YouVersion Logo
Search Icon

എഫെസ്യർ 1

1
1ദൈവേഷ്ടത്താൽ ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായ പൗലൊസ് [എഫെസൊസിൽ ഉള്ള] വിശുദ്ധന്മാരും ക്രിസ്തുയേശുവിൽ വിശ്വാസികളുമായവർക്ക് എഴുതുന്നത്: 2നമ്മുടെ പിതാവായ ദൈവത്തിങ്കൽനിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.
3സ്വർഗത്തിലെ സകല ആത്മികാനുഗ്രഹത്താലും നമ്മെ ക്രിസ്തുവിൽ അനുഗ്രഹിച്ചിരിക്കുന്ന നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ വാഴ്ത്തപ്പെട്ടവൻ. 4നാം തന്റെ സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന് അവൻ ലോകസ്ഥാപനത്തിനു മുമ്പേ നമ്മെ 5അവനിൽ തിരഞ്ഞെടുക്കയും തിരുഹിതത്തിന്റെ പ്രസാദപ്രകാരം യേശുക്രിസ്തു മുഖാന്തരം 6നമ്മെ ദത്തെടുക്കേണ്ടതിന് അവൻ പ്രിയനായവനിൽ നമുക്കു സൗജന്യമായി നല്കിയ തന്റെ കൃപാമഹത്ത്വത്തിന്റെ പുകഴ്ചയ്ക്കായി സ്നേഹത്തിൽ നമ്മെ മുൻനിയമിക്കയും ചെയ്തുവല്ലോ. 7അവനിൽ നമുക്ക് അവന്റെ രക്തത്താൽ അതിക്രമങ്ങളുടെ മോചനമെന്ന വീണ്ടെടുപ്പ് ഉണ്ട്. 8അത് അവൻ നമുക്കു താൻ ധാരാളമായി കാണിച്ച കൃപാധനപ്രകാരം സകല ജ്ഞാനവും വിവേകവുമായി നല്കിയിരിക്കുന്നു. 9അവനിൽ താൻ മുൻനിർണയിച്ച തന്റെ പ്രസാദത്തിനു തക്കവണ്ണം തന്റെ ഹിതത്തിന്റെ മർമം അവൻ നമ്മോട് അറിയിച്ചു. 10അതു സ്വർഗത്തിലും ഭൂമിയിലുമുള്ളത് എല്ലാം പിന്നെയും ക്രിസ്തുവിൽ ഒന്നായിച്ചേർക്ക എന്നിങ്ങനെ കാലസമ്പൂർണതയിലെ വ്യവസ്ഥയ്ക്കായിക്കൊണ്ടു തന്നേ. 11അവനിൽ നാം അവകാശവും പ്രാപിച്ചു, തന്റെ ഹിതത്തിന്റെ ആലോചനപോലെ സകലവും പ്രവർത്തിക്കുന്നവന്റെ നിർണയപ്രകാരം മുൻനിയമിക്കപ്പെട്ടത് 12മുമ്പിൽകൂട്ടി ക്രിസ്തുവിൽ ആശ വച്ചവരായ ഞങ്ങൾ അവന്റെ മഹത്ത്വത്തിന്റെ പുകഴ്ചയ്ക്കാകേണ്ടതിനുതന്നെ. 13അവനിൽ നിങ്ങൾക്കും നിങ്ങളുടെ രക്ഷയെക്കുറിച്ചുള്ള സുവിശേഷം എന്ന സത്യവചനം നിങ്ങൾ കേൾക്കയും അവനിൽ വിശ്വസിക്കയും ചെയ്തിട്ട്, 14തന്റെ സ്വന്തജനത്തിന്റെ വീണ്ടെടുപ്പിനുവേണ്ടി തന്റെ മഹത്ത്വത്തിന്റെ പുകഴ്ചയ്ക്കായിട്ടു നമ്മുടെ അവകാശത്തിന്റെ അച്ചാരമായ വാഗ്ദത്തത്തിൻ പരിശുദ്ധാത്മാവിനാൽ മുദ്രയിട്ടിരിക്കുന്നു.
15അതുനിമിത്തം ഞാനും നിങ്ങൾക്കു കർത്താവായ യേശുവിലുള്ള വിശ്വാസത്തെയും സകല വിശുദ്ധന്മാരോടുമുള്ള സ്നേഹത്തെയും കുറിച്ചു കേട്ടിട്ട്, 16നിങ്ങൾക്കുവേണ്ടി ഇടവിടാതെ സ്തോത്രംചെയ്ത് എന്റെ പ്രാർഥനയിൽ 17നിങ്ങളെ ഓർത്തുംകൊണ്ട് നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും മഹത്ത്വമുള്ള പിതാവുമായവൻ നിങ്ങൾക്കു തന്നെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ ജ്ഞാനത്തിന്റെയും വെളിപ്പാടിന്റെയും ആത്മാവിനെ തരേണ്ടതിനും നിങ്ങളുടെ ഹൃദയദൃഷ്ടി പ്രകാശിപ്പിച്ചിട്ട് 18അവന്റെ വിളിയാലുള്ള ആശ ഇന്നതെന്നും വിശുദ്ധന്മാരിൽ അവന്റെ അവകാശത്തിന്റെ മഹിമാധനം ഇന്നതെന്നും അവന്റെ ബലത്തിൻ വല്ലഭത്വത്തിന്റെ 19വ്യാപാരത്താൽ വിശ്വസിക്കുന്ന നമുക്കുവേണ്ടി വ്യാപരിക്കുന്ന അവന്റെ ശക്തിയുടെ അളവറ്റ വലിപ്പം ഇന്നതെന്ന് നിങ്ങൾ അറിയേണ്ടതിനും പ്രാർഥിക്കുന്നു. 20അങ്ങനെ അവൻ ക്രിസ്തുവിലും വ്യാപരിച്ച് അവനെ മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർപ്പിക്കയും 21സ്വർഗത്തിൽ തന്റെ വലത്തുഭാഗത്ത് എല്ലാ വാഴ്ചയ്ക്കും അധികാരത്തിനും ശക്തിക്കും കർത്തൃത്വത്തിനും ഈ ലോകത്തിൽ മാത്രമല്ല വരുവാനുള്ളതിലും വിളിക്കപ്പെടുന്ന സകല നാമത്തിനും അത്യന്തം മീതെ ഇരുത്തുകയും 22സർവവും അവന്റെ കാല്ക്കീഴാക്കി വച്ച് അവനെ സർവത്തിനും മീതെ തലയാക്കി 23എല്ലാറ്റിലും എല്ലാം നിറയ്ക്കുന്നവന്റെ നിറവായിരിക്കുന്ന അവന്റെ ശരീരമായ സഭയ്ക്കു കൊടുക്കയും ചെയ്തിരിക്കുന്നു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in