YouVersion Logo
Search Icon

ആവർത്തനപുസ്തകം 17

17
1വല്ല ഊനമോ വിരൂപതയോ ഉള്ള കാളയെ എങ്കിലും ആടിനെ എങ്കിലും നിന്റെ ദൈവമായ യഹോവയ്ക്ക് യാഗം കഴിക്കരുത്; അതു നിന്റെ ദൈവമായ യഹോവയ്ക്ക് വെറുപ്പ് ആകുന്നു.
2നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ഏതൊരു പട്ടണത്തിലെങ്കിലും നിന്റെ ദൈവമായ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്ത് അവന്റെ നിയമം ലംഘിക്കയും 3ഞാൻ കല്പിച്ചിട്ടില്ലാത്ത അന്യദൈവങ്ങളെയോ സൂര്യചന്ദ്രന്മാരെയോ ആകാശത്തിലെ ശേഷം സൈന്യത്തെയോ ചെന്നു സേവിച്ചു നമസ്കരിക്കയും ചെയ്ത പുരുഷനെയാകട്ടെ സ്ത്രീയെയാകട്ടെ നിങ്ങളുടെ ഇടയിൽ കണ്ടുപിടിക്കയും 4അതിനെക്കുറിച്ച് നിനക്ക് അറിവു കിട്ടുകയും ചെയ്താൽ നീ നല്ലവണ്ണം ശോധന കഴിച്ച് അങ്ങനെയുള്ള മ്ലേച്ഛത യിസ്രായേലിൽ നടന്നു എന്നുള്ളത് വാസ്‍തവവും കാര്യം യഥാർഥവും എന്നു കണ്ടാൽ 5ആ ദുഷ്ടകാര്യം ചെയ്ത പുരുഷനെയോ സ്ത്രീയെയോ പട്ടണവാതിലിനു പുറത്തു കൊണ്ടുപോയി കല്ലെറിഞ്ഞു കൊല്ലേണം. 6മരണയോഗ്യനായവനെ കൊല്ലുന്നത് രണ്ടോ മൂന്നോ സാക്ഷികളുടെ വാമൊഴിമേൽ ആയിരിക്കേണം; ഏകസാക്ഷിയുടെ വാമൊഴിമേൽ അവനെ കൊല്ലരുത്. 7അവനെ കൊല്ലേണ്ടതിനു ആദ്യം സാക്ഷികളുടെയും പിന്നെ സർവജനത്തിന്റെയും കൈ അവന്റെമേൽ ചെല്ലേണം; ഇങ്ങനെ നിങ്ങളുടെ ഇടയിൽനിന്നു ദോഷം നീക്കിക്കളയേണം.
8നിന്റെ പട്ടണങ്ങളിൽ കൊലപാതകമാകട്ടെ വസ്തുസംബന്ധമായ വ്യവഹാരമാകട്ടെ അടികലശലാകട്ടെ ഇങ്ങനെയുള്ള ആവലാതികാര്യങ്ങളിൽ വല്ലതും വിധിപ്പാൻ നിനക്കു പ്രയാസം ഉണ്ടായാൽ നീ പുറപ്പെട്ട് നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്ത് പോകേണം. 9ലേവ്യരായ പുരോഹിതന്മാരുടെ അടുക്കലും അന്നുള്ള ന്യായാധിപന്റെ അടുക്കലും ചെന്ന് ചോദിക്കേണം; അവർ നിനക്കു വിധി പറഞ്ഞുതരും. 10യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തുനിന്ന് അവർ പറഞ്ഞുതരുന്ന വിധിപോലെ നീ ചെയ്യേണം; അവർ ഉപദേശിച്ചുതരുന്നതുപോലെയൊക്കെയും ചെയ്‍വാൻ ജാഗ്രതയായിരിക്കേണം. 11അവർ ഉപദേശിച്ചുതരുന്ന പ്രമാണത്തിനും പറഞ്ഞുതരുന്ന വിധിക്കും അനുസരണയായി നീ ചെയ്യേണം; അവർ പറഞ്ഞുതരുന്ന വിധിവിട്ട് നീ ഇടത്തോട്ടോ വലത്തോട്ടോ മാറരുത്. 12നിന്റെ ദൈവമായ യഹോവയ്ക്ക് അവിടെ ശുശ്രൂഷ ചെയ്തു നില്ക്കുന്ന പുരോഹിതന്റെയോ ന്യായാധിപന്റെയോ വാക്കു കേൾക്കാതെ ആരെങ്കിലും അഹങ്കാരം കാണിച്ചാൽ അവൻ മരിക്കേണം; ഇങ്ങനെ യിസ്രായേലിൽനിന്നു ദോഷം നീക്കിക്കളയേണം. 13ഇനി അഹങ്കാരം കാണിക്കാതിരിക്കേണ്ടതിന് ജനമെല്ലാം കേട്ടു ഭയപ്പെടേണം.
14നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്ത് നീ ചെന്ന് അതിനെ കൈവശമാക്കി അവിടെ കുടിപാർത്ത ശേഷം: എന്റെ ചുറ്റുമുള്ള സകല ജാതികളെയുംപോലെ ഞാൻ ഒരു രാജാവിനെ എന്റെമേൽ ആക്കുമെന്നു പറയുമ്പോൾ 15നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന രാജാവിനെ നിന്റെമേൽ ആക്കേണം; നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്ന് ഒരുത്തനെ നിന്റെമേൽ രാജാവാക്കേണം; നിന്റെ സഹോദരനല്ലാത്ത അന്യജാതിക്കാരനെ നിന്റെമേൽ ആക്കിക്കൂടാ. 16എന്നാൽ അവന് കുതിര അനവധി ഉണ്ടാകരുത്. അധികം കുതിര സമ്പാദിക്കേണ്ടതിന് ജനം മിസ്രയീമിലേക്ക് മടങ്ങിപ്പോകുവാൻ അവൻ ഇടവരുത്തരുത്; ഇനിമേൽ ആ വഴിക്കു തിരിയരുത് എന്ന് യഹോവ നിങ്ങളോടു കല്പിച്ചിട്ടുണ്ടല്ലോ. 17അവന്റെ ഹൃദയം മറിഞ്ഞുപോകാതിരിപ്പാൻ അനേകം ഭാര്യമാരെ അവൻ എടുക്കരുത്; വെള്ളിയും പൊന്നും അധികമായി സമ്പാദിക്കയും അരുത്. 18അവൻ തന്റെ രാജാസനത്തിൽ ഇരിക്കുമ്പോൾ ലേവ്യരായ പുരോഹിതന്മാരുടെ പക്കൽനിന്ന് ഈ ന്യായപ്രമാണം വാങ്ങി അതിന്റെ ഒരു പകർപ്പ് ഒരു പുസ്തകത്തിൽ എഴുതി എടുക്കേണം. 19ഈ ന്യായപ്രമാണത്തിലെ സകല വചനങ്ങളും ചട്ടങ്ങളും അവൻ പ്രമാണിച്ചു നടന്ന് തന്റെ ദൈവമായ യഹോവയെ ഭയപ്പെടുവാൻ പഠിക്കേണ്ടതിന് അത് അവന്റെ കൈവശം ഇരിക്കയും 20അവന്റെ ഹൃദയം സഹോദരന്മാർക്കു മീതെ അഹങ്കരിച്ചുയരാതെയും അവൻ കല്പന വിട്ട് ഇടത്തോട്ടോ വലത്തോട്ടോ തിരിയാതെയും ഇരിക്കേണ്ടതിനും അവനും അവന്റെ പുത്രന്മാരും യിസ്രായേലിന്റെ ഇടയിൽ ദീർഘകാലം രാജ്യഭാരം ചെയ്യേണ്ടതിനുമായി അവൻ തന്റെ ആയുഷ്കാലമൊക്കെയും അതു വായിക്കയും വേണം.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in