YouVersion Logo
Search Icon

ആവർത്തനപുസ്തകം 26

26
1നിന്റെ ദൈവമായ യഹോവ നിനക്ക് അവകാശമായി തരുന്ന ദേശത്തു നീ ചെന്ന് അതു കൈവശമാക്കി അവിടെ പാർക്കുമ്പോൾ 2നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്ത് നിന്റെ നിലത്തിൽനിന്ന് ഉണ്ടാകുന്നതായി നിലത്തിലെ എല്ലാവക കൃഷിയുടെയും ആദ്യഫലം കുറേശ്ശ എടുത്ത് ഒരു കുട്ടയിൽ വച്ചുകൊണ്ട് നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിപ്പാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തേക്കു പോകേണം. 3അന്നുള്ള പുരോഹിതന്റെ അടുക്കൽ നീ ചെന്ന് അവനോട്: നമുക്കു തരുമെന്ന് യഹോവ നമ്മുടെ പിതാക്കന്മാരോടു സത്യംചെയ്ത ദേശത്തു ഞാൻ വന്നിരിക്കുന്നു എന്ന് നിന്റെ ദൈവമായ യഹോവയോട് ഞാൻ ഇന്ന് ഏറ്റുപറയുന്നു എന്നു പറയേണം. 4പുരോഹിതൻ ആ കുട്ട നിന്റെ കൈയിൽനിന്നു വാങ്ങി നിന്റെ ദൈവമായ യഹോവയുടെ യാഗപീഠത്തിന്റെ മുമ്പിൽ വയ്ക്കേണം. 5പിന്നെ നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ നീ പ്രസ്താവിക്കേണ്ടത് എന്തെന്നാൽ: എന്റെ പിതാവ് ദേശാന്തരിയായോരു അരാമ്യനായിരുന്നു; ചുരുക്കം പേരോടുകൂടി അവൻ മിസ്രയീമിലേക്ക് ഇറങ്ങിച്ചെന്നു പരദേശിയായി പാർത്തു; അവിടെ വലിപ്പവും ബലവും പെരുപ്പവുമുള്ള ജനമായിത്തീർന്നു. 6എന്നാൽ മിസ്രയീമ്യർ ഞങ്ങളോടു തിന്മ ചെയ്ത് ഞങ്ങളെ പീഡിപ്പിച്ചു; ഞങ്ങളെക്കൊണ്ട് കഠിനവേല ചെയ്യിച്ചു. 7അപ്പോൾ ഞങ്ങൾ ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയോട് നിലവിളിച്ചു; യഹോവ ഞങ്ങളുടെ നിലവിളി കേട്ടു ഞങ്ങളുടെ കഷ്ടതയും പ്രയാസവും ഞെരുക്കവും കണ്ടു. 8യഹോവ ബലമുള്ള കൈയാലും നീട്ടിയ ഭുജത്താലും മഹാഭയങ്കരപ്രവൃത്തിയോടും അടയാളങ്ങളോടും അദ്ഭുതങ്ങളോടുംകൂടെ ഞങ്ങളെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ച് 9ഞങ്ങളെ ഈ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുവന്നു; പാലും തേനും ഒഴുകുന്ന ഈ ദേശം ഞങ്ങൾക്കു തന്നുമിരിക്കുന്നു. 10ഇതാ, യഹോവേ, നീ എനിക്കു തന്നിട്ടുള്ള നിലത്തിലെ ആദ്യഫലം ഞാൻ ഇപ്പോൾ കൊണ്ടുവന്നിരിക്കുന്നു. പിന്നെ നീ അതു നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ വച്ച് നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ നമസ്കരിക്കേണം. 11നിന്റെ ദൈവമായ യഹോവ നിനക്കും നിന്റെ കുടുംബത്തിനും തന്നിട്ടുള്ള എല്ലാ നന്മയിലും നീയും ലേവ്യനും നിങ്ങളുടെ മധ്യേയുള്ള പരദേശിയും സന്തോഷിക്കേണം.
