ ആ ആളുടെ നേരേ നീട്ടാഞ്ഞാൽ അയാളെ കൊല്ലേണമെന്ന് ഒരു നിയമം ഉള്ള പ്രകാരം രാജാവിന്റെ സകല ഭൃത്യന്മാരും രാജാവിന്റെ സംസ്ഥാനങ്ങളിലെ ജനവും അറിയുന്നു; എന്നാൽ എന്നെ ഈ മുപ്പതു ദിവസത്തിനകത്ത് രാജാവിന്റെ അടുക്കൽ ചെല്ലുവാൻ വിളിച്ചിട്ടില്ല. 12അവർ എസ്ഥേറിന്റെ വാക്ക് മൊർദ്ദെഖായിയോട് അറിയിച്ചു. 13മൊർദ്ദെഖായി എസ്ഥേറിനോട് മറുപടി പറവാൻ കല്പിച്ചത്: നീ രാജധാനിയിൽ ഇരിക്കയാൽ എല്ലാ യെഹൂദന്മാരിലും വച്ചു രക്ഷപെട്ടു കൊള്ളാമെന്നു നീ വിചാരിക്കേണ്ടാ. 14നീ ഈ സമയത്ത് മിണ്ടാതിരുന്നാൽ യെഹൂദന്മാർക്കു മറ്റൊരു സ്ഥലത്തുനിന്ന് ഉദ്ധാരണവും രക്ഷയും ഉണ്ടാകും; എന്നാൽ നീയും നിന്റെ പിതൃഭവനവും നശിച്ചുപോകും; ഇങ്ങനെയുള്ളൊരു കാലത്തിനായിട്ടല്ലയോ നീ രാജസ്ഥാനത്തു വന്നിരിക്കുന്നത്? ആർക്ക് അറിയാം? 15അതിന് എസ്ഥേർ മൊർദ്ദെഖായിയോട് മറുപടി പറവാൻ കല്പിച്ചത്: 16നീ ചെന്ന് ശൂശനിൽ ഉള്ള എല്ലാ യെഹൂദന്മാരെയും ഒന്നിച്ചുകൂട്ടി: നിങ്ങൾ മൂന്നു ദിവസം രാവും പകലും തിന്നുകയോ കുടിക്കയോ ചെയ്യാതെ എനിക്കുവേണ്ടി ഉപവസിപ്പിൻ; ഞാനും എന്റെ ബാല്യക്കാരത്തികളും അങ്ങനെതന്നെ ഉപവസിക്കും; പിന്നെ ഞാൻ നിയമപ്രകാരമല്ലെങ്കിലും രാജാവിന്റെ അടുക്കൽ ചെല്ലും; ഞാൻ നശിക്കുന്നു എങ്കിൽ നശിക്കട്ടെ. 17അങ്ങനെ മൊർദ്ദെഖായി ചെന്ന് എസ്ഥേർ കല്പിച്ചതുപോലെയൊക്കെയും ചെയ്തു.
Currently Selected:
എസ്ഥേർ 4: MALOVBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.