YouVersion Logo
Search Icon

സഭാപ്രസംഗി 9

9
1ഇതൊക്കെയും, നീതിമാന്മാരും ജ്ഞാനികളും അവരുടെ പ്രവൃത്തികളും ദൈവത്തിന്റെ കൈയിൽ ഇരിക്കുന്നു എന്നുള്ളതൊക്കെയും തന്നെ, ശോധനചെയ്‍വാൻ ഞാൻ മനസ്സുവച്ചു; സ്നേഹമാകട്ടെ ദ്വേഷമാകട്ടെ ഒന്നും മനുഷ്യൻ അറിയുന്നില്ല; സർവവും അവരുടെ മുമ്പിൽ ഇരിക്കുന്നുതാനും. 2എല്ലാവർക്കും എല്ലാം ഒരുപോലെ സംഭവിക്കുന്നു; നീതിമാനും ദുഷ്ടനും നല്ലവനും നിർമ്മലനും മലിനനും യാഗം കഴിക്കുന്നവനും യാഗം കഴിക്കാത്തവനും ഒരേ ഗതി വരുന്നു; പാപിയും നല്ലവനും ആണ പേടിക്കുന്നവനും ആണയിടുന്നവനും ഒരുപോലെ ആകുന്നു. 3എല്ലാവർക്കും ഒരേ ഗതി വരുന്നു എന്നുള്ളത് സൂര്യന്റെ കീഴിൽ നടക്കുന്ന എല്ലാറ്റിലും ഒരു തിന്മയത്രേ; മനുഷ്യരുടെ ഹൃദയത്തിലും ദോഷം നിറഞ്ഞിരിക്കുന്നു; ജീവപര്യന്തം അവരുടെ ഹൃദയത്തിൽ ഭ്രാന്ത് ഉണ്ട്; അതിന്റെശേഷമോ അവർ മരിച്ചവരുടെ അടുക്കലേക്ക് പോകുന്നു. 4ജീവിച്ചിരിക്കുന്നവരുടെ കൂട്ടത്തിൽ ഉള്ളവനൊക്കെയും പ്രത്യാശയുണ്ട്; ചത്ത സിംഹത്തെക്കാൾ ജീവനുള്ള നായ് നല്ലതല്ലോ. 5ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കും എന്നറിയുന്നു; മരിച്ചവരോ ഒന്നുമറിയുന്നില്ല; മേലാൽ അവർക്ക് ഒരു പ്രതിഫലവും ഇല്ല; അവരെ ഓർമ വിട്ടുപോകുന്നുവല്ലോ. 6അവരുടെ സ്നേഹവും ദ്വേഷവും അസൂയയും നശിച്ചുപോയി; സൂര്യനു കീഴെ നടക്കുന്ന യാതൊന്നിലും അവർക്ക് ഇനി ഒരിക്കലും ഓഹരിയില്ല.
7നീ ചെന്ന് സന്തോഷത്തോടുകൂടെ അപ്പം തിന്നുക; ആനന്ദഹൃദയത്തോടെ വീഞ്ഞു കുടിക്ക; ദൈവം നിന്റെ പ്രവൃത്തികളിൽ പ്രസാദിച്ചിരിക്കുന്നുവല്ലോ. 8നിന്റെ വസ്ത്രം എല്ലായ്പോഴും വെള്ളയായിരിക്കട്ടെ; നിന്റെ തലയിൽ എണ്ണ കുറയാതിരിക്കട്ടെ. 9സൂര്യനു കീഴെ അവൻ നിനക്കു നല്കിയിരിക്കുന്ന മായയായുള്ള ആയുഷ്കാലത്തൊക്കെയും നീ സ്നേഹിക്കുന്ന ഭാര്യയോടുകൂടെ മായയായുള്ള നിന്റെ ആയുഷ്കാലമെല്ലാം സുഖിച്ചുകൊൾക; അതല്ലോ ഈ ആയുസ്സിലും സൂര്യന്റെ കീഴിൽ നീ ചെയ്യുന്ന പ്രയത്നത്തിലും നിനക്കുള്ള ഓഹരി. 10ചെയ്‍വാൻ നിനക്കു സംഗതിവരുന്നതൊക്കെയും ശക്തിയോടെ ചെയ്ക; നീ ചെല്ലുന്ന പാതാളത്തിൽ പ്രവൃത്തിയോ, സൂത്രമോ, അറിവോ, ജ്ഞാനമോ ഒന്നും ഇല്ല.
11പിന്നെയും ഞാൻ സൂര്യനു കീഴെ കണ്ടത്: വേഗതയുള്ളവർ ഓട്ടത്തിലും വീരന്മാർ യുദ്ധത്തിലും നേടുന്നില്ല; ജ്ഞാനികൾക്ക് ആഹാരവും വിവേകികൾക്ക് സമ്പത്തും സാമർഥ്യമുള്ളവർക്ക് പ്രീതിയും ലഭിക്കുന്നില്ല; അവർക്കൊക്കെയും കാലവും ഗതിയും അത്രേ ലഭിക്കുന്നത്. 12മനുഷ്യൻ തന്റെ കാലം അറിയുന്നില്ലല്ലോ; വല്ലാത്ത വലയിൽ പിടിപെടുന്ന മത്സ്യങ്ങളെപ്പോലെയും കെണിയിൽ അകപ്പെടുന്ന പക്ഷികളെപ്പോലെയും മനുഷ്യർ, പെട്ടെന്നു വന്നുകൂടുന്ന ദുഷ്കാലത്തു കെണിയിൽ കുടുങ്ങിപ്പോകുന്നു.
13ഞാൻ സൂര്യനു കീഴെ ഇങ്ങനെയും ജ്ഞാനം കണ്ടു; അത് എനിക്കു വലുതായി തോന്നി; 14ചെറിയൊരു പട്ടണം ഉണ്ടായിരുന്നു; അതിൽ മനുഷ്യർ ചുരുക്കമായിരുന്നു; വലിയൊരു രാജാവ് അതിന്റെ നേരേ വന്ന്, അതിനെ നിരോധിച്ചു, അതിനെതിരേ വലിയ കൊത്തളങ്ങൾ പണിതു. 15എന്നാൽ അവിടെ സാധുവായൊരു ജ്ഞാനി പാർത്തിരുന്നു; അവൻ തന്റെ ജ്ഞാനത്താൽ പട്ടണത്തെ രക്ഷിച്ചു; എങ്കിലും ആ സാധുമനുഷ്യനെ ആരും ഓർത്തില്ല. 16ജ്ഞാനം ബലത്തെക്കാൾ നല്ലതു തന്നെ, എങ്കിലും സാധുവിന്റെ ജ്ഞാനം തുച്ഛീകരിക്കപ്പെടുന്നു; അവന്റെ വാക്ക് ആരും കൂട്ടാക്കുന്നതുമില്ല എന്നു ഞാൻ പറഞ്ഞു.
17മൂഢന്മാരെ ഭരിക്കുന്നവന്റെ അട്ടഹാസത്തെക്കാൾ സാവധാനത്തിൽ പറയുന്ന ജ്ഞാനികളുടെ വചനങ്ങൾ നല്ലത്. 18യുദ്ധായുധങ്ങളെക്കാളും ജ്ഞാനം നല്ലത്; എന്നാൽ ഒരൊറ്റ പാപി വളരെ നന്മ നശിപ്പിച്ചുകളയുന്നു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in