12ദശാംശം എടുക്കുന്ന കാലമായ മൂന്നാം സംവത്സരത്തിൽ നിന്റെ അനുഭവത്തിലൊക്കെയും ദശാംശം എടുത്ത് ലേവ്യനും പരദേശിയും അനാഥനും വിധവയും നിന്റെ പട്ടണങ്ങളിൽവച്ച് തൃപ്തിയാംവണ്ണം തിന്മാൻ കൊടുത്തു തീർന്നശേഷം 13നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ നീ പറയേണ്ടത് എന്തെന്നാൽ: നീ എന്നോടു കല്പിച്ചിട്ടുള്ള കല്പനപ്രകാരമൊക്കെയും ഞാൻ വിശുദ്ധമായത് എന്റെ വീട്ടിൽനിന്നു കൊണ്ടുവന്ന് ലേവ്യനും പരദേശിക്കും അനാഥനും വിധവയ്ക്കും കൊടുത്തിരിക്കുന്നു; ഞാൻ നിന്റെ കല്പന ലംഘിക്കയോ മറന്നുകളകയോ ചെയ്തിട്ടില്ല. 14എന്റെ ദുഃഖത്തിൽ ഞാൻ അതിൽനിന്നു തിന്നിട്ടില്ല; അശുദ്ധനായിരുന്നപ്പോൾ ഞാൻ അതിൽ ഒന്നും നീക്കിവച്ചിട്ടില്ല; മരിച്ചവന് അതിൽനിന്ന് ഒന്നും കൊടുത്തിട്ടുമില്ല; ഞാൻ എന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ട് നീ എന്നോടു കല്പിച്ചതുപോലെയൊക്കെയും ചെയ്തിരിക്കുന്നു. 15നിന്റെ വിശുദ്ധ വാസസ്ഥലമായ സ്വർഗത്തിൽനിന്നു നോക്കി നിന്റെ ജനമായ യിസ്രായേലിനെയും നീ ഞങ്ങളുടെ പിതാക്കന്മാരോടു സത്യം ചെയ്തതുപോലെ ഞങ്ങൾക്കു തന്ന ദേശമായി പാലും തേനും ഒഴുകുന്ന ദേശത്തെയും അനുഗ്രഹിക്കേണമേ.
16ഈ ചട്ടങ്ങളും വിധികളും ആചരിപ്പാൻ നിന്റെ ദൈവമായ യഹോവ ഇന്നു നിന്നോടു കല്പിക്കുന്നു; നീ അവയെ പൂർണഹൃദയത്തോടും പൂർണമനസ്സോടുംകൂടെ പ്രമാണിച്ചു നടക്കേണം. 17യഹോവ നിനക്കു ദൈവമായിരിക്കുമെന്നും നീ അവന്റെ വഴികളിൽ നടന്ന് അവന്റെ ചട്ടങ്ങളും കല്പനകളും വിധികളും പ്രമാണിച്ച് അവന്റെ വചനം അനുസരിക്കേണമെന്നും നീ ഇന്ന് അരുളപ്പാടു കേട്ടിരിക്കുന്നു. 18യഹോവ അരുളിച്ചെയ്തതുപോലെ നീ അവനു സ്വന്തജനമായി അവന്റെ സകല കല്പനകളും പ്രമാണിച്ചു നടക്കുമെന്നും 19താൻ ഉണ്ടാക്കിയ സകല ജാതികൾക്കും മീതെ നിന്നെ പുകഴ്ചയ്ക്കും കീർത്തിക്കും മാനത്തിനുമായി ഉന്നതമാക്കേണ്ടതിനു താൻ കല്പിച്ചതുപോലെ നിന്റെ ദൈവമായ യഹോവയ്ക്കു വിശുദ്ധജനമായിരിക്കുമെന്നും ഇന്നു നിന്റെ വാമൊഴി വാങ്ങിയിരിക്കുന്നു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in