എഫെസ്യർ 4
4
1കർത്തൃസേവനിമിത്തം ബദ്ധനായിരിക്കുന്ന ഞാൻ പ്രബോധിപ്പിക്കുന്നത്: നിങ്ങളെ വിളിച്ചിരിക്കുന്ന വിളിക്കു യോഗ്യമാംവണ്ണം 2പൂർണവിനയത്തോടും സൗമ്യതയോടും ദീർഘക്ഷമയോടുംകൂടെ നടക്കയും സ്നേഹത്തിൽ അന്യോന്യം പൊറുക്കയും 3ആത്മാവിന്റെ ഐക്യത സമാധാനബന്ധത്തിൽ കാപ്പാൻ ശ്രമിക്കയും ചെയ്‍വിൻ. 4നിങ്ങളെ വിളിച്ചപ്പോൾ ഏകപ്രത്യാശയ്ക്കായി നിങ്ങളെ വിളിച്ചതുപോലെ ശരീരം ഒന്ന്, ആത്മാവ് ഒന്ന്, 5കർത്താവ് ഒരുവൻ, വിശ്വാസം ഒന്ന്, സ്നാനം ഒന്ന്, 6എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ. 7എന്നാൽ നമ്മിൽ ഓരോരുത്തനു ക്രിസ്തുവിന്റെ ദാനത്തിന്റെ അളവിന് ഒത്തവണ്ണം കൃപ ലഭിച്ചിരിക്കുന്നു. 8അതുകൊണ്ട്:
“അവൻ ബദ്ധന്മാരെ പിടിച്ചു കൊണ്ടുപോയി ഉയരത്തിൽ കയറി മനുഷ്യർക്കു ദാനങ്ങളെ കൊടുത്തു”
എന്നു പറയുന്നു. 9കയറി എന്നതിനാൽ അവൻ ഭൂമിയുടെ അധോഭാഗങ്ങളിലേക്ക് ഇറങ്ങി എന്നു വരുന്നില്ലയോ? 10ഇറങ്ങിയവൻ സകലത്തെയും നിറയ്ക്കേണ്ടതിനു സ്വർഗാധിസ്വർഗത്തിനു മീതെ കയറിയവനും ആകുന്നു. 11അവൻ ചിലരെ അപ്പൊസ്തലന്മാരായും ചിലരെ പ്രവാചകന്മാരായും ചിലരെ സുവിശേഷകന്മാരായും ചിലരെ ഇടയന്മാരായും ഉപദേഷ്ടാക്കന്മാരായും നിയമിച്ചിരിക്കുന്നു; 12അതു നാം എല്ലാവരും വിശ്വാസത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പരിജ്ഞാനത്തിലുമുള്ള ഐക്യതയും തികഞ്ഞ പുരുഷത്വവും ക്രിസ്തുവിന്റെ സമ്പൂർണതയായ പ്രായത്തിന്റെ അളവും പ്രാപിക്കുവോളം 13വിശുദ്ധന്മാരുടെ യഥാസ്ഥാനത്വത്തിനായുള്ള ശുശ്രൂഷയുടെ വേലയ്ക്കും ക്രിസ്തുവിന്റെ ശരീരത്തിന്റെ ആത്മികവർധനയ്ക്കും ആകുന്നു. 14അങ്ങനെ നാം ഇനി മനുഷ്യരുടെ ചതിയാലും ഉപായത്താലും തെറ്റിച്ചുകളയുന്ന തന്ത്രങ്ങളിൽ കുടുങ്ങിപ്പോകുവാൻ തക്കവണ്ണം ഉപദേശത്തിന്റെ ഓരോ കാറ്റിനാൽ അലഞ്ഞുഴലുന്ന ശിശുക്കൾ ആയിരിക്കാതെ 15സ്നേഹത്തിൽ സത്യം സംസാരിച്ചുകൊണ്ടു ക്രിസ്തു എന്ന തലയോളം സകലത്തിലും വളരുവാൻ ഇടയാകും. 16ശരീരം മുഴുവനും യുക്തമായി ചേർന്ന് ഏകീഭവിച്ചും ഓരോ അംഗത്തിന്റെ അതതു വ്യാപാരത്തിന് ഒത്തവണ്ണം ഉതവി ലഭിപ്പാനുള്ള ഏതു സന്ധിയാലും സ്നേഹത്തിലുള്ള വർധനയ്ക്കായി അവനിൽനിന്നു വളർച്ച പ്രാപിക്കുന്നു.
