YouVersion Logo
Search Icon

സഭാപ്രസംഗി 4

4
1പിന്നെയും ഞാൻ സൂര്യനു കീഴെ നടക്കുന്ന പീഡനങ്ങളെയെല്ലാം കണ്ടു; പീഡിതന്മാർ കണ്ണുനീരൊഴുക്കുന്നു; അവർക്ക് ആശ്വാസപ്രദൻ ഇല്ല; അവരെ പീഡിപ്പിക്കുന്നവരുടെ കൈയാൽ അവർ ബലാൽക്കാരം അനുഭവിക്കുന്നു; എന്നിട്ടും ആശ്വാസപ്രദൻ അവർക്കില്ല. 2ആകയാൽ ഇപ്പോൾ ജീവനോടിരിക്കുന്ന ജീവനുള്ളവരെക്കാൾ മുമ്പേ തന്നെ മരിച്ചുപോയിരിക്കുന്ന മൃതന്മാരെ ഞാൻ പ്രശംസിച്ചു. 3ഈ രണ്ടു വകക്കാരെക്കാളും ഇതുവരെ ജനിക്കാത്തവനും സൂര്യനു കീഴെ നടക്കുന്ന ദുഷ്പ്രവൃത്തിയെ കാണാത്തവനുമായ മനുഷ്യൻ ഭാഗ്യവാൻ. 4സകല പ്രയത്നവും സാമർഥ്യമുള്ള പ്രവൃത്തിയൊക്കെയും ഒരുവന് മറ്റവനോടുള്ള അസൂയയിൽനിന്ന് ഉളവാകുന്നു എന്നു ഞാൻ കണ്ടു; അതും മായയും വൃഥാപ്രയത്നവും അത്രേ. 5മൂഢൻ കൈയും കെട്ടിയിരുന്നു സ്വന്തമാംസം തിന്നുന്നു. 6രണ്ടു കൈയും നിറയെ അധ്വാനവും വൃഥാപ്രയത്നവും ഉള്ളതിനെക്കാൾ ഒരു കൈ നിറയെ വിശ്രാമം അധികം നല്ലത്. 7ഞാൻ പിന്നെയും സൂര്യനു കീഴെ മായ കണ്ടു. 8ഏകാകിയായ ഒരുത്തനുണ്ട്; അവന് ആരുമില്ല, മകനില്ല, സഹോദരനും ഇല്ല; എങ്കിലും അവന്റെ പ്രയത്നത്തിന് ഒന്നിനും അവസാനമില്ല; അവന്റെ കണ്ണിന് സമ്പത്തു കണ്ടു തൃപ്തിവരുന്നതുമില്ല; എന്നാൽ താൻ ആർക്കുവേണ്ടി പ്രയത്നിച്ചു സുഖാനുഭവം ത്യജിക്കുന്നു? ഇതും മായയും വല്ലാത്ത കഷ്ടപ്പാടുമത്രേ. 9ഒരുവനെക്കാൾ ഇരുവർ ഏറെ നല്ലത്; അവർക്കു തങ്ങളുടെ പ്രയത്നത്താൽ നല്ല പ്രതിഫലം കിട്ടുന്നു. 10വീണാൽ ഒരുവൻ മറ്റേവനെ എഴുന്നേല്പിക്കും; ഏകാകി വീണാലോ അവനെ എഴുന്നേല്പിപ്പാൻ ആരുമില്ലായ്കകൊണ്ട് അവന് അയ്യോ കഷ്ടം! 11രണ്ടുപേർ ഒന്നിച്ചു കിടന്നാൽ അവർക്കു കുളിർ മാറും; ഒരുത്തൻ തന്നെ ആയാലോ എങ്ങനെ കുളിർ മാറും? 12ഒരുത്തനെ ആരെങ്കിലും ആക്രമിച്ചാൽ രണ്ടുപേർക്ക് അവനോട് എതിർത്തുനില്ക്കാം; മുപ്പിരിച്ചരട് വേഗത്തിൽ അറ്റുപോകയില്ല. 13പ്രബോധനം കൈക്കൊള്ളാത്ത വൃദ്ധനും മൂഢനുമായ ഒരു രാജാവിനെക്കാൾ ദരിദ്രനും ജ്ഞാനിയുമായ ഒരു ബാലൻ കൊള്ളാം. 14അവൻ മറ്റേവന്റെ രാജ്യത്തിൽ ദരിദ്രനായി ജനിച്ചിട്ടും രാജാവായി വാഴേണ്ടതിന് കാരാഗൃഹത്തിൽനിന്നു വരുന്നു. 15മറ്റേവനു പകരം എഴുന്നേറ്റ ബാലന്റെ പക്ഷം സൂര്യനു കീഴെ സഞ്ചരിക്കുന്ന ജീവനുള്ളവരൊക്കെയും ചേർന്നിരിക്കുന്നതു ഞാൻ കണ്ടു. 16അവൻ അസംഖ്യജനത്തിനൊക്കെയും തലവനായിരുന്നു; എങ്കിലും പിന്നെയുള്ളവർ അവനിൽ സന്തോഷിക്കയില്ല. അതും മായയും വൃഥാപ്രയത്നവും അത്രേ.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in