YouVersion Logo
Search Icon

എസ്ഥേർ 2

2
1അതിന്റെശേഷം അഹശ്വേരോശ്‍രാജാവിന്റെ ക്രോധം ശമിച്ചപ്പോൾ അവൻ വസ്ഥിയെയും അവൾ ചെയ്തതിനെയും അവളെക്കുറിച്ചു കല്പിച്ച വിധിയെയും ഓർത്തു. 2അപ്പോൾ രാജാവിന്റെ സേവകന്മാരായ ഭൃത്യന്മാർ പറഞ്ഞത്: രാജാവിനുവേണ്ടി സൗന്ദര്യമുള്ള യുവതികളായ കന്യകമാരെ അന്വേഷിക്കട്ടെ; 3രാജാവ് രാജ്യത്തിലെ സകല സംസ്ഥാനങ്ങളിലും ഉദ്യോഗസ്ഥന്മാരെ നിയമിക്കേണം; അവർ സൗന്ദര്യമുള്ള യുവതികളായ സകല കന്യകമാരെയും ശേഖരിച്ചു ശൂശൻരാജധാനിയിലെ അന്തഃപുരത്തിൽ രാജാവിന്റെ ഷണ്ഡനായി അന്തഃപുരപാലകനായ ഹേഗായിയുടെ വിചാരണയിൽ ഏല്പിക്കയും അവർക്ക് ശുദ്ധീകരണത്തിനു വേണ്ടുന്ന വസ്തുക്കൾ കൊടുക്കയും ചെയ്യട്ടെ. 4രാജാവിനു ബോധിച്ച യുവതി വസ്ഥിക്കു പകരം രാജ്ഞിയായിരിക്കട്ടെ. ഈ കാര്യം രാജാവിനു ബോധിച്ചു; അവൻ അങ്ങനെതന്നെ ചെയ്തു.
5എന്നാൽ ശൂശൻരാജധാനിയിൽ ബെന്യാമീന്യനായ കീശിന്റെ മകനായ ശിമെയിയുടെ മകനായ യായീരിന്റെ മകൻ മൊർദ്ദെഖായി എന്നു പേരുള്ള ഒരു യെഹൂദൻ ഉണ്ടായിരുന്നു. 6ബാബേൽരാജാവായ നെബൂഖദ്നേസർ പിടിച്ചുകൊണ്ടുപോയ യെഹൂദാരാജാവായ യെഖൊന്യാവോടുകൂടെ കൊണ്ടുപോയിരുന്ന പ്രവാസികളുടെ കൂട്ടത്തിൽ അവനെയും യെരൂശലേമിൽനിന്ന് കൊണ്ടുപോയിരുന്നു. 7അവൻ തന്റെ ചിറ്റപ്പന്റെ മകളായ എസ്ഥേർ എന്ന ഹദസ്സയ്ക്ക് അമ്മയപ്പന്മാർ ഇല്ലായ്കകൊണ്ട് അവളെ വളർത്തിയിരുന്നു. ഈ യുവതി രൂപവതിയും സുമുഖിയും ആയിരുന്നു; അവളുടെ അപ്പനും അമ്മയും മരിച്ചശേഷം മൊർദ്ദെഖായി അവളെ തനിക്കു മകളായിട്ട് എടുത്തു. 8രാജാവിന്റെ കല്പനയും വിധിയും പരസ്യമായപ്പോൾ അനേകം യുവതികളെ ശേഖരിച്ച് ശൂശൻരാജധാനിയിൽ ഹേഗായിയുടെ വിചാരണയിൽ ഏല്പിച്ച കൂട്ടത്തിൽ എസ്ഥേറിനെയും രാജധാനിയിലെ അന്തഃപുരപാലകനായ ഹേഗായിയുടെ വിചാരണയിൽ കൊണ്ടുവന്നു. 9ആ യുവതിയെ അവനു ബോധിച്ചു; അവളോടു പക്ഷം തോന്നി; അവൻ അവളുടെ ശുദ്ധീകരണത്തിന് വേണ്ടുന്ന വസ്തുക്കളെയും ഉപജീവനവീതത്തെയും രാജധാനിയിൽനിന്നു കൊടുക്കേണ്ടുന്ന ഏഴ് ബാല്യക്കാരത്തികളെയും അവൾക്കു വേഗത്തിൽ കൊടുത്തു; അവളെയും അവളുടെ ബാല്യക്കാരത്തികളെയും അന്തഃപുരത്തിലെ ഉത്തമമായ സ്ഥലത്ത് ആക്കി. 10എസ്ഥേർ തന്റെ ജാതിയും കുലവും അറിയിച്ചില്ല; അത് അറിയിക്കരുത് എന്ന് മൊർദ്ദെഖായി അവളോടു കല്പിച്ചിരുന്നു. 11എന്നാൽ എസ്ഥേറിന്റെ സുഖവർത്തമാനവും അവൾക്ക് എന്തെല്ലാമാകുമെന്നുള്ളതും അറിയേണ്ടതിനു മൊർദ്ദെഖായി ദിവസംപ്രതി അന്തഃപുരത്തിന്റെ മുറ്റത്തിനു മുമ്പാകെ നടന്നുകൊണ്ടിരുന്നു. 