17ആകയാൽ ഞാൻ കർത്താവിൽ സാക്ഷീകരിച്ചു പറയുന്നത് എന്തെന്നാൽ: ജാതികൾ തങ്ങളുടെ വ്യർഥബുദ്ധി അനുസരിച്ചു നടക്കുന്നതുപോലെ നിങ്ങൾ ഇനി നടക്കരുത്. 18അവർ അന്ധബുദ്ധികളായി അജ്ഞാനം നിമിത്തം, ഹൃദയകാഠിന്യം നിമിത്തംതന്നെ, 19ദൈവത്തിന്റെ ജീവനിൽനിന്ന് അകന്നു മനം തഴമ്പിച്ചുപോയവർ ആകയാൽ അത്യാഗ്രഹത്തോടെ സകല അശുദ്ധിയും പ്രവർത്തിപ്പാൻ ദുഷ്കാമത്തിനു തങ്ങളെ ത്തന്നെ ഏല്പിച്ചിരിക്കുന്നു. 20നിങ്ങളോ യേശുവിൽ സത്യം ഉള്ളതുപോലെ അവനെക്കുറിച്ചു കേട്ട് അവനിൽ 21ഉപദേശം ലഭിച്ചു എങ്കിൽ ക്രിസ്തുവിനെക്കുറിച്ച് ഇങ്ങനെയല്ല പഠിച്ചത്. 22മുമ്പിലത്തെ നടപ്പു സംബന്ധിച്ചു ചതിമോഹങ്ങളാൽ വഷളായിപ്പോകുന്ന പഴയ മനുഷ്യനെ ഉപേക്ഷിച്ചു 23നിങ്ങളുടെ ഉള്ളിലെ ആത്മാവു സംബന്ധമായി 24പുതുക്കം പ്രാപിച്ചു സത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരിച്ചുകൊൾവിൻ.
25ആകയാൽ ഭോഷ്ക് ഉപേക്ഷിച്ച് ഓരോരുത്തൻ താന്താന്റെ കൂട്ടുകാരനോടു സത്യം സംസാരിപ്പിൻ; നാം തമ്മിൽ അവയവങ്ങളല്ലോ. 26കോപിച്ചാൽ പാപം ചെയ്യാതിരിപ്പിൻ. സൂര്യൻ അസ്തമിക്കുവോളം നിങ്ങൾ കോപം വച്ചുകൊണ്ടിരിക്കരുത്. 27പിശാചിന് ഇടം കൊടുക്കരുത്. 28കള്ളൻ ഇനി കക്കാതെ മുട്ടുള്ളവനു ദാനം ചെയ്‍വാൻ ഉണ്ടാകേണ്ടതിനു കൈകൊണ്ടു നല്ലതു പ്രവർത്തിച്ച് അധ്വാനിക്കയത്രേ വേണ്ടത്. 29കേൾക്കുന്നവർക്കു കൃപ ലഭിക്കേണ്ടതിന് ആവശ്യംപോലെ ആത്മികവർധനയ്ക്കായി നല്ല വാക്കല്ലാതെ ആ കാത്തത് ഒന്നും നിങ്ങളുടെ വായിൽനിന്നു പുറപ്പെടരുത്. 30ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുത്; അവനാലല്ലോ നിങ്ങൾക്കു വീണ്ടെടുപ്പുനാളിനായി മുദ്രയിട്ടിരിക്കുന്നത്. 31എല്ലാ കയ്പും കോപവും ക്രോധവും കൂറ്റാരവും ദൂഷണവും സകല ദുർഗുണവുമായി നിങ്ങളെ വിട്ട് ഒഴിഞ്ഞുപോകട്ടെ. 32നിങ്ങൾ തമ്മിൽ ദയയും മനസ്സലിവുമുള്ളവരായി ദൈവം ക്രിസ്തുവിൽ നിങ്ങളോടു ക്ഷമിച്ചതുപോലെ അന്യോന്യം ക്ഷമിപ്പിൻ.
Currently Selected:
എഫെസ്യർ 4: MALOVBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.