YouVersion Logo
Search Icon

എഫെസ്യർ 4:20-32

എഫെസ്യർ 4:20-32 MALOVBSI

നിങ്ങളോ യേശുവിൽ സത്യം ഉള്ളതുപോലെ അവനെക്കുറിച്ചു കേട്ട് അവനിൽ ഉപദേശം ലഭിച്ചു എങ്കിൽ ക്രിസ്തുവിനെക്കുറിച്ച് ഇങ്ങനെയല്ല പഠിച്ചത്. മുമ്പിലത്തെ നടപ്പു സംബന്ധിച്ചു ചതിമോഹങ്ങളാൽ വഷളായിപ്പോകുന്ന പഴയ മനുഷ്യനെ ഉപേക്ഷിച്ചു നിങ്ങളുടെ ഉള്ളിലെ ആത്മാവു സംബന്ധമായി പുതുക്കം പ്രാപിച്ചു സത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരിച്ചുകൊൾവിൻ. ആകയാൽ ഭോഷ്ക് ഉപേക്ഷിച്ച് ഓരോരുത്തൻ താന്താന്റെ കൂട്ടുകാരനോടു സത്യം സംസാരിപ്പിൻ; നാം തമ്മിൽ അവയവങ്ങളല്ലോ. കോപിച്ചാൽ പാപം ചെയ്യാതിരിപ്പിൻ. സൂര്യൻ അസ്തമിക്കുവോളം നിങ്ങൾ കോപം വച്ചുകൊണ്ടിരിക്കരുത്. പിശാചിന് ഇടം കൊടുക്കരുത്. കള്ളൻ ഇനി കക്കാതെ മുട്ടുള്ളവനു ദാനം ചെയ്‍വാൻ ഉണ്ടാകേണ്ടതിനു കൈകൊണ്ടു നല്ലതു പ്രവർത്തിച്ച് അധ്വാനിക്കയത്രേ വേണ്ടത്. കേൾക്കുന്നവർക്കു കൃപ ലഭിക്കേണ്ടതിന് ആവശ്യംപോലെ ആത്മികവർധനയ്ക്കായി നല്ല വാക്കല്ലാതെ ആ കാത്തത് ഒന്നും നിങ്ങളുടെ വായിൽനിന്നു പുറപ്പെടരുത്. ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുത്; അവനാലല്ലോ നിങ്ങൾക്കു വീണ്ടെടുപ്പുനാളിനായി മുദ്രയിട്ടിരിക്കുന്നത്. എല്ലാ കയ്പും കോപവും ക്രോധവും കൂറ്റാരവും ദൂഷണവും സകല ദുർഗുണവുമായി നിങ്ങളെ വിട്ട് ഒഴിഞ്ഞുപോകട്ടെ. നിങ്ങൾ തമ്മിൽ ദയയും മനസ്സലിവുമുള്ളവരായി ദൈവം ക്രിസ്തുവിൽ നിങ്ങളോടു ക്ഷമിച്ചതുപോലെ അന്യോന്യം ക്ഷമിപ്പിൻ.