12ഓരോ യുവതിക്ക് പന്ത്രണ്ട് മാസം സ്ത്രീജനത്തിനുവേണ്ടിയുള്ള നിയമപ്രകാരം ചെയ്തു കഴിഞ്ഞശേഷം- ആറു മാസം മൂർതൈലവും ആറു മാസം സുഗന്ധവർഗവും സ്ത്രീകൾക്കു ശുദ്ധീകരണത്തിനു വേണ്ടിയുള്ള മറ്റു വസ്തുക്കളുംകൊണ്ട് അവരുടെ ശുദ്ധീകരണകാലം തികയും- ഓരോരുത്തിക്ക് അഹശ്വേരോശ്‍രാജാവിന്റെ സന്നിധിയിൽ ചെല്ലുവാൻ മുറ വരുമ്പോൾ ഓരോ യുവതി രാജസന്നിധിയിൽ ചെല്ലും; 13അന്തഃപുരത്തിൽനിന്നു രാജധാനിയോളം തന്നോടുകൂടെ കൊണ്ടുപോകേണ്ടതിന് അവൾ ചോദിക്കുന്ന സകലവും അവൾക്കു കൊടുക്കും. 14സന്ധ്യാസമയത്ത് അവൾ ചെല്ലുകയും പ്രഭാതകാലത്ത്, രാജാവിന്റെ ഷണ്ഡനായി വെപ്പാട്ടികളുടെ പാലകനായ ശയസ്ഗസിന്റെ വിചാരണയിലുള്ള രണ്ടാമത്തെ അന്തഃപുരത്തിലേക്ക് മടങ്ങിപ്പോകയും ചെയ്യും; രാജാവിന് അവളോട് ഇഷ്ടം തോന്നിയിട്ട് അവളെ പേർ പറഞ്ഞു വിളിച്ചല്ലാതെ പിന്നെ അവൾക്കു രാജസന്നിധിയിൽ ചെന്നുകൂടാ. 15എന്നാൽ മൊർദ്ദെഖായി തനിക്കു മകളായിട്ടെടുത്തിരുന്ന അവന്റെ ചിറ്റപ്പൻ അബീഹയിലിന്റെ മകളായ എസ്ഥേറിനു രാജസന്നിധിയിൽ ചെല്ലുവാൻ മുറ വന്നപ്പോൾ അവൾ രാജാവിന്റെ ഷണ്ഡനും അന്തഃപുരപാലകനുമായ ഹേഗായി പറഞ്ഞതു മാത്രമല്ലാതെ ഒന്നും ചോദിച്ചില്ല. എന്നാൽ എസ്ഥേറിനെ കണ്ട എല്ലാവർക്കും അവളോടു പ്രീതി തോന്നും. 16അങ്ങനെ എസ്ഥേറിനെ അഹശ്വേരോശ്‍രാജാവിന്റെ വാഴ്ചയുടെ ഏഴാം ആണ്ട് തേബേത്ത്മാസമായ പത്താം മാസത്തിൽ രാജധാനിയിൽ അവന്റെ അടുക്കലേക്കു കൂട്ടിക്കൊണ്ടു ചെന്നു. 17രാജാവ് എസ്ഥേറിനെ സകല സ്ത്രീകളെക്കാളും അധികം സ്നേഹിച്ചു; സകല കന്യകമാരിലും അധികം കൃപയും പക്ഷവും അവളോടു തോന്നിയിട്ട് അവൻ രാജകിരീടം അവളുടെ തലയിൽവച്ച് അവളെ വസ്ഥിക്കു പകരം രാജ്ഞിയാക്കി. 18രാജാവ് തന്റെ സകല പ്രഭുക്കന്മാർക്കും ഭൃത്യന്മാർക്കും എസ്ഥേറിന്റെ വിരുന്നായിട്ട് ഒരു വലിയ വിരുന്നു കഴിച്ചു; അവൻ സംസ്ഥാനങ്ങൾക്ക് ഒരു വിമോചനവും കല്പിച്ചു; രാജപദവിക്കൊത്തവണ്ണം സമ്മാനങ്ങളും കൊടുത്തു. 19രണ്ടാം പ്രാവശ്യം കന്യകമാരെ ശേഖരിച്ചപ്പോൾ മൊർദ്ദെഖായി രാജാവിന്റെ വാതിൽക്കൽ ഇരുന്നിരുന്നു. 20മൊർദ്ദെഖായി കല്പിച്ചതുപോലെ എസ്ഥേർ തന്റെ കുലവും ജാതിയും അറിയിക്കാതെയിരുന്നു; എസ്ഥേർ മൊർദ്ദെഖായിയുടെ അടുക്കൽ വളർന്നപ്പോഴത്തെപ്പോലെ പിന്നെയും അവന്റെ കല്പന അനുസരിച്ചുപോന്നു. 21ആ കാലത്തു മൊർദ്ദെഖായി രാജാവിന്റെ വാതിൽക്കൽ ഇരിക്കുമ്പോൾ വാതിൽക്കാവല്ക്കാരിൽ രാജാവിന്റെ രണ്ടു ഷണ്ഡന്മാരായ ബിഗ്ദ്ധാനും തേരെശും ക്രുദ്ധിച്ച് അഹശ്വേരോശ്‍രാജാവിനെ കൈയേറ്റം ചെയ്‍വാൻ തരം അന്വേഷിച്ചു. 22മൊർദ്ദെഖായി കാര്യം അറിഞ്ഞ് എസ്ഥേർരാജ്ഞിക്ക് അറിവു കൊടുത്തു; എസ്ഥേർ അത് മൊർദ്ദെഖായിയുടെ നാമത്തിൽ രാജാവിനെ ഗ്രഹിപ്പിച്ചു. 23അന്വേഷണം ചെയ്താറെ കാര്യം സത്യമെന്നു കണ്ട് അവരെ രണ്ടുപേരെയും കഴുവിന്മേൽ തൂക്കിക്കളഞ്ഞു; ഇത് രാജാവിന്റെ മുമ്പിൽ ദിനവൃത്താന്തപുസ്തകത്തിൽ എഴുതിവച്ചു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in