ആവർത്തനപുസ്തകം 14
14
1നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് മക്കൾ ആകുന്നു; മരിച്ചവനുവേണ്ടി നിങ്ങളെ മുറിവേല്പിക്കയോ നിങ്ങൾക്ക് മുൻകഷണ്ടിയുണ്ടാക്കുകയോ ചെയ്യരുത്. 2നിന്റെ ദൈവമായ യഹോവയ്ക്ക് നീ വിശുദ്ധജനമല്ലോ; ഭൂതലത്തിലുള്ള സകല ജാതികളിലുംവച്ച് തനിക്കു സ്വന്തജനമായിരിപ്പാൻ യഹോവ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു.
3മ്ലേച്ഛമായതൊന്നിനെയും തിന്നരുത്. 4നിങ്ങൾക്കു തിന്നാകുന്ന മൃഗങ്ങൾ ആവിത്: 5കാള, ചെമ്മരിയാട്, കോലാട്, കലമാൻ, പുള്ളിമാൻ, കടമാൻ, കാട്ടാട്, ചെറുമാൻ, മലയാട്, കവരിമാൻ. 6മൃഗങ്ങളിൽ കുളമ്പ് പിളർന്നതും കുളമ്പ് രണ്ടായിപ്പിരിഞ്ഞതും അയവിറക്കുന്നതുമായ മൃഗത്തെയൊക്കെയും നിങ്ങൾക്കു തിന്നാം. 7എന്നാൽ അയവിറക്കുന്നവയിലും കുളമ്പ് പിളർന്നവയിലും തിന്നരുതാത്തവ ഏവയെന്നാൽ: ഒട്ടകം, മുയൽ, കുഴിമുയൽ; അവ അയവിറക്കുന്നു എങ്കിലും കുളമ്പ് പിളർന്നവയല്ല; അവ നിങ്ങൾക്ക് അശുദ്ധം. 8പന്നി: അതു കുളമ്പ് പിളർന്നതെങ്കിലും അയവിറക്കുന്നില്ല; അത് നിങ്ങൾക്ക് അശുദ്ധം; ഇവയുടെ മാംസം തിന്നരുത്; പിണം തൊടുകയും അരുത്.
9വെള്ളത്തിലുള്ള എല്ലാറ്റിലും ചിറകും ചെതുമ്പലും ഉള്ളതൊക്കെയും നിങ്ങൾക്കു തിന്നാം. 10എന്നാൽ ചിറകും ചെതുമ്പലും ഇല്ലാത്തതൊന്നും തിന്നരുത്; അത് നിങ്ങൾക്ക് അശുദ്ധം.
11ശുദ്ധിയുള്ള സകല പക്ഷികളെയും നിങ്ങൾക്കു തിന്നാം. 12പക്ഷികളിൽ തിന്നരുതാത്തവ: കടൽറാഞ്ചൻ, ചെമ്പരുന്ത്, കഴുകൻ, 13ചെങ്ങാലിപ്പരുന്ത്, ഗൃദ്ധ്രം, അതതുവിധം പരുന്ത്, 14അതതുവിധം കാക്ക, 15ഒട്ടകപക്ഷി, പുള്ള്, കടൽകാക്ക, അതതുവിധം പ്രാപ്പിടിയൻ, 16നത്ത്, കൂമൻ, മൂങ്ങ, 17വേഴാമ്പൽ, കുടുമ്മച്ചാത്തൻ, നീർക്കാക്ക, 18പെരുഞ്ഞാറ, അതതുവിധം കൊക്ക്, കുളക്കോഴി, നരിച്ചീർ എന്നിവയാകുന്നു. 19ചിറകുള്ള ഇഴജാതിയൊക്കെയും നിങ്ങൾക്ക് അശുദ്ധം; അവയെ തിന്നരുത്. 20ശുദ്ധിയുള്ള പക്ഷികളെയൊക്കെയും നിങ്ങൾക്കു തിന്നാം.
21താനേ ചത്ത ഒന്നിനെയും തിന്നരുത്; അത് നിന്റെ പട്ടണങ്ങളിലുള്ള പരദേശിക്കു തിന്മാൻ കൊടുക്കാം; അല്ലെങ്കിൽ അന്യജാതിക്കാരനു വില്ക്കാം; നിന്റെ ദൈവമായ യഹോവയ്ക്ക് നീ വിശുദ്ധജനമല്ലോ. ആട്ടിൻകുട്ടിയെ അതിന്റെ തള്ളയുടെ പാലിൽ പാകം ചെയ്യരുത്.
22ആണ്ടുതോറും നിലത്തു വിതച്ചുണ്ടാകുന്ന എല്ലാ വിളവിലും ദശാംശം എടുത്തുവയ്ക്കേണം. 23നിന്റെ ദൈവമായ യഹോവയെ എല്ലായ്പോഴും ഭയപ്പെടുവാൻ പഠിക്കേണ്ടതിന് നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിപ്പാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്ത് നീ നിന്റെ ധാന്യത്തിന്റെയും വീഞ്ഞിന്റെയും എണ്ണയുടെയും ദശാംശവും നിന്റെ ആടുമാടുകളുടെ കടിഞ്ഞൂലുകളെയും അവന്റെ സന്നിധിയിൽവച്ചു തിന്നേണം. 24നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിച്ചിരിക്കുമ്പോൾ നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിപ്പാൻ തിരഞ്ഞെടുക്കുന്ന സ്ഥലം വളരെ അകലെയും അതു കൊണ്ടുപോകുവാൻ കഴിയാതവണ്ണം വഴി അതിദൂരവുമായിരുന്നാൽ 25അതു വിറ്റു പണമാക്കി പണം കൈയിൽ എടുത്ത് നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തേക്കു കൊണ്ടുപോകേണം. 26നിന്റെ ഇഷ്ടംപോലെ മാടോ ആടോ വീഞ്ഞോ മദ്യമോ ഇങ്ങനെ നീ ആഗ്രഹിക്കുന്ന ഏതിനെയും ആ പണം കൊടുത്തു വാങ്ങി നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽവച്ച് തിന്ന് നീയും നിന്റെ കുടുംബവും സന്തോഷിക്കേണം. 27നിന്റെ പട്ടണങ്ങളിലുള്ള ലേവ്യനെ മറന്നുകളയരുത്; അവന് നിന്നോടുകൂടെ ഓഹരിയും അവകാശവും ഇല്ലല്ലോ.
28മുമ്മൂന്ന് ആണ്ടു കൂടുമ്പോൾ മൂന്നാം സംവത്സരത്തിൽ നിനക്കുള്ള വിളവിന്റെ ദശാംശമൊക്കെയും വേർതിരിച്ച് നിന്റെ പട്ടണങ്ങളിൽ സംഗ്രഹിക്കേണം. 29നീ ചെയ്യുന്ന സകല പ്രവൃത്തിയിലും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കേണ്ടതിന് നിന്നോടു കൂടെ ഓഹരിയും അവകാശവും ഇല്ലാത്ത ലേവ്യനും നിന്റെ പട്ടണങ്ങളിലുള്ള പരദേശിയും അനാഥനും വിധവയും വന്നു തിന്നു തൃപ്തരാകേണം.
Currently Selected:
ആവർത്തനപുസ്തകം 14: MALOVBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.